Friday, April 6, 2012

മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കായി മനുഷ്യസാഗരം 28ന്


കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 28ന് തീരദേശത്ത് മനുഷ്യസാഗരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊഴിയൂര്‍ മുതല്‍ മഞ്ചേശ്വരം വരെ തീരദേശത്ത് വൈകിട്ട് നാലിനാണ് മനുഷ്യസാഗരം തീര്‍ത്ത് പ്രതിജ്ഞയെടുക്കുക. 222 തീരദേശഗ്രാമങ്ങളിലും പ്രതിജ്ഞയെടുക്കും.

അറേബ്യന്‍ സമുദ്രം ഹൈ അലര്‍ട്ട് ഏരിയയായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കുക, കപ്പല്‍ യാത്ര 60 നോട്ടിക്കല്‍ മൈലിനപ്പുറം മാത്രം അനുവദിക്കുക, സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുംചെയ്യുക, മത്സ്യമേഖലാ പ്രാതിനിധ്യം ഉറപ്പുവരുത്തി സംസ്ഥാന തീരദേശ ജാഗ്രതാസമിതി രൂപീകരിക്കുക, മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഫിഷിങ് ബോട്ടുടമകള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മനുഷ്യസാഗരം. പരിപാടിയുടെ വിജയത്തിനായി എല്ലാ ജില്ലകളിലും സംഘാടകസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ ഭാരവാഹികളും മതമേലധ്യക്ഷന്മാരും മനുഷ്യസാഗരത്തില്‍ കണ്ണികളാകും.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി ദിനകരന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. വി വി ശശീന്ദ്രന്‍, മോണ്‍ യൂജിന്‍ പെരേര (തിരു. ലത്തീന്‍ അതിരൂപത വികാരി ജനറല്‍), ആസ്റ്റിന്‍ ഗോമസ് (മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്), ടി ജെ ആഞ്ചലോസ് (എഐടിയുസി), എന്‍ പി രാധാകൃഷ്ണന്‍ (ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം), ഉമ്മര്‍ ഒട്ടുമ്മല്‍ (എസ്ടിയു), ടി പീറ്റര്‍ (കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍), ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ (ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍), പുല്ലുവിള ലോറന്‍സ് (യുടിയുസി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 060412

No comments:

Post a Comment