Wednesday, January 11, 2012

യു ഡി എഫ് യുവാക്കളെ വഞ്ചിക്കുകയാണ്

തസ്തികകള്‍ വെട്ടിക്കുറച്ചും നിയമന നിരോധനം നടപ്പിലാക്കിയും യു ഡി എഫ് ഗവണ്‍മെന്റ് അതിന്റെ യഥാര്‍ഥ മുഖം പുറത്തുകാണിക്കാന്‍ തുനിയുകയാണ്. ഭരണത്തിന്റെ മധുവിധുകാലം തീരും മുമ്പെ കേരളത്തിലെ ചെറുപ്പക്കാരുടെ ജീവിത പ്രതീക്ഷകള്‍ തല്ലിക്കൊഴിക്കാന്‍ നടത്തുന്ന ഈ കരുനീക്കം പ്രബുദ്ധകേരളം അനുവദിക്കില്ല.

കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ അധികമാണെന്നാണ് സര്‍ക്കാരിന്റെ വാദം. അധിക തസ്തികകളുടെ കൃത്യമായ എണ്ണം കണ്ടെത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്. പ്രസ്തുത കമ്മറ്റിക്കു മൂന്നുമാസത്തെ കാലപരിധിയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തസ്തികകള്‍ കൃത്യമായി തീരുമാനിക്കപ്പെടുമത്രെ. അതുവരെ നിര്‍ണായക തസ്തികകളില്ലാതെ നിയമനം നടത്തരുതെന്നാണ് വിവിധ വകുപ്പുകള്‍ക്കു ധനകാര്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തസ്തികകളുടെ 'നിര്‍ണായകത്വ'ത്തിന്റെ മാനദണ്ഡമെന്താണ്? യു ഡി എഫ് ഭരണത്തില്‍ അത് എന്തും ആകാമെന്നാണ് അനുഭവങ്ങള്‍ അറിയിക്കുന്നത്.

പി എസ് സി യുടെ 430 റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടി നിയമനം കാത്തിരിക്കുന്ന പതിനായിരക്കണക്കിനു ചെറുപ്പക്കാരാണ് കേരളത്തിലുള്ളത്. അഡൈ്വസ് മെമ്മോ കൈപ്പറ്റിയ 500 ല്‍പ്പരം ഉദ്യോഗാര്‍ഥികളുടെ സ്വപ്നങ്ങളും സോപ്പുകുമിളപോലെ പൊട്ടി പോകുന്ന അവസ്ഥയിലാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളെ ക്രമേണ ക്രമേണയായി നോക്കുകുത്തിയാക്കണമെന്ന നിയോലിബറല്‍ നയങ്ങളാണ് യു ഡി എഫ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. തസ്തിക കുറയ്ക്കലും നിയമന നിരോധനവും അതിന്റെ ആദ്യത്തെ ചുവടുവയ്പാണ്. 2001 ല്‍ യു ഡി എഫ് സര്‍ക്കാര്‍ ഇതിനായി കോപ്പുകൂട്ടിയത് ആരും മറന്നിട്ടില്ല. അന്ന് 32 ദിവസം നീണ്ട പണിമുടക്കിലൂടെയാണ് ജീവനക്കാരും ജനങ്ങളും അതിനെ പൊരുതി തോല്‍പിച്ചത്. അതിന്റെ പാഠങ്ങളൊന്നും യു ഡി എഫ് പഠിച്ചില്ല. വീണ്ടും അതേ നയം നടപ്പിലാക്കാനുള്ള കുതന്ത്രങ്ങളാണ് അവര്‍ ഇപ്പോള്‍ മെനയുന്നത്.

ഇതേ യു ഡി എഫ് സര്‍ക്കാരാണ് ഏതാനും ദിവസം മുമ്പ് തൊഴില്‍ രഹിതരായ ചെറുപ്പക്കാരെക്കുറിച്ച് വാതോരാതെ സങ്കടം പറഞ്ഞത്. അന്ന് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള പ്രയാസങ്ങള്‍ പി എസ് സി ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടിയും കൂട്ടരും മാറത്തടിച്ചു വിലപിച്ചത്. മുമ്പ് രണ്ടുതവണ കാലാവധി നീട്ടിയിട്ടും ആരേയും നിയമിക്കാതിരുന്ന സര്‍ക്കാരാണു മൂന്നാം തവണയും കാലാവധി നീട്ടാന്‍ പി എസ് സിയോട് കല്‍പിച്ചത്. ഇപ്പോള്‍ മൂന്നാമതായി മൂന്നുമാസത്തേക്കു വീണ്ടും കാലാവധി നീട്ടപ്പെട്ടു. അതിന്റെ പ്രയോജനം ഒരു ഉദ്യോഗാര്‍ഥിക്കുപോലും ലഭിക്കില്ലെന്നുറപ്പാണ്. എന്തുകൊണ്ടെന്നാല്‍ സെക്രട്ടറിതല റിപ്പോര്‍ട്ട് വരുമ്പോള്‍ നീട്ടിയതിന്റെ കാലാവധി കഴിഞ്ഞിരിക്കും. പരന്ന പാത്രത്തില്‍ കൊറ്റിക്ക് സദ്യ വിളമ്പിയ കുറുക്കന്റെ കഥയാണ് യു ഡി എഫ് സര്‍ക്കാര്‍ ഓര്‍മിപ്പിക്കുന്നത്. പി എസ് സി ലിസ്റ്റിന്റെ കാലാവധി നീട്ടിയതിന്റെ പേരില്‍ അവര്‍ ചെറുപ്പക്കാരുടെ കൈയടി ആവശ്യപ്പെടുന്നു. അതേസമയം തസ്തിക വെട്ടിച്ചുരുക്കിയും നിയമന നിരോധനം നടപ്പിലാക്കിയും അവര്‍ ചെറുപ്പക്കാരുടെ മുമ്പിലെ പ്രതീക്ഷയുടെ വാതില്‍ കൊട്ടിയടയ്ക്കുന്നു. ഈ കൊടുംവഞ്ചന കേരളം പൊറുക്കില്ല. അതിനെതിരായ പ്രതിഷേധ കൊടുങ്കാറ്റ് നാട്ടിലെമ്പാടും ഉയര്‍ന്നുവരട്ടെ.

janayugom editorial 110112

1 comment:

  1. തസ്തികകള്‍ വെട്ടിക്കുറച്ചും നിയമന നിരോധനം നടപ്പിലാക്കിയും യു ഡി എഫ് ഗവണ്‍മെന്റ് അതിന്റെ യഥാര്‍ഥ മുഖം പുറത്തുകാണിക്കാന്‍ തുനിയുകയാണ്. ഭരണത്തിന്റെ മധുവിധുകാലം തീരും മുമ്പെ കേരളത്തിലെ ചെറുപ്പക്കാരുടെ ജീവിത പ്രതീക്ഷകള്‍ തല്ലിക്കൊഴിക്കാന്‍ നടത്തുന്ന ഈ കരുനീക്കം പ്രബുദ്ധകേരളം അനുവദിക്കില്ല.

    ReplyDelete