Tuesday, July 26, 2011

പ്ലാച്ചിമട ട്രൈബ്യൂണലിന് ഉടന്‍ അനുമതി നല്‍കണം: എല്‍ ഡി എഫ്

തിരുവനന്തപുരം: നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന് അടിയന്തരമായി പ്രസിഡന്റിന്റെ അനുമതി നല്‍കണമെന്ന് എല്‍ ഡി എഫ് സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇടതുപാര്‍ട്ടി നേതാക്കളും പാര്‍ലമെന്റംഗങ്ങളും രാഷ്ട്രപതിയെ നേരില്‍ കണ്ട് നിവേദനം നല്‍കും. അന്നേ ദിവസം പ്ലാച്ചിമടയിലും പാലക്കാട് ജില്ലാ ആസ്ഥാനത്തും തലസ്ഥാനത്തും ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കും. ഇതു സംബന്ധിച്ച തീയതി പിന്നീട് തീരുമാനിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനഫലമായി പ്രദേശവാസികള്‍ക്കുണ്ടായ ദുരിതത്തിന് കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ 2011 ഫെബ്രുവരിയില്‍ നിയമനിര്‍മാണത്തിലൂടെ ട്രൈബ്യൂണല്‍ രൂപീകരിച്ചത്. 2010ല്‍ പാര്‍ലമെന്റ് ഗ്രീന്‍ ട്രൈബ്യൂണല്‍ ആക്ട് പാസ്സാക്കിയ പശ്ചാത്തലത്തിലാണ് ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചത്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമമനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ദുരിതങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം ലഭ്യമാകൂ.

എന്നാല്‍ കേന്ദ്ര നിയമത്തിന്റെ പരിധിയില്‍ പ്ലാച്ചിമട ദുരിതബാധിതര്‍ വരില്ല. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ബില്ലിന് അനുമതി നല്‍കണമെന്ന് എല്‍ ഡി എഫ് സംസ്ഥാന സമിതി ആവശ്യപ്പെടുന്നതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. എന്നാല്‍ ചില ലോബികള്‍ ബില്ലിനെതിരായി നീക്കം നടത്തുന്നുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പത്‌നി തന്നെ കൊക്കക്കോള കമ്പനിക്ക് വേണ്ടി വാദിക്കുന്ന സാഹചര്യത്തില്‍ സ്വാധീനത്തിന് വിധേയമാകുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

janayugom 260711

1 comment:

  1. നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന് അടിയന്തരമായി പ്രസിഡന്റിന്റെ അനുമതി നല്‍കണമെന്ന് എല്‍ ഡി എഫ് സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇടതുപാര്‍ട്ടി നേതാക്കളും പാര്‍ലമെന്റംഗങ്ങളും രാഷ്ട്രപതിയെ നേരില്‍ കണ്ട് നിവേദനം നല്‍കും. അന്നേ ദിവസം പ്ലാച്ചിമടയിലും പാലക്കാട് ജില്ലാ ആസ്ഥാനത്തും തലസ്ഥാനത്തും ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കും. ഇതു സംബന്ധിച്ച തീയതി പിന്നീട് തീരുമാനിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

    ReplyDelete