Saturday, November 19, 2011

അമേരിക്കയ്ക്ക് വഴങ്ങിയെന്ന് പ്രധാനമന്ത്രി സമ്മതിച്ചു


ആണവബാധ്യതാ നിയമത്തില്‍ അമേരിക്കയ്ക്ക് വഴങ്ങിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സമ്മതിച്ചു. അമേരിക്കന്‍ കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ചിലകാര്യങ്ങള്‍ ചെയ്തുവെന്ന് ഇന്തോനേഷ്യയിലെ ബാലിയില്‍ ആസിയാന്‍ ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആണവദാതാക്കളെ ബാധ്യതയില്‍നിന്ന് ഒഴിവാക്കാനുള്ള കൂടുതല്‍ നടപടികള്‍ക്ക് സന്നദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ ഏറ്റുപറച്ചില്‍ . അമേരിക്കന്‍ കമ്പനികള്‍ക്കുള്ള എല്ലാ ആശങ്കകളും പരിഹരിക്കാന്‍ തയ്യാറാണെന്നും ആണവബാധ്യതാ നിയമത്തിന്റെ ചട്ടക്കൂടില്‍നിന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കി. ആണവബാധ്യതാ നിയമത്തെക്കുറിച്ച് ഒബാമക്ക് വിശദീകരണം നല്‍കിയെന്ന് ഒരുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കുശേഷം മന്‍മോഹന്‍സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യ-അമേരിക്കന്‍ ബന്ധത്തില്‍ പ്രകോപനകരമായ ഒരു സംഗതിയും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിന്റെ നാലതിരുകള്‍ക്കകത്തുനിന്ന് അമേരിക്കയുടെ ഏത് പരാതിക്കും പരിഹാരം കാണാന്‍ സന്നദ്ധമാണ്. ബാധ്യതാനിയമത്തിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തിയതിലൂടെ അമേരിക്കന്‍ ആണവ കമ്പനികളുടെ ആശങ്കകളെ ഒരുപരിധിവരെ പരിഹരിക്കാനായി. ഇനിയും പരാതി ബാക്കിയുണ്ടെങ്കില്‍ അതും പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാണ്. ആണവദുരന്തത്തിനുള്ള അനുബന്ധ നഷ്ടപരിഹാര പ്രമാണം അംഗീകരിക്കാന്‍ തയ്യാറാണെന്ന് മന്‍മോഹന്‍സിങ് ഒബാമയെ അറിയിച്ചു. കഴിഞ്ഞ നവംബറിലെ ഒബാമയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-അമേരിക്ക ബന്ധം എല്ലാ ദിശകളിലും പുരോഗമിച്ചെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു.

2010 ഓഗസ്റ്റില്‍ പാസാക്കിയ ആണവ ബാധ്യതാ നിയമത്തിന്റെ ചട്ടങ്ങള്‍ ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ബാലിയില്‍ ഒബാമയുമായുള്ള മന്‍മോഹന്‍സിങ്ങിന്റെ കൂടിക്കാഴ്ചക്ക് മുന്നോടിയായിരുന്നു ഇത്. ആണവദുരന്തമുണ്ടായാല്‍ ആണവവസ്തുക്കളും റിയാക്ടറുകളും നല്‍കുന്ന കമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നിയമത്തിലെ 17(ബി) വ്യവസ്ഥ ലഘൂകരിച്ചു. പതിനേഴാം വകുപ്പ് പൂര്‍ണമായി ഒഴിവാക്കണമെന്ന അമേരിക്കയുടെ ആവശ്യം ബാലിയിലെ കൂടിക്കാഴ്ചയിലും ഒബാമ ആവര്‍ത്തിച്ചു. ഇതേതുടര്‍ന്നാണ് ഈ ആവശ്യവും പരിഗണിക്കാമെന്ന് മന്‍മോഹന്‍സിങ് ഉറപ്പുനല്‍കിയത്.

അമേരിക്കന്‍ കമ്പനികളായ ജനറല്‍ മോട്ടോഴ്സും വെസ്റ്റിങ് ഹൗസുമാണ് ആണവറിയാക്ടറും മറ്റും നല്‍കുന്ന കമ്പനികളെ പൂര്‍ണമായും ബാധ്യതയില്‍നിന്ന് ഒഴിവാക്കുംവിധം നിയമത്തില്‍ മാറ്റം വരുത്താന്‍ സമ്മര്‍ദം ചെലുത്തിയത്. ഫ്രഞ്ച് റിയാക്ടര്‍ കമ്പനിയായ അറീവ, റഷ്യന്‍ കമ്പനി റോസാറ്റം എന്നിവ പൊതുമേഖലാ കമ്പനികളായതിനാല്‍ ദുരന്തബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. അതിനാല്‍ അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ മാത്രമാണ് ബാധ്യത ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ഫലമായാണ് നിയമം പാസാക്കി ഒരു വര്‍ഷത്തിനുശേഷം ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തപ്പോള്‍ അമേരിക്കന്‍ കമ്പനികളെ ഒരു പരിധിവരെ ബാധ്യതയില്‍നിന്ന് ഒഴിവാക്കിയത്. അതേസമയം, ആണവബാധ്യതാ നിയമത്തിന്റെ ഉള്ളടക്കം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പൂര്‍ത്തിയായശേഷം പ്രതികരിക്കുമെന്നും യുഎസ് വിദേശകാര്യ വക്താവ് മാര്‍ക് ടോണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani 191111

1 comment:

  1. ആണവബാധ്യതാ നിയമത്തില്‍ അമേരിക്കയ്ക്ക് വഴങ്ങിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സമ്മതിച്ചു. അമേരിക്കന്‍ കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ചിലകാര്യങ്ങള്‍ ചെയ്തുവെന്ന് ഇന്തോനേഷ്യയിലെ ബാലിയില്‍ ആസിയാന്‍ ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആണവദാതാക്കളെ ബാധ്യതയില്‍നിന്ന് ഒഴിവാക്കാനുള്ള കൂടുതല്‍ നടപടികള്‍ക്ക് സന്നദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

    ReplyDelete