Sunday, July 10, 2011

ചരിത്രം ഇരമ്പുന്നു ഈ സമരക്കുന്നില്‍

ശ്രീകണ്ഠപുരം: ഇത് സമരക്കുന്ന്. ചോരയും കണ്ണീരുമായി ചരിത്രം ചാലിട്ടൊഴുകിയ സമരഭൂമി. ദുരിതക്കയത്തില്‍നിന്ന് നാടിനെ കരകയറ്റാന്‍ ആറരപതിറ്റാണ്ടിനപ്പുറം കര്‍ഷക വളണ്ടിയര്‍മാര്‍ പൊരുതിനിന്ന പടനിലം. എംഎസ്പിക്കാരും ജന്മിഗുണ്ടകളുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ അഞ്ചുപേര്‍ രക്തസാക്ഷികളായ മണ്ണ്- കാവുമ്പായി. കാലത്തിന്റെ ഉത്തരവാദിത്തമേറ്റുവാങ്ങാന്‍ ഇന്നും പുതുതലമുറ സമരക്കുന്നിലെത്തുന്നു. ചരിത്രം ചുവപ്പിച്ച സമരനാളുകളെക്കുറിച്ച് അന്വേഷിച്ചറിയുന്ന കുരുന്നുകള്‍ക്ക് അത് പാഠപുസ്തകമാണ്.
മൂന്നുഭാഗവും വയലുകളാല്‍ ചുറ്റപ്പെട്ട സമരക്കുന്ന് നല്ലൊരു ഒളിത്താവളംകൂടിയായിരുന്നു. കുന്നിലേക്ക് കയറിവരാന്‍ ഒരു കവാടം മാത്രം. പൊലീസിനും ഗുണ്ടാപടയ്ക്കും എളുപ്പത്തില്‍ എത്തിച്ചേരാനാകില്ല. അതുകൊണ്ടാണ് കരക്കാട്ടിടം ജന്മിയുടെ അധികാരമുഷ്കിനെതിരെ സംഘടിച്ച കര്‍ഷകസംഘം വളണ്ടിയര്‍മാര്‍ സമരക്കുന്നിനെ ഷെല്‍ട്ടറായി തെരഞ്ഞെടുത്തത്. കാവുമ്പായിയിലെയും പരിസരങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകസംഘം വളണ്ടിയര്‍മാരാണ് 1946 ഡിസംബര്‍ 29ന് രാത്രി ഒത്തുചേര്‍ന്നത്. പിറ്റേന്ന്, വിലക്കുലംഘിച്ച് പുനം കൈയേറി കൃഷി ചെയ്യായിരുന്നു തീരുമാനം. ബ്ലാത്തൂര്‍ , ഊരത്തൂര്‍ , കല്യാട്, കുയിലൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ പി കുമാരന്‍ , കോയാടന്‍ നാരായണന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലും പയ്യാവൂരില്‍നിന്നുള്ളവര്‍ കൊട്ടയാടന്‍ രാഘവന്‍ മാസ്റ്ററുടെ നേതൃത്വത്തിലും ഏരുവേശിക്കാര്‍ എം സി ആറിന്റെ നേതൃത്വത്തിലും കാവുമ്പായിയിലെത്തി. കാഞ്ഞിലേരി, നെടുങ്ങോം, എള്ളരിഞ്ഞി, കൈതപ്രം, കാവുമ്പായി എന്നിവിടങ്ങളിലെ വളണ്ടിയര്‍മാരും കേന്ദ്രീകരിച്ചു. നായനാരുടെ കാര്യസ്ഥനില്‍നിന്ന് പിടിച്ചെടുത്തതുള്‍പ്പടെ അമ്പതോളം നാടന്‍ തോക്കുകളും ആശാരി കുഞ്ഞമ്പു ചെത്തിയുണ്ടാക്കിയ വാരിക്കുന്തങ്ങളും കവണയും കല്ലും കോട്ടങ്ങളിലുംനിന്നും മറ്റും ശേഖരിച്ച വാളുകളും മഴു, കത്തി തുടങ്ങിയവയുമായിരുന്നു ആയുധങ്ങള്‍ .
കര്‍ഷകരെ തെരഞ്ഞ് വീടുകള്‍ ആക്രമിക്കാന്‍ വരുന്ന എംഎസ്പി സംഘത്തെ വഴിക്കുവച്ച് ആക്രമിക്കണം. സൗകര്യമായ ഒളിവുസങ്കേതം എന്ന നിലയ്ക്കാണ് മൂന്നുഭാഗവും വയലുകളാല്‍ ചുറ്റപ്പെട്ട കാവുമ്പായി കുന്ന് (ഇപ്പോള്‍ സമരക്കുന്ന്) തെരഞ്ഞെടുത്തത്. കവാടങ്ങളില്‍ വളണ്ടിയര്‍മാര്‍ കാവല്‍ നിന്നു. തളിയന്‍ രാമന്‍ നമ്പ്യാര്‍ , ഒ പി അനന്തന്‍ മാസ്റ്റര്‍ എന്നിവര്‍ വളണ്ടിയര്‍മാര്‍ക്ക് ദിശാബോധം നല്‍കി. സംഭവം മണത്തറിഞ്ഞ പൊലീസ് പുലര്‍കാലേ കുന്നിന്‍ താഴ്വാരത്തെത്തി. ഡിസംബറിന്റെ കോടമഞ്ഞുറയുന്ന തണുത്ത ആ രാത്രിയുടെ അറുതിയില്‍ സഖാക്കള്‍ വിശ്രമത്തിലേക്ക് വഴുതിയപ്പോള്‍ പൊലീസ് കുന്നുവളഞ്ഞു. താമസിച്ചില്ല, മെഷീന്‍ഗണ്ണുകള്‍ ശബ്ദിച്ചുതുടങ്ങി. ഏറ്റുമുട്ടലില്‍ തെങ്ങില്‍ അപ്പ നമ്പ്യാര്‍ , പി കുമാരന്‍ , ആലോറമ്പന്‍കണ്ടി കൃഷ്ണന്‍ , പുളുക്കൂല്‍ കുഞ്ഞിരാമന്‍ , മഞ്ഞേരി ഗോവിന്ദന്‍ എന്നിവര്‍ മരിച്ചു വീണു. വെടിയേറ്റ കോയാടന്‍ കുഞ്ഞമ്പു പിടിക്കപ്പെട്ടു. യുദ്ധരംഗത്തെ അനുസ്മരിപ്പിക്കുന്ന പോരാട്ടവും ചെറുത്തുനില്‍പ്പും തുടര്‍ന്നു. പടിഞ്ഞാറേ ചെരുവില്‍നിന്ന് എട്ടുസഖാക്കളും പിടിക്കപ്പെട്ടു. യന്ത്രത്തോക്കുകള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സഖാക്കള്‍ നാലുപാടുമായി. രക്തസാക്ഷികളുടെ മൃതദേഹവും പിടിക്കപ്പെട്ടവരുമായി പൊലീസ് എള്ളരിഞ്ഞി പത്തായപ്പുരയിലെ ക്യാമ്പിലേക്ക്...

കോയാടന്‍ കുഞ്ഞമ്പുവിനെ ഒന്നാം പ്രതിയാക്കി 180 പേര്‍ക്കെതിരെ കേസ്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കാവുമ്പായിയിലും പരിസരങ്ങളിലും പൊലീസ് നരനായാട്ട്... കര്‍ഷകസംഘത്തിന്റെ ചെമ്പതാകയ്ക്കുകീഴില്‍നിന്ന് കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ശക്തിയോടെ വിളിച്ചപ്പോള്‍ അത് ഫ്യൂഡല്‍ ബന്ധങ്ങളെ അറുത്തുമാറ്റാനുള്ള പോരാട്ടമായി. കേരളം അനുഭവിക്കുന്ന ഭൂപരിഷ്കരണത്തിന്റെ ഗുണങ്ങള്‍ ഈ സമരഭൂവിലേതടക്കമുള്ള പോരാളികളുടെ ചോരയുടെ വിലകൂടിയാണ്.
(ജെയിംസ് കളരിക്കല്‍)

deshabhimani 100711

1 comment:

  1. ഇത് സമരക്കുന്ന്. ചോരയും കണ്ണീരുമായി ചരിത്രം ചാലിട്ടൊഴുകിയ സമരഭൂമി. ദുരിതക്കയത്തില്‍നിന്ന് നാടിനെ കരകയറ്റാന്‍ ആറരപതിറ്റാണ്ടിനപ്പുറം കര്‍ഷക വളണ്ടിയര്‍മാര്‍ പൊരുതിനിന്ന പടനിലം. എംഎസ്പിക്കാരും ജന്മിഗുണ്ടകളുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ അഞ്ചുപേര്‍ രക്തസാക്ഷികളായ മണ്ണ്- കാവുമ്പായി. കാലത്തിന്റെ ഉത്തരവാദിത്തമേറ്റുവാങ്ങാന്‍ ഇന്നും പുതുതലമുറ സമരക്കുന്നിലെത്തുന്നു. ചരിത്രം ചുവപ്പിച്ച സമരനാളുകളെക്കുറിച്ച് അന്വേഷിച്ചറിയുന്ന കുരുന്നുകള്‍ക്ക് അത് പാഠപുസ്തകമാണ്.

    ReplyDelete