Saturday, July 30, 2011

സ്വകാര്യവല്‍ക്കരണം കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ

കൊല്ലം: ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന് (കെഎംഎംഎല്‍) ഖനനപാട്ടം ലഭിച്ച സ്ഥലത്തുനിന്ന് കരിമണല്‍ വാരാന്‍ സ്വകാര്യമേഖലയ്ക്കു അനുമതി നല്‍കിയത് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ. ജൂലൈ 11ന് നിയമസഭയില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കരിമണല്‍ ഖനനത്തിന് സ്വകാര്യവൃക്തികള്‍ക്കും അനുമതി നല്‍കാന്‍ തീരുമാനിച്ചത്. തുറമുഖമന്ത്രി കെ ബാബു, ചവറ എംഎല്‍എ കൂടിയായ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സ്വകാര്യവല്‍ക്കരണം കെഎംഎംഎല്ലിന്റെ മാത്രം തീരുമാനമാണെന്നാണ് സര്‍ക്കാര്‍ ഇതുവരെ വാദിച്ചത്. കരിമണല്‍ ഖനനം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢാലോചനയാണ് ഇതോടെ പുറത്തുവരുന്നത്. കരിമണല്‍ ഖനന സ്വകാര്യവല്‍ക്കരണം മന്ത്രിമാരുടെ അനുമതിയോടെയാണെന്ന് കെഎംഎംഎല്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികളില്‍നിന്ന് മണല്‍ ശേഖരിക്കാന്‍ മാനേജ്മെന്റ് വച്ച നിര്‍ദേശം മൂന്നു മന്ത്രിമാര്‍ പങ്കെടുത്ത യോഗം അംഗീകരിച്ചതായും മാനേജിങ് ഡയറക്ടറുടെ പത്രക്കുറിപ്പ് വ്യക്തമാക്കി.

പത്രപ്പരസ്യമോ നോട്ടീസോ ഇല്ലാതെ അതീവ രഹസ്യമായാണ് സ്വകാര്യ ഖനനത്തിനുള്ള ഉത്തരവിറക്കിയത്. ഉത്തരവ് പുറത്തറിയുന്നതിനു മുമ്പ് മണല്‍ ലോഡുമായി സ്വകാര്യ സംരംഭകര്‍ കമ്പനിയില്‍ എത്തിയത് ഉന്നതതല ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നു. മണ്ണില്‍ കുറഞ്ഞത് 30 ശതമാനം ഇല്‍മനൈറ്റ് വേണമെന്നാണ് കമ്പനിയുടെ നിബന്ധന. 45 മുതല്‍ 75 ശതമാനം വരെയാണ് ഇതിനകം ലഭിച്ച മണലില്‍ ഇല്‍മനൈറ്റിന്റെ അളവ്. നാലു ദിവസത്തെ ഇടപാടിലായി 1.43 ലക്ഷം രൂപ കമ്പനി നല്‍കി. മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തും വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനം.

ചവറയിലും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കരിമണല്‍ഖനനം സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ മുമ്പ് കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കം വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ഉത്തരവിന്റെ വക്കോളം എത്തിയ നീക്കം പിന്നീടെത്തിയ എല്‍ഡിഎഫ് സര്‍ക്കാരുകളാണ് അസ്ഥിരപ്പെടുത്തിയത്. കേരളത്തിന്റെ തീരദേശത്ത് സമൃദ്ധമായ കരിമണല്‍ (ധാതുമണല്‍) സമ്പത്ത് കൈയടക്കാന്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി കമ്പനികള്‍ അവസരം കാക്കുന്നുണ്ട്. ഇല്‍മനൈറ്റ് ആണ് കെഎംഎംഎല്ലിന്റെ അസംസ്കൃത വസ്തു. ടണ്ണിന് 7950 രൂപയാണ് വില. കരിമണലില്‍നിന്ന് ലഭിക്കുന്ന റൂട്ടൈലിന് ഒരുലക്ഷം രൂപയും സിര്‍ക്കോണിന് 1,10,000 രൂപയും വിലയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ തീവിലയുള്ള സില്ലിമിനൈറ്റും ലൂക്കോസ്കിനും മോണസൈറ്റും കരിമണലില്‍നിന്ന് വേര്‍തിരിച്ചെടുക്കാം. ഈ ധാതുക്കള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് പല സ്വകാര്യ കമ്പനികളും പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പൊതുമേഖലയില്‍ മാത്രം അനുവദിച്ചിട്ടുള്ള കരിമണല്‍ ഖനന പാട്ടം ലഭിച്ചാല്‍ സ്വകാര്യകമ്പനികള്‍ക്ക് കോടികളുടെ ലാഭംകൊയ്യാം. ഇതിനു വേണ്ടി അവര്‍ ചെലുത്തുന്ന സ്വാധീനമാണ് കരിമണല്‍ സ്വകാര്യവല്‍ക്കരണത്തിനു പിന്നില്‍ .
(ആര്‍ സാംബന്‍)

deshabhimani 300711

1 comment:

  1. ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന് (കെഎംഎംഎല്‍) ഖനനപാട്ടം ലഭിച്ച സ്ഥലത്തുനിന്ന് കരിമണല്‍ വാരാന്‍ സ്വകാര്യമേഖലയ്ക്കു അനുമതി നല്‍കിയത് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ. ജൂലൈ 11ന് നിയമസഭയില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കരിമണല്‍ ഖനനത്തിന് സ്വകാര്യവൃക്തികള്‍ക്കും അനുമതി നല്‍കാന്‍ തീരുമാനിച്ചത്.

    ReplyDelete