Friday, July 29, 2011

മുഖ്യമന്ത്രി സത്യം പറയണം: തോമസ് ഐസക്

വാര്‍ഷികപദ്ധതി അനുമതിക്കായി കേന്ദ്ര ആസൂത്രണ കമീഷന് നല്‍കിയ കണക്കാണോ, ധവളപത്രത്തിലും ബജറ്റ് പ്രസംഗത്തിലും പറഞ്ഞതാണോ ശരിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും വ്യക്തമാക്കണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ആസൂത്രണ കമീഷന്‍ അനുമതി നല്‍കിയ 980 കോടി രൂപയുടെ അധിക വാര്‍ഷികപദ്ധതി നടപ്പാക്കാനുള്ള വിഭവം എങ്ങനെ സമാഹരിക്കുമെന്ന് വ്യക്തമാക്കണമെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

2010ല്‍ കേരളത്തിന്റെ ധനകമ്മി 2.91 ശതമാനവും റവന്യൂകമ്മി 1.9 ശതമാനവുമെന്നാണ് സര്‍ക്കാര്‍ ആസൂത്രണ കമീഷനെ അറിയിച്ചത്. പിന്നെ എവിടെയാണ് ധവളപത്രത്തില്‍ പറഞ്ഞ ധനപ്രതിസന്ധിയെന്നും ഐസക് ചോദിച്ചു. കേരളത്തിന്റെ വാര്‍ഷികപദ്ധതി അടങ്കല്‍ 11,030 കോടിയില്‍നിന്ന് കേന്ദ്ര ആസൂത്രണ കമീഷന്‍ 12,010 കോടിയായാണ് ഉയര്‍ത്തിയത്. ഒറ്റത്തവണ കേന്ദ്രസഹായമായ 326 കോടി രൂപയില്‍ ലഭിച്ച 100 കോടി 11,030 കോടിയുടെ കരട് അടങ്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 226 കോടി രൂപമാത്രമേ കേന്ദ്രത്തില്‍നിന്ന് അധികമായി ലഭിക്കൂ എന്നര്‍ഥം. ഈ പശ്ചാത്തലത്തില്‍ 980 കോടിയുടെ അധിക വാര്‍ഷികപദ്ധതി നടപ്പാക്കാന്‍ ബാക്കി 754 കോടി സംസ്ഥാനം കണ്ടെത്തേണ്ടിവരും.

5000 കോടിയുടെ അനിവാര്യമായ അധികച്ചെലവിന് ബജറ്റില്‍ പണമില്ലെന്ന് പറയുന്ന മാണി, ഇത് എവിടെനിന്ന് കണ്ടെത്തുമെന്ന് വ്യക്തമാക്കണം. പദ്ധതി അടങ്കല്‍ കേന്ദ്രം വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ 5000 കോടിയുടെ നിര്‍മാണപ്രവൃത്തികള്‍ക്കുവേണ്ടി റോഡുഫണ്ട് ബോര്‍ഡിനും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനും നല്‍കിയ വായ്പ പിന്‍വലിച്ചത് മാണി പുനഃപരിശോധിക്കണം. 2014-15ല്‍ റവന്യൂ മിച്ചമായിരിക്കുമെന്നും മാണി പറയുന്നു. അങ്ങനെയെങ്കില്‍ അന്ന് വായ്പയായി കിട്ടുന്ന 10,000 കോടി രൂപ റവന്യൂചെലവിനായി ഉപയോഗിക്കാത്ത സാഹചര്യത്തില്‍ എങ്ങനെ ചെലവഴിക്കുമെന്നും വ്യക്തമാക്കണം. ആസൂത്രണ കമീഷന്‍ നിര്‍ദേശിച്ച പെന്‍ഷന്‍പരിഷ്കാരവും വ്യവസായനയത്തിലെ മാറ്റവും എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇവ നടപ്പാക്കുംമുമ്പ് തുറന്ന ചര്‍ച്ച വേണമെന്നും ഐസക് ആവശ്യപ്പെട്ടു.

deshabhimani 290711

1 comment:

  1. വാര്‍ഷികപദ്ധതി അനുമതിക്കായി കേന്ദ്ര ആസൂത്രണ കമീഷന് നല്‍കിയ കണക്കാണോ, ധവളപത്രത്തിലും ബജറ്റ് പ്രസംഗത്തിലും പറഞ്ഞതാണോ ശരിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും വ്യക്തമാക്കണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ആസൂത്രണ കമീഷന്‍ അനുമതി നല്‍കിയ 980 കോടി രൂപയുടെ അധിക വാര്‍ഷികപദ്ധതി നടപ്പാക്കാനുള്ള വിഭവം എങ്ങനെ സമാഹരിക്കുമെന്ന് വ്യക്തമാക്കണമെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete