Monday, January 2, 2012

തമിഴ്‌നാട്ടില്‍ കാണാതായത് പ്രതിദിനം ആറുപേരെ

തമിഴ്‌നാട്ടില്‍ നിന്ന് ഓരോ ദിവസവും ആറുപേരെ വീതം കാണാതാവുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് ഈ ഞെട്ടിക്കുന്ന കണക്ക് വിളിച്ചുപറയുന്നത്. 2010-മായി തട്ടിച്ചുനോക്കുമ്പോള്‍ കാണാതാവുന്നവരുടെ എണ്ണം 2011 ല്‍ ഇരട്ടിയോളം വര്‍ധിച്ചു. പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ കാണാതാവുന്നതും 2011ല്‍ ഇരട്ടിയായിട്ടുണ്ട്.

10-20 വയസിലെ 280 പെണ്‍കുട്ടികളെയാണ് 2010ല്‍ കാണാതായിട്ടുള്ളത്. 2011 ല്‍ ഇത് 550 ആയി ഉയര്‍ന്നു. വിദ്യാര്‍ഥികളും അല്ലാത്തവരുമായ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നായി കാണാതായ സംഭവങ്ങളില്‍ എട്ട് ആണ്‍കുട്ടികളേയും നാല് പെണ്‍കുട്ടികളേയുമാണ് 2010 ല്‍ കാണാതായത്. 2011 ല്‍ 36 ആണ്‍കുട്ടികളേയും 30 പെണ്‍കുട്ടികളെയും കാണാതായതായിട്ടാണ് കേസ് എടുത്തത്.

ഓരോ മാസവും കുറഞ്ഞത് 100 കുട്ടികളെ തമിഴ്‌നാട്ടില്‍ നിന്നും കാണാതാവുന്നു. ഇതില്‍ 1882 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി ദുര്‍വഴികളിലേക്ക് നയിക്കുന്ന വമ്പന്‍ ലോബികള്‍ ചെന്നൈയിലും തെക്കേ ഇന്ത്യയിലെ ബംഗളൂരു, കൊച്ചി, ഹൈദരാബാദ് നഗരങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കേസന്വേഷണങ്ങളില്‍ ഇവരില്‍ ചിലര്‍ കുടുങ്ങാറുണ്ടെങ്കിലും ഇത്തരം ലോബികളെ പൂര്‍ണമായും തകര്‍ക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സഹായം ലഭിക്കാറില്ല.
വിവാഹ വാഗ്ദാനം നടത്തി തട്ടിക്കൊണ്ടു പോകുന്ന ചില പെണ്‍കുട്ടികളെ ലക്ഷങ്ങള്‍ക്ക് വില്‍പ്പന നടത്തുന്നതായും സൂചനയുണ്ട്. ഇതുസംബന്ധിച്ച കേസ് അന്വേഷണങ്ങള്‍ പരാതിക്കാരുടെ നിസഹകരണം മൂലം പലപ്പോഴും പകുതിയില്‍ അവസാനിപ്പിക്കേണ്ടി വരുന്നു. സന്നദ്ധ സംഘടനകളുടെയും സെന്‍ട്രല്‍, സ്റ്റേറ്റ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെയും ഒത്തൊരുമയോടെയുള്ള ശ്രമം കൊണ്ടുമാത്രമേ പൊലീസ് സേനയുടെ അന്വേഷണത്തിന് ശരിയായ ഫലപ്രാപ്തി ഉണ്ടാവൂ.

സന്നദ്ധ സംഘടനകളും, വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റുകളും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് സേനാ വിഭാഗങ്ങളും ഒത്തൊരുമയോടെ ഗൗരവകരമായി ഇക്കാര്യം കാണണമെന്ന് ജസ്റ്റ് ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍ ജബരാജ് ആവശ്യപ്പെട്ടു.

janayugom 020112

No comments:

Post a Comment