Tuesday, January 10, 2012

അധികാരവികേന്ദ്രീകരണം അട്ടിമറിക്കുന്നു: 8570 കിലോമീറ്റര്‍ റോഡ് പി ഡബ്ല്യു ഡി ഏറ്റെടുത്തു

തദ്ദേശസ്ഥാപനങ്ങളുടെ കൈവശമുണ്ടായിരുന്ന 8570 കിലോമീറ്റര്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. മുഖ്യമന്ത്രി പ്രഖ്യാപിച്ച സപ്തധാര പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് ഈ റോഡുകളുടെ നവീകരണം.

ഏറ്റെടുത്ത റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തുമെന്നും ഘട്ടംഘട്ടമായി മറ്റു റോഡുകള്‍ ഏറ്റെടുക്കുമെന്നും മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ റോഡ് ഏറ്റെടുക്കുന്നത്. 1135 കിലോമീറ്റര്‍. തിരുവനന്തപുരം (948.492), കൊല്ലം (306.845), പത്തനംതിട്ട (745.72), ആലപ്പുഴ (270.638), കോട്ടയം (432.539), ഇടുക്കി (450.706), എറണാകുളം മൂവാറ്റുപുഴ ഡിവിഷന്‍ (620.830), എറണാകുളം ഡിവിഷന്‍ (449.937), തൃശൂര്‍ (390.153), പാലക്കാട് (588.543), മലപ്പുറം (879.687), വയനാട് (262.962), കണ്ണൂര്‍ (560.041), കാസര്‍കോട്  (527.610) കിലോമീറ്റര്‍ റോഡുകളാണ് ഏറ്റെടുത്തത്. ഇതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി വാര്‍ത്താക്കുറുപ്പില്‍ അവകാശപ്പെട്ടു.

നിലവിലുള്ള ശോചനീയാവസ്ഥമാറ്റി റോഡുകളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്തിന് കൈമാറിയ റോഡുകള്‍ ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നതെങ്കിലും ഫലത്തില്‍ ഈ തീരുമാനം അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ്.

എല്‍ ഡി എഫ് സര്‍ക്കാരാണ് സംസ്ഥാനത്തെ റോഡുകള്‍ ജില്ലാ പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനുമായി വികേന്ദ്രീകരിച്ച് നല്‍കിയത്. 1.5 ലക്ഷം കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള സംസ്ഥാനത്തെ റോഡ് ശൃംഖലയില്‍ 24,000 ത്തോളം കിലോമീറ്റര്‍ റോഡ് മാത്രമാണ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. അധികാരം വികേന്ദ്രീകരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള ഈ വികസന പദ്ധതി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. റോഡുകളുടെ നിര്‍മാണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച് അവയ്ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കി അവയുടെ നിര്‍മാണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന പദ്ധതിയാണ് 1996-2001 കാലയളവില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്.

പദ്ധതി മികച്ച രീതിയില്‍ നടന്നുവന്നെങ്കിലും തുടര്‍ന്ന് വന്ന യു ഡി എഫ് സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കാതിരുന്നതിനാല്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. 2006 ല്‍ അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കി തദ്ദേശ സ്ഥാപനങ്ങളെക്കൊണ്ട് തന്നെ ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് 400 കോടിയോളം രൂപയാണ് ഇത്തരം റോഡുകളുടെ നിര്‍മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. എന്നാല്‍ ഫണ്ടിന്റെ ലഭ്യത ഇപ്പോള്‍ വീണ്ടും കുറച്ചതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത്. നിലവില്‍ പണി നടക്കുന്നവ പോലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഫണ്ടാണ്.

ജില്ലാ പഞ്ചായത്തുകളെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ ജനപ്രതിനിധികളുടെ  പ്രാതിനിധ്യം കൂടി ഉറപ്പ് വരുന്നതിനാല്‍ അഴിമതി താരതമ്യേന കുറവായിരുന്നു. എന്നാല്‍ ഇവയുടെ നിര്‍മാണം വീണ്ടും പൊതുമരാമത്തിനെ ഏല്‍പ്പിക്കുന്നതോടെ ഉദ്യോഗസ്ഥ അഴിമതി വര്‍ധിക്കുന്നതിന് കാരണമാകുമെന്ന ആക്ഷേപവുമുണ്ട്. പൊതുമരാമത്ത് വകുപ്പിനെ അടിമുടി പരിഷ്‌കരിക്കുന്നതിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളും യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറിച്ചുകഴിഞ്ഞു.

janayugom 110112

1 comment:

  1. തദ്ദേശസ്ഥാപനങ്ങളുടെ കൈവശമുണ്ടായിരുന്ന 8570 കിലോമീറ്റര്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. മുഖ്യമന്ത്രി പ്രഖ്യാപിച്ച സപ്തധാര പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് ഈ റോഡുകളുടെ നവീകരണം.

    ReplyDelete