Thursday, July 28, 2011

ഓട്ടോകാസ്റ്റിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം

ചേര്‍ത്തല: പൊതുമേഖലാ വ്യവസായസ്ഥാപനമായ ഓട്ടോകാസ്റ്റിനെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടലില്‍ പ്രവര്‍ത്തനലാഭം കൈവരിച്ച സ്ഥാപനത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തെ തുരങ്കം വയ്ക്കാനാണ് നീക്കം. സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ഉയര്‍ന്ന പദവികളില്‍ പ്രതിഷ്ഠിച്ച് അഴിമതിക്ക് കളമൊരുക്കാനും ശ്രമമായി. മുന്‍ യുഡിഎഫ് ഭരണത്തില്‍ വിറ്റുതുലയ്ക്കാന്‍ വിധിക്കപ്പെട്ട സ്ഥാപനമാണിത്. സാമ്പത്തിക പുനരാസൂത്രണ കമ്മിറ്റി എന്നറിയപ്പെട്ട ചൗധരികമ്മിറ്റിയെകൊണ്ട് ഓട്ടോകാസ്റ്റ് പ്രവര്‍ത്തനക്ഷമമല്ലായെന്ന റിപ്പോര്‍ട്ട് എഴുതിച്ചാണ് വില്‍പനയ്ക്ക് കളമൊരുക്കിയത്. സംസ്ഥാനത്ത് വില്‍പനയ്ക്ക് വിധിച്ച പൊതുമേഖലാ സ്ഥാപനങ്ങളില്‍ ആദ്യത്തേതായിരുന്നു ഓട്ടോകാസ്റ്റ്. വ്യവസായ പുനരുദ്ധാരണ ബോര്‍ഡ് ആവശ്യപ്പെട്ട പ്രകാരം പുതിയ പുനരുദ്ധാരണ പാക്കേജ് തയാറാക്കി നല്‍കാന്‍ പോലും അന്ന് യുഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് സ്ഥലം എംഎല്‍എ ഡോ. തോമസ് ഐസകിന്റെ നേതൃത്വത്തില്‍ വിദഗ്ധര്‍ ചേര്‍ന്ന് പുനരുദ്ധാരണപദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ വ്യവസായ പുനരുദ്ധാരണ ബോര്‍ഡിന് ഈ പദ്ധതിയും കൈമാറിയില്ല. തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ബോര്‍ഡ് ഉത്തരവായി. സ്ഥാവരജംഗമ വസ്തുക്കള്‍ വിലനിര്‍ണയിച്ച് കടങ്ങള്‍ വീട്ടാന്‍ ലിക്വിഡേറ്ററെയും നിയമിച്ചു. തൊഴിലാളി സംഘടനകളുടെ അപ്പീല്‍ അപേക്ഷ ഉപരികോടതി എഐഎഫ്ആര്‍ അംഗീകരിച്ചതിനാല്‍ സ്ഥാപനം അടച്ചുപൂട്ടലില്‍ നിന്ന് കരകയറി. പിന്നീട് തൊഴിലാളി സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശക്തമായ ചെറുത്തുനില്‍പിനൊടുവില്‍ സ്വകാര്യവല്‍ക്കരണ നടപടികളില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്തിരിയേണ്ടി വന്നു.

പിന്നീട് അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓട്ടോകാസ്റ്റ് പുനരുദ്ധാരണത്തിന് ഇഛാശക്തിയിലൂടെ നടപടി സ്വീകരിച്ചു. 1984ല്‍ സ്ഥാപിതമായ സ്ഥാപനം ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ സാമ്പത്തികവര്‍ഷം പ്രവര്‍ത്തനലാഭം കൈവരിച്ചു. സ്ഥാപനത്തെ വിപുലീകരിച്ച് ശക്തിപ്പെടുത്താന്‍ വികസനപദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചു. സ്റ്റീല്‍ കാസ്റ്റിങ് നിര്‍മാണത്തിനും മെഷീനിങ്ങിനുമായി സജ്ജീകരണങ്ങള്‍ ഒരുങ്ങുന്ന ഘട്ടമാണിപ്പോള്‍ . ഇതിനിടയില്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ 29-ാം നാള്‍ ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചു. സ്ഥാപനത്തിന്റെ പുരോഗതി അട്ടിമറിക്കാന്‍ ആസൂത്രിത നീക്കവും തുടങ്ങി. അതിന്റെ ഭാഗമായി സര്‍വീസില്‍ നിന്ന് വിരമിച്ച അഴിമതിയില്‍ കുപ്രസിദ്ധിയാര്‍ജിച്ചവരെ ഉയര്‍ന്ന തസ്തികകളില്‍ അവരോധിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ . ലക്ഷ്യം ഓട്ടോകാസ്റ്റിനെ വീണ്ടും തകര്‍ത്ത് അഴിമതിക്കും സ്വകാര്യവല്‍ക്കരണത്തിനും കളമൊരുക്കല്‍ . ഈ കുത്സിതശ്രമത്തെ ചെറുക്കാനാണ് തൊഴിലാളി സംഘടനകളുടെ തയാറെടുപ്പ്.

deshabhimani 280711

1 comment:

  1. പൊതുമേഖലാ വ്യവസായസ്ഥാപനമായ ഓട്ടോകാസ്റ്റിനെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടലില്‍ പ്രവര്‍ത്തനലാഭം കൈവരിച്ച സ്ഥാപനത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തെ തുരങ്കം വയ്ക്കാനാണ് നീക്കം. സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ഉയര്‍ന്ന പദവികളില്‍ പ്രതിഷ്ഠിച്ച് അഴിമതിക്ക് കളമൊരുക്കാനും ശ്രമമായി.

    ReplyDelete