Saturday, July 30, 2011

സി എച്ച് ജന്മശതാബ്ദി ആഘോഷത്തിന് പ്രൗഢോജ്വല തുടക്കം

തലശേരി: പാവങ്ങളുടെ മോചനത്തിനു പട നയിച്ച അതുല്യ കമ്യൂണിസ്റ്റ് വിപ്ലവകാരി സഖാവ് സി എച്ച് കണാരന്‍ ജന്മശതാബ്ദി ആഘോഷത്തിന് ജന്മനാട്ടില്‍ പ്രൗഢഗംഭീര തുടക്കം. ഒരു വര്‍ഷം നീളുന്ന ആഘോഷം തലശ്ശേരിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പോരാട്ടവീഥികളില്‍ പ്രകാശഗോപുരമായി ജ്വലിച്ച കേരളത്തിന്റെ വീരപുത്രന്റെ ഓര്‍മകള്‍ നെഞ്ചേറ്റിയ ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തിയാണ് ജന്മശതാബ്ദിക്കു ചെമ്പതാക ഉയര്‍ന്നത്. തലശേരി ടൗണ്‍ഹാളില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി.

സി എച്ചിന്റെ ജീവിതത്തെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍നിന്നോ ജീവിച്ച കാലഘട്ടത്തില്‍നിന്നോ അടര്‍ത്തിമാറ്റാനാവില്ലെന്ന് കാരാട്ട് പറഞ്ഞു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്നേറ്റത്തില്‍ സി എച്ചിന് നിര്‍ണായക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ സംസാരിച്ചു. കമ്യൂണിസ്റ്റ്പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകരും രക്തസാക്ഷികുടുംബങ്ങളും സി എച്ചിന്റെ മക്കളും ബന്ധുക്കളും ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രിയനേതാവിന്റെ ഓര്‍മയില്‍ സംഗമിച്ചത്.

എരഞ്ഞോളി മൂസയും വി ടി മുരളിയും നയിച്ച തലശേരി യൂത്ത്ക്വയറിന്റെ സ്വാഗതഗാനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ബാലസംഘം പ്രവര്‍ത്തകര്‍ സി എച്ചിന്റെ സ്മരണയുണര്‍ത്തുന്ന ഉപഹാരം സമര്‍പ്പിച്ച് വിശിഷ്ടാതിഥികളെ വരവേറ്റു. കാരായി രാജന്‍ സ്വാഗതം പറഞ്ഞു. "സി എച്ചിന്റെ കാലം" സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ അധ്യക്ഷനായി. "സി എച്ചും കര്‍ഷകപ്രസ്ഥാനവും" എന്ന വിഷയം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും "യുക്തിവാദത്തില്‍നിന്ന് കമ്യൂണിസത്തിലേക്ക്" എന്ന വിഷയം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദനും അവതരിപ്പിച്ചു. സമാപനസമ്മേളനം പുതിയ ബസ്സ്റ്റാന്‍ഡില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പുഞ്ചയില്‍നാണു അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി സംസാരിച്ചു.

പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ അംഗീകരിക്കില്ല: കാരാട്ട്

തലശേരി: പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ ബില്‍ അംഗീകരിക്കില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ ഇടതുപക്ഷം ശക്തമായി എതിര്‍ക്കും. കരടു ബില്‍ ഉന്നതങ്ങളിലെ അഴിമതി തടയാന്‍ പര്യാപ്തമല്ല. ഫലപ്രദമായ ലോക്പാല്‍ നിയമത്തിനായുള്ള പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും തുടരുമെന്നും കാരാട്ട് പറഞ്ഞു. സി എച്ച് കണാരന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത കാലത്ത് രാജ്യത്ത് നടന്ന എല്ലാ വന്‍ അഴിമതികള്‍ക്കു പിന്നിലും കോര്‍പറേറ്റുകളാണ്. ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് തുടങ്ങി ഖനി അഴിമതിയില്‍വരെ കോര്‍പറേറ്റുകളുടെ സാന്നിധ്യമുണ്ട്. ഈ അഴിമതികളിലെല്ലാം ഇവരാണ് നേട്ടമുണ്ടാക്കിയത്. കോര്‍പറേറ്റുകളുടെ ലാഭക്കൊതിക്കായി സര്‍ക്കാര്‍നയം വരെ മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയത്രാജ്യത്തോടുള്ള ചതിയാണ്. അഴിമതി തടയുകയും അവസാനിപ്പിക്കുകയുമാണാവശ്യം. ലോക്പാല്‍ ഫലപ്രദവും ലക്ഷ്യം സാധ്യമാക്കുന്നതുമാവണം. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയാല്‍ ഭരണം അസ്ഥിരപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസിന്റെ ഈ നയം ദുരൂഹമാണ്. നിലവിലുള്ള നിയമമനുസരിച്ചു പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാമെന്നിരിക്കെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത് കടുത്ത വഞ്ചനയാണ്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ പൊതുസ്വത്താണെന്നുംഎതിര്‍പ്പ് ഉയര്‍ത്തുന്നത് പാര്‍ലമെന്റിനോടുള്ള എതിര്‍പ്പാണെന്നുമുള്ള കോണ്‍ഗ്രസ്വാദം ബാലിശമാണ്. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളരെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതു വരെ ബില്‍ അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ ബില്ലിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനാലാണ് ജനവിരുദ്ധനീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിഞ്ഞത്. 1989 മുതല്‍ നാലു തവണ ലോക്പാല്‍ ബില്ലിന്റെ കരട് ചര്‍ച്ചചെയ്തപ്പോഴും പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ സ്വന്തം ഭരണത്തില്‍ പ്രധാനമന്ത്രിയെ ഒഴിവാക്കുന്നു. പ്രധാനമന്ത്രിയായിരിക്കെ അഴിമതി കാണിച്ചാല്‍ വിചാരണചെയ്യാന്‍ നിയമമില്ലെന്നത് പാപ്പരത്തമാണ്. സ്ഥാനം ഒഴിഞ്ഞാലേ അഴിമതിക്ക് വിചാരണ ചെയ്യാവൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. മരണശേഷമേ കേസെടുക്കാവൂ എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടാത്തതില്‍ അവരോടു നന്ദി പറയണം.

ജുഡീഷ്യറിയും അഴിമതിക്ക് വശംവദമാവുകയാണ്. ഇതു തടയാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. തെരഞ്ഞെടുപ്പില്‍ പണം ഒഴുകുന്നത് തടയാന്‍ നിയമനിര്‍മാണം വേണം. രാജ്യത്തെ കള്ളപ്പണം വിദേശബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപിക്കപ്പെടുന്നു. ഇതു പിടിച്ചെടുക്കണം. നീണ്ട പോരാട്ടത്തിലൂടെ ജനങ്ങള്‍ നേടിയെടുത്ത അവകാശങ്ങളെല്ലാം ഉദാരവല്‍ക്കരണം കവരുകയാണ്. സ്വാതന്ത്ര്യമെന്ന മുദ്രാവാക്യത്തിനപ്പുറം കര്‍ഷക, തൊഴിലാളി, യുവജന, വിദ്യാര്‍ഥി, വനിതാ വിഭാഗങ്ങളുടെ പ്രശ്നങ്ങളുയര്‍ത്തിയാണ് സി എച്ചിന്റെ കാലഘട്ടത്തില്‍ പോരാട്ടം സംഘടിപ്പിച്ചത്. അതുവഴി നേടിയെടുത്ത സാമൂഹ്യമാറ്റങ്ങള്‍ തകിടംമറിക്കുന്ന നയസമീപനങ്ങള്‍ക്കെതിരെ കൂടുതല്‍ കരുത്തോടെ പോരാടാന്‍ സി എച്ച് സ്മരണ കരുത്തേകുമെന്ന് കാരാട്ട് പറഞ്ഞു.

ലോക്പാലില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുംവരെ പ്രക്ഷോഭം: വിഎസ്

കണ്ണൂര്‍ : ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ജഡ്ജിമാരെയും ഉള്‍പ്പെടുത്തുന്നതുവരെ പാര്‍ലമെന്റിനകത്തും പുറത്തും സമരം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്പെക്ട്രം ഇടപാടിലെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്കും അനത്തെ ധന മന്ത്രിയായിരുന്ന ചിദംബരത്തിനും അറിവുണ്ടായിരുന്നുവെന്ന് ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി രാജ വ്യക്തമാക്കിയ സാഹചര്യത്തില്‍ ബില്ലിന്റെ പരിധിയില്‍ ഇവരെയും ഉള്‍പ്പെടുത്തണം. 2ുജി സ്പെക്ട്രം ഇടപാടില്‍ അഴിമതിയുണ്ടെന്ന് മന്ത്രിസഭയിലെ എല്ലാവര്‍ക്കുമറിയാം. സ്പെക്ട്രം, കോമണ്‍വെല്‍ത്ത് അഴിമതികളില്‍ ചെറുവിരല്‍ പോലുമനക്കാത്തയാളാണ് പ്രധാനമന്ത്രി. രാജക്കും കനിമൊഴിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണല്ലോ ഇരുവരെയും ജയിലിട്ടത്. പ്രധാനമന്ത്രിയും ധനമന്ത്രിയും അറിഞ്ഞാണ് എല്ലാകാര്യങ്ങളും ചെയ്തിട്ടുള്ളതെന്ന് രാജതന്നെ വ്യക്തമാക്കിയതോടെ കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ലെന്നു വിഎസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി സര്‍വ്വീസ് സഹകരണബാങ്ക് ശാഖയും സിആര്‍സി വായനശാലയുടെ കെട്ടിടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രകാശ് കാരാട്ട് പുഷ്പനെ സന്ദര്‍ശിച്ചു

പാനൂര്‍ : കിടയ്ക്കക്കരികില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകന്‍ എത്തിയപ്പോള്‍ പുഷ്പന്റെ കണ്ണുകളില്‍ നിഴലിട്ടത് ആവേശവും ആദരവും. കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ് 17 വര്‍ഷമായി കിടപ്പിലായ പുതുക്കുടി പുഷ്പനെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വീട്ടിലെത്തിയാണ് കണ്ടത്. അദ്ദേഹം കൈപിടിച്ച് കുശലാന്വേഷണം നടത്തിയപ്പോള്‍ പുഷ്പന് സന്തോഷം. കണ്ടുനിന്നവരിലും വികാരം നിറച്ചു ഈ കൂടിക്കാഴ്ച. വെള്ളിയാഴ്ച പകല്‍ മൂന്നരയോടെയാണ് അദ്ദേഹമെത്തിയത്. ഭക്ഷണക്രമം, വായന, കുടുംബം എല്ലാ കാര്യങ്ങളെക്കുറിച്ചും കാരാട്ട് ചോദിച്ചറിഞ്ഞു. അച്ഛന്‍ , അമ്മ, സഹോദരങ്ങള്‍ , കുടുംബാംഗങ്ങള്‍ എന്നിവരെ പരിചയപ്പെട്ടു. എന്തെങ്കിലും പറയാനുണ്ടോ എന്ന കാരാട്ടിന്റെ ചോദ്യത്തിന് ഒന്നുമില്ലെന്ന് പുഷ്പന്‍ മറുപടി നല്‍കി. എന്താവശ്യമുണ്ടെങ്കിലും അറിയിച്ചാല്‍ മതിയെന്നും പറഞ്ഞ് അരമണിക്കൂര്‍ ചെലവഴിച്ചാണ് കാരാട്ട് യാത്ര ചോദിച്ചത്. പുഷ്പന്‍ പൊരുതുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് കാരാട്ട് പറഞ്ഞു.

deshabhimani 300711

2 comments:

  1. പാവങ്ങളുടെ മോചനത്തിനു പട നയിച്ച അതുല്യ കമ്യൂണിസ്റ്റ് വിപ്ലവകാരി സഖാവ് സി എച്ച് കണാരന്‍ ജന്മശതാബ്ദി ആഘോഷത്തിന് ജന്മനാട്ടില്‍ പ്രൗഢഗംഭീര തുടക്കം. ഒരു വര്‍ഷം നീളുന്ന ആഘോഷം തലശ്ശേരിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പോരാട്ടവീഥികളില്‍ പ്രകാശഗോപുരമായി ജ്വലിച്ച കേരളത്തിന്റെ വീരപുത്രന്റെ ഓര്‍മകള്‍ നെഞ്ചേറ്റിയ ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തിയാണ് ജന്മശതാബ്ദിക്കു ചെമ്പതാക ഉയര്‍ന്നത്. തലശേരി ടൗണ്‍ഹാളില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി.

    ReplyDelete
  2. കുറുക്കുവഴിയിലൂടെ രാഷ്ട്രീയമാറ്റമുണ്ടാക്കി അധികാരത്തില്‍ വരികയെന്നത് സിപിഐ എം നയമല്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി എച്ച് കണാരന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് "സി എച്ചിന്റെ കാലം" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ഭരണമുന്നണിക്ക് ഒരു വോട്ടിന്റെ ഭൂരിപക്ഷമുള്ള രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ . ഈ ദുര്‍ബലഭരണത്തെ എങ്ങനെയെങ്കിലും മറിച്ചിട്ട് അധികാരത്തില്‍ വരാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളേറ്റെടുത്ത് പ്രവര്‍ത്തിച്ച് രാഷ്ട്രീയമാറ്റമുണ്ടാക്കും. കേരളത്തിലെ സാമൂഹ്യമാറ്റങ്ങള്‍ക്കുപിന്നില്‍ സി എച്ചിന്റെ ഇടപെടല്‍ കാണാം. കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ പ്രയോക്താവും സംഘാടകനും സി എച്ചാണ്. എതിരാളികള്‍ക്കിടയിലെ ഭിന്നത വര്‍ഗരാഷ്ട്രീയത്തിന് എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം കാണിച്ചുതന്നു. 1948ല്‍ കമ്യൂണിസ്റ്റ് വേട്ടക്ക് കുറുവടിപ്പടയുമായി ഇറങ്ങിയ കെ കേളപ്പന്‍ കോണ്‍ഗ്രസ് വിട്ട് പ്രജാപാര്‍ടി രൂപീകരിച്ച സന്ദര്‍ഭത്തെ സി എച്ച് ഫലപ്രദമായി വിനിയോഗിച്ചു. "52 ലെ തെരഞ്ഞെടുപ്പില്‍ പ്രജാ പാര്‍ടിയുമായി ധാരണയുണ്ടാക്കുകവഴി മദിരാശി നിയമസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ടി ശ്രദ്ധേയ സാന്നിധ്യമായി. "57- ല്‍ സ്വതന്ത്രരെ മത്സരിപ്പിച്ചും "65-ല്‍ ചില മണ്ഡലങ്ങളില്‍ മുസ്ലിംലീഗുമായി ധാരണയുണ്ടാക്കിയും കമ്യൂണിസ്റ്റ് പാര്‍ടിയെ വിജയിപ്പിക്കാന്‍ നേതൃപരമായ പങ്കുവഹിച്ചു. വിമോചന സമരത്തോടെ കേരളത്തില്‍ രൂപപ്പെട്ട കമ്യൂണിസ്റ്റ്വിരുദ്ധ മുന്നണി തകര്‍ത്ത് "67ല്‍ കോണ്‍ഗ്രസിനെ ഒമ്പത് സീറ്റിലൊതുക്കി. രാഷ്ട്രീയ വ്യതിയാനങ്ങളോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരുന്ന സി എച്ച് കേഡര്‍മാരെ കണ്ടെത്തി പടയാളികളാക്കി മാറ്റാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൂട്ടായ നേതൃത്വമാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കരുത്തെന്ന് അദ്ദേഹം തെളിയിച്ചു. നിയമനിര്‍മാണത്തിലും ജനകീയ പോരാട്ടത്തിലും മുന്നില്‍നിന്ന സി എച്ച് എന്ന യുഗപുരഷന്റെ ജീവിതം പുതിയ തലമുറ പാഠമാക്കണമെന്ന് കോടിയേരി പറഞ്ഞു.

    ReplyDelete