Thursday, October 20, 2011

ബക്രീദ്-ദീപാവലി ചന്തകള്‍ക്ക് സര്‍ക്കാര്‍ വിലക്ക്

കണ്‍സ്യൂമര്‍ഫെഡ് നടത്താനിരുന്ന ബക്രീദ്-ദീപാവലി ചന്തകള്‍ക്ക് സര്‍ക്കാര്‍ വിലക്ക്. ആഘോഷവേളയില്‍ ജനങ്ങള്‍ക്ക് വിലക്കയറ്റത്തില്‍നിന്ന് ആശ്വാസം ലക്ഷ്യമിട്ട് ബുധനാഴ്ചമുതല്‍ നവംബര്‍ അഞ്ചുവരെ നടത്താനിരുന്ന ചന്തയ്ക്കാണ് അനുമതി നിഷേധിച്ചത്. കണ്‍സ്യൂമര്‍ഫെഡിന്റെ സബ്സിഡി വില്‍പ്പന 13 ഇനങ്ങളില്‍ ഒതുക്കണമെന്നും നിര്‍ദേശമുണ്ട്. സ്വകാര്യമേഖലയെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണിത്. ബക്രീദ്-ദീപാവലി മേള നടത്താനുള്ള ശുപാര്‍ശ അനുവദിക്കുന്നില്ലെന്നും നവംബര്‍ -ഡിസംബറില്‍ ക്രിസ്മസ് വിപണനമേള നടത്തിയാല്‍ മതിയെന്നുമുള്ള നിര്‍ദേശമാണ് സര്‍ക്കാരിനുവേണ്ടി സഹകരണസംഘം രജിസ്ട്രാര്‍ കണ്‍സ്യൂമര്‍ഫെഡിനു കൈമാറിയത്. സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നാണ് സൂചന. വര്‍ഷങ്ങളായി കണ്‍സ്യൂമര്‍ഫെഡ് നടത്തിവരുന്ന മേളയാണ് ഇക്കുറി സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം മാത്രമാണ് ബക്രീദ്-ദീപാവലി ചന്ത നടക്കാതിരുന്നത്.

സംസ്ഥാനത്തെ 198 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്, 1802 നീതിസ്റ്റോര്‍ എന്നിവ ഉള്‍പ്പെടെ 2802 വിപണനകേന്ദ്രങ്ങളാണ് ഇക്കുറി കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിട്ടിരുന്നത്. ജില്ലകളില്‍ 140 മുതല്‍ 280 വരെ കേന്ദ്രങ്ങളും തീരുമാനമായിരുന്നു. ഏതാണ്ട് 30 കോടിയിലേറെ രൂപയുടെ വില്‍പ്പനയാണ് ചന്തകളിലൂടെ പ്രതീക്ഷിച്ചിരുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇവിടെ 20 മുതല്‍ 60 ശതമാനംവരെ വിലക്കുറവുണ്ടായിരുന്നു. ഇതുവഴി ജനങ്ങള്‍ക്ക് 10 കോടിയിലേറെ രൂപയുടെ ആശ്വാസം ലഭിക്കുമായിരുന്നു. ഇതാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. യുഡിഎഫ് ഭരണത്തിലേറിയതുമുതല്‍ സ്വകാര്യലോബിയെ സഹായിക്കാനായി സബ്സിഡി വില്‍പ്പന പരമാവധി ലഘൂകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ 21 ഇനങ്ങള്‍ക്ക് സബ്സിഡി വില്‍പ്പന അനുവദിക്കണമെന്ന കണ്‍സ്യൂമര്‍ഫെഡ് നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. 13 ഇനങ്ങള്‍ മാത്രം സബ്സിഡി നല്‍കി വിറ്റാല്‍മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനു പുറമെ ഒരുഘട്ടത്തില്‍ സപ്ലൈകോയിലെയും മറ്റും അരിവില ഉയര്‍ത്താനും ഉത്തരവിറക്കി. എന്നാല്‍ ഇതുസംബന്ധിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്നീട് ഈ ഉത്തരവു പിന്‍വലിച്ചത്.

deshabhimani

1 comment:

  1. കണ്‍സ്യൂമര്‍ഫെഡ് നടത്താനിരുന്ന ബക്രീദ്-ദീപാവലി ചന്തകള്‍ക്ക് സര്‍ക്കാര്‍ വിലക്ക്. ആഘോഷവേളയില്‍ ജനങ്ങള്‍ക്ക് വിലക്കയറ്റത്തില്‍നിന്ന് ആശ്വാസം ലക്ഷ്യമിട്ട് ബുധനാഴ്ചമുതല്‍ നവംബര്‍ അഞ്ചുവരെ നടത്താനിരുന്ന ചന്തയ്ക്കാണ് അനുമതി നിഷേധിച്ചത്.

    ReplyDelete