Wednesday, March 23, 2011

വി എസ് എന്‍ എല്‍ വിറ്റതിലും ക്രമക്കേട്; സിബലും ഷൂരിയും നേര്‍ക്കുനേര്‍

പൊതുമേഖലാ സ്ഥാപനമായിരുന്ന വി എസ് എന്‍ എല്‍ ടാറ്റയ്ക്കു വിറ്റതില്‍ വന്‍ ക്രമക്കേടു നടന്നതായി വെളിപ്പെടുത്തല്‍. വി എസ് എന്‍ എല്ലിന്റെ  അധീനതയിലിരുന്ന എണ്ണൂറ് ഏക്കറോളം ഭൂമിയും കമ്പനിക്കൊപ്പം വിലയൊന്നുമില്ലാതെ കൈമാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 2002ല്‍ എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്തുനടന്ന കൈമാറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ ടെലികോം മന്ത്രി കപില്‍ സിബല്‍ ഉത്തരവിട്ടു. അതേസമയം ഭൂമി കമ്പനിയില്‍നിന്നു വേര്‍പ്പെടുത്താന്‍ കൈമാറ്റ സമയത്ത് വ്യവസ്ഥ വച്ചിരുന്നെന്നും പിന്നീട് വന്ന യു പി എ സര്‍ക്കാരാണ് ഇതില്‍ വെള്ളം ചേര്‍ത്തതെന്നും ആരോപിച്ച് അന്നത്തെ ടെലികോം മന്ത്രി അരുണ്‍ ഷൂരിയും രംഗത്തുവന്നു.

വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ ഓഹരിയൊന്നിന് 202 രൂപ വച്ച് 1439 കോടിക്കാണ് ടാറ്റ ഗ്രൂപ്പ് കമ്പനി സ്വന്തമാക്കിയത്. 20 ശതമാനം ഓഹരി പൊതുജനങ്ങളുടെ പക്കല്‍നിന്നും 25 ശതമാനം ഓഹരി സര്‍ക്കാരിന്റെ പക്കല്‍നിന്നുമാണ് കമ്പനി വാങ്ങിയത്. വി എസ് എന്‍ എല്ലിന്റെ പക്കലുള്ള 773.13 ഏക്കര്‍ അധിക ഭൂമി ഈ വിലയുടെ പരിധിയില്‍ വരില്ലെന്നും ഭൂമി ഓഹരിയുടമകള്‍ക്കു തിരികെ നല്‍കേണ്ടതായിരുന്നുവെന്നുമാണ് ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. കമ്പനി കൈമാറ്റം നടന്ന് ഒന്‍പതു വര്‍ഷമായിട്ടും ഈ ഭൂമി കൈമാറ്റം ചെയ്തില്ല. കമ്പനിയുടെ വിലയ്ക്കു തുല്യമോ അതിനേക്കാള്‍ അധികമോ വിലയുള്ളതാണ് വിവിധ സ്ഥലങ്ങളിലായി കിടക്കുന്ന ഈ ഭൂമിയെന്നാണ് ടാറ്റ ഗ്രൂപ്പ് തന്നെ കണക്കാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെയും ഓഹരി ഉടമകളുടെയും ഭൂമി ഇത്തരത്തില്‍ അനധികൃതമായി ടാറ്റയ്ക്കു കൈമാറിയെന്നാണ് ആരോപണം.

ഭൂമി കൈമാറ്റത്തില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്നുമാണ് കപില്‍ സിബല്‍ ടെലികോം സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. അഡീഷണല്‍ സെക്രട്ടറി എസ് ആര്‍ റാവുവിന്റെ നേതൃത്വത്തില്‍ ഇതിനായി സമിതിയെ  നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

അതേസമയം അന്വേഷണം കോണ്‍ഗ്രസിനു നേരെ ബൂമറാംഗ് പോലെ വരുമെന്നാണ് അരുണ്‍ ഷൂരി പറയുന്നത്. കൈമാറ്റ സമയത്ത് എന്‍ ഡി എ സര്‍ക്കാര്‍ ഭൂമി തിരിച്ചുനല്‍കുന്നതു സംബന്ധിച്ച വ്യക്തമായ വ്യവസ്ഥ വച്ചിരുന്നു. ഭൂമി കമ്പനിയില്‍നിന്ന് ഡീമെര്‍ജ് ചെയ്യണമെന്നും യഥാര്‍ഥ ഓഹരി ഉടമകള്‍ക്കു തിരിച്ചു നല്‍കണമെന്നുമായിരുന്നു വ്യവസ്ഥ. 2004 മുതല്‍ അധികാരത്തിലിരുന്ന യു പി എയും കോണ്‍ഗ്രസും ഈ വ്യവസ്ഥ നടപ്പാക്കാതെ മരവിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസാണ് ടാറ്റയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചത്. എന്‍ ഡി എ കാലത്താണ് ക്രമക്കേടു നടന്നതെങ്കിലും എന്തുകൊണ്ട് ഇക്കാലമത്രയും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ഷൂരി ചോദിച്ചു.

കമ്പനി ലഭിക്കുന്നയാള്‍ക്ക് ഭൂമിയില്‍ യാതൊരു അവകാശവുമുണ്ടായിരിക്കില്ലെന്ന് തന്റെ കാലത്ത് വ്യക്തമാക്കിയിരുന്നതാണെന്ന് അരുണ്‍ ഷൂരി പറഞ്ഞു. സിബലിന്റെ അന്വേഷണം പിന്നീട് ധനവകുപ്പു കൈകാര്യം ചെയ്ത പി ചിദംബരത്തിനും പ്രണബ് മുഖര്‍ജിക്കും നേരെയാണ് വരികയെന്നും ഷൂരി അഭിപ്രായപ്പെട്ടു.

സിബലിന്റെ അന്വേഷണത്തെ ടാറ്റ ഗ്രൂപ്പ് സ്വാഗതം ചെയ്തിട്ടുണ്ട്. ഭൂമി വേര്‍തിരിക്കാത്തതുമൂലം കമ്പനിയുടെ ഓഹരി കൈമാറ്റം ചെയ്യാനാവാത്ത അവസ്ഥയുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ജനയുഗം 230311

1 comment:

  1. പൊതുമേഖലാ സ്ഥാപനമായിരുന്ന വി എസ് എന്‍ എല്‍ ടാറ്റയ്ക്കു വിറ്റതില്‍ വന്‍ ക്രമക്കേടു നടന്നതായി വെളിപ്പെടുത്തല്‍. വി എസ് എന്‍ എല്ലിന്റെ അധീനതയിലിരുന്ന എണ്ണൂറ് ഏക്കറോളം ഭൂമിയും കമ്പനിക്കൊപ്പം വിലയൊന്നുമില്ലാതെ കൈമാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 2002ല്‍ എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്തുനടന്ന കൈമാറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ ടെലികോം മന്ത്രി കപില്‍ സിബല്‍ ഉത്തരവിട്ടു. അതേസമയം ഭൂമി കമ്പനിയില്‍നിന്നു വേര്‍പ്പെടുത്താന്‍ കൈമാറ്റ സമയത്ത് വ്യവസ്ഥ വച്ചിരുന്നെന്നും പിന്നീട് വന്ന യു പി എ സര്‍ക്കാരാണ് ഇതില്‍ വെള്ളം ചേര്‍ത്തതെന്നും ആരോപിച്ച് അന്നത്തെ ടെലികോം മന്ത്രി അരുണ്‍ ഷൂരിയും രംഗത്തുവന്നു.

    ReplyDelete