Sunday, March 20, 2011

അരാഷ്ട്രീയവാദത്തിനെതിരെ ജാഗ്രത വേണം

ബൂര്‍ഷ്വാ ആശയങ്ങളുടെ മലവെള്ളപ്പാച്ചിലിനൊപ്പം ശക്തമായ അരാഷ്ട്രീയവാദം വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമത്തെ ഗൌരവമായി കാണണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അരാഷ്ട്രീയവാദ പ്രചാരണത്തിലൂടെ ഇടതുപക്ഷ മുന്നേറ്റം തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഇ എം എസിനെക്കുറിച്ചുള്ള ഓര്‍മ സഹായിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇ എം എസ് ദിനാചരണത്തിന്റെ ഭാഗമായി നിയമസഭയ്ക്കുമുന്നില്‍ ഇ എം എസ് പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്ഥാനത്തിനുനേരെ ബൂര്‍ഷ്വാസിയുടെ ആക്രമണം വരുമ്പോള്‍, നിരന്തരം മറുപടി പറഞ്ഞ് പൊതുജനങ്ങളില്‍ കമ്യൂണിസ്റ് ധാരണ വളര്‍ത്താന്‍ ഇ എം എസ് നടത്തിയ ശ്രമങ്ങള്‍ സ്മരണീയമാണ്. ഇ എം എസിന്റെ അഭാവത്തില്‍ കൂട്ടായി കര്‍ത്തവ്യം നിര്‍വഹിക്കുന്നുണ്ടെങ്കിലും പലപ്പോഴും പൂര്‍ണതോതില്‍ ആകുന്നില്ലെന്നത് ബോധ്യമാകുന്നു. അരാഷ്ട്രീയവാദത്തെ തോല്‍പ്പിക്കാന്‍ പല രംഗങ്ങളിലെ സമരത്തിലൂടെ മാത്രമേ കഴിയൂ. കേരളം കൈവരിച്ച നേട്ടങ്ങളില്‍ കമ്യൂണിസ്റുകാരുടെ പങ്ക് അനിഷേധ്യമാണ്. ഈ നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് അരാഷ്ട്രീയവാദികള്‍ ശ്രമിക്കുന്നത്. സമൂഹത്തിനെ പിന്നോട്ടടിപ്പിക്കുന്ന ശ്രമങ്ങളെ നേരിടാന്‍ ഇ എം എസ് നയിച്ച പാതയില്‍ മുന്നേറാമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പണം വാങ്ങി വാര്‍ത്ത സൃഷ്ടിക്കല്‍ കേരളത്തിലും: പിണറായി

പണം വാങ്ങി ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കേരളത്തിലും ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെയ്ഡ് ന്യൂസിന് പലപ്പോഴും ഇരയാകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. എന്നാല്‍, ഇത്തരം പൊയ്വെടികള്‍ കൊണ്ട് തകരുന്നതല്ല ഈ പ്രസ്ഥാനം. ഇ എം എസ് ദിനാചരണത്തിന്റെ ഭാഗമായി വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയില്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ചില പ്രത്യേക ഘട്ടങ്ങളില്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ സിപിഐ എമ്മിന്റെ കാര്യത്തില്‍ അമിത താല്‍പ്പര്യമെടുക്കുന്നതായി കാണാം. മാര്‍ക്സിസ്റ്റ് വിരോധമാണ് അതിനുപിന്നില്‍. ഞങ്ങള്‍ക്ക് എന്തോ വിഷമമുള്ളതിനാല്‍ പറയുന്നതാണെന്നു കരുതും. യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ ജനാധിപത്യക്രമത്തിനെതിരെ നടക്കുന്ന ആക്രമണമാണിത്. കേരളത്തിലും പെയ്ഡ് ന്യൂസ് എത്രയോ കാലമായി നിലനില്‍ക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ കാശുപറ്റുന്ന മാധ്യമങ്ങളില്ലേ. ചിലമാധ്യമങ്ങള്‍ എന്തേ പൂര്‍ണമായി ഒരു വിഭാഗത്തിനു മാത്രം എതിരാകുന്നു. യുഡിഎഫിനെ വല്ലാതെ ഉയര്‍ത്തിക്കാട്ടാനും അവര്‍ ശ്രമിക്കുന്നു. സിപിഐ എമ്മിന് കരുത്തുള്ള സംസ്ഥാനങ്ങളിലെല്ലാം കേന്ദ്രീകൃത ആക്രമണം നടക്കുന്നതായി കാണാം. പശ്ചിമ ബംഗാളില്‍ മറ്റാൈരു തരത്തിലാണ് പെയ്ഡ് ന്യൂസ്. റെയില്‍വേയുടെ വലിയ തോതിലുള്ള പരസ്യം മാധ്യമങ്ങള്‍ക്ക് നല്‍കി അവിടെ പെയ്ഡ് ന്യൂസ് നിയമാനുസൃതമായി മമത ബാനര്‍ജി നടപ്പാക്കുകയാണ്.

ഇ എം എസ് നേതൃത്വം കൊടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഭയപ്പെടുന്ന ശക്തികളുണ്ട്. അവര്‍ക്ക് ഈ പ്രസ്ഥാനം ദുര്‍ബലമായി കാണണം. ഈ പ്രസ്ഥാനം അവര്‍ക്ക് അലോസരമാണ്. കേരളത്തില്‍ സിപിഐ എമ്മിനെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. സിപിഐ എം ദുര്‍ബലമായാല്‍ തങ്ങള്‍ക്കു കയറാം എന്നു കരുതുന്ന പിന്തിരിപ്പന്‍ ശക്തികളുണ്ട്. പാര്‍ടിയെ ആക്രമിക്കാന്‍ ഏതു വേഷം കെട്ടാനും അവര്‍ക്ക് മടിയില്ല. വലിയ ഇടതിന്റെ വേഷവും വിപ്ളവകാരിയുടെ വേഷവും ഇതിനായി കെട്ടും. എന്നിട്ട്, ദശാബ്ദങ്ങളായി പൊതുപ്രവര്‍ത്തനരംഗത്തുള്ള കമ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ച്് പ്രചാരണം നടത്തും. അതിനുപിന്നിലുള്ള ചേതോ വികാരം കമ്യൂണിസ്റ്റ് പാര്‍ടിയെ ആക്രമിക്കലാണ്. അതുകൊണ്ടൊക്കെ തകരുന്ന പാര്‍ടിയാണെങ്കില്‍ ഇത് പണ്ടേ ഒലിച്ചുപോയേനെ. ഒന്നിനും പാര്‍ടിയെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഇതൊരു തൊഴിലാളിവര്‍ഗ പാര്‍ടിയാണെന്നതാണ് കാരണമെന്ന് പിണറായി പറഞ്ഞു.

യുഡിഎഫ് വീണ്ടും ഭരിച്ചെങ്കില്‍ കേരളം പട്ടിണിയുടെ നാടായേനെ: പിണറായി


പാറശാല: കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫായിരുന്നു ഭരണത്തിലെങ്കില്‍ കേരളം പട്ടിണിമരണങ്ങളുടെ നാടാകുമായിരുന്നെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണ് യുഡിഎഫിന്റേതും എന്നതാണ് ഇതിനു കാരണം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നതുകൊണ്ടുമാത്രമാണ് കേരളത്തെ രക്ഷിക്കാന്‍ കഴിഞ്ഞത്. പാറശാല നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനാവൂര്‍ നാഗപ്പന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കുന്നത്തുകാല്‍ ഗൌതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

രാജ്യത്താകെ വിലക്കയറ്റം രൂക്ഷമായപ്പോള്‍ ഉല്‍പ്പാദകസംസ്ഥാനങ്ങളേക്കാള്‍ വിലകുറച്ച് കേരളത്തില്‍ നിത്യോപയോഗസാധനങ്ങള്‍ ലഭ്യമായി. സിവില്‍ സപ്ളൈസ് കോര്‍പറേഷനെയും കണ്‍സ്യൂമര്‍ഫെഡിനെയും ശക്തിപ്പെടുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം രൂക്ഷമാകാതെ തടഞ്ഞത്. അതേസമയം, കെട്ടിക്കിടക്കുന്ന ഭക്ഷ്യസാധനങ്ങള്‍പോലും കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തില്ല. സുപ്രീംകോടതി ചോദ്യംചെയ്തിട്ടും നശിച്ചുപോകുന്ന ഭക്ഷ്യധാന്യംപോലും അവര്‍ ജനങ്ങള്‍ക്ക് നല്‍കിയില്ല. കര്‍ഷക ആത്മഹത്യകള്‍ പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഏക സംസ്ഥാനം കേരളമാണ്. 2001 മുതല്‍ 2006 വരെയുള്ള യുഡിഎഫ് ഭരണം കേരളം ശാപം ഏറ്റുവാങ്ങിയ കാലമായിരുന്നു. വലിയ തോതിലുള്ള കര്‍ഷക ആത്മഹത്യ നടന്ന അക്കാലത്ത് വിധിയെ പഴിച്ചു കഴിയുകയായിരുന്നു കര്‍ഷകര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വീകരിച്ച കര്‍ഷകസൌഹൃദ നടപടികളാണ് ആത്മഹത്യകളില്‍നിന്ന് നാടിന് മോചനമൊരുക്കിയത്.

യുഡിഎഫ് ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നിരുന്നെങ്കില്‍ അനേകായിരം കര്‍ഷകര്‍കൂടി ആത്മഹത്യ ചെയ്തേനെ. യുഡിഎഫ് ഭരണകാലത്ത് ക്ഷേമനിധി പെന്‍ഷനുകള്‍ എല്ലാം കുടിശ്ശികയായിരുന്നു. യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയിരുന്നെങ്കില്‍ എല്ലാ ക്ഷേമനിധികളും തകരുമായിരുന്നു. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍വന്നാല്‍ അതിവേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. അതിവിപുലമായ സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കും. കഴിഞ്ഞതവണ പ്രകടനപത്രികയില്‍ പറഞ്ഞതിനേക്കാള്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിനു സാധിച്ചു. അതുകൊണ്ടുതന്നെ, പുതിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ വീണ്‍വാക്കല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 200311

1 comment:

  1. പണം വാങ്ങി ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കേരളത്തിലും ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെയ്ഡ് ന്യൂസിന് പലപ്പോഴും ഇരയാകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. എന്നാല്‍, ഇത്തരം പൊയ്വെടികള്‍ കൊണ്ട് തകരുന്നതല്ല ഈ പ്രസ്ഥാനം. ഇ എം എസ് ദിനാചരണത്തിന്റെ ഭാഗമായി വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയില്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

    ReplyDelete