Sunday, March 20, 2011

വ്യവസായരംഗത്ത് ഉണര്‍വിന്റെ അഞ്ചാണ്ട്

മലപ്പുറം: ജില്ലയുടെ വ്യവസായമേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ടുണ്ടായത് സമാനതകളില്ലാത്ത നേട്ടം. പൂട്ടിക്കിടന്ന സ്ഥാപനങ്ങള്‍ തുറന്നു. വ്യവസായ സ്ഥാപനങ്ങളില്‍നിന്നുയര്‍ന്ന കഷ്ടപ്പാടിന്റെയും നഷ്ടത്തിന്റെയും ദയനീയ വര്‍ത്തമാനങ്ങള്‍ പഴങ്കഥയായി. മലപ്പുറത്തിന്റെ വ്യവസായ തലസ്ഥാനമായിരുന്ന കുറ്റിപ്പുറത്തിന് സുവര്‍ണകാലം തിരിച്ചുവരികയായിരുന്നു എല്‍ഡിഎഫ് ഭരണത്തില്‍. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടലിന് വിധേയമായ കെല്‍ട്രോ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ ഉയര്‍ച്ചയുടെ പടവിലേറി. നഷ്ടത്തിന്റെ കണക്കുകളില്‍നിന്ന് ലാഭത്തിന്റെ വിഹായസ്സ് തേടുകയാണ് കെല്‍ട്രോണ്‍. 20 എക്കര്‍ സ്ഥലത്ത് പ്രധാന കെട്ടിടവും മൂന്ന് അനുബന്ധ പ്ളാന്റുകളുമുണ്ട്. നൂറോളംപേര്‍ ഇവിടെ ജോലിചെയ്യുന്നു.

എടപ്പാളില്‍ ഗ്രാമീണ വസ്ത്രനിര്‍മാണ പാര്‍ക്കിന് തുടക്കമിട്ടതും നേട്ടമായി. ചേലേമ്പ്ര കാക്കഞ്ചേരിയിലുള്ള കിന്‍ഫ്ര ടെക്നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മുതല്‍ക്കൂട്ടായതും എല്‍ഡിഎഫ് ഭരണകാലത്തുതന്നെ. 70 ഏക്കറില്‍ പ്രവര്‍ത്തനം തുടങ്ങിയ വലിയ ഭക്ഷ്യ സംസ്കരണ പാര്‍ക്കില്‍ ഇപ്പോള്‍ ചെറുതും വലുതുമായ അറുപതോളം കമ്പനികളുടെ യൂണിറ്റുകളുണ്ട്. 60 ഏക്കറില്‍ ഫുഡ്സോണും ബാക്കിവരുന്ന പത്ത് ഏക്കറില്‍ ബയോടെക്നോളജി, ഐടി, ഇലക്ട്രോണിക്സ് സോണുകളുമാണ്. 60 ഏക്കര്‍ വരുന്ന ഫുഡ് സോണില്‍ 30 ഏക്കര്‍ പ്രത്യേക സാമ്പത്തിക മേഖലക്കും (സെസ്) നീക്കിവച്ചിട്ടുണ്ട്. 30ഓളം പുതിയ യൂണിറ്റാണ് അടുത്തായി ഇവിടെ തുടങ്ങിയത്. വികസനത്തിനായി ജില്ലയില്‍ വ്യവസായകേന്ദ്രം മാത്രം ചെലവഴിച്ചത് രണ്ടുകോടിയിലേറെ രൂപയാണ്. വുമ ഇന്‍ഡസ്ട്രീസ് സ്കീം പ്രകാരം 20 പേര്‍ക്ക് മാനേജ്മെന്റ് ട്രെയിനിങ് നല്‍കി. ഇവര്‍ക്ക് മാര്‍ജിന്‍മണി ഗ്രാന്റായി 11.07 ലക്ഷം നല്‍കി. പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതിയില്‍ 17 യൂണിറ്റുകള്‍ പുനരുദ്ധരിച്ചു. ഏകജാലക ക്ളിയറന്‍സ് പ്രകാരം ഇരുപതോളം സംരംഭങ്ങള്‍ക്ക് ക്ളിയറന്‍സ് നല്‍കി. ഗ്രീന്‍ചാനല്‍ കമ്മിറ്റി മുന്‍പാകെ വന്ന 11 അപേക്ഷകളില്‍ ഒമ്പതെണ്ണം തീര്‍പ്പുകല്‍പ്പിച്ചു.

ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കഴിഞ്ഞ നാലുവര്‍ഷമായി മലബാര്‍ ക്രാഫ്റ്റ്മേള കോട്ടക്കുന്നില്‍ നടത്തിവരുന്നു. ചെറുകിട, കരകൌശല വ്യവസായ രംഗത്ത് പുത്തനുണര്‍വുണ്ടാക്കുന്നതിന് മേള സഹായകമായി. പിഎംജിപി പദ്ധതിയില്‍ നൂറിലധികം അപേക്ഷ വ്യവസായകേന്ദ്രം ബാങ്കുകളിലേക്ക് ശുപാര്‍ശചെയ്തു. പുതിയ തലമുറയില്‍ വ്യവസായ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ആരംഭിച്ച ഇഡിപി ക്ളബ്ബുകള്‍ ജില്ലയിലെ 13 കോളേജുകളില്‍ പ്രവര്‍ത്തനം തുടങ്ങി. വിദ്യാര്‍ഥികള്‍ക്കുവേണ്ടി വിവിധ പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു.

No comments:

Post a Comment