Sunday, July 31, 2011

റബ്ബര്‍ ഇറക്കുമതി ടയര്‍ ലോബിക്കുവേണ്ടി

കുത്തക ടയര്‍ കമ്പനികളോടുള്ള കൂറ് അരക്കിട്ടുറപ്പിച്ചുകൊണ്ട് 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇറക്കുമതി തീരുവ 20 ശതമാനത്തില്‍നിന്ന് 7 ശതമാനമാക്കി കറച്ചുകൊടുത്തുകൊണ്ടാണ് ഈ കൊടിയ കര്‍ഷക വഞ്ചന കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ഇറക്കുമതി ചെയ്യുമെന്ന വാര്‍ത്ത പരന്നതോടുകൂടിത്തന്നെ ആഭ്യന്തര വിപണിയില്‍ റബ്ബറിന്റെ വില ഇടിഞ്ഞുതുടങ്ങി. തുടര്‍ന്നും വില ഇടിക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ ഇറക്കുമതി എന്ന് വെളിവായിരിക്കുന്നു.

റബ്ബര്‍ ഇറക്കുമതിക്കായി ടയര്‍ കമ്പനികളും കേന്ദ്രസര്‍ക്കാരും പറയുന്ന ന്യായങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റബ്ബറിന്റെ ഉല്‍പാദനം കുറവാണ്. ഉപഭോഗം അതില്‍ കൂടുതലാണ്. സ്റ്റോക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവാണ് എന്നൊക്കെയാണ് ഇരുകൂട്ടരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ റബ്ബര്‍ബോര്‍ഡിന്റെതന്നെ കണക്കുകള്‍ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ്. ഈ സാമ്പത്തികവര്‍ഷത്തിലെ ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ തന്നെ റബ്ബറിന്റെ ഉല്‍പാദനം 1.75 ലക്ഷം ടണ്‍ ആണ്. പോയ വര്‍ഷം ഈ കാലയളവില്‍ ഇത് 1.66 ലക്ഷം ടണ്‍ ആയിരുന്നു. 9,000 ടണ്ണിന്റെ ഉല്‍പാദന വര്‍ദ്ധനവ്. ഇത് റബ്ബര്‍ബോര്‍ഡിന്റെ കണക്കാണ്. റബ്ബര്‍സ്റ്റോക്കിന്റെ കാര്യത്തിലും മുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ദ്ധനവ് ഈ വര്‍ഷമുള്ളതായി റബ്ബര്‍ബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞവര്‍ഷം ജൂണിലെ സ്റ്റോക്ക് 1,80,697 ടണ്‍ ആയിരുന്നു. ഈ വര്‍ഷമാകട്ടെ 2,47,442 ടണ്‍ ആണ്. അതായത് 66,745 ടണ്‍ റബ്ബര്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ അധികം സ്റ്റോക്കുണ്ട്.

റബ്ബറിന്റെ ഇറക്കുമതി തീരുവ 20 ശതമാനം എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടക്കാലത്ത് ആ തീരുമാനത്തില്‍ വെള്ളംചേര്‍ത്തു. ഇറക്കുമതി ചെയ്യുന്ന റബറിന് കിലോഗ്രാമിന് 20 ശതമാനം അല്ലെങ്കില്‍ 20 രൂപ ഇതില്‍ ഏതാണോ കുറവ് ആ പണം തീരുവയായി അടച്ചാല്‍ മതി എന്നായിരുന്നു സര്‍ക്കാര്‍ വരുത്തിയ ഭേദഗതി. റബ്ബറിന് അന്താരാഷ്ട്ര വിപണിയില്‍ 212 രൂപ ഈ കുറിപ്പ് എഴുതുന്ന സമയത്ത് വിലയുണ്ട്. അതിന്റെ 20 ശതമാനം കണക്കാക്കിയാല്‍ 42 രൂപ 40 പൈസ ചുങ്കം നല്‍കണം. അതുകൂടി ചേര്‍ത്ത് 254 രൂപ 40 പൈസ ആകും യഥാര്‍ത്ഥ വില. 20 രൂപ എന്നു നിശ്ചയിക്കപ്പെട്ടതോടെ 232 രൂപയ്ക്ക് ഇറക്കുമതി ചെയ്യാം. ആ തീരുവയാണ് ഇപ്പോള്‍ ഏഴുശതമാനമാക്കി കുറച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്. നമ്മുടെ രാഷ്ട്രത്തിനാവശ്യമായ റബ്ബറിന്റെ 90 ശതമാനത്തിലേറെയും ഉല്‍പാദിപ്പിക്കുന്നത് ഇവിടെയാണ്. കാര്‍ഷികവിളകളില്‍ പലതിനും ഉല്‍പാദനച്ചെലവുപോലും ലഭിക്കാതെ കര്‍ഷകര്‍ തീരാദുരിതത്തിലാണ്. റബ്ബറിന് ഭേദപ്പെട്ട വില ലഭിക്കുന്നതാണ് ഏക ആശ്വാസം. അതുകൊണ്ടുതന്നെ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും റബ്ബര്‍ കൃഷി വ്യാപിച്ചുകഴിഞ്ഞു.

റബറിന് ലഭിക്കുന്ന മെച്ചപ്പെട്ട വില കര്‍ഷകന്റെ മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ തന്നെ വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. റബ്ബര്‍ വില കുറയ്ക്കാന്‍ ടയര്‍ കുത്തകകളും കേന്ദ്രസര്‍ക്കാരും പഠിച്ചപണി പതിനെട്ടും പയറ്റുന്നുണ്ട്. എങ്കിലും ഇപ്പോള്‍ ഭേദപ്പെട്ട വില കിട്ടാന്‍ പല കാരണങ്ങളുണ്ട്. ഒന്ന് അന്താരാഷ്ട്ര വിപണിയില്‍ റബറിന് നല്ല വിലയുണ്ട്. രണ്ട് പെട്രോളിയം ഉല്‍പന്നങ്ങളാണ് കൃത്രിമ റബ്ബര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കളില്‍ ഒന്ന്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവ് കൃത്രിമ റബ്ബര്‍ ഉല്‍പാദനം ലാഭകരമല്ലാതാക്കി. രണ്ടുലക്ഷം ടണ്‍ റബ്ബര്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യണമെന്നായിരുന്നത്രേ ടയര്‍ കമ്പനികള്‍ ആവശ്യപ്പെട്ടത്. ഒരുലക്ഷം ടണ്‍ എന്ന് വാണിജ്യമന്ത്രാലയം ശുപാര്‍ശചെയ്തു. ധനകാര്യ മന്ത്രാലയമാണത്രേ അത് 40,000 ടണ്‍ മതിയെന്ന് തീരുമാനിച്ചത്! എന്തൊരു മഹാമനസ്കത! ഇപ്പോഴത്തെ ഇറക്കുമതി ഒരു ടെസ്റ്റ് ഡോസാണ്. താമസിയാതെ കൂടുതല്‍ ഇറക്കുമതി ഉണ്ടാകുമെന്നാണ് ഇതിനര്‍ത്ഥം. ടയര്‍ കമ്പനികളും സര്‍ക്കാരും നഷ്ടം സഹിച്ചാണ് ഇപ്പോള്‍ റബ്ബര്‍ ഇറക്കുമതിചെയ്യുന്നത്.

ഭാവിയില്‍ വില വന്‍തോതില്‍ ഇടിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ നീചമായ കളികളിക്കുന്നത് എന്ന് വ്യക്തം. സെപ്റ്റംബര്‍ മുതലുള്ള മാസങ്ങളിലാണ് റബ്ബര്‍ ഉല്‍പാദനം വര്‍ദ്ധിക്കുന്നത്. കാലാവസ്ഥ ഉല്‍പാദനത്തിന് അനുകൂലമാകുന്നത് ആ സമയത്താണ്. ഈ വര്‍ഷം 9.02 ലക്ഷം ടണ്‍ റബ്ബര്‍ നമുക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയും എന്നാണ് റബ്ബര്‍ ബോര്‍ഡിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനം 8,61,950 ടണ്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 40,000 ടണ്ണില്‍ കൂടുതല്‍ ഉല്‍പാദനം ഈ വര്‍ഷം ഉണ്ടാകുമെന്ന് സാരം. മാത്രമല്ല 2.50 ലക്ഷം ടണ്‍ റബ്ബര്‍ സ്റ്റോക്ക് ഇപ്പോള്‍തന്നെയുണ്ട്.

കര്‍ഷകരുടെ കയ്യിലുള്ള സ്റ്റോക്കുകൂടി പരിഗണിച്ചാല്‍ ഇതിലും കൂടും. ഉല്‍പാദനത്തിലും ഉപഭോഗത്തിലും വിടവുണ്ടെന്നുള്ളത് ടയര്‍ കമ്പനികളുടെയും സര്‍ക്കാരിന്റെയും പ്രചരണം മാത്രമാണ്. സീസണ്‍ ആകുമ്പോഴേക്ക് റബ്ബര്‍ വില വന്‍തോതില്‍ ഇടിക്കാനുള്ള തന്ത്രം മാത്രം. ഇറക്കുമതി ചെയ്യുന്നു എന്നു കേട്ടപ്പോള്‍തന്നെ വില കുറഞ്ഞുതുടങ്ങി. അപ്പോള്‍ പിന്നെയുള്ള പൂരം പറയേണ്ടല്ലോ? റബ്ബറിന്റെ വിലയിടിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ചെറുവിരല്‍പോലും അനക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറല്ല. മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെയും ടയര്‍ കമ്പനിക്കാരുടെയും വാദത്തെ ഏറ്റുപാടാനാണ് ഉമ്മന്‍ചാണ്ടി തയ്യാറായത്. കര്‍ഷകന്റെ കീശയെ മാത്രമല്ല സംസ്ഥാനത്തിന്റെ വരുമാനത്തെയും സാരമായി ബാധിക്കുന്നതാണ് ഇറക്കുമതി തീരുമാനം. എത്രകോടി രൂപയാണ് സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടമാകുന്നത്! എന്നിട്ടുപോലും മുഖ്യമന്ത്രിയോ ധനമന്ത്രിയോ പ്രശ്നത്തിലിടപെടുന്നില്ല. മാത്രമല്ല പ്രതിഷേധിച്ചുകൊണ്ട് നിയമസഭയില്‍ പ്രമേയം പാസാക്കാം എന്ന പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളുകയായിരുന്നു. ധനകാര്യ സ്ഥിതിയെയെക്കുറിച്ച് വ്യാജ ധവളപത്രം ഇറക്കാന്‍ ചെലവഴിച്ച സമയം ഇത്തരം കര്യങ്ങള്‍ക്ക് വിനിയോഗിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന് പ്രയോജനം ഉണ്ടാകുമായിരുന്നു. യുഡിഎഫ് ഭരണാധികാഛികളില്‍നിന്ന് അങ്ങനെയൊക്കെ പ്രതീക്ഷിക്കുന്നതുതന്നെ അര്‍ത്ഥശൂന്യമാണ്.

ഗിരീഷ് ചേനപ്പാടി chintha 290711

1 comment:

  1. കുത്തക ടയര്‍ കമ്പനികളോടുള്ള കൂറ് അരക്കിട്ടുറപ്പിച്ചുകൊണ്ട് 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇറക്കുമതി തീരുവ 20 ശതമാനത്തില്‍നിന്ന് 7 ശതമാനമാക്കി കറച്ചുകൊടുത്തുകൊണ്ടാണ് ഈ കൊടിയ കര്‍ഷക വഞ്ചന കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ഇറക്കുമതി ചെയ്യുമെന്ന വാര്‍ത്ത പരന്നതോടുകൂടിത്തന്നെ ആഭ്യന്തര വിപണിയില്‍ റബ്ബറിന്റെ വില ഇടിഞ്ഞുതുടങ്ങി. തുടര്‍ന്നും വില ഇടിക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ ഇറക്കുമതി എന്ന് വെളിവായിരിക്കുന്നു.

    ReplyDelete