Friday, July 29, 2011

ലക്ഷ്യം മന്‍മോഹനെ രക്ഷിക്കല്‍

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ലോക്പാല്‍ ബില്ലിന്റെ കരട് തീര്‍ത്തും ദുര്‍ബലം. അഴിമതി തടയുന്നതിനേക്കാള്‍ അഴിമതിക്കറ പുരണ്ട പ്രധാനമന്ത്രിയെ രക്ഷിക്കുന്നതരത്തിലുള്ള ബില്ലാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. ഏറ്റവും കൂടുതല്‍ അഴിമതിയാരോപണം നേരിട്ട പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്. ടുജി സ്പെക്ട്രം അഴിമതി പ്രധാനമന്ത്രിയുടെ പൂര്‍ണ അറിവോടെയായിരുന്നുവെന്ന് ഈ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോംമന്ത്രി എ രാജ കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്. നേരിട്ട് പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ബഹിരാകാശവകുപ്പാണ് രണ്ടുലക്ഷം കോടി രൂപ വിലമതിക്കുന്ന എസ് ബാന്‍ഡ് സ്പെക്ട്രം സൗജന്യമായി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ശ്രമിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നിട്ടും തടയാന്‍ നടപടി കൈക്കൊണ്ടില്ല. വോട്ടുകോഴ നടന്നതുതന്നെ മന്‍മോഹന്‍സര്‍ക്കാരിനെ രക്ഷിക്കാനായിരുന്നു.

നേരത്തെ വിവിധ സര്‍ക്കാരുകള്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ടിരുന്നു. പ്രണബ് മുഖര്‍ജി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും പ്രധാനമന്ത്രിയെ ലോക്പാല്‍പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷപാര്‍ടികളും ബിജെപിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. അണ്ണ ഹസാരെ നേതൃത്വം നല്‍കുന്ന പൗരസമൂഹവും ഈ ആവശ്യം ശക്തമായി ഉയര്‍ത്തി. ഈ പശ്ചാത്തലത്തില്‍ കരടുബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് വിഷമിക്കേണ്ടിവരും.
പ്രധാനമന്ത്രിയെ ലോക്പാല്‍പരിധിയില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ച സര്‍ക്കാര്‍ ജുഡീഷ്യറിയിലെ അഴിമതി തടയാനുള്ള സംവിധാനവും മുന്നോട്ടുവയ്ക്കുന്നില്ല. ഭരണഘടനയനുസരിച്ച്് പാര്‍ലമെന്റും എക്സിക്യൂട്ടീവും ജുഡീഷ്യറിയും സ്വതന്ത്രവും പ്രത്യേകാധികാരങ്ങളുള്ള വിഭാഗങ്ങളാണ്. അതുകൊണ്ട് ലോക്പാലിന്റെ പരിധിയില്‍നിന്ന് ജുഡീഷ്യറിയെ ഒഴിവാക്കിയത് ന്യായീകരിക്കത്തക്ക നടപടിയാണെങ്കിലും ഉന്നത ജുഡീഷ്യറിയിലെ അഴിമതി തടയാന്‍ മറ്റൊരു സംവിധാനവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ല. ദേശീയ ജുഡീഷ്യല്‍ കമീഷന് രൂപംനല്‍കണമെന്ന ആവശ്യം ഇടതുപക്ഷം ഉള്‍പ്പെടെ പല കക്ഷികളും മുന്നോട്ടുവച്ചെങ്കിലും അതിനെക്കുറിച്ച് യുപിഎ മൗനംപാലിക്കുകയാണ്. പാര്‍ലമെന്റിനകത്ത് എംപിമാര്‍ നടത്തുന്ന അഴിമതി തടയാന്‍ അവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഭരണഘടനയിലെ 105-ാംവകുപ്പ് ഭേദഗതി ചെയ്യണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയരംഗത്തെ അഴിമതി തടയുന്നതിനും നടപടിയില്ല. വേട്ടെടുപ്പുവേളയിലും മറ്റും കോടികള്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന രാഷ്ട്രീയപാര്‍ടികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പുരംഗത്ത് പരിഷ്കാരം നടത്തണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ അവഗണിച്ചത്. അതുകൊണ്ടുതന്നെ അഴിമതി ഫലപ്രദമായി തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ലോക്പാല്‍ ബില്ലുകൊണ്ട് കഴിയില്ല. അഴിമതിക്കെതിരെ ഉയരുന്ന ജനരോഷത്തെ തണുപ്പിക്കുകമാത്രമാണ് ബില്‍ അവതരണംകൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

ലോക്പാലിന്റെ പരിധിയില്‍ വരാന്‍ താന്‍ ഒരുക്കമാണെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടതായി കേന്ദ്രമന്ത്രി അംബികസോണിവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘനേരത്തെ കൂടിയാലോചനകള്‍ക്കുശേഷമാണ് പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
(വി ബി പരമേശ്വരന്‍)

അന്വേഷണത്തിന് സമയപരിധി; ലോക്പാലില്‍ വിചിത്ര വ്യവസ്ഥ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ലോക്പാല്‍ പരിധിയില്‍നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കിയതും അഴിമതി നടന്ന് ഏഴുവര്‍ഷത്തിനു ശേഷം ഉയരുന്ന പരാതി അന്വേഷിക്കേണ്ടതില്ലെന്നുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ലോക്പാലിന്റെ നിറംകെടുത്തിയതായി രാഷ്ട്രീയനിരീക്ഷകര്‍വിലയിരുത്തുന്നു. അഴിമതി അന്വേഷണത്തിന് ഏഴുവര്‍ഷം സമയപരിധി നിശ്ചയിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി സര്‍ക്കാരിനില്ല. ഒരു പ്രധാനമന്ത്രിതന്നെ രണ്ടുവട്ടം അധികാരത്തിലെത്തുകയും അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യനാളുകളില്‍ അഴിമതി നടക്കുകയും ചെയ്താല്‍ അന്വേഷണം ഉണ്ടാകാത്ത സ്ഥിതിയാണ് കരടുബില്‍ സൃഷ്ടിക്കുന്നത്. ഈ വ്യവസ്ഥപ്രകാരം സ്പെക്ട്രം അഴിമതിയുടെ പേരില്‍ ഭാവിയില്‍ മന്‍മോഹന്‍സിങിനെതിരെ അന്വേഷണം സാധ്യമാകില്ല.

സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുള്‍പ്പെട്ട കത്തിടപാടുകളും ചര്‍ച്ചകളും നടന്നത് 2007ലാണ്. ഇടപാടുകളെല്ലാം പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് കണ്ടെത്തിയാല്‍ തന്നെയും 2014 വരെ മന്‍മോഹന്‍ പ്രധാനമന്ത്രിയായി തുടര്‍ന്നാല്‍ ഏഴുവര്‍ഷമെന്ന സമയപരിധി പ്രകാരം അദ്ദേഹത്തിന് അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാം. ഒരേ പ്രധാനമന്ത്രി രണ്ടുവട്ടം അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ ഏഴുവര്‍ഷ പരിധി അന്വേഷണത്തിന് തടസ്സമാകില്ലേയെന്ന ചോദ്യത്തിന് അത് ഊഹാടിസ്ഥാനത്തിലുള്ള ചോദ്യം മാത്രമാണെന്നായിരുന്നു മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. ചില ഘട്ടങ്ങളിലെങ്കിലും പലവിധ കാരണങ്ങളാല്‍ അഴിമതി ആരോപണങ്ങള്‍ പുറത്തുവരുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും. എന്നാല്‍ , ഇത്തരം അഴിമതി എത്രമാത്രം ഗുരുതരമാണെങ്കിലും ലോക്പാലിന് അന്വേഷിക്കാനാകാത്ത സ്ഥിതിയുണ്ടാകും. ലോക്പാല്‍ പരിധിയില്‍ വരില്ലെങ്കിലും അഴിമതി നിരോധന നിയമപ്രകാരവും മറ്റും ഇത്തരം അഴിമതിക്കെതിരെ നടപടി ആകാവുന്നതാണെന്ന് ഖുര്‍ഷിദ് പറഞ്ഞു.

ലോക്പാലിനൊപ്പം അഴിമതി വെളിപ്പെടുത്തുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന വിസില്‍ ബ്ലോവര്‍ ബില്‍ , സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം സാധ്യമാക്കുന്ന പബ്ലിക്ക് ഗ്രിവന്‍സ് ബില്‍ , ജുഡീഷ്യറിയില്‍ അഴിമതിതടയലും സുതാര്യത ഉറപ്പാക്കലിനുള്ള ജുഡീഷ്യല്‍ അക്കൗണ്ട്ബിലിറ്റി ബില്‍ തുടങ്ങിയവയും സര്‍ക്കാര്‍ കൊണ്ടുവരും. ജുഡീഷ്യറിയുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനാണ് ലോക്പാല്‍ബില്ലില്‍നിന്ന് ഒഴിവാക്കിയത്. ലോക്പാലില്‍ പൗരസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ ഇനി കണക്കിലെടുക്കേണ്ടതില്ല. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ പിന്നെ പാര്‍ലമെന്റിന്റെ സ്വത്താണ്. പാര്‍ലമെന്റിനാണ് എന്തുവേണമെന്ന് തീരുമാനിക്കാനുള്ള അധികാരം. തുടര്‍ന്നും ആരെങ്കിലും എതിര്‍ത്താല്‍ അവര്‍ ഈ രാജ്യത്തിന്റെ പാര്‍ലമെന്റിനെയാണ് എതിര്‍ക്കുന്നത്- ഖുര്‍ഷിദ് പറഞ്ഞു.

deshabhimani 290711

1 comment:

  1. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ലോക്പാല്‍ ബില്ലിന്റെ കരട് തീര്‍ത്തും ദുര്‍ബലം. അഴിമതി തടയുന്നതിനേക്കാള്‍ അഴിമതിക്കറ പുരണ്ട പ്രധാനമന്ത്രിയെ രക്ഷിക്കുന്നതരത്തിലുള്ള ബില്ലാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. ഏറ്റവും കൂടുതല്‍ അഴിമതിയാരോപണം നേരിട്ട പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്. ടുജി സ്പെക്ട്രം അഴിമതി പ്രധാനമന്ത്രിയുടെ പൂര്‍ണ അറിവോടെയായിരുന്നുവെന്ന് ഈ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോംമന്ത്രി എ രാജ കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്. നേരിട്ട് പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ബഹിരാകാശവകുപ്പാണ് രണ്ടുലക്ഷം കോടി രൂപ വിലമതിക്കുന്ന എസ് ബാന്‍ഡ് സ്പെക്ട്രം സൗജന്യമായി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ശ്രമിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നിട്ടും തടയാന്‍ നടപടി കൈക്കൊണ്ടില്ല. വോട്ടുകോഴ നടന്നതുതന്നെ മന്‍മോഹന്‍സര്‍ക്കാരിനെ രക്ഷിക്കാനായിരുന്നു.

    ReplyDelete