Saturday, July 30, 2011

കര്‍ണാടകത്തില്‍ യെരവര്‍ക്ക് അടിമവേല

നെല്ല്യാഹുതിക്കേരി(കര്‍ണ്ണാടകം): അധികാരം അഴിമതിക്ക് തീറെഴുതിയ ബിജെപി ഭരണത്തില്‍ കര്‍ണ്ണാടകത്തിലെ കുടകില്‍ ആദിവാസികള്‍ക്ക് അടിമ വേലയും അയിത്തവും. സ്വന്തം മണ്ണില്‍ നിന്ന് ജന്മിമാര്‍ ആട്ടിയോടിച്ച കാടിന്റെ മക്കള്‍ ഇടതുപക്ഷ ചെറുത്ത് നില്‍പ്പിന്റെ തണലില്‍ പ്ലാസ്റ്റിക്ക് കൂരകള്‍ തീര്‍ത്ത് ജീവിതം കരുപ്പിടിപ്പിക്കുന്നു. ഒപ്പം കിടപ്പാടത്തിനായി സന്ധിയില്ലാ സമരവും.

കുടകിലെ നെല്ലിയാഹുതിക്കേരി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വരടി ഗ്രാമത്തിലാണ് ആധുനിക സമൂഹത്തെ ലജ്ജിപ്പിക്കുന്ന അസമത്വത്തിന്റെ യാതനകള്‍ പേറി ആദിവാസികളായ "യെരവ" വിഭാഗത്തിലെ നാല്‍പ്പത് കുടുംബങ്ങള്‍ കഴിയുന്നത്. ജന്മി മൊന്നപ്പയാണ് വരടിയിലെ പരമ്പരാഗത ആദിവാസി ഗോത്ര ജനവിഭാഗം കുടില്‍ കെട്ടി താമസിച്ചിരുന്ന ഭൂമിയില്‍ അവകാശം ഉന്നയിച്ച് 10 കുടിലുകള്‍ തകര്‍ത്ത് തീയിട്ട് ആദിവാസികളെ കുടിയൊഴിപ്പിച്ചത്. അരനൂറ്റാണ്ടിന് മുമ്പ് നടന്ന ഈ പാതകത്തെ തുടര്‍ന്ന് പലായനം ചെയ്ത ആദിവാസികള്‍ കടത്തിണ്ണകളിലും ഇതര വന പാര്‍ശ്വങ്ങളിലും കഴിയുകയായിരുന്നു. വീടും സ്വന്തം ഭൂമിയുമില്ലാത്ത ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് കുടക് ജില്ലാ ഡിവൈഎഫ്ഐ പ്രസിഡന്റ് ടി ആര്‍ ഭരതിന്റെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ മുമ്പാകെ പല വട്ടം ആവശ്യപ്പെട്ടു. ജന്മിമാര്‍ക്കൊപ്പം നിന്ന സംസ്ഥാന ഭരണം ആദിവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല.

ഇതിനിടയില്‍ വന്‍കിട തോട്ടമുടമകളുടെ എസ്റ്റേറ്റുകളില്‍ ദിവസക്കൂലിക്ക് ജോലിക്ക് ചേര്‍ന്ന യെരവര്‍ക്ക് അഞ്ഞൂറുംആയിരവും രൂപ കടം നല്‍കിയ എസ്റ്റേറ്റുടമകള്‍ അഭയമില്ലാത്ത ഈ ആദിവാസികളുടെ പേരില്‍ വന്‍തുകകകള്‍ കണക്കില്‍ പറ്റെഴുതി. കടക്കെണിയിലായ യെരവരെ മറ്റിടങ്ങളില്‍ പണിക്ക് പോകാന്‍ മുതലാളിമാര്‍ സമ്മതിച്ചില്ല. കടകളില്‍ പോകാനോ സാധനങ്ങള്‍ വാങ്ങാനോ മിടമുറിക്കല്‍ പോലെ സ്വകാര്യാവശ്യങ്ങള്‍ നിറവേറ്റാനോ എസ്റ്റേറ്റികള്‍ വിട്ട് പുറത്ത് പോകാന്‍ സ്വാതന്ത്ര്യം നല്‍കാത്ത തരത്തിലാണ് യെരവരെ മുതലാളിമാര്‍ ചൂഷണം ചെയ്തത്. സ്ത്രീകള്‍ക്കെതിരെയും ഇതേനിലക്കുള്ള അടിമ നിയമങ്ങള്‍ പ്രയോഗിച്ചു. പല എസ്റ്റേറ്റുകളിലും ആദിവാസി സ്ത്രീകളെ~ലൈംഗിക ചൂഷണത്തിനും ഇരകളാക്കി.~ കൊടിയ ചൂഷണവും അടിമത്തവും പുറം ലോകമറിഞ്ഞതോടെ ഡിവൈഎഫ്ഐ വരടിയില്‍ നിന്ന് പലായനം ചെയ്ത യെരവരെ മുഴുവന്‍ എസ്റ്റേറ്റുകളില്‍ നിന്ന് തെരഞ്ഞ് പിടിച്ച് മോചിപ്പിച്ചു. കൂരകള്‍ കത്തിച്ച് ചാമ്പലാക്കിയ അതേ സ്ഥലത്ത് പ്ലാസ്റ്റിക്ക് കൂരകള്‍ പണിത് മോചിപ്പിക്കപ്പെട്ട മുഴുവന്‍ ആദിവാസികളെയും പുനരധിവസിപ്പിച്ച് കുടകിലെ വരടി ഗ്രാമം അടിമപ്പണിക്കെതിരെ കനത്ത താക്കീതാണ് ജന്മിമാര്‍ക്ക് നല്‍കിയത്. ആട്ടിയിറക്കപ്പെട്ട ഭൂമി മുഴുവന്‍ തങ്ങള്‍ക്ക് പതിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് പിറന്ന മണ്ണില്‍ പുതിയ ജീവിതത്തിന്റെ തുടക്കം കുറിച്ച ഈ കോളനിക്കാര്‍ ഇതിനകം നടത്തിയ എണ്ണമറ്റ സമരങ്ങള്‍ക്ക് നാടിന്റെ വലിയ പിന്തുണ നേടാനായി.
(മനോഹരന്‍ കൈതപ്രം)

മര്‍ദിച്ചും വീടാക്രമിച്ചും ആദിവാസികളെ കര്‍ണാടക സര്‍ക്കാര്‍ ഒഴിപ്പിക്കുന്നു

പെരിങ്ങോം: കേരള കര്‍ണാടക അതിര്‍ത്തിയായ ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനിയില്‍നിന്ന് കര്‍ണാടക സര്‍ക്കാര്‍ ആദിവാസികളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് കോളനിയിലെ വീടുകളില്‍ വ്യാപകമായി അക്രമം നടത്തി. ആദിവാസി യുവാക്കളെ മര്‍ദിക്കുകയും ചെയ്തു. പയ്യന്‍വീട്ടില്‍ രാജന്‍ , ഇളയിടത്ത് ബാലകൃഷ്ണന്‍ , പുതിയവീട്ടില്‍ സുഭാഷ് എന്നിവരുടെ വീട്ടില്‍ കയറി ഭക്ഷണപദാര്‍ഥങ്ങള്‍ നശിപ്പിക്കുകയും പാത്രങ്ങള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. നിരവധി വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിക്കുന്നത് തടയാനെത്തിയ പുതിയവീട്ടില്‍ ഷൈജു, കാണിക്കാരന്‍ സനീഷ് എന്നിവര്‍ക്കും മര്‍ദനമേറ്റു.

ആറാട്ടുകടവ് പുഴ കടക്കാന്‍ കോളനി നിവാസികള്‍ ഉപയോഗിക്കുന്ന പാണ്ടി ഒരാഴ്ച മുമ്പ് കര്‍ണാടക വനം വകുപ്പ് ജീവനക്കാര്‍ തകര്‍ത്തിരുന്നു. സംഭവത്തെക്കുറിച്ച് പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിയ വൈരാഗ്യത്താല്‍ യുവാവിനെ മര്‍ദിക്കുകയും ചെയ്തു. പുളിങ്ങോം വില്ലേജിലെ ആറാട്ടുകടവ് കോളനിയെ ചൊല്ലി കേരള- കര്‍ണാടക സര്‍ക്കാരുകള്‍ തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്. കേരളത്തിന്റെ ഭാഗമായുള്ള 65 ഏക്കറോളം റബര്‍തോട്ടം കര്‍ണാടകം കൈവശപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലം കൈയേറ്റം വ്യാപകമാണ്. ആറാട്ടുകടവ് കോളനിയിലെ കൈയേറ്റം തടയണമെന്നും ആദിവാസി കുടുംബങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി പി കെ സുരേഷ്ബാബു, പ്രസിഡന്റ് കെ ചെമ്മരന്‍ എന്നിവര്‍ അറിയിച്ചു.

deshabhimani 300711

1 comment:

  1. അധികാരം അഴിമതിക്ക് തീറെഴുതിയ ബിജെപി ഭരണത്തില്‍ കര്‍ണ്ണാടകത്തിലെ കുടകില്‍ ആദിവാസികള്‍ക്ക് അടിമ വേലയും അയിത്തവും. സ്വന്തം മണ്ണില്‍ നിന്ന് ജന്മിമാര്‍ ആട്ടിയോടിച്ച കാടിന്റെ മക്കള്‍ ഇടതുപക്ഷ ചെറുത്ത് നില്‍പ്പിന്റെ തണലില്‍ പ്ലാസ്റ്റിക്ക് കൂരകള്‍ തീര്‍ത്ത് ജീവിതം കരുപ്പിടിപ്പിക്കുന്നു. ഒപ്പം കിടപ്പാടത്തിനായി സന്ധിയില്ലാ സമരവും.

    ReplyDelete