ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിന് നേരെ നടന്ന കൊലപാതക ശ്രമം സംബന്ധിച്ച പൊലീസ് അന്വേഷണം ഇപ്പോഴും തുടങ്ങിയ ഇടത്തുതന്നെ. പടച്ചുകൂട്ടിയ കഥകള്‍ ഓരോന്നും കൊഴിഞ്ഞുവീഴുമ്പോഴും പുതിയ കഥകള്‍ തേടി അലയുകയാണ് അന്വേഷണസംഘം. നേരത്തേ മൂന്ന് ദിവസത്തിനകം സത്യം പുറത്തുവരുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ ബി ഗണേഷ്‌കുമാറിനും ഇപ്പോള്‍ മിണ്ടാട്ടമില്ല. പകരം ഡി ജി പിയെ രംഗത്തിറക്കി മൂന്ന് ദിവസ പ്രഖ്യാപനം ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 27 ന് രാത്രിയാണ് കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍ ഒക്‌ടോബര്‍ 12 കഴിഞ്ഞിട്ടും അന്വേഷണത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായതായി വെളിപ്പെടുത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് ശത്രുക്കളായി ബാലകൃഷ്ണപള്ളയും മന്ത്രി ഗണേഷ്‌കുമാറുമേയുള്ളൂവെന്ന് കൃഷ്ണകുമാറും ഭാര്യയും ആവര്‍ത്തിച്ചുപറഞ്ഞിട്ടും ഈ വഴിക്ക് കാര്യമായ അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം അക്രമിക്കപ്പെട്ട അധ്യാപകനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കഥകള്‍ സൃഷ്ടിക്കുന്നതിലായിരുന്നു പൊലീസിനു താത്പര്യം. ആദ്യം കൃഷ്ണകുമാറിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ അവിഹിതബന്ധം സ്ഥാപിച്ചെടുക്കുന്നതിന് പറ്റിയ സ്ത്രീയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ കൃഷ്ണകുമാറിനെ കൊള്ളപ്പലിശക്കാരനാക്കിമാറ്റി. പക്ഷേ സാമ്പത്തിക ഇടപാടുകള്‍ കൃഷ്ണകുമാര്‍ നടത്തുന്നില്ലെന്ന് വ്യക്തമായതോടെ ഈ കഥയും പൊലീസ് പരണത്തുവച്ചു.
തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നായി അടുത്തകഥ. കോവളത്ത് സമാനമായ രീതിയില്‍ നടന്ന അക്രമണത്തിന്റെ കഥയും ഈ വാദത്തിന് ബലമേകാനായി പുറത്തുകാണ്ടുവന്നു. എന്നാല്‍ കോവളം ആക്രമണത്തിന് പിന്നില്‍ ആരായിരുന്നുവെന്ന് ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അവിടെ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായ തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം ഈ ആക്രമണങ്ങള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണരീതിയുമായാണ് സാമ്യമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ആ വഴിക്കുള്ള നീക്കവും പൊലീസിന് അവസാനിപ്പിക്കേണ്ടിവന്നു.
അവസാനമാണ് കാറപകടത്തിന്റെ കഥ രംഗത്തുവരുന്നത്. വാളകത്തുവച്ച് കൃഷ്ണകുമാറിനെ വേഗതയില്‍ വന്ന കാര്‍ ഇടിച്ചിട്ടുവെന്നതാണ് ഈ കഥ. ഇതിന് ദൃക്‌സാക്ഷിയുടെയും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും പിന്തുണയും പൊലീസ് കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും അവയും പൊളിഞ്ഞു. ദൃക്‌സാക്ഷിയെന്ന് പൊലീസ് പ്രചരിപ്പിച്ചയാള്‍ നേരിട്ട് ഡി ജി പിക്ക് മുന്നില്‍ ഹാജരായി താന്‍ ദൃക്‌സാക്ഷിയല്ലെന്ന് വെളിപ്പെടുത്തുകയായിരുന്നു.
കൃഷ്ണകുമാറിന്റ മെഡിക്കല്‍ റിപ്പോര്‍ട്ടാവട്ടെ തട്ടിക്കൂട്ടിയതാണന്ന വാര്‍ത്തയും പുറത്തുവന്നുകഴിഞ്ഞു. ഹൈവെലോസിറ്റി റോഡ് ട്രാഫിക് ആക്‌സിഡന്റ് വിഭാഗത്തിലാണ് കൃഷ്ണകുമാറിനുണ്ടായ അപകടം മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 100 മുതല്‍ 120 കിലോമീറ്റര്‍വരെ സ്പീഡില്‍ സഞ്ചരിക്കുന്ന വാഹനം ഇടിച്ചുണ്ടാകുന്ന അപകടമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇത്രയും വേഗതയില്‍ വരുന്ന വാഹനമിടിച്ചാല്‍ തലച്ചോര്‍, തലയോട്ടി, നെഞ്ച്, നട്ടെല്ല്, കൈകാലുകള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്ക് പറ്റുകയും രോഗി മൃതാവസ്ഥയിലാകുകയും ചെയ്യും. കൃഷ്ണകുമാറിന്റെ ശരീരത്തിലാവട്ടെ പ്രത്യേകഭാഗത്തുമാത്രമേ പരിക്കുള്ളൂ. അതുകൊണ്ടുതന്നെ അപകടത്തിലുണ്ടായ പരിക്കല്ല ഇതെന്ന് വിദഗ്ദ്ധര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.
കൃഷ്ണകുമാര്‍ നിലമേലില്‍നിന്നും ബസില്‍ വാളകത്ത് വന്നിറങ്ങിയതിന് തെളിവ് സൃഷ്ടിക്കാന്‍ ശ്രമിച്ച നീക്കമാണ് ഇപ്പോള്‍ പൊളിയുന്നത്. അധ്യാപകനില്‍നിന്നും ബസ് ടിക്കറ്റ് കണ്ടെടുത്തുവെന്നുവരെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ രാത്രി 10 ന് നിലമേല്‍വഴി പോയ ബസില്‍ വാളകത്തേക്ക് യാത്രക്കാരനുണ്ടായിരുന്നില്ലെന്നാണ് കണ്ടക്ടറുടെ മൊഴി. ഇപ്പോള്‍ ഇതുവഴിപോയ 10 ബസുകളിലെ ഡ്രൈവര്‍മാരേയും കണ്ടക്ടര്‍മാരേയും ചോദ്യം ചെയ്ത് ഏതെങ്കിലും ബസില്‍ കൃഷ്ണകുമാര്‍ പോയിട്ടുണ്ടോയെന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമം. കൃഷ്ണകുമാര്‍ യാത്രചെയ്തുവെന്ന് പൊലീസ് പറയുന്ന സമയത്താണ് ഈ ബസ് പോയതെന്നതിനും തെളിവുണ്ടാക്കേണ്ടതിനാല്‍ മിക്കവാറും അടുത്ത കഥയുമായി പൊലീസ് ഉടന്‍ രംഗത്തെത്തിയേക്കും.
എസ് സന്തോഷ് janayugom 131011
ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിന് നേരെ നടന്ന കൊലപാതക ശ്രമം സംബന്ധിച്ച പൊലീസ് അന്വേഷണം ഇപ്പോഴും തുടങ്ങിയ ഇടത്തുതന്നെ. പടച്ചുകൂട്ടിയ കഥകള്‍ ഓരോന്നും കൊഴിഞ്ഞുവീഴുമ്പോഴും പുതിയ കഥകള്‍ തേടി അലയുകയാണ് അന്വേഷണസംഘം. നേരത്തേ മൂന്ന് ദിവസത്തിനകം സത്യം പുറത്തുവരുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ ബി ഗണേഷ്‌കുമാറിനും ഇപ്പോള്‍ മിണ്ടാട്ടമില്ല. പകരം ഡി ജി പിയെ രംഗത്തിറക്കി മൂന്ന് ദിവസ പ്രഖ്യാപനം ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍.
ReplyDelete