Saturday, November 19, 2011

സെക്രട്ടറിയറ്റില്‍ പിന്‍വാതില്‍ നിയമനം തകൃതി

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ വ്യാപകമായി പിന്‍വാതില്‍ നിയമനം. പൊതുഭരണവകുപ്പിലും ധനവകുപ്പിലുമായി എഴുപതോളം പേരെയാണ് വഴിവിട്ട് നിയമിച്ചത്. കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സെക്രട്ടറിയറ്റ് സര്‍വീസില്‍ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നത്. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് നാലുപേരെ നിയമിച്ചാണ് ധന വകുപ്പില്‍ അഴിമതി നിയമനങ്ങള്‍ക്ക് തുടക്കമിട്ടത്. വകുപ്പില്‍തന്നെ ഒഫീസ് സൂപ്രണ്ടായി വിരമിച്ച വനിതയ്ക്കും ടൈപ്പിസ്റ്റായി നിയമനം ലഭിച്ചു. കെ ജി നിര്‍മലയ്ക്കാണ് ഫിനാന്‍സ് (പിയു-എ) സെക്ഷനില്‍ നിയമനം ലഭിച്ചത്.

പൊതുഭരണവകുപ്പും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി ആള്‍ക്കാരെ നിയമിച്ചു. സാനിട്ടേഷന്‍ വിഭാഗത്തിലും തോട്ടം സംരക്ഷണ വിഭാഗത്തിലുമടക്കം അനധികൃത നിയമനം നടത്തി. സാനിട്ടേഷന്‍ വിഭാഗത്തില്‍ 16 പേരെയാണ് നിയമിച്ചത്. ഈ വിഭാഗത്തിലെ ധനപാലന്‍ എന്ന ജീവനക്കാരന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു. ജീവനക്കാര്‍ക്ക് ജോലിഭാരം കൂടുതലാണെന്നും അത് ആരോഗ്യത്തെ ബാധിക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ 15 ജീവനക്കാരെകൂടി നിയമിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശുപാര്‍ശ ചെയ്തതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ , സര്‍ക്കാരിന്റെ അതിവേഗ ബഹുദൂര നയത്തിന്റെ ഫലമായി ആവശ്യപ്പെട്ടതില്‍ അധികം പേരെ തിരുകിക്കയറ്റുകയായിരുന്നു.

ജനുവരിയില്‍ നടക്കുന്ന പുഷ്പോത്സവത്തിന്റെ നടത്തിപ്പിനാണത്രെ കഴിഞ്ഞമാസം നാലുപേരെ സെക്രട്ടറിയറ്റ് തോട്ടത്തില്‍ നിയമിച്ചത്. ഗാര്‍ഡന്‍ സൂപ്പര്‍വൈസറുടെ ആവശ്യപ്രകാരമാണ് നിയമനമെന്ന് ഉത്തരവിലുണ്ട്. തിരുവനന്തപുരം നഗരത്തിലും പരിസര മണ്ഡലങ്ങളിലുമുള്ളവരെയാണ് സെക്രട്ടറിയറ്റില്‍ വിവിധ വിഭാഗങ്ങളില്‍ തിരുകിക്കയറ്റുന്നത്. സെക്രട്ടറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങള്‍പ്രകാരം പിഎസ്സി വഴിയാണ് ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം നടത്തേണ്ടത്. ലിസ്റ്റ് നിലവിലില്ലെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിമാത്രമേ നിയമിക്കാവൂ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് ഒഴിവുകള്‍ക്ക് അനുസൃതമായി ലഭിക്കുന്ന ലിസ്റ്റില്‍നിന്ന് സംവരണ തത്വങ്ങള്‍ പാലിച്ച് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തിവേണം നിയമനം നല്‍കാന്‍ . ഈ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് നിയമനം നടത്തുന്നത്. ഡെപ്യൂട്ടേഷന്‍ നിയമനത്തിനും നീട്ടലിനും വന്‍ കോഴ പൊതുഭരണ വകുപ്പിലെ ഉന്നതര്‍ വാങ്ങുന്നതായ പരാതി വ്യാപകമാണ്. കോഴ നല്‍കാത്തവര്‍ക്ക് ഡെപ്യൂട്ടേഷന്‍ നിഷേധിക്കുന്നതായി ആക്ഷേപമുണ്ട്.

തച്ചങ്കരിയെ കുറ്റവിമുക്തനാക്കി അറിയിപ്പ് ലഭിച്ചോയെന്ന് വ്യക്തമാക്കണം: വി എസ്

ടോമിന്‍ തച്ചങ്കരിയെ കുറ്റവിമുക്തനാക്കി കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാന സര്‍ക്കാരിന് അറിയിപ്പ് നല്‍കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

അനധികൃതമായി വിദേശത്തുപോയി ദേശവിരുദ്ധശക്തികളുമായി രഹസ്യചര്‍ച്ച നടത്തിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് എന്‍ഐഎ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ഐജി ടോമിന്‍ തച്ചങ്കരി. കള്ളക്കടത്തടക്കം മറ്റു നിരവധി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസും തച്ചങ്കരിക്കെതിരെയുണ്ട്. അനധികൃത സ്വത്ത് സമ്പാദനം തെളിഞ്ഞതും കുറ്റപത്രം സമര്‍പ്പിച്ചതുമാണ്. തച്ചങ്കരിയെ തിരിച്ചെടുത്തപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശാനുസരണമാണ് തിരിച്ചെടുത്തതെന്നാണ്. അത് തെറ്റായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍തന്നെ പിന്നീട് വ്യക്തമാക്കി. നിരവധി കേസ് നിലനില്‍ക്കെ തച്ചങ്കരിയെ മാര്‍ക്കറ്റ്ഫെഡ് എംഡിയായി നിയമിക്കുകയും എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം നടത്തുകയും ചെയ്യുന്നു.

ദേശവിരുദ്ധ ശക്തികളുമായുള്ള ബന്ധം സംബന്ധിച്ച് തച്ചങ്കരിക്കെതിരെ പരാതി നല്‍കിയത് ഇന്ത്യയുടെ കുവൈത്ത് അംബാസഡറാണ്. വിദേശത്ത് അക്കൗണ്ട് തുടങ്ങുകയും അനധികൃത നിക്ഷേപം നടത്തുകയും ചെയ്തതു സംബന്ധിച്ച് തച്ചങ്കരിക്കെതിരെ സര്‍ക്കാരിന് പരാതി നല്‍കിയത് ഇപ്പോഴത്തെ ചീഫ് വിപ്പാണ്. അതെല്ലാം സംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടന്നുകൊണ്ടിരിക്കെ നിയമനം നല്‍കിയതും പ്രൊമോഷന് ശുപാര്‍ശ ചെയ്തതും ഏതടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

deshabhimani 191111

1 comment:

  1. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ വ്യാപകമായി പിന്‍വാതില്‍ നിയമനം. പൊതുഭരണവകുപ്പിലും ധനവകുപ്പിലുമായി എഴുപതോളം പേരെയാണ് വഴിവിട്ട് നിയമിച്ചത്. കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സെക്രട്ടറിയറ്റ് സര്‍വീസില്‍ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നത്.

    ReplyDelete