Wednesday, October 12, 2011

"പിള്ള"ദോഷം ബാധിച്ച യുഡിഎഫ്

പെരുമ്പാവൂരിലെ നിരപരാധിയുടെ അരുംകൊലയും കോഴിക്കോട്ടെ പൊലീസ് വെടിവയ്പും രണ്ടു തവണ ഇറങ്ങിപ്പോക്കിന് കളമൊരുക്കി. പെരുമ്പാവൂരില്‍ ബസ് യാത്രക്കാരനായ യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവം സാജുപോളാണ് അടിയന്തര പ്രമേയ നോട്ടീസ് വഴി ഉന്നയിച്ചത്. നിരപരാധിയായ യുവാവിന് നേരിട്ട ദാരുണാന്ത്യം സാജുപോള്‍ വിവരിച്ചു. പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ശൂന്യവേളയില്‍ ഇറങ്ങിപ്പോയി. കൊല്ലപ്പെട്ട രഘു തികച്ചും നിരപരാധിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പക്ഷേ, "മോറല്‍ പൊലീസിങ്ങിന്" മുമ്പില്‍ ജനം കാഴ്ചക്കാരായി നിന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍കൂടിയായ പൊലീസ് കോണ്‍സ്റ്റബിളാണ് പ്രതിസ്ഥാനത്തെന്ന് സാജുപോള്‍ ചൂണ്ടിക്കാട്ടിയത് ഭരണപക്ഷത്തെ പലര്‍ക്കും രസിച്ചില്ല. യുവാവിന്റെ മൃതദേഹം അടക്കംചെയ്യുന്നതിനുമുമ്പ്, തന്റെ ഗണ്‍മാന്‍ നിരപരാധിയാണെന്ന കെ സുധാകരന്റെ പ്രസ്താവന അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് സാജുപോള്‍ വ്യക്തമാക്കി. ജനകീയ പൊലീസ് മൃഗീയ പൊലീസ് ആയി മാറിയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിച്ച പൊലീസുദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തത് സബ്മിഷന്‍ മുഖേന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ശ്രദ്ധയില്‍പ്പെടുത്തി. ഡിഐജിയോട് സ്ഥലത്ത് പോയി അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി എടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഓരോ ന്യായം പറഞ്ഞ് നടപടി എടുക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന് വി എസ് വ്യക്തമാക്കി. അതോടെ രണ്ടാമത്തെ ഇറങ്ങിപ്പോക്കിന് സഭ സാക്ഷിയായി. ജലവിഭവവകുപ്പിനുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയായിരുന്നു മുഖ്യയിനം. മന്ത്രി പി ജെ ജോസഫിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പാമ്പിനെ വിഴുങ്ങിയ തവളയെയാണ് എ എം ആരിഫിന്റെ ഓര്‍മയിലെത്തിയത്. പണ്ട് കെ എം മാണിയുടെയും പി സി ജോര്‍ജിന്റെയും മുമ്പില്‍ പുലിയായി നിന്ന ജോസഫ് ഇപ്പോള്‍ എലിയായി മാറി. മാത്രമല്ല, നിരന്തരം പീഡനം ഏറ്റുവാങ്ങി ഒരു പരുവത്തിലുമായെന്ന് ആരിഫിന് തീര്‍ച്ച. ചിറ്റൂരില്‍ കള്ള് യഥേഷ്ടമുണ്ടെങ്കിലും കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലെന്നാണ് കെ അച്യുതന്റെ പരാതി. കുട്ടനാട്ടില്‍ ചെളിബണ്ട് വാദവുമായി ഇറങ്ങിയിരിക്കുന്ന പരിസ്ഥിതിവാദികളെ കരുതിയിരിക്കണമെന്നാണ് തോമസ് ചാണ്ടിയുടെ പക്ഷം. കുട്ടനാടിനെ നശിപ്പിക്കാന്‍ പലപേരുകളില്‍ കുറെപ്പേര്‍ ഇറങ്ങിയിരിക്കുകയാണെന്നാണ് ചാണ്ടിയുടെ മുന്നറിയിപ്പ്. ജലസ്രോതസ്സുകളെ മക്കളെപ്പോലെ പോറ്റണമെന്നായിരുന്നു ടി എ അഹമ്മദ് കബീറിന്റെ വാദം. ചങ്ങമ്പുഴയുടെ ജന്മശതാബ്ദി ആരുമറിയാതെ കടന്നുപോയതില്‍ പ്രൊഫ. എന്‍ ജയരാജ് പരിഭവിച്ചു. "എവിടെ തിരിഞ്ഞൊന്നുനോക്കിയാലെന്തവിടെല്ലാം പൂത്ത മരങ്ങള്‍മാത്രം.." എന്ന് ചങ്ങമ്പുഴ പാടിയത്, "കാടെവിടെ മക്കളേ/കൂടെവിടെ മക്കളേ/കാട്ടുപൂംചോലയുടെ കുളിരെവിടെ മക്കളേ..." എന്ന അയ്യപ്പപ്പണിക്കരുടെ വരികള്‍ക്ക് വഴിമാറിയത്രേ.

ജി സുധാകരന്‍ വിട്ടില്ല."...ഇന്നുവേണ്ടിന്ന് വേണ്ട/ഓമലാളേ...." എന്നല്ല "ഇങ്ങുപോരെ..." എന്ന് പെണ്‍വാണിഭക്കാര്‍ പറയുന്ന കാലമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എം എ ബേബിയും പാലോട് രവിയും ഒപ്പം ചേര്‍ന്നതോടെ സഭയില്‍ ചങ്ങമ്പുഴ സ്മരണ നിറഞ്ഞു. മന്ത്രിമാരുടെ യോഗ്യത അഴിമതിയും പെണ്‍വാണിഭവുമാണെന്ന കെ കെ ലതികയുടെ വെളിപ്പെടുത്തല്‍ ഒച്ചപ്പാടിനിടയാക്കി. മന്ത്രി കെ ബാബുവിന്റെ ക്രമപ്രശ്നം, മുസ്ലിംലീഗുകാരുടെ പ്രതിഷേധം. പക്ഷേ, തെല്ലും കുലുങ്ങാതെ ലതിക കത്തിക്കയറി. കുറ്റ്യാടിയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്നത് മുഖ്യമന്ത്രിയല്ല, ലീഗിലെ എന്‍ഡിഎഫ് വിഭാഗമാണെന്നും ലതിക ആരോപിച്ചു. കുറ്റാരോപണത്തിന് വിധേയരാകാത്ത ആരെങ്കിലും മന്ത്രിമാരുടെ കൂട്ടത്തിലുണ്ടോ എന്നായിരുന്നു കെ കുഞ്ഞമ്മതിന്റെ ചോദ്യം. കുഞ്ഞാലിക്കുട്ടി പണ്ട് രാജിവച്ചത് അസുഖം പിടിപ്പെട്ടതുമൂലമാണോ എന്നും അദ്ദേഹം ആരാഞ്ഞു. ജപ്പാന്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വെള്ളം ജപ്പാനില്‍നിന്ന് കൊണ്ടുവരേണ്ടിവരുമോയെന്ന് കെ എം ഷാജി. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി "കോര്‍പറേറ്റ് കമ്മിറ്റി"യായെന്ന് ടി വി രാജേഷ് ചൂണ്ടിക്കാട്ടി. പി ജെ ജോസഫിന് മനുഷ്യത്വപരമായ പരിഗണനപോലും യുഡിഎഫുകാര്‍ കൊടുക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിനെ പിള്ള (ബാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള) ദോഷം ബാധിച്ചിരിക്കുകയാണെന്നാണ് രാജു എബ്രഹാമിന്റെ നിരീക്ഷണം. കൊടിമരം, കരകുളം, കമ്പിപ്പാര.... ദോഷം മാറ്റാന്‍ കടയ്ക്കലെ ജ്യോത്സ്യനെ വിളിക്കൂവെന്നായിരുന്നു രാജുവിന്റെ ഉപദേശം. കോപ്പിയടിച്ചയാളെ കോണ്‍ഗ്രസ് എംഎല്‍എയാക്കി, പിന്നെ മന്ത്രിയാക്കി, ഇപ്പോള്‍ വക്താവുമാക്കി. ഈ സ്ഥിതിക്ക് ഒരു സെമസ്റ്റര്‍ പാസായില്ലെങ്കിലും നിര്‍മല്‍ മാധവിന് എന്‍ജിനിയറാകാമെന്നും രാജു എബ്രഹാം പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒതുങ്ങിനിന്നാണ് പി ജെ ജോസഫ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞത്. പി തിലോത്തമന്‍ , ജോസ് തെറ്റയില്‍ , അന്‍വര്‍ സാദത്ത്, സി മമ്മൂട്ടി, ഷാഫി പറമ്പില്‍ , ജി എസ് ജയലാല്‍ , ടി എന്‍ പ്രതാപന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

"ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല"

വൈദ്യുതിവകുപ്പ് രണ്ടാഴ്ച പാട്ടത്തിന് തരികയാണെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ച് കാണിച്ചുതരാമെന്നായിരുന്നു മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്റെ വെല്ലുവിളി. അതോടെ വൈദ്യുതിവകുപ്പ് ലോഡ്ഷെഡിങ്ങിലായി. മന്ത്രി ആര്യാടന്‍ മുഹമ്മദാകട്ടെ ലോ വോള്‍ട്ടേജിലും. വൈദ്യുതിക്ഷാമത്തെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നായിരുന്നു എ കെ ബാലന്റെ അടിയന്തരപ്രമേയ നോട്ടീസിലെ ആവശ്യം. പണ്ട് പണ്ട് താന്‍ മന്ത്രിയായിരുന്നപ്പോള്‍ ഒരു ദിവസംപോലും ലോഡ്ഷെഡിങ് ഉണ്ടായിരുന്നില്ലെന്നായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ വാദം. മന്ത്രി ഗതകാലസ്മരണ അയവിറക്കിയാലൊന്നും പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. പ്രശ്നം ചര്‍ച്ചചെയ്യാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടു. നൂറുദിനവിസ്മയം ഇരുട്ടും ചാര്‍ജുവര്‍ധനയുമാണോയെന്ന് സി ദിവാകരന്‍ ഇറങ്ങിപ്പോകും മുമ്പ് ആരാഞ്ഞു.

പൊതുമരാമത്ത്, വിദ്യാഭ്യാസം, കായികവിനോദം, കല, സംസ്കാരം എന്നീ വകുപ്പുകള്‍ക്കുള്ള ധനാഭ്യര്‍ഥനചര്‍ച്ചയായിരുന്നു മുഖ്യയിനം. ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ ഒന്നും രണ്ടുമല്ല മന്ത്രിമാര്‍ അഞ്ചുപേര്‍തന്നെ രംഗത്തെത്തി. സാംസ്കാരികമന്ത്രി കെ സി ജോസഫ് മറുപടി പറയുമ്പോള്‍ ഉദ്യോഗസ്ഥഗ്യാലറിയിലിരുന്ന അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫംഗത്തിന് ആവേശംമൂത്തു. പ്രതിപക്ഷത്തെ നോക്കിയുള്ള അദ്ദേഹത്തിന്റെ ആംഗ്യവിക്ഷേപം കൂട്ടപ്പൊരിച്ചിലിലാണ് കലാശിച്ചത്. വാളകത്ത് സംഭവിച്ച "ഹൈ വെലോസിറ്റി റോഡ് ആക്സിഡന്റ്" കണ്ണൂരിലും ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് ജയിംസ് മാത്യു. മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്റെ അവസ്ഥയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വാളകം ആവര്‍ത്തിക്കാനിടയുണ്ടെന്നാണ് ജയിംസ് മാത്യുവിന്റെ ഭയപ്പാട്. ജയില്‍ചട്ടം ലംഘിച്ച മുന്‍മന്ത്രിയെ നാലുദിവസംകൂടി "തടവാന്‍" വിധിച്ചതില്‍ അദ്ദേഹം അത്ഭുതംകൂറി. റോഡില്‍ കുഴിയില്ലെന്ന് പറയുന്ന മന്ത്രിയെ കോഴിക്കോടുമുതല്‍ കാസര്‍കോടുവരെ യാത്രചെയ്യാനും ജയിംസ് മാത്യു ക്ഷണിച്ചു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസവകുപ്പില്‍ ചെയ്ത കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ തങ്ങളുടെ നേട്ടമായി കൊണ്ടാടുകയാണെന്ന് എം എ ബേബി. ഐസര്‍ , ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട്, അലിഗഢ് സര്‍വകലാശാല... ഇങ്ങനെ ഉദാഹരണസഹിതമായിരുന്നു ബേബിയുടെ വാദം. അതുകേട്ട് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് മൗനംപൂണ്ടിരുന്നതേയുള്ളൂ. സ്വാശ്രയമേഖലയില്‍ സര്‍ക്കാര്‍ അതിഭീമമായ വഞ്ചനയാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയ ബേബി, അതിന് ഉപോല്‍ബലകമായി കണക്കുകളും നിരത്തി. സ്വാശ്രയ മാനേജ്മെന്റിന് കോടികള്‍ തളികയിലാക്കി വച്ചുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, മന്ത്രിക്ക് മറുപടിയുണ്ടായില്ല.

സഭയിലെ പുകഴ്ത്തലും പുറത്തെ പരസ്യങ്ങളും ഇല്ലായിരുന്നെങ്കില്‍ ഒരു സര്‍ക്കാരുണ്ടെന്നുതന്നെ തോന്നുമായിരുന്നില്ലെന്ന പക്ഷക്കാരനാണ് കെ ടി ജലീല്‍ . പട്ടാപ്പകല്‍ ടോര്‍ച്ചടിച്ച് നോക്കിയാല്‍പ്പോലും നൂറുദിന നേട്ടം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് ശരിയാക്കിയില്ലെങ്കില്‍ മലബാര്‍ കേരളത്തില്‍നിന്ന് അറ്റുപോകുമെന്ന എ പി അബ്ദുള്ളക്കുട്ടിയുടെ അറ്റകൈപ്രയോഗം സ്പീക്കര്‍ ജി കാര്‍ത്തികേയന് രുചിച്ചില്ല. മലബാര്‍ അങ്ങനെ അറ്റുപോകുകയൊന്നുമില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കമ്പിപ്പാരയ്ക്ക് ദേശീയ അംഗീകാരം കിട്ടുന്ന നയം ആവിഷ്കരിച്ചതാണ് സര്‍ക്കാര്‍നേട്ടമെന്ന് കെ അജിത് ചൂണ്ടിക്കാട്ടി.

അബ്ദുസമദ് സമദാനിക്ക് പതിവുപോലെ ഹിന്ദുസ്ഥാനിക്കവിത കൂട്ടായി. "കണ്ണടച്ചാല്‍ പകലും രാത്രിയാകും, അതിന് സൂര്യന്‍ എന്തുപിഴച്ചു"വെന്നതുപോലെയാണ് പ്രതിപക്ഷം സര്‍ക്കാരിനെ എതിര്‍ക്കുന്നതെന്നാണ് സമദാനിയുടെ അഭിപ്രായം. റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം മുന്‍ സര്‍ക്കാരാണെന്ന് ടി യു കുരുവിള കണ്ടെത്തി. നാലരവര്‍ഷം മാറിയും തിരിഞ്ഞും മന്ത്രിയായിരുന്നവരുടെ കൂട്ടത്തില്‍പ്പെട്ട ആളാണ് കുരുവിളയെന്ന് എ എ അസീസ് തിരിച്ചടിച്ചു. ചെകുത്താനെ കാണുന്നമട്ടില്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങള്‍ ഉപേക്ഷിച്ചുപോകുകയാണെന്ന് ആര്‍ രാജേഷ് ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥികളെ മൂരിക്കുട്ടന്മാരെന്ന് ആക്ഷേപിച്ചവര്‍ 14ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള സുനാമിത്തിരയുടെ പ്രഭവകേന്ദ്രമായി യൂണിവേഴ്സിറ്റി കോളേജ് നിലകൊള്ളുമെന്ന് രാജേഷ് മുന്നറിയിപ്പ് നല്‍കി.

"ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല" എന്ന ക്രിസ്തുവചനമാണ് സര്‍ക്കാരിന് ചേരുന്നതെന്ന പക്ഷത്താണ് ചിറ്റയം ഗോപകുമാര്‍ . പ്രാഞ്ചിയേട്ടന്മാര്‍ക്ക് പത്മശ്രീ കൊടുക്കരുതേയെന്നായിരുന്നു പി സി വിഷ്ണുനാഥിന്റെ അപേക്ഷ. പക്ഷേ, പ്രാഞ്ചിയേട്ടന്മാര്‍ ആരെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. സ്കൂളായ സ്കൂളെല്ലാം നീന്തല്‍ക്കുളമാകുന്ന കാലം വിദൂരമല്ലെന്ന് ഉറപ്പായി. കുളം കുഴിച്ചില്ലെങ്കില്‍ "പോര്‍ട്ടബിള്‍ സ്വിമ്മിങ് പൂള്‍" കൊണ്ടുവന്ന് കുട്ടികളെ നീന്തിക്കുമെന്ന വാശിയിലാണ് മന്ത്രി കെ ബി ഗണേഷ്കുമാര്‍ . എടുത്തുകൊണ്ടുപോകാവുന്ന നീന്തല്‍ക്കുളം മന്ത്രി ഗണേഷിന്റെ വകയാണെങ്കില്‍ റോഡിലെ കുളം മൂടാന്‍ ഒരുമ്പെട്ടിരിക്കുകയാണത്രേ മരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. മൃഗശാലകള്‍ മൃഗങ്ങളെ കൊണ്ടുനിറയ്ക്കുമെന്നായിരുന്നു മന്ത്രി പി കെ ജയലക്ഷ്മിയുടെ ഉറപ്പ്. നാടകകലാകാരന്മാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ സി ജോസഫ്. വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റമാണ് മന്ത്രി അബ്ദുറബ്ബിന്റെ മനസ്സ് നിറയെ... മന്ത്രിമാരുടെ മനക്കോട്ടയ്ക്ക് മനസ്സമ്മതം വേണ്ടല്ലോ. ജോസ് തെറ്റയില്‍ , ഹൈബി ഈഡന്‍ , കെ മുഹമ്മദുണ്ണി ഹാജി, ഷാഫി പറമ്പില്‍ , എന്‍ ഷംസുദീന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കെ ശ്രീകണ്ഠന്‍ deshabhimani 121011&131011

1 comment:

  1. പെരുമ്പാവൂരിലെ നിരപരാധിയുടെ അരുംകൊലയും കോഴിക്കോട്ടെ പൊലീസ് വെടിവയ്പും രണ്ടു തവണ ഇറങ്ങിപ്പോക്കിന് കളമൊരുക്കി. പെരുമ്പാവൂരില്‍ ബസ് യാത്രക്കാരനായ യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവം സാജുപോളാണ് അടിയന്തര പ്രമേയ നോട്ടീസ് വഴി ഉന്നയിച്ചത്. നിരപരാധിയായ യുവാവിന് നേരിട്ട ദാരുണാന്ത്യം സാജുപോള്‍ വിവരിച്ചു. പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ശൂന്യവേളയില്‍ ഇറങ്ങിപ്പോയി. കൊല്ലപ്പെട്ട രഘു തികച്ചും നിരപരാധിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പക്ഷേ, "മോറല്‍ പൊലീസിങ്ങിന്" മുമ്പില്‍ ജനം കാഴ്ചക്കാരായി നിന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍കൂടിയായ പൊലീസ് കോണ്‍സ്റ്റബിളാണ് പ്രതിസ്ഥാനത്തെന്ന് സാജുപോള്‍ ചൂണ്ടിക്കാട്ടിയത് ഭരണപക്ഷത്തെ പലര്‍ക്കും രസിച്ചില്ല. യുവാവിന്റെ മൃതദേഹം അടക്കംചെയ്യുന്നതിനുമുമ്പ്, തന്റെ ഗണ്‍മാന്‍ നിരപരാധിയാണെന്ന കെ സുധാകരന്റെ പ്രസ്താവന അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് സാജുപോള്‍ വ്യക്തമാക്കി. ജനകീയ പൊലീസ് മൃഗീയ പൊലീസ് ആയി മാറിയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

    ReplyDelete