Saturday, October 15, 2011

വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റിന്റെ കോര്‍പറേറ്റ് ദുരാഗ്രഹത്തിനും സര്‍ക്കാരിന്റെ സമ്പന്ന താല്‍പ്പര്യത്തിനുമെതിരായ പ്രക്ഷോഭം അമേരിക്കയില്‍ ആഞ്ഞടിക്കുന്നു. പ്രക്ഷോഭത്തെ നേരിടാനുള്ള സര്‍ക്കാരിന്റെ ശ്രമം ഫലംകണ്ടില്ല. ഒരു മാസത്തോളമായി ന്യൂയോര്‍ക്കിലെ പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകരെ ശുചീകരണത്തിന്റെ പേരില്‍ ഒഴിപ്പിക്കാനുള്ള നീക്കം അധികൃതര്‍ക്ക് അവസാന നിമിഷം ഉപേക്ഷിക്കേണ്ടിവന്നു. ഇത് തങ്ങളുടെ വിജയമാണെന്നും സംഘടിതശക്തിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നും പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെയോടെ പാര്‍ക്കില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് പ്രക്ഷോഭകര്‍ക്ക് പൊലീസ് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ , തങ്ങള്‍ എങ്ങോട്ടേക്കുമില്ലെന്ന് സമരക്കാര്‍ പ്രഖ്യാപിക്കുയായിരുന്നു. നൂറുകണക്കിനു തൊഴിലാളികള്‍ കൈയേറി തമ്പടിച്ചിരിക്കുന്ന സുകോട്ടി പാര്‍ക്കിന്റെ ശുചീകരണത്തിന് തൊഴിലാളികളെ ഒഴിപ്പിക്കണമെന്നുള്ള നിര്‍ദേശത്തോട് സ്ഥലത്തിന്റെ ഉടമസ്ഥതയുള്ള ബ്രൂക്ഫീല്‍ഡ് പ്രോപ്പര്‍ട്ടീസ് യോജിച്ചില്ല. പകരം ശുചീകരണത്തിന് സമരക്കാരുമായി ധാരണയിലെത്തണമെന്നാണ് അവര്‍ അറിയിച്ചത്. തങ്ങളെ ഒഴിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടിവന്നത് വലിയ വിജയമാണെന്ന് "ലിബര്‍ട്ടി പ്ലാസ"യെന്ന് പുനര്‍നാമകരണംചെയ്ത പാര്‍ക്കില്‍ പ്രക്ഷോഭകര്‍ ഒന്നടങ്കം പറഞ്ഞു. അതേസമയം, പൊലീസുമായുള്ള സംഘര്‍ഷത്തിനിടെ മൂന്ന് പ്രക്ഷോകരെ അറസ്റ്റ് ചെയ്തു. നടപ്പാതയിലൂടെ പ്രകടനം നടത്തിയവര്‍ റോഡിലേക്ക് ഇറങ്ങിയത് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. അമേരിക്കയിലെ മറ്റു നഗരങ്ങളിലും അനുബന്ധ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. മുന്‍ വൈസ്പ്രസിഡന്റ് അല്‍ഗോര്‍ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഏഥന്‍സ് സ്തംഭിച്ചു

ഏഥന്‍സ്: സാമ്പത്തികപ്രതിസന്ധി നേരിടാന്‍ ഗ്രീക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ നടപടിക്കെതിരായ പ്രക്ഷോഭം ശക്തമാകുന്നു. ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ പണിമുടക്ക് രണ്ടാംദിവസവും തുടര്‍ന്നതോടെ തലസ്ഥാനമായ ഏഥന്‍സ് നഗരം സ്തംഭിച്ചു. നാല്‍പ്പത്തെട്ടു മണിക്കൂര്‍ ട്രാന്‍സ്പോര്‍ട്ട് പണിമുടക്കില്‍ വെള്ളിയാഴ്ച ടാക്സി ഡ്രൈവര്‍മാരും പങ്കുചേര്‍ന്നതോടെ പൊതുഗതാഗത സംവിധാനം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും പ്രക്ഷോഭത്തില്‍ അണിചേരുകയാണ്. അഭിഭാഷകര്‍ 19 വരെയും കസ്റ്റംസ് ഓഫീസര്‍മാര്‍ പത്തുദിവസവും ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു. വൈദ്യുതിക്കമ്പനിയുടെ ബില്ലിങ് സംവിധാനം ജീവനക്കാരുടെ യൂണിയനുകള്‍ വ്യാഴാഴ്ച പിടിച്ചെടുത്തിരുന്നു. സര്‍ക്കാര്‍ പുതിയ നികുതി ചുമത്തി വൈദ്യുതിനിരക്ക് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

ദേശാഭിമാനി 151011

1 comment:

  1. വാള്‍സ്ട്രീറ്റിന്റെ കോര്‍പറേറ്റ് ദുരാഗ്രഹത്തിനും സര്‍ക്കാരിന്റെ സമ്പന്ന താല്‍പ്പര്യത്തിനുമെതിരായ പ്രക്ഷോഭം അമേരിക്കയില്‍ ആഞ്ഞടിക്കുന്നു. പ്രക്ഷോഭത്തെ നേരിടാനുള്ള സര്‍ക്കാരിന്റെ ശ്രമം ഫലംകണ്ടില്ല. ഒരു മാസത്തോളമായി ന്യൂയോര്‍ക്കിലെ പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകരെ ശുചീകരണത്തിന്റെ പേരില്‍ ഒഴിപ്പിക്കാനുള്ള നീക്കം അധികൃതര്‍ക്ക് അവസാന നിമിഷം ഉപേക്ഷിക്കേണ്ടിവന്നു. ഇത് തങ്ങളുടെ വിജയമാണെന്നും സംഘടിതശക്തിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നും പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു.

    ReplyDelete