Sunday, October 16, 2011

ലോക്പാലിന് ഭരണഘടനാപദവി

ലോക്പാല്‍ ഭരണഘടനാ സ്ഥാപനമാക്കാന്‍ നീക്കം.കേന്ദ്ര ഇലക്ഷന്‍ കമ്മിഷനേക്കാള്‍ കൂടുതല്‍ അധികാരങ്ങളോടുകൂടിയ ഒരു സ്ഥാപനമായി ലോക്പാലിനെ ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇതുസംബന്ധിച്ച കരട് ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

ഇന്ത്യയുടെ രണ്ട് മുന്‍ ചീഫ് ജസ്റ്റിസുമാരായ ജെ എസ് വര്‍മ്മയും എം എന്‍ വെങ്കിടചെല്ലയ്യയുമാണ് കരട്ബില്‍ തയ്യാറാക്കിയിട്ടുള്ളത്. ഭരണഘടനയുടെ 116-ാമത് ഭേദഗതി ബില്ലായിരിക്കും ഇത്. ലോക്പാലിന് ഭരണഘടനാ പദവി നല്‍കാന്‍ വേണ്ടിയാണ് ഭേദഗതി.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനത്തില്‍ തന്നെ പാസാക്കാന്‍ കഴിയുംവിധമാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് ജസ്റ്റിസ് വര്‍മ്മ പറഞ്ഞു. ഭരണഘടനാ ഭേദഗതിയായതുകൊണ്ട് കാലവിളംബം ഉണ്ടായേക്കുമെന്ന് ഹസാരെ സംഘം ഉയര്‍ത്തിയ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ പ്രധാനപ്പെട്ട ആശയമാണ് കരട് ബില്ലിലുള്ളതെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായ അഭിഷേക് സിംഗ്‌വി പറഞ്ഞു. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവരുടെ അഭിപ്രായങ്ങള്‍ തേടിയ പ്രക്രിയയുടെ ഭാഗമായാണ് പുതിയ ബില്‍ തയ്യാറായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോരായ്മകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ചര്‍ച്ചകളില്‍ തന്നെ അവയെല്ലാം പരിഹരിക്കും.

ഭരണഘടനാ ഭേദഗതിയെ സംസ്ഥാന നിയമസഭകള്‍ ശരിവയ്‌ക്കേണ്ട കാര്യമില്ലെന്ന് ജസ്റ്റിസ് വര്‍മ്മ പറഞ്ഞു. ഭരണഘടനയുടെ 368-ാം അനുഛേദപ്രകാരം പാര്‍ലമെന്റ് പാസാക്കുന്ന ഭേദഗതികള്‍ പകുതി സംസ്ഥാനങ്ങളിലെ നിയമസഭകള്‍ ശരിവച്ചാല്‍ മാത്രമേ നിയമമാകുകയുള്ളൂ. ഭരണഘടനയുടെ 54, 55, 73, 162, 241 അനുഛേദങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള വിഷയങ്ങള്‍ക്ക് മാത്രമേ 368-ാം അനുഛേദപ്രകാരമുള്ള ഭേദഗതി ആവശ്യമുള്ളൂ.

ലോക്പാലിന് ഭരണഘടനാപദവി നല്‍കുന്നതിനുള്ള ഭേദഗതി മേല്‍ സൂചിപ്പിച്ച അനുഛേദങ്ങളില്‍ പറഞ്ഞിട്ടുള്ള വിഷയങ്ങളിലൊന്നും ഉള്‍പ്പെടുന്നതല്ല. അതിനാല്‍ പാര്‍ലമെന്റില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയാല്‍ മാത്രം മതിയാകും.

''ശക്തമായ ഒരു ലോക്പാല്‍ ബില്‍ ആണ് ഏവരും ആവശ്യപ്പെടുന്നത്. ഭരണഘടനാപദവി നല്‍കുന്ന ലോക്പാലിനേക്കാള്‍ ശക്തമായി മറ്റൊരു ലോക്പാല്‍ ഉണ്ടാക്കാന്‍ കഴിയില്ല. പാര്‍ലമെന്ററിസമിതിയുടെ പരിഗണനയിലുള്ള ബില്‍ നിയമമായാല്‍ ലോക്പാല്‍ ഭരണഘടനയുടെ ഭാഗമാകും''- ജസ്റ്റിസ് വര്‍മ്മ പറഞ്ഞു.

നിര്‍ദിഷ്ട ഭേദഗതി ഭരണഘടനയുടെ 'XV എ' ഭാഗമായിട്ടായിരിക്കും ഉള്‍ക്കൊള്ളിക്കുക. ഭാഗം XV തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടതാണ്. പുതിയ ഭാഗം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഭരണഘടനയ്ക്ക് 329 സി, 329 ഡി എന്ന രണ്ട് പുതിയ അനുഛേദങ്ങള്‍ കൂടിയുണ്ടാകും. പാര്‍ലമെന്റ് പാസാക്കുന്ന പ്രത്യേക നിയമം വ്യവസ്ഥ ചെയ്യുന്ന ഒരു ലോക്പാല്‍ ഉണ്ടായിരിക്കും എന്നതാണ് 329 സി അനുഛേദത്തില്‍ പറയുക. ബന്ധപ്പെട്ട സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന നിയമങ്ങളില്‍ വ്യവസ്ഥ ചെയ്യുന്ന അധികാരങ്ങളോടു കൂടിയ ലോകായുക്ത എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കണം എന്നായിരിക്കും ഭരണഘടനയുടെ 329 ഡി അനുഛേദത്തില്‍ പറയുക.

ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതിക്ക് പ്രത്യേക സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും വേഗത്തില്‍ കാര്യങ്ങള്‍ നീക്കുമെന്നും അഭിഷേക് സിംഗ്‌വി പറഞ്ഞു.

janayugom 171011

1 comment:

  1. ലോക്പാല്‍ ഭരണഘടനാ സ്ഥാപനമാക്കാന്‍ നീക്കം.കേന്ദ്ര ഇലക്ഷന്‍ കമ്മിഷനേക്കാള്‍ കൂടുതല്‍ അധികാരങ്ങളോടുകൂടിയ ഒരു സ്ഥാപനമായി ലോക്പാലിനെ ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇതുസംബന്ധിച്ച കരട് ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

    ReplyDelete