Wednesday, October 12, 2011

കൊല്ലുന്ന സര്‍ക്കാരിന് തിന്നുന്ന പൊലീസ്

യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസിന് എന്തൊക്കെ ചുമതലകള്‍ നിര്‍വഹിക്കാനുണ്ട് എന്ന് പരിശോധിച്ചാല്‍ അമ്പരപ്പിക്കുന്ന വൈചിത്ര്യങ്ങളാണ് തെളിയുക. മുഖ്യമന്ത്രിയെ എങ്ങനെ പാമൊലിന്‍ കേസില്‍നിന്ന് രക്ഷപ്പെടുത്താം എന്ന് ഗവേഷണം നടത്തുന്നത് ഡിജിപി റാങ്കിലുള്ള വിജിലന്‍സ് ഡയറക്ടറും സംഘവുമാണ്. ഭരണമുന്നണിയുടെ സ്ഥാപക നേതാവ് സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന വാളകം വധശ്രമക്കേസ് എങ്ങനെ വഴിതിരിച്ചുവിട്ട് അപകടമാക്കി മാറ്റാമെന്നത് പൊലീസിന്റെ മറ്റൊരു തലവേദന. കോഴിക്കോട്ട് ഒരു അസിസ്റ്റന്റ് കമീഷണര്‍ ആരുടെയും അനുവാദമില്ലാതെ കൈത്തോക്കെടുത്ത് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവച്ചാണ് തന്റെ ചുമതല നിറവേറ്റിയത്. ആകാശത്തേക്കല്ല, വിദ്യാര്‍ഥികള്‍ക്കു നേരെതന്നെയാണ് താന്‍ വെടിവച്ചതെന്ന് അയാള്‍ പരസ്യപ്രഖ്യാപനം നടത്തുകയുംചെയ്തു. സമരങ്ങളെ നേരിടാന്‍ ലാത്തിക്കും തോക്കിനും ഗ്രനേഡിനും പുറമെ കരിങ്കല്‍ചീളുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നാണ് സംസ്ഥാന വ്യാപകമായി പൊലീസ് പരീക്ഷിക്കുന്നത്.

അഴിമതിക്കേസുകളില്‍നിന്നും പെണ്‍വാണിഭക്കേസുകളില്‍നിന്നും മന്ത്രിമാരെ രക്ഷിച്ചെടുക്കാനുള്ള ഉത്തരവാദിത്തവും പൊലീസിനുതന്നെ. കാഞ്ഞങ്ങാട്ട് മുസ്ലിംലീഗുകാരുടെ അഴിഞ്ഞാട്ടത്തിന് സംരക്ഷണം നല്‍കുന്ന പണിയാണ് പൊലീസ് ഏറ്റെടുത്തത്. സംസ്ഥാനത്തെ പൊലീസ് സേന ഇത്രമാത്രം തരംതാണ അവസ്ഥ മുമ്പുണ്ടായിട്ടില്ല. ഭരിക്കുന്നവര്‍ക്കൊത്താകും സേനയുടെ സ്വഭാവവും. അഴിമതിയുടെയും കൊള്ളരുതായ്മകളുടെയും വര്‍ഗീയപ്രീണനത്തിന്റെയും പ്രതിരൂപമായ യുഡിഎഫ് സര്‍ക്കാര്‍ അത്തരം തെറ്റായ ചെയ്തികളുടെയാകെ സംരക്ഷകരായി പൊലീസ് സേനയെ മാറ്റുകയാണ്. വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് പോകുന്ന യുവാവിനെ ഒരു കാരണവുമില്ലാതെ ബസില്‍നിന്ന് പിടിച്ചിറക്കി തല്ലിക്കൊല്ലുക എന്നത് അചിന്തിതമായ ക്രൂരതയാണ്. അത് ചെയ്തതും ഉമ്മന്‍ചാണ്ടിയുടെ പൊലീസ് സേനയിലെ ഒരംഗംതന്നെ. ബസില്‍ പോക്കറ്റടിച്ചെന്ന് ആരോപിച്ച് പാലക്കാട് പെരുവെമ്പ് തങ്കയം വീട്ടില്‍ രഘുവിനെ (35) തല്ലിക്കൊന്നത് കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ സതീഷ് എന്ന പൊലീസ് കോണ്‍സ്റ്റബിളും മൂവാറ്റുപുഴ സ്വദേശി സന്തോഷും ചേര്‍ന്നാണ്. ഒരു പൊലീസുകാരന് ചെറുപ്പക്കാരനെ പരസ്യമായി തല്ലിക്കൊല്ലാനുള്ള ധൈര്യം ലഭിക്കണമെങ്കില്‍ അതിനുതക്ക പിന്തുണ ഉണ്ടാകണം. ആ പിന്തുണ സതീഷിനുണ്ടായിരുന്നു എന്നാണ്, തന്റെ ഗണ്‍മാന്റെ മര്‍ദനമേറ്റല്ല രഘു മരിച്ചത് എന്ന സുധാകരന്റെ അവകാശവാദത്തിലൂടെ തെളിഞ്ഞത്. നാട്ടുകാരും കെഎസ്ആര്‍ടിസി ജീവനക്കാരും ആക്രമണം കണ്ടു എന്നതും, രക്ഷപ്പെടാന്‍ നോക്കിയ കൊലപാതകികളെ തടഞ്ഞുവച്ചു എന്നതും കേസ് ഇത്രത്തോളം എത്തുന്നതിന് സഹായകമായി. ബസില്‍ പണം അപഹരിക്കപ്പെട്ടതായി പരാതി ഉണ്ടായിരുന്നില്ലെന്ന് കേസ് അന്വേഷിക്കുന്ന പൊലീസിന് സമ്മതിക്കേണ്ടിവന്നു. മര്‍ദനത്തിന്റെ ഫലമായി തലച്ചോറിലുണ്ടായ രക്തസ്രാവമാണ് രഘുവിന്റെ മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി വന്നപ്പോള്‍ , കൊലപാതകികളെ രക്ഷിക്കാനുള്ള പഴുതുകള്‍ അടഞ്ഞു. അതുകൊണ്ടാണ്, സുധാകരന്റെ പ്രസ്താവന മുഖവിലയ്ക്കെടുക്കാതെ പൊലീസിന് സതീഷിന്റെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടിവന്നത്. കൊല്ലപ്പെട്ട രഘു അധ്വാനിച്ച് ജീവിക്കുന്ന ചെറുപ്പക്കാരനാണ്. സ്വഭാവദൂഷ്യമുള്ളതായി ഇന്നുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.

നാട്ടുകാരും വീട്ടുകാരും തൊഴിലുടമയുമെല്ലാം രഘുവിനെക്കുറിച്ച് നല്ലതേ പറഞ്ഞിട്ടുള്ളൂ. സ്വര്‍ണം പണയംവച്ചതടക്കമുള്ള കാശ് രഘുവിന്റെ കൈയിലുണ്ടായിരുന്നത്, മോഷണമുതലായി കള്ളംപറഞ്ഞാണ് ക്രൂരമായ മര്‍ദനമുണ്ടായതെന്ന് ഇതുവരെ വന്ന വാര്‍ത്തകളില്‍ തെളിയുന്നു. ആ നിരപരാധി തല്ലുകൊണ്ട് തളര്‍ന്ന് വെള്ളം ചോദിച്ചപ്പോള്‍ അതുപോലും വിലക്കുകയായിരുന്നു സുധാകരന്റെ ഗണ്‍മാന്‍ . രഘു പോക്കറ്റടിക്കാരന്‍തന്നെയാണെന്നുവച്ചാലും ആരാണ് ഇവര്‍ക്ക് തല്ലിക്കൊല്ലാന്‍ അവകാശം കൊടുത്തത്? കൊലപാതകികള്‍ക്കെതിരെ കേസെടുത്തതുകൊണ്ടുമാത്രം അവസാനിക്കുന്ന പ്രശ്നമല്ലിത്. കെ സുധാകരന്‍ ഇന്നത്തെ യുഡിഎഫിന്റെ എല്ലാം തികഞ്ഞ പ്രതീകമാണ്. കണ്ണൂര്‍ ജില്ലയില്‍ അനേകം രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും പരസ്യമായിത്തന്നെ നടത്തിയ പാരമ്പര്യമാണ് ആ നേതാവിന്റേത്. വഴിയില്‍ നില്‍ക്കുകയായിരുന്ന നാല്‍പ്പാടി വാസു എന്ന ചെറുപ്പക്കാരനെ വെടിവച്ച് കൊന്ന്, തൊട്ടടുത്ത പട്ടണത്തില്‍ ചെന്ന്, ഒരുത്തനെ വെടിവച്ചിട്ടിട്ടുണ്ട് എന്ന് പ്രസംഗിക്കാനുള്ള ധാര്‍ഷ്ട്യം സുധാകരനുമാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോള്‍ , കണ്ണൂര്‍ ഡിസിസി പ്രസിഡന്റുസ്ഥാനം രാജിവച്ച പി രാമകൃഷ്ണന്‍ സുധാകരന്റെ ഗുണ്ടാ ബന്ധങ്ങളെക്കുറിച്ചും കൂത്തുപറമ്പ് വെടിവയ്പില്‍ വഹിച്ച പങ്കിനെക്കുറിച്ചും തുറന്നു പറഞ്ഞു. തനിക്ക് ഹിതകരമല്ലാത്ത നിലപാടെടുത്തതിന്റെ വൈരാഗ്യത്തില്‍ ഡിസിസി അംഗത്തെ കൊല്ലാക്കൊല ചെയ്തത് സുധാകരന്റെ ഗുണ്ടാസംഘമാണ്. തുടര്‍ച്ചയായി ഇത്തരം കുറ്റകൃത്യങ്ങളില്‍പെട്ടിട്ടും സുധാകരന്‍ നിയമത്തിന്റെ മുന്നില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. സിപിഐ എം നേതാവ് ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതും തോക്കും പണവും കൊടുത്തയച്ചതും സുധാകരനാണെന്ന് തെളിഞ്ഞതാണ്. ആ കേസിലും ഇന്നുവരെ സുധാകരന്‍ ശിക്ഷ ഏറ്റുവാങ്ങിയിട്ടില്ല.

എല്ലാത്തരം ക്രിമിനല്‍ പ്രവൃത്തിയും ഇങ്ങനെ നിയമത്തിന്റെ കണ്ണുവെട്ടിച്ച് ചെയ്യുന്ന നേതാവിന്റെ അംഗരക്ഷകന്‍ അതേ വഴി പിന്തുടരുന്നത് സ്വാഭാവികം. അത്തരമൊരു ബലമാണ്, ജനമധ്യത്തില്‍ ക്രൂരമായ കൊലപാതകം നടത്തുന്നതിലേക്ക് പൊലീസുകാരനെ എത്തിച്ചത്. ഒറ്റപ്പെട്ട സംഭവമല്ല, സര്‍ക്കാരിന്റെ പൊലീസ് നയത്തിന്റെയും ക്രിമിനല്‍ പശ്ചാത്തലത്തിന്റെയും അനിവാര്യമായ പാര്‍ശ്വഫലമാണ് പെരുമ്പാവൂരിലെ കൊലപാതകമെന്നര്‍ഥം. ഒരുനിമിഷംപോലും തുടരരുതാത്ത അവസ്ഥയാണിത്. കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം അടിയന്തരമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊലീസിനെ നിലയ്ക്കുനിര്‍ത്താനും കുറ്റവാളികളായ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കാനും ഉമ്മന്‍ചാണ്ടി തീരുമാനിക്കുന്നില്ലെങ്കില്‍ , അല്‍പ്പഭൂരിപക്ഷമുള്ള ഈ സര്‍ക്കാരിന് ജനരോഷത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായെന്നു വരില്ല. പൊലീസിനെപ്പോലെ തല്ലാന്‍ ജനങ്ങള്‍ക്കും കഴിയുമെന്നും നോവുന്ന ശരീരം രഘുവിനെപ്പോലുള്ള പാവങ്ങള്‍ക്കുമാത്രമല്ല എന്നും ബോധ്യപ്പെട്ട് പെരുമാറിയാല്‍ എല്ലാവര്‍ക്കും നല്ലത്.

deshabhimani editorial 131011

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസിന് എന്തൊക്കെ ചുമതലകള്‍ നിര്‍വഹിക്കാനുണ്ട് എന്ന് പരിശോധിച്ചാല്‍ അമ്പരപ്പിക്കുന്ന വൈചിത്ര്യങ്ങളാണ് തെളിയുക. മുഖ്യമന്ത്രിയെ എങ്ങനെ പാമൊലിന്‍ കേസില്‍നിന്ന് രക്ഷപ്പെടുത്താം എന്ന് ഗവേഷണം നടത്തുന്നത് ഡിജിപി റാങ്കിലുള്ള വിജിലന്‍സ് ഡയറക്ടറും സംഘവുമാണ്. ഭരണമുന്നണിയുടെ സ്ഥാപക നേതാവ് സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന വാളകം വധശ്രമക്കേസ് എങ്ങനെ വഴിതിരിച്ചുവിട്ട് അപകടമാക്കി മാറ്റാമെന്നത് പൊലീസിന്റെ മറ്റൊരു തലവേദന. കോഴിക്കോട്ട് ഒരു അസിസ്റ്റന്റ് കമീഷണര്‍ ആരുടെയും അനുവാദമില്ലാതെ കൈത്തോക്കെടുത്ത് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവച്ചാണ് തന്റെ ചുമതല നിറവേറ്റിയത്. ആകാശത്തേക്കല്ല, വിദ്യാര്‍ഥികള്‍ക്കു നേരെതന്നെയാണ് താന്‍ വെടിവച്ചതെന്ന് അയാള്‍ പരസ്യപ്രഖ്യാപനം നടത്തുകയുംചെയ്തു. സമരങ്ങളെ നേരിടാന്‍ ലാത്തിക്കും തോക്കിനും ഗ്രനേഡിനും പുറമെ കരിങ്കല്‍ചീളുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നാണ് സംസ്ഥാന വ്യാപകമായി പൊലീസ് പരീക്ഷിക്കുന്നത്.

    ReplyDelete