Thursday, July 28, 2011

ഡിബി കോളേജില്‍ കെഎസ്യു, യൂത്ത് കോണ്‍ . അക്രമം

ശാസ്താംകോട്ട: കെഎസ്യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിനിടെ അക്രമം. ഡിബി കോളേജില്‍ കയറിയ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് സംഘം വിദ്യാര്‍ഥികളെ മര്‍ദിച്ചു. മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ നാട്ടുകാരെയും കൈയേറ്റം ചെയ്തു. എസ്എഫ്ഐ പ്രവര്‍ത്തകരായ 13 പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ്ചെയ്തു. ഡിബി കോളേജില്‍നിന്ന് പ്രകടനത്തിന് മതിയായ പങ്കാളിത്തം കിട്ടാത്തതാണ് കെഎസ്യുക്കാരെ പ്രകോപിപ്പിച്ചത്. കെഎസ്യു ജില്ലാപ്രസിഡന്റ് അരുണ്‍രാജിന്റെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളില്‍ കോളേജിലെത്തിയ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമം തടയാന്‍ പൊലീസ് തയ്യാറായില്ല. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിക്കുന്നത് കെഎസ്യുക്കാര്‍ തടഞ്ഞു. കോളേജിന് പുറത്ത് എത്തിയ അക്രമിസംഘം താലൂക്കാഫീസിനു സമീപവും ട്രഷറിക്കു മുന്നിലും വിദ്യാര്‍ഥികളെ ആക്രമിച്ചു. ശാസ്താംകോട്ട ജങ്ഷനില്‍ പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അക്രമം അരങ്ങേറിയത്. യുവജനക്ഷേമമന്ത്രി ജയലക്ഷ്മിയും ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസനും അടക്കം വേദിയില്‍ ഉണ്ടായിരുന്നു.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്എഫ്ഐ മുന്‍ ജില്ലാപ്രസിഡന്റ് സി എസ് പ്രദീപ്കുമാറിനെ മര്‍ദിച്ചവശനാക്കി. അക്രമികളുടെ മര്‍ദനമേറ്റ് അവശനിലയിലായ എസ്എഫ്ഐ പ്രവര്‍ത്തകരെ സിഐടിയു ജില്ലാപ്രസിഡന്റ് ഇ കാസിമിന്റെ നേതൃത്വത്തില്‍ സിപിഐ എം നേതാക്കള്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട പൊലീസ്സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് എസ്പി ആന്റോ സിപിഐ എം നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റെജി കുര്യനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ്ചെയ്തു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം ഇ കാസിം മാര്‍ച്ച് ഉദ്ഘാടനംചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നേതൃത്വത്തില്‍ വെള്ളിയാഴ്ച കുന്നത്തൂര്‍ താലൂക്കില്‍ വിദ്യാഭ്യാസബന്ദ് ആചരിക്കും.

കെഎസ്യു അക്രമം ആസൂത്രിതം

ശാസ്താംകോട്ട: ഡിബി കോളേജിലും ശാസ്താംകോട്ട ജങ്ഷനിലും കെഎസ്യു നടത്തിയ ആക്രമണം ആസൂത്രിതമെന്ന് സൂചന. ജില്ലാപ്രസിഡന്റ് അരുണ്‍രാജിന്റെ കസേര ഉറപ്പിക്കാനും സമ്മേളനത്തിന് ആളെക്കൂട്ടാനും നടത്തിയ നാടകീയ നീക്കങ്ങളുടെ ഭാഗമായാണ് ആക്രമണം സംഘടിപ്പിച്ചത്. 2001-2005 കാലത്ത് ഡിബി കോളേജിലെ ബികോം വിദ്യാര്‍ഥിയായിരുന്നു അരുണ്‍രാജ്. ഇക്കാലത്ത് കോളേജില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷങ്ങളില്‍ ചവറയില്‍നിന്ന് ക്വട്ടേഷന്‍സംഘത്തെ ഇറക്കി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കുനേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. കെഎസ്യു ആക്രമണങ്ങള്‍ നാട്ടുകാരുടെ സൈ്വരജീവിതത്തിന് ഭീഷണിയായതോടെ പ്രദേശത്തെ സിപിഐ എം- ഡിവൈഎഫ്ഐ നേതാക്കള്‍ ഇടപ്പെട്ട് ക്വട്ടേഷന്‍ സംഘങ്ങളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

പിജിക്ക് പ്രവേശനം നേടിയ അരുണ്‍രാജ് കോളേജില്‍ കെഎസ്യു ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെഎസ്യു ജില്ലാസമ്മേളനത്തിന് പങ്കാളിത്തം കുറഞ്ഞതില്‍ വിറളിപൂണ്ട നേതാക്കള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ 5000 പേര്‍ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രവര്‍ത്തകരെ കിട്ടാതെ നേതാക്കള്‍ നെട്ടോട്ടമോടി. കോളേജില്‍ കയറി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പ്രകടനത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമം വിഫലമായി. തുടര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്.

യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രഥമാധ്യാപകനെ മര്‍ദിച്ചു

പത്തനംതിട്ട: സ്കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പണം നല്‍കിയില്ലെന്ന് ആരോപിച്ച് യുത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രഥമാധ്യാപകനെ സ്കൂളില്‍ കയറി മര്‍ദിച്ചു. മലയാലപ്പുഴ ഗവ. എല്‍പി സ്കൂളിലെ പ്രഥമാധ്യാപകന്‍ കെ രാജ്മോഹന്‍ തമ്പിയെയാണ് താന്നിമൂട്ടില്‍ പ്രമോദെന്ന യൂത്ത് കോണ്‍ഗ്രസുകാരന്‍ അധ്യാപകരുടെയും കുട്ടികളുടെയും മുന്നിലിട്ട് മര്‍ദിച്ചത്. ബുധനാഴ്ച വൈകിട്ട് നാലിന് സ്കൂള്‍വിട്ട സമയത്തായിരുന്നു ആക്രമണം. സ്കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച എസ്എസ്എ ഫണ്ട് പിടിഎ മുഖേന ചെലവഴിക്കാന്‍ പിടിഎ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ , പിടിഎ അംഗം കൂടിയായ പ്രമോദിന് പിടിഎ യോഗതീരുമാനം പിടിച്ചില്ല. ഫണ്ട് ഇയാളെ എല്‍പ്പിച്ചില്ലെന്ന് ആരോപിച്ച് ഇയാള്‍ രാവിലെ മുതല്‍ സ്കൂളില്‍ കയറി ബഹളം ഉണ്ടാക്കിയിരുന്നു. പിന്നീട് നാലുമണിക്ക് സ്കൂള്‍വിട്ട തക്കംനോക്കി അധ്യാപകനെ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ രാജ്മോഹനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമോദിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.

ദേശാഭിമാനി 280711

1 comment:

  1. കെഎസ്യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിനിടെ അക്രമം. ഡിബി കോളേജില്‍ കയറിയ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് സംഘം വിദ്യാര്‍ഥികളെ മര്‍ദിച്ചു. മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ നാട്ടുകാരെയും കൈയേറ്റം ചെയ്തു. എസ്എഫ്ഐ പ്രവര്‍ത്തകരായ 13 പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ്ചെയ്തു. ഡിബി കോളേജില്‍നിന്ന് പ്രകടനത്തിന് മതിയായ പങ്കാളിത്തം കിട്ടാത്തതാണ് കെഎസ്യുക്കാരെ പ്രകോപിപ്പിച്ചത്.

    ReplyDelete