Sunday, October 16, 2011

മൃഗസംരക്ഷണ വകുപ്പില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി കൂട്ട സ്ഥലംമാറ്റം

 കൃഷി വകുപ്പിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പിലും ലക്ഷങ്ങള്‍ കോഴവാങ്ങി കൂട്ട സ്ഥലംമാറ്റം. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗം കോഴവാങ്ങി ഇഷ്ടക്കാരെ തന്ത്രപ്രധാന തസ്തികളില്‍ നിയമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പുതിയ സ്ഥലത്ത് നിയമനം ലഭിച്ച് ആറുമാസം കഴിയുംമുമ്പാണ് അടുത്ത സ്ഥലം മാറ്റം. ഈ മാസം 10 ന് ഇറങ്ങിയ ഉത്തരവില്‍ 220 ജീവനക്കാരെയാണ് ചട്ടങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റിയിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൃത്യവിലോപം കാട്ടിയത്തിന്റെ പേരില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കിയ ഉദ്യോഗസ്ഥര്‍പോലും പുതിയ സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇഷ്ട സ്ഥാനങ്ങളില്‍ നിയമനം ലഭിക്കുന്നതിന് 50000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെയാണ് മന്ത്രിയുടെ ഓഫീസിലുള്ള ജീവനക്കാരന്‍ കോഴയായി ആവശ്യപ്പെടുന്നത്. ആവശ്യപ്പെട്ട തുക കൊടുത്തവരുടെ എണ്ണവും  കുറവല്ലെന്ന് ജീവനക്കാര്‍ പറയുന്നു.

പ്രസവാവധി എടുക്കുന്ന പോസ്റ്റില്‍ പുതിയ ജീവനക്കാരെ നിയമിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തി ജീവനക്കാരിയുടെ സ്ഥാനത്ത് മന്ത്രിയുടെ യൂണിയന്‍ അംഗത്തെ നിയമിച്ചു. ഇത് ശരിയല്ലെന്ന് ഭരണപക്ഷ യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഡയറക്ടറെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിക്കാന്‍ മാത്രമേ തനിക്ക് കഴിയുള്ളൂവെന്നായിരുന്നു ഡയറക്ടറുടെ മറുപടിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അന്യജില്ലകളില്‍ അഞ്ചിലധികം വര്‍ഷം ജോലി ചെയ്ത ശേഷം സ്വന്തം ജില്ലകളില്‍ സ്ഥലം മാറ്റം ലഭിച്ചവരേയും പുതിയ ഉത്തരവിലൂടെ വീണ്ടും സ്ഥലം മാറ്റി. അധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് തങ്ങളുടെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതാണ് ജീവനക്കാരെ ഏറെ വിഷമിപ്പിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നല്ല നയങ്ങളെ തകിടം മറിക്കാനാണ് പുതിയ സ്ഥലം മാറ്റം. ഇതിന്റെ ഭാഗയാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിയമിച്ചിരുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരെ മാറ്റിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍മോണ്‍ കുത്തിവച്ച കോഴിഇറച്ചി സംസ്ഥാനത്തേയ്ക്ക് അനിയന്ത്രിതമായി കടത്തുന്നതായി കണ്ടതിനെ തുടര്‍ന്നാണ് ജീവനക്കാരെ ചെക്ക്‌പോസ്റ്റുകളില്‍ നിയമിച്ചത്.

ഇതിന്റെ ഫലമായി നിലവാരം കുറഞ്ഞ കോഴിഇറച്ചിയുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ഉത്സവങ്ങള്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള കോഴി ഇറച്ചി സംസ്ഥാനത്ത് എത്തുന്നത്. ജീവനക്കാരില്‍ നിന്നും വന്‍ തുക കോഴ വാങ്ങി ഉദ്യോഗസ്ഥരെ ചട്ടങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റാനുള്ള കാരണം കോഴി ഇറച്ചി മാഫിയയുടെ ഇടപെടലാണെന്നും ആക്ഷേപമുണ്ട്. ദീപാവലി അടുത്ത അവസരത്തിലാണ് സ്ഥലം മാറ്റം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്്ടിക്കും. നിലവാരം കുറഞ്ഞ ആട്ടിറച്ചി, മാട്ടിറച്ചി തുടങ്ങിയവയുടെ കടത്തും പുതിയ സാഹചര്യത്തില്‍ അനിയന്ത്രിതമായി വര്‍ധിക്കും.

കെ ആര്‍ ഹരി janayugom 161011

1 comment:

  1. കൃഷി വകുപ്പിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പിലും ലക്ഷങ്ങള്‍ കോഴവാങ്ങി കൂട്ട സ്ഥലംമാറ്റം. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗം കോഴവാങ്ങി ഇഷ്ടക്കാരെ തന്ത്രപ്രധാന തസ്തികളില്‍ നിയമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പുതിയ സ്ഥലത്ത് നിയമനം ലഭിച്ച് ആറുമാസം കഴിയുംമുമ്പാണ് അടുത്ത സ്ഥലം മാറ്റം. ഈ മാസം 10 ന് ഇറങ്ങിയ ഉത്തരവില്‍ 220 ജീവനക്കാരെയാണ് ചട്ടങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റിയിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൃത്യവിലോപം കാട്ടിയത്തിന്റെ പേരില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കിയ ഉദ്യോഗസ്ഥര്‍പോലും പുതിയ സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇഷ്ട സ്ഥാനങ്ങളില്‍ നിയമനം ലഭിക്കുന്നതിന് 50000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെയാണ് മന്ത്രിയുടെ ഓഫീസിലുള്ള ജീവനക്കാരന്‍ കോഴയായി ആവശ്യപ്പെടുന്നത്. ആവശ്യപ്പെട്ട തുക കൊടുത്തവരുടെ എണ്ണവും കുറവല്ലെന്ന് ജീവനക്കാര്‍ പറയുന്നു.

    ReplyDelete