Tuesday, November 8, 2011

പ്രതിഷേധം അലയടിച്ചുയരട്ടെ

പെട്രോളിന്റെ വില അതുണ്ടാക്കുന്ന പൊതുമേഖലാ കമ്പനികള്‍ യുപിഎ സര്‍ക്കാരിന്റെ അനുമതിയോടെ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷം വലിയതോതിലുള്ള നാലാമത്തെ വര്‍ധനയാണ് ഇപ്പോഴത്തെ ലിറ്ററിന് 1.82 രൂപ വര്‍ധന. ജനുവരിയില്‍ 3.5 രൂപ, മേയില്‍ 5 രൂപ, സെപ്തംബറില്‍ 3.4 രൂപ എന്നിവയായിരുന്നു മറ്റു വര്‍ധനകള്‍ . ഇവയ്ക്കുപുറമെ പൈസ കണക്കില്‍ ചില വര്‍ധനകള്‍ വേറെയുമുണ്ടായി. 2010 ജൂണിനുശേഷം 13-ാമത്തെ വര്‍ധനയാണിത്. ഇത്തവണ പറയുന്ന ന്യായം അന്താരാഷ്ട്രതലത്തിലെ വിലക്കയറ്റമല്ല. രൂപയുടെ കൈമാറ്റ വിലയിലുണ്ടായ ശോഷണമാണ്. സെപ്തംബര്‍ 14ന് പെട്രോള്‍വില 3.14 രൂപ കണ്ട് വര്‍ധിച്ചപ്പോള്‍ ഡോളറിന് 48 രൂപയായിരുന്നു കൈമാറ്റനിരക്ക്. ഇപ്പോള്‍ അത് 49.15 ആയി വര്‍ധിച്ചിരിക്കുന്നു. അതിന് ഇത്രയും (1.82 രൂപ) വില കയറ്റണമോ എന്ന് സാമാന്യ ബുദ്ധിയുള്ള ആരും ചോദിക്കും. കാരണം അതല്ല. ഓരോമാസവും പെട്രോള്‍ വിലകയറ്റണമെന്ന് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂട്ടുമ്പോള്‍ ഓരോ കാരണംപറയണം. ഇപ്പോള്‍ അന്താരാഷ്ട്ര വിലക്കയറ്റം പറയാന്‍വയ്യ. അവിടെ പൊതുവില്‍ വില ഇടിയുകയാണ്. അതുകൊണ്ട് രൂപയുടെ കൈമാറ്റനിരക്ക് ഇടിഞ്ഞത് കാരണമാകുന്നു.

പെട്രോളിയം ഉല്‍പന്നങ്ങളുടെയോ ഭക്ഷ്യവസ്തുക്കളടക്കം നിത്യോപയോഗ സാധനങ്ങളുടെയോ വിലവര്‍ധന തടയണമെന്ന ആഗ്രഹം യുപിഎക്ക്, വിശേഷിച്ച് കോണ്‍ഗ്രസിന് ഇല്ല. വിലകളും പണപ്പെരുപ്പവും വര്‍ദ്ധിച്ചുകാണാനാണ് മുതലാളിമാരുടെ ആഗ്രഹം. മാന്ദ്യത്തിന്റെ കാലത്ത് തങ്ങളുടെ മൊത്തം ലാഭം കുറയാതിരിക്കണമെങ്കില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കണം. ഇടത്തരക്കാര്‍ വലിയ വിലകൊടുത്ത് അവ വാങ്ങിക്കൊള്ളും. പാവപ്പെട്ടവര്‍ എപ്പോഴും വയറുമുറുക്കിയാണ് ജീവിക്കുന്നത്. വിലകള്‍ കൂട്ടുമ്പോള്‍ കുറെക്കൂടി മുറുക്കേണ്ടിവരും. അതൊന്നും സമ്പന്ന വര്‍ഗങ്ങള്‍ക്ക് പ്രശ്നമല്ല-അവരുടെ പാര്‍ടികള്‍ക്കും ഗവണ്‍മെന്‍റിനും. അല്ലെങ്കില്‍ , വിലകള്‍ നിയന്ത്രിക്കണമെങ്കില്‍ , യുപിഎ ഗവണ്‍മെന്‍റിന് പോംവഴി ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിലയോ രൂപയുടെ കൈമാറ്റനിരക്കോ മാറുന്നതിന് അനുസരിച്ച് കേന്ദ്ര- സംസ്ഥാന നികുതികളില്‍ മാറ്റംവരുത്തിയാല്‍ മതി. പെട്രോള്‍ വിലയുടെ 52-53 ശതമാനം നികുതിയാണ്. അതായത്, യഥാര്‍ത്ഥ വിലയുടെ 107 ശതമാനത്തിലേറെ വരും, കേന്ദ്ര-സംസ്ഥാന നികുതികള്‍ . അതിനാല്‍ യഥാര്‍ത്ഥവില ഒരു രൂപ കൂടുമ്പോള്‍ നികുതി 1.07 രൂപ കൂടും. കഴിഞ്ഞവര്‍ഷം ജൂണിനുശേഷം 13.44 രൂപയാണ് വിലവര്‍ദ്ധന. ഇതില്‍ 7 രൂപയിലേറെ നികുതിയാണ്. അതിനുമുമ്പുണ്ടായിരുന്ന വിലയ്ക്കുള്ള നികുതി മതി തങ്ങള്‍ക്ക് എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ചിരുന്നെങ്കില്‍ വില 13.44 രൂപയ്ക്കുപകരം 6.44 രൂപ വര്‍ദ്ധിപ്പിച്ചാല്‍ മതിയാകുമായിരുന്നു. അതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. യുപിഎയും തയ്യാറല്ല. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന മനോഭാവമാണ് അവര്‍ക്കും. അതുകൊണ്ടാണ് വിലവര്‍ദ്ധന തടയാനോ നികുതി കുറയ്ക്കാനോ അവര്‍ തയ്യാറാകാത്തത്.

സാധാരണക്കാരില്‍നിന്ന് കൂടുതല്‍ പരോക്ഷ നികുതി ഈടാക്കി സമ്പന്നരെ നികുതി ബാധ്യതകളില്‍നിന്ന് ഒഴിവാക്കുകയാണ് അവര്‍ ചെയ്യുന്നത്. ഈ വര്‍ഷം 4.6 ലക്ഷം കോടി രൂപയുടെ നികുതി ഇളവ് അവര്‍ സമ്പന്നര്‍ക്ക് അനുവദിച്ചത് അങ്ങനെയാണ്. നികുതിഭാരംകൊണ്ടും വിലവര്‍ദ്ധനകൊണ്ടും പൊറുതിമുട്ടുന്ന ജനസാമാന്യത്തിന് പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ സമരംചെയ്യുകയല്ലാതെ നിര്‍വാഹമില്ല. യുപിഎ സര്‍ക്കാരിെന്‍റ ഈ പിഴച്ചപോക്ക് ശക്തമായ സമരംകൊണ്ട് തടയണ്ടതുണ്ട്. അല്ലെങ്കില്‍ സാധാരണക്കാരെയും പാവങ്ങളെയും അവര്‍ ഭീകരമായ നികുതിഭാരംകൊണ്ട് ശ്വാസംമുട്ടിച്ചു കൊല്ലും. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ജനദ്രോഹകരമായ സാമ്പത്തികനയവും അതിന്റെ സൃഷ്ടിയായ അടിക്കടിയുള്ള പെട്രോളിയം വിലവര്‍ദ്ധനയും പിന്‍വലിപ്പിക്കാന്‍ അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളും ഒരേ മനസ്സോടെ, ഒറ്റക്കെട്ടായി സമരമുന്നണിയില്‍ അണിനിരക്കേണ്ടിയിരിക്കുന്നു.

chintha editorial 111111

1 comment:

  1. പെട്രോളിന്റെ വില അതുണ്ടാക്കുന്ന പൊതുമേഖലാ കമ്പനികള്‍ യുപിഎ സര്‍ക്കാരിന്റെ അനുമതിയോടെ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷം വലിയതോതിലുള്ള നാലാമത്തെ വര്‍ധനയാണ് ഇപ്പോഴത്തെ ലിറ്ററിന് 1.82 രൂപ വര്‍ധന. ജനുവരിയില്‍ 3.5 രൂപ, മേയില്‍ 5 രൂപ, സെപ്തംബറില്‍ 3.4 രൂപ എന്നിവയായിരുന്നു മറ്റു വര്‍ധനകള്‍ . ഇവയ്ക്കുപുറമെ പൈസ കണക്കില്‍ ചില വര്‍ധനകള്‍ വേറെയുമുണ്ടായി. 2010 ജൂണിനുശേഷം 13-ാമത്തെ വര്‍ധനയാണിത്. ഇത്തവണ പറയുന്ന ന്യായം അന്താരാഷ്ട്രതലത്തിലെ വിലക്കയറ്റമല്ല. രൂപയുടെ കൈമാറ്റ വിലയിലുണ്ടായ ശോഷണമാണ്. സെപ്തംബര്‍ 14ന് പെട്രോള്‍വില 3.14 രൂപ കണ്ട് വര്‍ധിച്ചപ്പോള്‍ ഡോളറിന് 48 രൂപയായിരുന്നു കൈമാറ്റനിരക്ക്. ഇപ്പോള്‍ അത് 49.15 ആയി വര്‍ധിച്ചിരിക്കുന്നു. അതിന് ഇത്രയും (1.82 രൂപ) വില കയറ്റണമോ എന്ന് സാമാന്യ ബുദ്ധിയുള്ള ആരും ചോദിക്കും. കാരണം അതല്ല. ഓരോമാസവും പെട്രോള്‍ വിലകയറ്റണമെന്ന് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂട്ടുമ്പോള്‍ ഓരോ കാരണംപറയണം. ഇപ്പോള്‍ അന്താരാഷ്ട്ര വിലക്കയറ്റം പറയാന്‍വയ്യ. അവിടെ പൊതുവില്‍ വില ഇടിയുകയാണ്. അതുകൊണ്ട് രൂപയുടെ കൈമാറ്റനിരക്ക് ഇടിഞ്ഞത് കാരണമാകുന്നു.

    ReplyDelete