Wednesday, July 27, 2011

ഓസ്‌ലോയിലെ ഭീകരത

യൂറോപ്പിനെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ച കൂട്ടക്കൊലയാണ് ഇക്കഴിഞ്ഞ ദിവസം നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്‌ലോയിലുണ്ടായത്. പൊതുവേ ശാന്തപ്രകൃതിയെന്നു കരുതപ്പെടുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ ഈ നഗരത്തില്‍ മതിയിളകിയ ഒരു യുവാവിന്റെ പരാക്രമത്തില്‍ 90ല്‍ ഏറെ പേരാണ് മരിച്ചത്. അക്രമത്തിനു പിന്നില്‍ ഒരാള്‍ മാത്രമാണോ അതോ പങ്കാളികളുണ്ടോ, എന്തെല്ലാം ഗൂഢാലോചനകളാണ് ഇത്തരമൊരു അക്രമത്തിലേയ്ക്കു നയിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം വെളിയില്‍ വരാന്‍ ഇരിക്കുന്നതേയുള്ളൂ. എന്നാല്‍ ലോകത്ത് പലയിടത്തും, പ്രത്യേകിച്ചും യൂറോപ്പില്‍ കാണാപ്രവാഹമായി ശക്തിപ്പെട്ടുവരുന്ന നവനാസി പ്രവണതകളുടെ വ്യക്തമായ സൂചനകള്‍ ഈ ആക്രമണം വെളിപ്പെടുത്തുന്നുണ്ട്.

നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്‌ലോയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന മന്ദിര സമുച്ചയത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയ അക്രമി ഇതിനു പിന്നാലെ തൊട്ടടുത്തുള്ള ഉല്ലാസ ദ്വീപിലെത്തി 85 പേരെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. മന്ദിരസമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേരാണ് മരിച്ചത്. ആക്രമണത്തിനു മുമ്പുതന്നെ അക്രമി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത വിവരങ്ങളില്‍നിന്നാണ് ഇയാളെ സംബന്ധിച്ച് പൊലീസിനു കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു ഇയാള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. താനൊരു യാഥാസ്ഥിതിക ക്രിസ്ത്യാനിയാണെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലെ വ്യക്തിഗതവിവരങ്ങളില്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടവും ജീവിതസാഹചര്യങ്ങളില്‍വന്ന ഞെരുക്കവും പലയിടത്തും ആളുകളെ കടുത്ത സങ്കുചിത ദേശീയ വാദികളും ഇടുങ്ങിയ ചിന്താഗതിക്കാരുമാക്കിയിട്ടുണ്ട്. യൂറോപ്പില്‍ ഇത് ശക്തമായി തന്നെ പ്രകടമാണ്. ഇതിന്റെ കുറെക്കൂടി കടുത്ത രൂപമാണ് നവനാസി വാദം. അതിന് വംശീയവും മതപരവുമായ പശ്ചാത്തലം കൂടിയുണ്ട്. യൂറോപ്യന്‍ അധീശത്വം, അല്ലെങ്കില്‍ ക്രിസ്ത്യന്‍ അധീശത്വമൊക്കെയാണ് ഇവരെ പ്രചോദിപ്പിക്കുന്ന തത്വശാസ്ത്രം. മറ്റെല്ലാത്തിനെയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യുന്ന രീതിയിലേയ്ക്ക് ഈ ചിന്താഗതി തീവ്രവാദമായി വളരുന്നതാണ് ഓസ്‌ലോയില്‍ കണ്ടത്. കേവലം ഒരു ഒറ്റയാന്‍ അക്രമമായോ മതിഭ്രമമായോ ഇത്തരം അക്രമങ്ങളെ എഴുതിത്തള്ളുന്നത് വിഡ്ഢിത്തമാവും. സമൂഹത്തില്‍ ഇത്തരമൊരു അന്തര്‍ധാര ശക്തമാവുന്നുണ്ടെങ്കില്‍ തുടക്കദശയില്‍ തന്നെ അതിനെ തടയാന്‍ രാജ്യാന്തര തലത്തില്‍ ആലോചനകള്‍ നടക്കണം. വേണ്ടതിലേറെ കുഴപ്പങ്ങളുള്ള പുതിയ ലോകക്രമത്തില്‍ ഇനിയുമൊരു ഭീഷണി കൂടി വളര്‍ന്നുവരാതിരിക്കുന്നതിന് എല്ലാവരും ജാഗ്രത പുലര്‍ത്തണം.

ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിംകളെ ഒന്നാകെ മാറ്റിനിര്‍ത്തുന്ന സമീപനം സമൂഹത്തില്‍ ഒരു വിഭാഗത്തിനെങ്കിലുമുണ്ട്. ഓസ്‌ലോ ആക്രമണം നടന്നപ്പോഴും ആദ്യം സംശയത്തിന്റെ മുനകള്‍ നീണ്ടത് ആ ദിശയിലേയ്ക്കു തന്നെയാണ്. ഭീകരതയ്ക്ക് മതമില്ലെന്നതിന്റെ ആവര്‍ത്തിച്ചുള്ള സ്ഥാപനമാണ്, ഓസ്‌ലോ ആക്രമണത്തിലൂടെ സംഭവിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്ററിലും മുംബൈയിലും ഭീകരതയ്ക്കു പിന്നില്‍ ഇസ്‌ലാം വിശ്വാസികളാണെങ്കില്‍ സംഝോതയില്‍ അത് ഹിന്ദു വിശ്വാസികളാണ്, ഓസ്‌ലോയില്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരും. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഏതു മതത്തില്‍ പെട്ടവരെന്നല്ല, മറിച്ച് ഏതു ഭീകരതയും മനുഷ്യരാശിക്ക് എതിരായ ആക്രമണമാണെന്ന പൊതുബോധം ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ ഫലം കാണുന്നതിന് അനിവാര്യമാണ്.

ജനയുഗം മുഖപ്രസംഗം 270711

1 comment:

  1. യൂറോപ്പിനെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ച കൂട്ടക്കൊലയാണ് ഇക്കഴിഞ്ഞ ദിവസം നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്‌ലോയിലുണ്ടായത്. പൊതുവേ ശാന്തപ്രകൃതിയെന്നു കരുതപ്പെടുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ ഈ നഗരത്തില്‍ മതിയിളകിയ ഒരു യുവാവിന്റെ പരാക്രമത്തില്‍ 90ല്‍ ഏറെ പേരാണ് മരിച്ചത്. അക്രമത്തിനു പിന്നില്‍ ഒരാള്‍ മാത്രമാണോ അതോ പങ്കാളികളുണ്ടോ, എന്തെല്ലാം ഗൂഢാലോചനകളാണ് ഇത്തരമൊരു അക്രമത്തിലേയ്ക്കു നയിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം വെളിയില്‍ വരാന്‍ ഇരിക്കുന്നതേയുള്ളൂ. എന്നാല്‍ ലോകത്ത് പലയിടത്തും, പ്രത്യേകിച്ചും യൂറോപ്പില്‍ കാണാപ്രവാഹമായി ശക്തിപ്പെട്ടുവരുന്ന നവനാസി പ്രവണതകളുടെ വ്യക്തമായ സൂചനകള്‍ ഈ ആക്രമണം വെളിപ്പെടുത്തുന്നുണ്ട്.

    ReplyDelete