Wednesday, January 11, 2012

യു ഡി എഫ് സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനനയം എസ് സി ഇ ആര്‍ ടിയിലും

റിസര്‍ച്ച് ഓഫീസര്‍മാരെ പിരിച്ചുവിട്ടു

ജാതി, മത, സാമുദായിക സംഘടനകള്‍ക്ക് വിടുപണി ചെയ്യുന്ന യു ഡി എഫ് സര്‍ക്കാരിന്റെ പിരിച്ചുവിടല്‍ രാഷ്ട്രീയക്കളി വീണ്ടും. സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിവന്ന എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍മാരെ മത സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി സര്‍ക്കാര്‍ പിരിച്ചുവിട്ടു.

വിദ്യാഭ്യാസവകുപ്പിനെ മതസംഘടനകളുടെ കാല്‍ക്കല്‍ കെട്ടിയിടാനുള്ള കോണ്‍ഗ്രസ്-ലീഗ് നീക്കങ്ങളുടെ ഇരയായ ഇവര്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം നടത്തുന്ന അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍മാരാണ്. ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ സാമൂഹ്യപാഠപുസ്തകം തയ്യാറാക്കുന്നതിന്റെ ചുമതല വഹിക്കുന്ന റിസര്‍ച്ച് ഓഫീസര്‍ സി മധുസൂദനനെയും ആറ്, എട്ട് ക്ലാസ്സുകളിലെ സാമൂഹ്യപാഠ പുസ്‌കതത്തിന്റെ ചുമതലയുണ്ടായിരുന്ന കെ രമേശിനെയുമാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. കരിക്കുലം ഫ്രെയിംവര്‍ക്ക് കമ്മിറ്റിയുടെ ജോയിന്റ് കണ്‍വീനറായ മധുസൂദനനെയും സാമൂഹ്യശാസ്ത്ര സമീപനരേഖയുടെ ജോയിന്റ് കണ്‍വീനറായ കെ രമേശിനെയും നോട്ടീസ് പോലും നല്‍കാതെയാണ് എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ കെ എ ഹാഷിം പിരിച്ചുവിട്ടത്. പാഠപുസ്തക പരിഷ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഓഫീസര്‍മാരെയും അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍മാരെയും രാഷ്ട്രീയ ലക്ഷ്യം വച്ച് പുറത്താക്കുന്നത് ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്.

അഭിമുഖ പരീക്ഷയുടെയും എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തില്‍ ഡയറ്റില്‍ നിന്ന് നിയമിച്ചവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. ഇവരോടൊപ്പം നിയമിതരായ അഞ്ചുപേരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്. മുമ്പ് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തും പാഠപുസ്തക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവ പങ്കാളികളായിരുന്നു. പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര വിവാദത്തെ തുടര്‍ന്നുള്ള ഉള്ളുകളികളാണ് പിരിച്ചുവിടലില്‍ എത്തി നില്‍ക്കുന്നത്. സാമൂഹ്യശാസ്ത്ര പാഠഭാഗത്തെ പറ്റിയുയര്‍ന്ന വിവാദം പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഡോ. ബാബുപോള്‍, ഡോ. ശോഭനന്‍ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ അക്കാദമിക് സമൂഹത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വിദ്യാഭ്യാസവകുപ്പിന് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ജാതി, മത സംഘടനകളുടെ ശക്തമായ സമ്മര്‍ദത്തിന് കീഴടങ്ങിയാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് പിരിച്ചുവിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രപഠനത്തിനായി എസ് സി  ഇ ആര്‍ ടി തയ്യാറാക്കിയ പാഠപുസ്തകമാണ് അനാവശ്യവിവാദത്തില്‍പ്പെട്ടത്. നിരീശ്വരവാദവും കമ്മ്യൂണിസവും പ്രചരിപ്പിക്കുന്നു എന്ന പതിവ് പ്രചരണമാണ് ജാതി, മതസംഘടനകള്‍ നടത്തിയത്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ യു ഡി എഫും വിവാദം ആളിക്കത്തിച്ചു. 'ആധുനിക ലോകത്തിന്റെ ഉദയം' എന്ന പാഠഭാഗം ചരിത്ര സന്ദര്‍ഭത്തെ അധിഷ്ടിതമായുള്ളതായിരുന്നു. പാഠഭാഗത്തിന്റെ ഉപശീര്‍ഷകമനായി കൊടുത്തിരുന്ന നവോത്ഥാനത്തെ ക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു ദൈവനിന്ദയും മതവികാരങ്ങളുടെ വ്രണപ്പെടുത്തലുമായി ദര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്.

യു ഡി എഫ് സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ പിരിച്ചുവിടല്‍ നടപടി. തങ്ങള്‍ക്ക് ബോധിക്കാത്തവരെ ഒഴിവാക്കി യോഗ്യതയില്ലാത്തവരെ തല്‍സ്ഥാനത്ത് തിരുകി കയറ്റുക എന്നതാണ് വകുപ്പ് മന്ത്രിയും കൂട്ടരും അനുവര്‍ത്തിക്കുന്ന രീതി. ഇപ്പോള്‍ പിരിച്ചുവിട്ടവര്‍ക്ക് പകരം യോഗ്യതയില്ലാത്തവരെ തല്‍സ്ഥാനങ്ങളില്‍ നിയമിക്കാനുള്ള അണിയറ നീക്കവും തകൃതിയാണ്. ഈ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവര്‍ക്ക് സ്‌കൂള്‍ സര്‍വീസ് നിര്‍ബന്ധമാണ്. ഇത് മറികടന്ന് നിയമനം നടത്താനാണ് നീക്കം. കൂടാതെ ഓപ്പണ്‍ സ്‌കൂളിലും എസ് സി ഇ ആര്‍ ടിയിലും ജോലിച്ചെയ്യുന്ന എഴുപതോളം ഡി ടി പി ഓപ്പറേറ്റര്‍മാരെയും അറ്റന്‍ഡര്‍മാരെയും പിരിച്ചുവിടാനും നീക്കം തുടങ്ങി. നേരത്തെ കരിക്കുലം കമ്മിറ്റി വര്‍ഗീയവല്‍ക്കരിക്കാന്‍ നടത്തിയ നീക്കവും വിവാദമായിരുന്നു.

janayugom 110112

1 comment:

  1. ജാതി, മത, സാമുദായിക സംഘടനകള്‍ക്ക് വിടുപണി ചെയ്യുന്ന യു ഡി എഫ് സര്‍ക്കാരിന്റെ പിരിച്ചുവിടല്‍ രാഷ്ട്രീയക്കളി വീണ്ടും. സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിവന്ന എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍മാരെ മത സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി സര്‍ക്കാര്‍ പിരിച്ചുവിട്ടു.

    ReplyDelete