Saturday, March 19, 2011

വയനാട്ടിലെ പോരാളികള്‍

ജനവിധി തേടി വീണ്ടും കെ സി

മാനന്തവാടി: പട്ടികവര്‍ഗ സംവരണ മണ്ഡലമായ വടക്കെ വയനാട്ടില്‍ നിന്ന് കെ സി കുഞ്ഞിരാമനെ നിയമസഭയിലേക്കയച്ചവര്‍ ഇന്ന് സന്തോഷത്തിലാണ്. അരനൂറ്റാണ്ടുകാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അഞ്ചുവര്‍ഷംകൊണ്ട്നടത്താനായി എന്നത് ജനപ്രതിനിധി എന്നനിലയില്‍ കെ സി കുഞ്ഞിരാമനും വോട്ടര്‍മാര്‍ക്കും ഒരുപോലെ അഭിമാനിക്കാവുന്നതാണ്. വടക്കെവയനാട് മാനന്തവാടി മണ്ഡലമായി മാറിയപ്പോള്‍ ഇടതുപക്ഷ മുന്നണി വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത് കെ സി കുഞ്ഞിരാമനെ തന്നെയാണ്. എംഎല്‍എ എന്ന നിലയില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാന്‍ കെ സിക്ക് കഴിഞ്ഞുവെന്നത് തന്നെയാണ് വീണ്ടും സ്ഥാനാര്‍ഥിത്വം തേടിവന്നതിന് പിന്നില്‍. വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്ന കാര്യത്തില്‍ വികസനമെത്തുക എന്ന പരിഗണന മാത്രമാണ് നല്‍കിയത്. ആദിവാസി സമൂഹത്തിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടം നിയമസഭക്കകത്തും പുറത്തും ഒരുപോലെ നടത്താന്‍ കെ സി പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെയാണ് 4500ല്‍പരം ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചത്. ശേഷിക്കുന്നവര്‍ക്കും ഭൂമി വില കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷത്തെ ഒരു രാഷ്ട്രീയ പാര്‍ടിപോലും വിമര്‍ശിച്ചിട്ടില്ലെന്നത് കെ സി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിതീതമായിരുന്നുവെന്നത് കൊണ്ടുമാത്രമാണ്.

മണ്ഡലത്തിലെ എല്ലാ പരിപാടികളിലും നിറഞ്ഞുനില്‍ക്കാന്‍ കെ സിക്ക് കഴിഞ്ഞു. മുന്‍ കാലങ്ങളിലെ അനുഭവം മാനന്തവാടക്കാര്‍ക്ക് ശരിക്കും അറിയാം. ദേശാടനപ്പക്ഷികളെ പോലെ എത്തിയിരുന്നവര്‍ വികസന രംഗത്തും വിവേചനമായിരുന്നു കാണിച്ചത്. ജനപക്ഷത്തിന് നിന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു ജനപത്രിനിധിയെ വീണ്ടും നിയമസഭയിലേക്കയക്കാന്‍ വോട്ടര്‍മാര്‍ ഒരുങ്ങിക്കഴിഞ്ഞ കാഴ്ചയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പ്രകടമാവുന്നത്. ജില്ലാ പഞ്ചായത്ത്അംഗമെന്ന നിലയിലും പനമരം പഞ്ചായത്ത് അംഗമെന്ന നിലയിലും പ്രവര്‍ത്തിച്ച കെ സി കുഞ്ഞിരാമന്‍ കാരക്കാമലയിലെ കാവുംമിറ്റത്തെ ചന്തുവിന്റെയും കുംഭയുടെയും ഏഴ് മക്കളില്‍ മൂത്തവനാണ്. ഭാര്യ: രാധ. മക്കള്‍: ധന്യ (ബിഎഡ് വിദ്യാര്‍ഥിനി), ദിവ്യ (ബിടെക് വിദ്യാര്‍ഥിനി), വിദ്യ(ഡിഗ്രിവിദ്യാര്‍ഥിനി).

ജീവിത ദുരിതങ്ങളോട് പൊരുതി; അനുഭവങ്ങളുടെ കരുത്തില്‍

ബത്തേരി: ദാരിദ്ര്യത്തിനോടും കഷ്ടപ്പാടിനോടും പടപൊരുതി വളര്‍ന്ന യുവനേതാവ് ജനവിധി തേടി വോട്ടര്‍മാര്‍ക്കിടയിലേക്ക്. യുവത്വത്തിന്റെ പ്രസരിപ്പാര്‍ന്ന ശങ്കരനെ സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ പി കൃഷ്ണപ്രസാദിന്റെ പിന്‍ഗാമിയായി എല്‍ഡിഎഫ് നിശ്ചയിച്ചതിന്റെ ആവേശം എങ്ങും പ്രകടമാണ്. എസ്എഫ്ഐ മുന്‍ദേശീയപ്രസിഡന്റ് പി കൃഷ്ണപ്രസാദ് മത്സരിക്കാനെത്തിയപ്പോഴുണ്ടായിരുന്ന അതേആവേശത്തിലാണ് മണ്ഡലം. കൃഷ്ണപ്രസാദ് ഏറ്റെടുത്ത വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശങ്കരന് സാധിക്കുമെന്ന് ജനങ്ങള്‍ കരുതുന്നു.


കയ്പേറിയ ജീവിത പശ്ചാത്തലംമാത്രമാണ് ശങ്കരന്റേത്. പുല്‍പ്പള്ളി പാക്ക ഇല്ലിയമ്പത്ത് കുറുമകോളനിയിലെ പരേതനായ അച്യുതന്റെ നാലുമക്കളില്‍ മൂന്നാമനായ ശങ്കരന്‍ കഷ്ടപ്പാടിലൂടെയാണ് വളര്‍ന്നത്. അച്ഛനും അമ്മ ദേവകിയും കൂലിപ്പണിയെടുത്താണ് മക്കളെ വളര്‍ത്തിയത്. വേലിയമ്പം ഹൈസ്കൂളില്‍ പഠിക്കുമ്പോഴും ശങ്കരന്‍ വീടിന് തൊട്ടടുത്ത തിമ്മപ്പന്‍ചെട്ടിയുടെ വീട്ടില്‍ കൂലിവേലക്ക് പോവുമായിരുന്നു. സഹോദരങ്ങളും കൂലിവേലയെടുത്തു. സാമ്പത്തികപ്രയാസം കാരണം പത്താം ക്ളാസ്സിനപ്പുറം തുടരാനായില്ല. മുന്‍ എംഎല്‍എ എ കെ രാഘവന്റെ അടുത്ത ബന്ധുക്കള്‍കൂടിയായിരുന്നു ശങ്കരന്റെ കുടുംബം. അതിനാല്‍ തികഞ്ഞ കോണ്‍ഗ്രസ് അനുഭാവികളും. ഹൈസ്കൂളില്‍ കെഎസ്യു സ്ഥാനാര്‍ഥിയായി മത്സരിച്ച് സ്കൂള്‍ ലീഡറായി. യൂത്ത് കോണ്‍ഗ്രസ് ബത്തേരി ബ്ളോക്ക് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികെയാണ് കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളും തമ്മലടിയും കണ്ട് മനംമടുത്ത് ആ പാര്‍ടിവിട്ട് സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

2000ല്‍ ജില്ലാ പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. എകെഎസ് നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന ഭൂസമരങ്ങളുടെ മുന്നണിയില്‍ തന്നെ ശങ്കരനും നിന്നു. ഇതുവഴി ആദിവാസി ക്ഷേമസമതിയുടെ ജില്ലാ-സംസ്ഥാന നേതൃനിരയിലേക്കും ഈ യുവാവ് കടന്നുവന്നു. ജില്ലയിലെ യുവജന സമരങ്ങളിലും നിറഞ്ഞ സാന്നിധ്യമായിമാറി. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ആദിവാസി ക്ഷേമസമിതി ജില്ലാ ട്രഷറര്‍, സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം പുല്‍പ്പള്ളി ഏരിയാകമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പുല്‍പ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ശങ്കരന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ബത്തേരി ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കുടിയേറ്റ മേഖലയിലെ കോണ്‍ഗ്രസ് ശക്തിദുര്‍ഗങ്ങളായ പ്രദേശങ്ങളില്‍നിന്നാണ് രണ്ട് തവണയും വന്‍ ഭൂരിപക്ഷത്തോടെ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബത്തേരി താലൂക്കിലെ പൊതുപരിപാടികളിലും മറ്റും നിറഞ്ഞ സാന്നിധ്യമായ ശങ്കരന് വലിയൊരു സുഹൃത്നിരതന്നെയുണ്ട്. കഴിഞ്ഞ അഞ്ച് കൊല്ലം പി കൃഷ്ണപ്രസാദ് എംഎല്‍എയുടെ ശ്രമഫലമായി ബത്തേരി മണ്ഡലത്തിന് ലഭിച്ച വികസന നേട്ടവും എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ജനസമ്മതിയും തനിക്ക് തികഞ്ഞ വിജയപ്രതീക്ഷ നല്‍കുന്നതായി ശങ്കരന്‍ പറഞ്ഞു. ഭാര്യ: പ്രതിഭ. ഒരു വയസ്സുള്ള മകളുണ്ട് വര്‍ഷ.


ഇത്രയുംകാലം കടിഞ്ഞാണേന്തി; ഇക്കുറി മത്സരരംഗത്ത്

കല്‍പ്പറ്റ: ആറുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം,ഇതിനിടയില്‍ ജയില്‍വാസം, മര്‍ദനം, കാല്‍ നൂറ്റാണ്ടിലേറെ സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി, ട്രേഡ് യൂണിയന്‍ നേതാവ്. സംഭവബഹുലമാണ് വയനാട്ടുകാരും അടുത്ത് ബന്ധമുള്ളവരും പി എ എന്ന് സ്നേഹപൂര്‍വം വിളിക്കുന്ന പി എ മുഹമ്മദി (72)ന്റെ രാഷ്ടീയ ജീവിതം. ഇത്രയും കാലം വയനാട്ടിലെ തെരഞ്ഞെടുപ്പുകളുടെ ചുക്കാന്‍ പിടിച്ചിരുന്ന പി എ മുഹമ്മദ് കല്‍പ്പറ്റയിലെ ആദ്യത്തെ സിപിഐ എം സ്ഥാനാര്‍ഥിയുമാകുകയാണ്. കല്‍പ്പറ്റ മണ്ഡലത്തിലെ എല്‍ഡിഎഫ് സഥാനാര്‍ഥി പി എ മുഹമ്മദിന് കല്‍പ്പറ്റയില്‍ പരിചയപ്പെടുത്തലുകള്‍ അപ്രസക്തമാണ്. വയനാടിന്റെ ഓരോ മുക്കും മൂലയും പിഎ യെ അറിയും; തിരിച്ചും അങ്ങനെതന്നെ. പരിചയം പുതുക്കിയും പേരെടുത്തുവിളിച്ചും നടന്നുപോകുന്ന പി എ സഹനസമരങ്ങളുടെ മുന്നണിപ്പോരാളിയാണ്.

നിയമസഭയിലേക്ക് കന്നിയങ്കമാണെങ്കിലും ഭരണരംഗത്ത് പരിചയക്കുറവില്ല. 1964 മുതല്‍ 14 വര്‍ഷം മേപ്പാടി പഞ്ചായത്തംഗമായിരുന്നു. 79 മുതല്‍ 84 വരെ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വൈത്തിരി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റാണ്. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനിയുടെയും കെഎസ്ആര്‍ടിസിയുടെയും ഡയറക്ടറാണ്. കേരളത്തിന് മാതൃകയായി വയനാട്ടില്‍ അടുത്തിടെ ഉദ്ഘാടനംചെയ്യപ്പെട്ട ബ്രഹ്മഗിരി മാംസ സംസ്കരണ വ്യവസായ ശാലയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളുമാണ് പി എ. സാധാരണക്കാരില്‍ സാധാരണക്കാരനായി വയനാട്ടിലെ ഏത് ജനകീയപ്രശ്നങ്ങള്‍ക്കുമുമ്പിലും പി എയുണ്ട്. സിപിഐ എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമുതല്‍ ജില്ലാ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുന്നു. തുടര്‍ന്ന് 1982 ജൂണ്‍ മാസം മുതല്‍ 2007 ഡിസംബര്‍ വരെ ജില്ലാ സെക്രട്ടറിയായി വയനാട്ടിലെ സിപിഐ എമ്മിനെ നയിച്ചു. 82 മുതല്‍ സംസ്ഥാന കമ്മിറ്റിയംഗമാണ്.

പാര്‍ടിയുടെയും വര്‍ഗ ബഹുജനപ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് പി എ മുഹമ്മദിനുള്ളത്. 1952 ലെ പൊതുതെരഞ്ഞെടുപ്പില്‍ സേലം വെടിവെപ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സ് വിരോധം ശക്തമായിരുന്നു. വിദ്യാര്‍ഥിയായിരുന്ന മുഹമ്മദില്‍ ഇത് ചലനം സൃഷ്ടിച്ചു. കൂട്ടുകാരോടൊപ്പം ഐക്യമുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഹമ്മദും ചേര്‍ന്നു. കണിയാമ്പറ്റ ഹയര്‍ എലിമെന്ററി സ്കൂള്‍, കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഗോവ വെടിവെപ്പില്‍ പ്രതിഷേധിച്ച് എസ്കെഎംജെ ഹൈസ്കൂളില്‍നിന്ന് ഇറങ്ങിപ്പോന്ന നാല്‍വര്‍ സംഘത്തില്‍ ഒരാളാണ് മുഹമ്മദ്. 1957 ലെ തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തനരംഗത്തിറങ്ങാന്‍ പഠനം ഉപേക്ഷിച്ചു. ജില്ലയിലെ തോട്ടംതൊഴിലാളികളുടെ അനിഷേധ്യ നേതാവായ പിഎ മുഹമ്മദ് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ പ്രസിഡന്റായും കോഫി ക്യുറിങ് വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറിയുമായിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റാണ്. കണിയാമ്പറ്റയിലെ ദരിദ്രകര്‍ഷകനായ പന്തലന്‍കുന്നല്‍ ആലിക്കുട്ടിയുടെയും മരുതോളി കുഞ്ഞാമിയുടെയും മകനായ പി എ മുഹമ്മദ് കുട്ടിക്കാലംമുതല്‍തന്നെ പൊതുപ്രവര്‍ത്തനത്തോട് ആകൃഷ്ടനായിരുന്നു. മേപ്പാടി പാലവയലിലാണ് താമസം. ഭാര്യ: നബീസ. മക്കള്‍: സലിം, നിഷാദ്, നെരൂദ.

കല്‍പ്പറ്റയില്‍ ആദ്യമായി സിപിഐ എം പ്രതിനിധി

കല്‍പ്പറ്റ: മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സിപിഐ എം പ്രതിനിധി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം സമ്മാനിച്ച മണ്ഡലത്തില്‍ വിജയം നിലനിര്‍ത്താനുള്ള ചരിത്രനിയോഗം എത്തുന്നതാകട്ടെ പരിണിത പ്രജ്ഞനായ പി എ മുഹമ്മദിലും. കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിന്റെ ചരിത്രം തുടങ്ങുന്ന 1965ല്‍ കെടിപിയിലെ ബി വെല്ലിങ്ടണ്‍ ആയിരുന്നു കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്സിലെ ജേക്കബ് തോമസും സ്വതന്ത്രരായ ജോസഫ് പുലിക്കുന്നേല്‍, എ പി ഭാസ്കരന്‍ നായര്‍ എന്നിവര്‍ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ വെല്ലിങ്ട 7583 വോട്ടിന് വജിയിച്ചു. 76ലും ബെല്ലിങ്ടണായിരുന്നു വിജയിച്ചത്. 1970ല്‍ കോണ്‍ഗ്രസ്സിലെ പി സിറിയക് ജോണും സോഷ്യലിസ്റ്റ് പാര്‍ടിയിലെ കെ കെ അബുവും കേരള കോണ്‍ഗ്രസ്സിലെ ടി എ മാത്യുവും ഏറ്റുമുട്ടി. വിജയം സിറിയക് ജോണിനായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ഡോ. കെ ജി അടിയോടിയും ബിഎല്‍ഡിയിലെ എം പി വീരേന്ദ്രകുമാറും മത്സരിച്ചപ്പോള്‍ അടിയോടിക്കായിരുന്നു ജയം. 1980ലാണ് ഒരു ഇടതുപക്ഷ സ്ഥാനാര്‍ഥി മണ്ഡലത്തിലെത്തുന്നത്. ജനത ജി സ്ഥാനാര്‍ഥി എം കമലത്തെ നേരിടാന്‍ ആര്‍എസ്പിയിലെ കെ അബദുള്‍ഖാദര്‍ രംഗത്തെത്തി. വിജയം കമലത്തിനായിരുന്നു. 1982ല്‍ കമലം വീണ്ടും മത്സരിച്ചപ്പോള്‍ ജനതാദളിലെ പി എ ഹാരിസായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പിന്നീട് 87ല്‍ എം പി വീരേന്ദ്രകുമാറും 91ല്‍ കെ കെ ഹംസയും കഴിഞ്ഞതവണ എം വി ശ്രേയാംസ്കുമാറുമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ദേശാഭിമാനി 190311

1 comment: