Wednesday, January 11, 2012

ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷനില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം

കേരള ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷനില്‍  എണ്ണൂറിലധികം ഒഴിവുകളുള്ള വര്‍ക്കര്‍ തസ്തികയിലേക്ക് പിന്‍വാതില്‍ നിയമനത്തിന് നീക്കം. പൊതുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി തയ്യാറാക്കിയ ഷോര്‍ട്ട്‌ലിസ്റ്റ് റദ്ദാക്കിയാണ് ഈ നീക്കം. ഷോര്‍ട്ട്‌ലിസ്റ്റില്‍ പെട്ട രണ്ടായിരത്തോളം പേര്‍ ഉദ്യോഗത്തിന് കാത്തിരിക്കുമ്പോഴാണ് യു ഡി എഫ് സര്‍ക്കാര്‍ ലിസ്റ്റ് റദ്ദാക്കിയത്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷനിലേക്ക് മാത്രം ഏതാണ്ട് അരലക്ഷം പേര്‍ പരീക്ഷ എഴുതിയിരുന്നു.

അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ വര്‍ക്കര്‍  തസ്തികയില്‍ അറുനൂറിനും എഴുനൂറിനുമിടയില്‍ ഒഴിവുകളുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇന്റര്‍വ്യൂ നടത്തി 1919 പേരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വന്നതിനാല്‍ നിയമനം നടത്താനായില്ല.

 യു ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം വ്യവസായ വകുപ്പുമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫയല്‍ നീങ്ങാത്തതുമൂലം നിയമനനടപടികള്‍ മുടങ്ങി.  റാങ്ക് ലിസ്റ്റിലുള്ളവര്‍ ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ അധികൃതരോട് അന്വേഷിച്ചപ്പോഴൊക്കെ നിയമനം ഉടനുണ്ടാവുമെന്ന  മറുപടിയാണ് കിട്ടിയത്. മെയിന്‍ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന വിവരവും  ലഭിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് നിലവില്‍ ഈ തസ്തികയില്‍ 819 ഒഴിവുകള്‍ ഉണ്ടെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിക്കുകയും ചെയ്തു. ഈ സമയത്തെല്ലാം കോര്‍പ്പറേഷന്‍, ബോര്‍ഡ് വീതംവെപ്പിന്റെ ചര്‍ച്ച യു ഡി എഫില്‍ പുരോഗമിക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കു ശേഷം ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ലീഗിന് നല്‍കുകയും ചെയര്‍മാനായി വ്യവസായ മന്ത്രിയുടെ പാര്‍ട്ടിയായ മുസ്‌ലിംലിഗിന്റെ നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവിയെ നിയമിക്കുകയും ചെയ്തു. അതിനു ശേഷം കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ലിസ്റ്റ് റദ്ദാക്കാന്‍ തീരുമാനിച്ചത്.

ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ വ്യവസായമന്ത്രിയുടെ പാര്‍ട്ടിക്ക് കിട്ടുകയും അതില്‍ ചെയര്‍മാനെ നിയമിക്കുകയും ചെയ്ത  ഉടന്‍ എണ്ണൂറിലധികം പേരുള്ള റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയത് ദുരൂഹമാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. നിയമന നടപടി അതുവരെ വ്യവസായ മന്ത്രി മനഃപൂര്‍വം തടഞ്ഞുവെക്കുകയായിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

ചില തസ്തികകളിലെ നിയമനം  പി എസ് സി ക്കു വിടാനും  ബാക്കിയുള്ള നിയമനങ്ങള്‍ കമ്പനികള്‍ക്ക് നേരിട്ട് നടത്താനും അവകാശം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ചില പ്രധാന നിയമനങ്ങള്‍ പേരിന് പി എസ് സിക്കു വിടാനും താഴെക്കിടയില്‍ നൂറുകണക്കിന് ഒഴിവുകളുള്ള തസ്തികകള്‍ പാര്‍ട്ടി പറയുന്നവര്‍ക്ക് നല്‍കാനുമാണ്  ലീഗ് ലക്ഷ്യമിടുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷനില്‍ ഒറ്റയടിക്ക് വന്‍തോതില്‍ നിയമനം നടത്താന്‍ ലീഗിന് അവസരം കൈവന്നിരിക്കുയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പൊതുപരീക്ഷ നടത്തിയപ്പോള്‍ സ്വന്തക്കാരെ കുത്തിത്തിരുകാന്‍ ശ്രമം എന്നു പറഞ്ഞ് നിയമസഭയിലുള്‍പ്പെടെ ബഹളം വെച്ച കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ലീഗിന്റെ ഈ നീക്കം കണ്ടില്ലെന്ന് നടിക്കുകയാണ്.

നന്നായി പഠിച്ച്  ഉയര്‍ന്ന മാര്‍ക്കോടെ പാസായവരാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന പരീക്ഷയിലൂടെ  ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അന്ന് വസ്തുതകള്‍ അറിയാതെ ആരോപണം ഉന്നയിച്ചവര്‍ ഇപ്പോഴത്തെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് നിശ്ബദത പാലിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ കാസര്‍കോട് ഉദുമയിലുള്ള യൂണിറ്റില്‍ മാത്രം 140 ഒഴിവുകളുണ്ട്. കണ്ണൂരില്‍ പിണറായിയിലെ യൂണിറ്റില്‍ 122  ഒഴിവുമുണ്ട്.  ലിസ്റ്റ് റദ്ദാക്കിയതിനും പിന്‍വാതില്‍ നിയമനത്തിനുമെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ 'ജനയുഗ'ത്തോട് പറഞ്ഞു.

സി കരുണാകരന്‍ janayugom 110112

1 comment:

  1. കേരള ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷനില്‍ എണ്ണൂറിലധികം ഒഴിവുകളുള്ള വര്‍ക്കര്‍ തസ്തികയിലേക്ക് പിന്‍വാതില്‍ നിയമനത്തിന് നീക്കം. പൊതുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി തയ്യാറാക്കിയ ഷോര്‍ട്ട്‌ലിസ്റ്റ് റദ്ദാക്കിയാണ് ഈ നീക്കം. ഷോര്‍ട്ട്‌ലിസ്റ്റില്‍ പെട്ട രണ്ടായിരത്തോളം പേര്‍ ഉദ്യോഗത്തിന് കാത്തിരിക്കുമ്പോഴാണ് യു ഡി എഫ് സര്‍ക്കാര്‍ ലിസ്റ്റ് റദ്ദാക്കിയത്.

    ReplyDelete