Sunday, October 16, 2011

മുഖ്യമന്ത്രി ഇങ്ങനെ പെരുമാറാമോ?

വെള്ളിയാഴ്ച കേരള നിയമസഭയില്‍ സംഭവിച്ചത് നിയമനിര്‍മാണസഭയുടെ ചരിത്രത്തിലെ അപൂര്‍വസംഭവമാണെന്ന് പ്രചരിപ്പിക്കുന്നതിന് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെയാണ്. ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളിലൊന്നായ നിയമനിര്‍മാണസഭയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കേണ്ട മുഖ്യമന്ത്രിതന്നെ സഭയ്ക്ക് പുറത്തിറങ്ങി നുണപ്രചാരണം നടത്തുന്നതിനുപിന്നില്‍ ജുഗുപ്സാവഹമായ ഗൂഢാലോചനയുണ്ടെന്ന് വ്യക്തം. നിയമസഭയുടെ നടുത്തളത്തില്‍ പുരുഷപൊലീസുകാരോടൊപ്പം രണ്ടു വനിതാപൊലീസുകാര്‍ ഉണ്ടായിരുന്നത് മുതലെടുത്ത് ഉമ്മന്‍ചാണ്ടി നടത്തിയ കളിയാണിതെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. നിയമസഭയില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശം ആരുടെയും ഔദാര്യമല്ല.

ഭരണാധികാരികള്‍ സഭയ്ക്കകത്തും പുറത്തും ജനാധിപത്യാവകാശങ്ങള്‍ കവരുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ , പ്രതിപക്ഷപ്രതിഷേധത്തിന്റെ തീവ്രത കൂടുന്നത് സ്വാഭാവികമാണ്. അത്തരം പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന നിലപാട് സഭാധ്യക്ഷനായ സ്പീക്കറില്‍നിന്നുണ്ടായെന്ന് തോന്നിയാല്‍ പ്രതിപക്ഷത്തുനിന്ന് സ്വാഭാവികപ്രതികരണം ഉയരും. ഇത്തരം അവസരങ്ങളില്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി സ്പീക്കറോട് സംസാരിക്കുന്നത് പുതിയ സംഭവമൊന്നുമല്ല, ചില ഘട്ടങ്ങളില്‍ സ്പീക്കറുടെ അടുത്തേക്ക് പോകാന്‍വരെ സഭാംഗങ്ങള്‍ ശ്രമിച്ച ചരിത്രമുണ്ട്. ഇങ്ങനെ സ്പീക്കറുടെ ചേംബറില്‍ കടക്കാന്‍ ശ്രമിക്കുമ്പോഴാണ് വാച്ച് ആന്‍ഡ് വാര്‍ഡുകളായ പൊലീസുകാര്‍ കുറുകെ വന്ന് നില്‍ക്കാറ്. ഇക്കൂട്ടത്തില്‍ സാധാരണ വനിതാ പൊലീസുകാരെ നിര്‍ത്താറില്ല. മുമ്പ് സഭയിലുണ്ടായ ഇത്തരം പല രംഗങ്ങള്‍ക്കും ഉമ്മന്‍ചാണ്ടിയും സ്പീക്കര്‍ ജി കാര്‍ത്തികേയനും സാക്ഷ്യംവഹിച്ചിട്ടുണ്ട്; നേതൃത്വം നല്‍കിയിട്ടുമുണ്ട്. സാധാരണ സഭ പ്രക്ഷുബ്ധമാകുമ്പോഴുണ്ടാകുന്നതില്‍ കൂടുതലൊന്നും വെള്ളിയാഴ്ച നടന്നിട്ടില്ല. എന്നിട്ടും അക്കൂട്ടത്തില്‍ അസാധാരണമായി വനിതാ പൊലീസുണ്ടായതിന്റെ സാംഗത്യവും പരിശോധിക്കപ്പെടേണ്ടതാണ്. പൊലീസുകാരിയെ ആരും കൈയേറ്റംചെയ്തിട്ടില്ല. അടുത്തുനിന്ന് സംസാരിച്ചിട്ടുപോലുമില്ല. ഇതെല്ലാം വീഡിയോ ദൃശ്യങ്ങളില്‍നിന്നടക്കം വ്യക്തമായ കാര്യങ്ങളാണ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ വീല്‍ചെയറില്‍ പൊലീസുകാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തന്നെ ആരും ഒന്നും ചെയ്തില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ അവര്‍ പിന്നീട് എന്തുകൊണ്ടോ കൈയേറ്റം ചെയ്തുവെന്ന് മാറ്റിപ്പറഞ്ഞു. "ഗുരുതര പരിക്കേറ്റെന്ന്" മാധ്യമങ്ങളിലൂടെ ഭാവിച്ച അവര്‍ , പിറ്റേദിവസം പുലരുംമുമ്പ് ആശുപത്രി വിട്ടു. അറിയപ്പെടുന്ന കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമായ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹോദരനായ പൊലീസുകാരന്‍ , കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തുന്നതിനായി രഹസ്യയോഗം ചേര്‍ന്നതിന് കൈയോടെ പിടികൂടപ്പെട്ടിരുന്നു.

വസ്തുതകള്‍ ഇതൊക്കെയായിട്ടും ഉമ്മന്‍ചാണ്ടി പ്രശ്നത്തെ മറ്റൊരു വിധത്തില്‍ തിരിച്ചുവിടുകയാണ് ചെയ്തത്. ഗൂഢാലോചന നടത്തി നാടകമുണ്ടാക്കി പച്ചക്കള്ളം വിളിച്ചുപറയാന്‍ ഉമ്മന്‍ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? സഭാതലവന്‍ സഭയിലെ രണ്ട് അംഗങ്ങളെ ബഹുജനസമക്ഷം കുറ്റപ്പെടുത്തുന്ന ദുര്യോഗമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു വിദ്യാര്‍ഥിക്ക് പഠിക്കാന്‍ അവസരം കൊടുക്കുന്നുവെന്ന് പറഞ്ഞ് സംരക്ഷകവേഷം കെട്ടിയാടിയ മുഖ്യമന്ത്രി നിയമവിരുദ്ധമായി പ്രവേശനം നല്‍കിയെന്ന് സ്വയം സമ്മതിച്ചു. മുഖ്യമന്ത്രിയുടെ വാത്സല്യഭാജനമായ ഒരു കുട്ടിക്ക് മെറിറ്റ് നോക്കാതെ നിയമവിരുദ്ധമായി പ്രവേശനം കൊടുത്തതിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പൊലീസ് തലയ്ക്കടിച്ച് കൊല്ലാന്‍ നോക്കുകയാണ്. കേരളത്തിന്റെ ഏറ്റവും കരുത്തുറ്റ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയുടെ തല തല്ലിപ്പൊളിച്ചു. ഒരു പൊലീസുകാരന്‍ ഭ്രാന്തുപിടിച്ചവനെപ്പോലെ വിദ്യാര്‍ഥികളുടെ നേരെ ചീറിയടുത്ത് നിറയൊഴിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ നേരിട്ടു കണ്ടതാണ്. ഈ പൊലീസുകാരനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി വഴിവിട്ട് നടത്തുന്ന നീക്കങ്ങളാണ് നിയമസഭയെ പ്രക്ഷുബ്ധമാക്കിയത്. നിയമലംഘനം നടത്തിയെന്ന് പകല്‍പോലെ വ്യക്തമായിട്ടും ഉമ്മന്‍ചാണ്ടിയുടെ ചിറകിന്‍കീഴില്‍ സുരക്ഷിതനായി കഴിയുകയാണ് ഈ പൊലീസുകാരന്‍ . ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച സബ്മിഷന് ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. ഇങ്ങനെ മറുപടി നല്‍കുമ്പോള്‍ അത് പ്രതിപക്ഷത്തിന് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന കാര്യം ഉമ്മന്‍ചാണ്ടി ഓര്‍ക്കണമായിരുന്നു. അതല്ല, സഭ ബഹളത്തില്‍ അലങ്കോലപ്പെട്ടാല്‍ അംഗങ്ങളെ അഭിമുഖീകരിക്കുന്നതില്‍നിന്ന് രക്ഷപ്പെടാമെന്ന ദുഷ്ചിന്തയാണോ മുഖ്യമന്ത്രിയെ നയിച്ചത്?

കുഴപ്പമുണ്ടാക്കി പ്രതിപക്ഷ അംഗങ്ങളെ സഭയ്ക്ക് പുറത്തുനിര്‍ത്തി എളുപ്പത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് ഉമ്മന്‍ചാണ്ടി വ്യാമോഹിക്കുകയാണോ? ഭരണകക്ഷിയിലെ രണ്ട് അംഗങ്ങള്‍ അസുഖം ബാധിച്ച് ആശുപത്രിയിലാണ്. രണ്ടുപേരുടെമാത്രം ഭൂരിപക്ഷമുള്ള ഭരണപക്ഷം സഭയില്‍ ബുദ്ധിമുട്ടുമെന്നുറപ്പാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. അംഗങ്ങള്‍ സഭയില്‍ ഇല്ലാത്തതിനാല്‍ ധനാഭ്യര്‍ഥന പാസാക്കാന്‍ ഭരണപക്ഷം പെടാപ്പാടുപെട്ടത് മുമ്പ് നാം കണ്ടതാണ്. അന്ന് സ്പീക്കര്‍ സഭ നീട്ടിക്കൊണ്ടുപോയി കൃത്രിമമാര്‍ഗത്തിലൂടെയാണ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തിയത്. പുതിയ സാഹചര്യത്തില്‍ ഇത്തരം ബലപരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ ഭരണപക്ഷം ബുദ്ധിമുട്ടും. അതിനുള്ള പ്രതിവിധിയായി സഭ അലങ്കോലപ്പെടുത്തി രക്ഷപ്പെടുകയെന്ന തന്ത്രം പയറ്റിയാല്‍ അത് വിലപ്പോകുമെന്ന് അല്‍പ്പബുദ്ധികള്‍ക്കുമാത്രമേ കരുതാനാകൂ.

deshabhimani 171011

1 comment:

  1. വെള്ളിയാഴ്ച കേരള നിയമസഭയില്‍ സംഭവിച്ചത് നിയമനിര്‍മാണസഭയുടെ ചരിത്രത്തിലെ അപൂര്‍വസംഭവമാണെന്ന് പ്രചരിപ്പിക്കുന്നതിന് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെയാണ്. ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളിലൊന്നായ നിയമനിര്‍മാണസഭയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കേണ്ട മുഖ്യമന്ത്രിതന്നെ സഭയ്ക്ക് പുറത്തിറങ്ങി നുണപ്രചാരണം നടത്തുന്നതിനുപിന്നില്‍ ജുഗുപ്സാവഹമായ ഗൂഢാലോചനയുണ്ടെന്ന് വ്യക്തം. നിയമസഭയുടെ നടുത്തളത്തില്‍ പുരുഷപൊലീസുകാരോടൊപ്പം രണ്ടു വനിതാപൊലീസുകാര്‍ ഉണ്ടായിരുന്നത് മുതലെടുത്ത് ഉമ്മന്‍ചാണ്ടി നടത്തിയ കളിയാണിതെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. നിയമസഭയില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശം ആരുടെയും ഔദാര്യമല്ല.

    ReplyDelete