Tuesday, January 24, 2012

പോരാട്ടങ്ങളിലൂടെ - സേലം സമരം, കയ്യൂര്‍, കരിവെള്ളൂര്‍,മേനി സമരം,പുന്നപ്ര വയലാര്‍..

പുന്നപ്ര-വയലാര്‍: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല അധ്യായം

കാലഘട്ടത്തിന്റെ തെറ്റുകള്‍ തിരുത്തിയെഴുതിയ പോരാട്ടമായാണ് പുന്നപ്ര വയലാര്‍ സമരത്തെ ഗണിക്കുന്നത്.കേരളത്തിന്റെ ചരിത്ര പുസ്തകത്തില്‍ നിണമണിഞ്ഞ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത പുന്നപ്ര-വയലാര്‍  എന്ത്, എന്തിനുവേണ്ടി, എങ്ങിനെ...എന്നത് സംക്ഷിപ്തമായി ചുരുക്കുവാന്‍ കഴിയാത്തത്ര വിശാലമാണ്. വര്‍ഷം 1946, തിരുവിതാംകൂര്‍ ഭരണത്തിന്റെ അഹന്തയുമായി ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ വിഹരിക്കുന്ന കാലം. ദിവാന്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉന്നയിച്ചതിനെ തുടര്‍ന്ന് നാടാകെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ന്നു. തൊഴിലാളികള്‍ സമരരംഗത്തേയ്ക്ക് കുതിച്ചെത്തി.ആലപ്പുഴ ജില്ലയിലെ പുന്നപ്രയും പിന്നീട് വയലാറും കനത്ത പോരാട്ടത്തിന്റെ നിലങ്ങളായി. ദിവാനും  പിണിയാളുകളും തൊഴിലാളികള്‍ക്കു നേരെ പ്രയോഗിച്ചത് മൃഗീയ മര്‍ദ്ദന മുറകളായിരുന്നു. എന്നാല്‍ എന്തും നേരിടാന്‍ കെല്‍പ്പുള്ള തുടിക്കുന്ന മനസ്സിനെയും, അദ്ധ്വാനിച്ച് പതംവന്ന ശരീരത്തെയും തോല്‍പ്പിക്കുവാന്‍ ഒരു ശക്തിക്കും കഴിഞ്ഞില്ല.
 ആര്‍ ശ്രീനിവാസ്

ഓര്‍മ്മകളില്‍ ആവേശമായി മേനി സമരം

മധ്യതിരുവിതാംകൂറിലെ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റം രചിച്ച സുപ്രധാന സമരമാണ് വള്ളികുന്നത്തെ മേനി സമരം. ഒരു ജന്മി കുടുംബം കര്‍ഷകതൊഴിലാളിക്ക് ജോലി നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ ആദ്യത്തെ തൊഴില്‍സമരമാണത്.

ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജന്മി കുടുംബമായിരുന്ന ലക്ഷ്മിവിലാസത്തെ അടിയാനായിരുന്നു മേനി. സൂര്യന്‍ ഉദിക്കും മുന്‍പേ പാടത്തെ ചേറിലും ചെളിയിലും ഇറങ്ങി അസ്തമയംവരെ പണിയെടുക്കണമെന്നായിരുന്നു അക്കാലത്തെ നാട്ടുനടപ്പ്. പകലന്തിയോളം പണി ചെയ്ത് ക്ഷീണിച്ചെത്തുന്ന തൊഴിലാളിക്ക് ജന്മിയുടെ വീട്ടില്‍ ചെന്നാലും അവിടെയും എടുപ്പത് പണി. കന്നുകാലികള്‍ക്ക് വെള്ളവും വൈക്കോലും കൊടുത്തശേഷം പുറത്തെ മറ്റ് പണികളും ചെയ്താല്‍ മാത്രമെ കുടിയിലേക്ക് പോകുവാന്‍ പാടുള്ളൂ. അന്ന് കൂലിയായി കിട്ടുന്നത് ഒന്നോ  ഒന്നരയോ ഇടങ്ങഴി നെല്ല്. അത് വീട്ടില്‍ കൊണ്ടുപോടി വറുത്ത് കുത്തി കഞ്ഞിയാക്കി വേണം ആഹാരം കഴിക്കാന്‍. കഞ്ഞികുടി കഴിയുമ്പോഴേക്കും നേരം പരപരാ വെളുത്തിരിക്കും. തുടര്‍ന്ന് നേരം വെളുക്കുന്നതിന് മുന്‍പേ വീണ്ടും പാടത്തേക്ക്. താമസിച്ചാല്‍ ജന്മിയുടെ വക അടി ഉറപ്പായിരുന്നു.
(എ ബൈജു )

കരിവെള്ളൂര്‍; പോരാട്ടങ്ങളുടെ തീചൂടേറ്റു ചുകന്ന മണ്ണ്

സമരപുളകങ്ങളേറ്റു വാങ്ങി ചുമന്ന മണ്ണാണ് കരിവെള്ളൂര്‍. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ ഐതിഹാസികമായ ചെറുത്തുനില്‍പ്പുകള്‍ കൊണ്ട് പുളകിതമായ മണ്ണ്. 1946 ഡിസംബര്‍ 20നാണ്  ഐതിഹാസികമായ കരിവെള്ളൂര്‍ സമരം നടന്നത്. ഭക്ഷ്യക്ഷാമം മൂലം ഭക്ഷണം ലഭിക്കാതെ ജനങ്ങള്‍ പട്ടിണിയുടെ പിടിയിലകപ്പെടുകയും കോളറയും വസൂരിയും കാരണം ആയിരക്കണക്കിനാളുകള്‍ ചത്തൊടുങ്ങുകയും ചെയ്ത ദുരിതകാലം കൂടിയായിരുന്നു അന്ന്.

ഈ സമയത്തും സാധാരണജനത്തെ അവഗണിച്ചു കൊണ്ടുള്ള കിരാതനടപടിക്കാണ് ജന്മിത്വം മുതിര്‍ന്നത്. ജന്മിമാര്‍ മുഴുവന്‍ കൃഷിക്കാരെയും വാരത്തിന്റെയും പാട്ടത്തിന്റെയും മറ്റും പേരില്‍ പിഴിഞ്ഞുകൊണ്ടിരുന്നു. അഭിമാനബോധമുള്ള കമ്മ്യൂണിസ്റ്റുകാര്‍ക്ക് വെറുതെയിരിക്കാന്‍ കഴിയുന്ന സന്ദര്‍ഭമായിരുന്നില്ല അത്.

അനീതിക്കെതിരെ പൊരുതാനും ചെറുത്തുനില്‍ക്കാനുമുള്ള തീരുമാനം വിപ്ലവകരമായ സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടു. ചിറക്കല്‍ താലൂക്കിലെ പയ്യന്നൂര്‍ ഫര്‍ക്കയിലായിരുന്നു കരിവെള്ളൂര്‍ വില്ലേജ്. ചിറക്കല്‍ തമ്പുരാന്‍ പാട്ടമായി വളരെയധികം നെല്ല് കമ്മി പ്രദേശമായിട്ടും കരിവെള്ളൂരില്‍ നിന്നും കൊണ്ടു പോയി. പാവപ്പെട്ട പാട്ടകൃഷിക്കാരെ ഭീഷണിപ്പെടുത്തിയായിരുന്നു ഈ നെല്ല് കടത്ത്. ഇതിനെതിരെ ചെറുത്തുനില്‍പ്പുകള്‍ അനിവാര്യമായി. സഖാവ് ഏ വിയുടെ (എ വി കുഞ്ഞമ്പു) നേതൃത്വത്തില്‍ കരിവെള്ളൂരിലെ കൃഷിക്കാര്‍ ഒറ്റക്കെട്ടായി സംഘടിച്ച് ചിറക്കല്‍ കോവിലകത്തേക്കു മാര്‍ച്ച് ചെയ്തത് ഈ അനീതിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ്. കരിവെള്ളൂരിലെ കൃഷിക്കാരില്‍ നിന്ന് പാട്ടം പിരിച്ച് നെല്ല് കടത്തിക്കൊണ്ടു പോകാന്‍ പാടില്ലെന്നും ആ നെല്ല് കരിവെള്ളൂര്‍ സൊസൈറ്റി മുഖാന്തിരം വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് തമ്പുരാനും കാര്യസ്ഥന്മാരും ചെവിക്കൊണ്ടില്ല.

കരിവെള്ളൂരിന്റെ മണ്ണില്‍ നിന്ന് ഒരു മണിനെല്ല് പോലും കടത്തിക്കൊണ്ടു പോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് കര്‍ഷകരും കര്‍ഷകതൊഴിലാളികളും ഏ വി യുടെ നേതൃത്വത്തില്‍ തീരുമാനിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് തമ്പുരാനും കാര്യസ്ഥന്‍മാരും പൊലീസും ഗുണ്ടകളുമെല്ലാം ചേര്‍ന്ന് നെല്ലുകടത്താന്‍ തയ്യാറായി. ഇതോടെ കരിവെള്ളൂരിന്റെ ചരിത്രം മാറ്റിയെഴുതിയ സമരപോരാട്ടത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. എം എസ് പിക്കാര്‍ നെല്ല് ചാക്കുകള്‍ക്ക് ഉരുക്കുമതില്‍ തീര്‍ത്തു. സഖാവ് ഏ വി യുടേയും കൃഷ്ണന്‍ മാസ്റ്ററുടേയും നേതൃത്വത്തില്‍ കിഴക്കുനിന്നും വടക്കുനിന്നും ജനങ്ങള്‍ യുണിയനിലേക്ക് കുതിച്ചെത്തി. അങ്ങനെ കുണിയന്‍ പുഴക്കര പോരാട്ട ഭൂമിയായി. പൊലീസുകാര്‍ മെഷീന്‍ ഗണ്ണുകള്‍ ജനങ്ങള്‍ക്കുനേരെ തിരിച്ചു വിട്ടു. കൊടിയ മര്‍ദ്ദനത്തിനിരയായി സഖാവ് ഏ വിയും കെ കൃഷ്ണന്‍ മാസ്റ്ററും പുതിയിടത്ത് രാമനും ബോധം കെട്ടു വീണു. തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും രക്തസാക്ഷികളായി. രക്തസാക്ഷികളുടെ മൃതശരീരത്തോടൊപ്പം മൃതപ്രായരായ ഏ വി യേയും കൃഷ്ണന്‍ മാസ്റ്ററേയും പുതിയിടത്ത് രാമനേയും നെല്ലുചാക്കുകള്‍ കയറ്റിയ ചീന (വള്ളം) യിലേക്ക് വലിച്ചെറിഞ്ഞു. ചീന കവ്വായിപ്പുഴയിലൂടെ തെക്കോട്ടേക്കൊഴുകി. പിന്നീട് കരിവെള്ളൂര്‍ ഇരുണ്ട ഭൂമിയായി മാറി. പൊലീസുകാരുടെ നരനായാട്ടായിരുന്നു എങ്ങും. പുരുഷന്‍മാര്‍ക്ക് വീടുകള്‍ വിട്ട് ഒളിവില്‍ പോകേണ്ടി വന്നു. രോഗികളും വൃദ്ധന്‍മാരായവരെപ്പോലും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. നിരാലംബരായ സ്ത്രീകളുടെ ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നു. എല്ലാറ്റിനെയും അതിജീവിച്ച് കരിവെള്ളൂരിന്റെ ആകാശത്തിന് മുകളില്‍ ചുകപ്പ് സൂര്യന്‍ വീണ്ടും വീണ്ടും ഉയര്‍ന്നു.

അതിജീവനത്തിന്റെ കാറ്റേറ്റും സമരപോരാട്ടങ്ങളുടെ തീചൂടേറ്റും ചുകന്ന കരിവെള്ളൂരിന്റെ സമരഭൂമി വിപ്ലവത്തിന്റെ ഈറ്റില്ലമായി. ഇപ്പോഴും പോരാട്ടത്തിന്റെ വീര്യം കരിവെള്ളൂരിന്റെ ഗ്രാമങ്ങളെ ത്രസിപ്പിക്കുന്നുണ്ട്.
(ഷിജിത്ത് കാട്ടൂര്‍)

സേലം ജയില്‍ നരവേട്ട; ചരിത്രത്തെ ചുവപ്പിച്ച ക്രൂരത

കമ്മ്യൂണിസ്റ്റ് മുന്നേറ്റം തടയാന്‍ അധികാരികള്‍ 61 വര്‍ഷം മുമ്പ് സേലം ജയില്‍ വെടിവെപ്പ് ഇന്നും ചരിത്രത്തിന്റെ നാള്‍ വഴികളില്‍ ചോരപുതച്ചു കിടക്കുന്നു. 1950 ഫെബ്രുവരി 11 ന് ഉച്ചക്ക് ശേഷമാണ് സേലം ജയിലില്‍ വെടിവെപ്പ് നടന്നത്. വടക്കേമലബാറിലെ കര്‍ഷക കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ തടയുവാന്‍ സേലം ജയിലിലെ തടവറകള്‍ക്കു കഴിയുമെന്നായിരുന്നു അധികാരികളുടെ കണക്കുകൂട്ടല്‍. സേലം ജയിലിലെ വെടിവെപ്പില്‍ ഉണ്ടായ 22 മുറിവുകളുമായാണ് ഇ കെ നാരായണന്‍ നമ്പ്യാര്‍ ഇപ്പോഴും കഴിയുന്നത്. 1949 ല്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു 108 പേരെ ഒന്നിച്ചാണ് സേലം ജയിലിലേക്ക് മാറ്റിയത്. ജയിലധികാരികള്‍ മലബാര്‍ തിരിടന്‍മാര്‍ എന്നാണ് പറയാറുള്ളത്. സേലം ജയിലില്‍ സമൂഹത്തിലെ തികച്ചും അപകടകാരികളായ മുരത്ത കള്ളന്‍മാരെയാണ് പാര്‍പ്പിക്കാറുള്ളത്.  മൃഗീയതക്കായിരുന്നു ഇവിടെ മുന്‍തൂക്കമുണ്ടായിരുന്നത്. തടവുകാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യമോ പത്രം, എണ്ണ, സോപ്പ് എന്നിവയൊന്നും നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല.

കാന്തലോട്ടു കുഞ്ഞമ്പുവായിരുന്നു ജയിലിലെ സെക്രട്ടരി. ജയിലധികാരികള്‍ കാണിക്കുന്ന ക്രൂരതയില്‍ പ്രതിഷേധിച്ച് 100 സഖാക്കള്‍ സി കണ്ണന്‍, എം കണാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചു. ആദ്യത്തെ നാലു ദിവസം കഴിഞ്ഞപ്പോള്‍ രണ്ടാമത് ബാച്ചില്‍ വീണ്ടും 100 പേര്‍ നിരാഹാരം തുടങ്ങി. ജയിലധികൃതര്‍ സമരക്കാര്‍ക്ക്് കുറെ സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. സി ക്ലാസ് തടവുകാരാണെങ്കില്‍ ജോലി ചെയ്യണം എന്ന നിബന്ധനയുണ്ടായിരുന്നു. നെയ്ത്ത്, പുല്‍പായ മടയല്‍, റോഡ് റോളര്‍ വലിക്കല്‍ എന്നിവയും മറ്റ് കഠിനമായ ജോലിയുമാണ് ഇവരെക്കൊണ്ട് ചെയ്യിപ്പിച്ചത്. 12 പേരുള്ള ഒരു ബാച്ചായാണ് തടവുകാരെ കൊണ്ടുപോവുക. ജോലി സ്ഥലത്തു വച്ച്  കഠിനമായി തല്ലിച്ചതക്കുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വീണ്ടും നിരാഹാരം തുടങ്ങി. 1950 ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ പ്രതിഷേധമായി കരിദിനം ആചരിക്കുവാന്‍ തീരുമാനിച്ചു. അന്നത്തെ ജയിലിന്റെ ചുമതലയുള്ള മന്ത്രി മാധവമേനോന്‍ മദ്രാസിലെ 13 ജയിലുകളിലെയും സൂപ്രണ്ടുമാരുടെ യോഗം വിളിച്ചുകൂട്ടി കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് പറയുന്നത്. സംഭവ ദിവസം രാവിലെ ഒരു ബാച്ച് പണിക്കായി പുറത്തേക്കു കൊണ്ടുപോയി. തടവുകാര്‍ അകത്തും പുറത്തും പോകുമ്പോഴും കുള്ള ധരിക്കണമെന്നായിരുന്നു അന്നത്തെ നിയമം. ഇതില്‍ ഒരു കറുത്തവൃത്തം ഉണ്ടാകും. ഇത് കള്ളനാണെന്ന് സൂചിപ്പിക്കുന്നതാണ്. പോരാതെ കഴുത്തില്‍ തകിടും തൂക്കിയിടണം. കള്ളന്‍മാര്‍ ഇതൊക്കെ അനുസരിച്ചു. എന്നാല്‍ ആത്മാഭിമാനമുള്ള കമ്യൂണിസ്റ്റുകാര്‍ ഇതിനെ ചോദ്യം ചെയ്തു. ഉച്ചക്കു ശേഷം രണ്ടാം ബാച്ചിനെ ജോലിക്കായി പുറത്തുകൊണ്ടു പോകുവാന്‍ തയാറെടുക്കുകയായിരുന്നു. അപ്പോഴാണ് ഡപ്യൂട്ടി ജയിലറും 12 വാര്‍ഡന്‍മാരും കടന്നു വന്നത്. ജയിലര്‍ വിസിലടിച്ചു. ജയില്‍ യുദ്ധക്കളമായി മാറുന്നതിന് നിമിഷങ്ങള്‍ വേണ്ടി വന്നില്ല . തടവുകാരും കണ്ണില്‍ കണ്ടതെല്ലാം ശേഖരിച്ച് വാര്‍ഡന്‍മാരെ നേരിട്ടു. അപ്പോഴേക്കും വാര്‍ഡന്‍മാര്‍ രണ്ടുപേരെ അടിച്ചുകൊന്നിരുന്നു. പിന്നീടാണ് വെടിവെപ്പ് തുടങ്ങിയത്. ഇതില്‍ 22 പേരാണ് രക്തസാക്ഷികളായത്. ഇ കെ നാരായണന്‍ നമ്പ്യാരോടൊപ്പം ജയിലില്‍ കഴിഞ്ഞിരൂന്ന അച്ഛന്‍ തളിയന്‍ രാമന്‍ നമ്പ്യാരും രക്തസാക്ഷിയായി. 118 പേരെയാണ് പരിക്കുപറ്റി സേലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 42 പേരാണ് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിഞ്ഞത്. സീതാരാമയ്യ ആന്ധ്ര, മാടായി കുഞ്ഞപ്പ നായര്‍, എന്‍ കെ കൃഷ്ണന്‍ കൂത്തുപറമ്പ്, ആശാരി മാധവന്‍, കോറോത്ത് രാമന്‍ നമ്പ്യാര്‍, കൃഷ്ണമാരാര്‍ ചിറക്കല്‍, പുല്ലായ്‌ക്കൊടി ദാമോദരന്‍, യു നാരായണമാരാര്‍ എന്നിവര്‍ അവരില്‍ ചിലരാണ്. എന്‍ ബാലന്‍ ആശുപത്രിയില്‍ വെച്ചു മരിച്ചു.

ജയിലില്‍ നിന്ന് മരണപ്പെട്ടവര്‍ തളിയന്‍ രാമന്‍നമ്പ്യാര്‍, നക്കായി കണ്ണന്‍, ആശാരി അമ്പാടി, പുല്ലാഞ്ഞിയോടന്‍ കുഞ്ഞപ്പ നമ്പ്യാര്‍, കൊയിലോടന്‍ നാരായണന്‍ നമ്പ്യാര്‍, പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍, എന്‍. ബാലന്‍, എന്‍. പത്മനാഭന്‍, നീലഞ്ചേരി നാരായണന്‍ നായര്‍, ആസാദ് ഗോപാലന്‍ നായര്‍, എന്‍. കോരന്‍, മൈലപ്രവന്‍ നാരായണന്‍ നമ്പ്യാര്‍, പിലാട്യോടന്‍ ഗോപാലന്‍ നമ്പ്യാര്‍, കോരന്‍ ഗുരുക്കള്‍, അണ്ടലോടന്‍ കുഞ്ഞപ്പ, ഞണ്ടാടി കുഞ്ഞമ്പു, സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, അനന്തന്‍ (എല്ലാവരും കണ്ണൂര്‍ ജില്ലക്കാര്‍) കെ. ഗോപാലന്‍കുട്ടി നായര്‍ (കോഴിക്കോട്), കാവേരിമുതലി, അറുമുഖപണ്ടാരം(തമിഴ്‌നാട്), ഷെയിക്ക് ദാവൂദ് (ആന്ധ്ര) തുടങ്ങിയവരാണ്. 1947 ഒക്‌ടോബറിലാണ് സംഭവത്തില്‍ വെടിയേറ്റ ഇ കെ നാരായണന്‍ നമ്പ്യാരെ കാവുമ്പായി സമരത്തില്‍ പങ്കെടുത്തതിന്് അറസ്റ്റുചെയ്തത്. അന്ന് വയസ് ഇരുപതായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് സബ്ജയില്‍, തലശേരി സബ്ജയില്‍ എന്നിവിടങ്ങളില്‍ ആറുമാസത്തോളം വിചാരണക്കായി പാര്‍പ്പിച്ചതിനു ശേഷം 39 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു വെല്ലൂര്‍ ജയിയിലേക്കാണ് കൊണ്ടുപോയത്. അവിടുന്നാണ് സേലത്തേക്ക് കൊണ്ടുപോയത്.് ഇവരുടെയല്ലാം വാറണ്ടില്‍ ഡെയിഞ്ചര്‍ കമ്യൂണിസ്റ്റ്  എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1953ലാണ് ജയിലില്‍ നിന്നും വിട്ടയച്ചത്. നാരായണന്‍ നമ്പ്യാര്‍ കാവുമ്പായിയിലെ സി പി ഐ മെമ്പറാണ്. ജയിലില്‍ നിന്ന് വെടിവെച്ച് കൊന്ന് ധീര സഖാക്കളെ ജയിലില്‍ വച്ചു തന്നെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. മരണപ്പെട്ടവരെ എവിടെയാണ് സംസ്‌ക്കരിച്ചതെന്നറിയില്ല. തറമുഴുവനും രക്തപുഴയായിരുന്നതു കാരണം അന്ന് ജയില്‍ സന്ദര്‍ശിക്കുവാന്‍ വന്ന കലക്ടറും മറ്റു ഉദ്യോഗസ്ഥ സംഘവും കഞ്ഞികുടിക്കുന്ന പ്ലയിറ്റ് കമിഴ്ത്തി വച്ച് അതിനു മുകളില്‍ ചവിട്ടിയാണ് നടന്നത്. 1947 ജൂലായ് 14 നാണ് 21 വയസ് പ്രായമായ മാടായി ചന്തുക്കട്ടി നായരെ കാവുമ്പായി സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്തത്. തലശേരി സെഷന്‍സ് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുകയായിരുന്നു. വധശിക്ഷയുടെ നാളുകളില്‍ ചന്തുക്കുട്ടി നായര്‍ക്ക് ആത്മവീര്യം വര്‍ദ്ധിച്ചു. തൂക്കു മുറിയില്‍  അടച്ചിടുമ്പോള്‍ ചന്തുക്കുട്ടിനായരുടെ തുക്കം 121 റാത്തലായിരുന്നു. ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി. സെപ്തംബര്‍ 14 ന് തുക്കു മുറിയില്‍ നിന്ന് പുറത്തു വരുമ്പോള്‍ തൂക്കം 128 റാത്തലായിരുന്നു. ശസ്ത്രക്രിയ കൊണ്ടു പുറത്തെടുക്കാനാവാത്ത വെടിച്ചില്ലകള്‍ ചന്തുക്കുട്ടി നായരുടെയും ശരീരത്തില്‍ ബാക്കി നിന്നു.
( കെ എം മനോജ് കുമാര്‍)

കയ്യൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം

''അവര്‍ നാലുപേരായിരുന്നു. മഠത്തില്‍ അപ്പു, കുഞ്ഞമ്പുനായര്‍, ചിരുകണ്ഠന്‍, അബൂബക്കര്‍. ആരും ഇരുപത്തിയഞ്ച് കടക്കാത്തവര്‍. പക്ഷെ അവരൊക്കെ ഗ്രാമത്തിലെ നേതാക്കളായിരുന്നു. വിവിധ കോണ്‍ഗ്രസ് കമ്മറ്റികളില്‍ സന്നദ്ധഭടന്മാരായി, കൈയ്യും മെയ്യുംമറന്ന് ഓടിനടന്ന ഇവര്‍തന്നെയാണ് ആ ഗ്രാമത്തില്‍ കിസാന്‍ സഭയ്ക്ക് തുടക്കമിട്ടതും''.’’
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളില്‍ പ്രമുഖനും പാര്‍ട്ടി ജനറല്‍സെക്രട്ടറിയുമായിരുന്ന സഖാവ് പി സി ജോഷി കയ്യൂര്‍ രക്തസാക്ഷികളെക്കുറിച്ച് പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ്‌വാറില്‍ എഴുതിയ എന്നും സ്മരണീയമായ വാക്കുകളാണിവ. മനുഷ്യവിമോചന പോരാട്ടങ്ങള്‍ക്ക് വഴികാട്ടുന്ന ദീപസ്തംഭങ്ങളായി മാറാന്‍ എഴുപതോളം വര്‍ഷംമുമ്പ് ബ്രീട്ടീഷ് മലബാറിലെ സൗത്ത് കാനറജില്ലയില്‍പ്പെട്ട, വിജ്ഞാനവും വികസനവും എത്തിനോക്കാത്ത കയ്യൂര്‍ എന്ന കുഗ്രാമത്തിലെ സാമാന്യവിദ്യാഭ്യാസമോ മറ്റു സാമൂഹിക പദവികളോ ഇല്ലാത്ത തീര്‍ത്തും ഗ്രാമീണരായ നാലുചെറുപ്പക്കാര്‍ക്ക് കഴിഞ്ഞുവെന്നതാണ് കയ്യൂര്‍സമരത്തിന്റെ എക്കാലത്തേയും സവിശേഷത.

തൂക്കിലേറ്റപ്പെടുന്നതിനുമുമ്പ് കയ്യൂര്‍ സഖാക്കള്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റിക്കയച്ച കത്തിലെ വിപ്ലവധീരത തുടിച്ചുനില്‍ക്കുന്ന വാക്കുകള്‍ ഇങ്ങനെ. 'രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തംചീന്താന്‍ തയ്യാറായാണ് ഞങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് മരിക്കാന്‍ ഭയഭേദമേതുമില്ല. ഫാസിസ്റ്റുകളുടെ കടുത്ത ഭീഷണിയില്‍ മാതൃരാജ്യം വിഷമിക്കവെ കഴുമരത്തിലാണ് മരണമടയേണ്ടിവരികയെന്ന വ്യാകുലതയേ ഞങ്ങള്‍ക്കുള്ളൂ' കയ്യൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി വളണ്ടിയര്‍മാരായിരുന്ന നാല് ചെറുപ്പക്കാരെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റാന്‍ വിധിച്ച സംഭവത്തെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വമ്പിച്ച പ്രാധാന്യത്തോടെയാണ് വീക്ഷിച്ചത്. കയ്യൂര്‍ സഖാക്കളെ പാര്‍പ്പിച്ചിരുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചശേഷം അന്നത്തെ പാര്‍ട്ടി ജനറല്‍സെക്രട്ടറി പി സി ജോഷി പാര്‍ട്ടിമുഖപത്രത്തില്‍ എഴുതിയ അനുസ്മരണ ലേഖനങ്ങളിലെ ഓരോ വാക്കിലും കയ്യൂര്‍സമരചരിത്രത്തിന്റെ പ്രാധാന്യവും ആ രക്തസാക്ഷിത്വത്തിന് പാര്‍ട്ടിയും ജനതയും നല്‍കുന്ന ആദരവും ഏറെ ഹൃദയസ്പൃക്കായി വ്യാഖ്യാനിച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തിനും ജന്മിനാടുവാഴിത്തത്തിനുമെതിരെയുള്ള ധീരപോരാട്ടങ്ങളില്‍ അനശ്വര അധ്യായം തീര്‍ത്ത സംഭവമാണ് കയ്യൂര്‍സംഭവം.
(നാരായണന്‍ കരിച്ചേരി)

janayugom

2 comments:

  1. പോരാട്ടങ്ങളിലൂടെ - സേലം സമരം, കയ്യൂര്‍, കരിവെള്ളൂര്‍,മേനി സമരം,പുന്നപ്ര വയലാര്‍..

    ReplyDelete
    Replies
    1. മറക്കരുത് ശൂരനാട്

      Delete