Tuesday, July 12, 2011

കൊട്ടാര രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡ്‌ പണം നല്‍കിയിരുന്നെന്ന്‌

ലണ്ടന്‍: ബ്രിട്ടീഷ്‌ രാജകുടംബത്തിന്റെ അരമനരഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാധ്യമഭീമന്‍ റുപ്പര്‍ട്ട്‌ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുളള ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡ്‌ പണം നല്‍കിയിരുന്നതായി കണ്ടെത്തി. രാജകുടംബത്തിലെ ഉന്നതരുടെ സ്വകാര്യവിവരങ്ങള്‍ നല്‍കാന്‍ കൊട്ടാരത്തിലെ സുരക്ഷാ ചുമതലയുളള ഒരു ഉദ്യോഗസ്ഥന്‌ ന്യൂസ്‌ വേള്‍ഡ്‌ തുടര്‍ച്ചയായി പണം നല്‍കിയിരുന്നതായാണ്‌ ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്‌.

രാജകുടംബത്തിലെ ഉന്നതന്‍മാര്‍, രാജകുമാരന്‍മാര്‍, അവരുടെ സുഹൃത്തുക്കള്‍ എന്നിവരുടെ സ്വകാര്യവിവരങ്ങള്‍ അപ്പപ്പോള്‍ ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡിന്‌ ലഭ്യമാക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍ ചെയ്‌തുപോന്നത്‌. ഇതിന്‌ കനത്ത പ്രതിഫലം ഇദ്ദേഹം കൈപ്പറ്റിയിരുന്നു. രാഷ്‌ട്രീയ-സിനിമാവൃത്തങ്ങളിലും ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡ്‌ ഏജന്റുമാരെ നിയോഗിച്ചിരുന്നു.

ഫോണ്‍ചോര്‍ത്തല്‍ വിവാദം പുറത്തുവന്നതിനെ തുടര്‍ന്ന്‌ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡ്‌ കഴിഞ്ഞ ദിവസം പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു.

അതിനിടെ പേ ടി വി സംപ്രേഷണത്തിനുളള ബി സ്‌കൈ ബി കരാര്‍ നേടിയെടുക്കാനുളള മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുളള ന്യൂസ്‌ ഇന്റര്‍നാഷണലിന്റെ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമായി. ലേല നടപടികള്‍ ആരംഭിക്കും മുന്‍പ്‌ വിശദമായ നിയമോപദേശം സര്‍ക്കാര്‍ തേടുമെന്ന്‌ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ വക്താവ്‌ അറിയിച്ചു. മര്‍ഡോക്കിന്‌ കരാര്‍ നല്‍കിയാല്‍ അത്‌ രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയാകുമെന്ന വാദവുമായി ലേബര്‍ പാര്‍ട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ മര്‍ഡോക്കിന്‌ അനുകൂലമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഹൗസ്‌ ഓഫ്‌ കോമണ്‍സിനെ സമീപിക്കുമെന്ന്‌ ലേബര്‍ പാര്‍ട്ടി നേതാവ്‌ എഡ്‌ മിലിബാന്‍ഡ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

janayugom 120711

1 comment:

  1. ബ്രിട്ടീഷ്‌ രാജകുടംബത്തിന്റെ അരമനരഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാധ്യമഭീമന്‍ റുപ്പര്‍ട്ട്‌ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുളള ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡ്‌ പണം നല്‍കിയിരുന്നതായി കണ്ടെത്തി. രാജകുടംബത്തിലെ ഉന്നതരുടെ സ്വകാര്യവിവരങ്ങള്‍ നല്‍കാന്‍ കൊട്ടാരത്തിലെ സുരക്ഷാ ചുമതലയുളള ഒരു ഉദ്യോഗസ്ഥന്‌ ന്യൂസ്‌ വേള്‍ഡ്‌ തുടര്‍ച്ചയായി പണം നല്‍കിയിരുന്നതായാണ്‌ ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്‌.

    ReplyDelete