Friday, April 6, 2012

നിശ്ചലഭരണം


നിയമസഭയില്ല; മന്ത്രിസഭയേ ഉള്ളൂ- മന്ത്രിസഭയില്ല; മുഖ്യമന്ത്രിയേ ഉള്ളൂ എന്ന പ്രതീതിയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ പുറമേക്ക് സൃഷ്ടിച്ചിട്ടുള്ളത്. നിയമസഭയെ നോക്കുകുത്തിയാക്കി ഓര്‍ഡിനന്‍സുകളിറക്കുന്നു. മന്ത്രിസഭയെ അറിയിക്കാതെ മുഖ്യമന്ത്രി ഏകാംഗപ്രകടനം നടത്തുന്നു. വിദേശബന്ധങ്ങളുള്ള ആസൂത്രണത്തിന്റെയും ചിട്ടപ്പെടുത്തലിന്റെയും ഭാഗമായി നടത്തിയ "ജനസമ്പര്‍ക്ക പരിപാടി"യില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണസംവിധാനത്തെയും സിവില്‍ സര്‍വീസിനെയും അപ്രസക്തമാക്കിയാണ് ഉമ്മന്‍ചാണ്ടി നാടുവാഴി ചമഞ്ഞത്. എംഎല്‍എമാര്‍ മുഖേനയോ നേരിട്ടോ കൊടുക്കാവുന്ന ദുരിതാശ്വാസ സഹായത്തിന്റെ വിതരണംപോലും കോടികള്‍ മുടക്കി പ്രചാരണോത്സവമാക്കി എന്നതുമാത്രമാണ് ആ പരിപാടികൊണ്ടുണ്ടായ നേട്ടം. ബാഹ്യമായി കാണുന്ന ഈ അഭ്യാസത്തിനപ്പുറം യാഥാര്‍ഥ്യങ്ങളിലേക്ക് കടന്നാല്‍ ഭരണത്തിന്റെ യഥാര്‍ഥ കടിഞ്ഞാണ്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് സമ്മര്‍ദ ഗ്രൂപ്പുകളുടെ കൈയിലാണ്. മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും തങ്ങള്‍ക്ക് നിയമസഭയിലുള്ള നിര്‍ണായക പ്രാതിനിധ്യംവച്ച് വിലപേശുമ്പോള്‍ കോണ്‍ഗ്രസിന് അതിന്റെ പാരമ്പര്യവും ദേശീയ പാര്‍ടി എന്ന സ്വത്വബോധംപോലും നഷ്ടപ്പെടുന്നു. കേരള കോണ്‍ഗ്രസിലെ ഒരംഗം സ്വയം യുഡിഎഫിന്റെ നേതൃത്വം ഏറ്റെടുത്ത് മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങള്‍പോലും പ്രഖ്യാപിക്കുമ്പോള്‍ നോക്കുകുത്തിയായിരിക്കാനേ കോണ്‍ഗ്രസിന് കഴിയുന്നുള്ളൂ.

ഭരണം നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള കീഴടങ്ങലുകളും വിട്ടുവീഴ്ചകളുമായിരുന്നു ആദ്യനാളുകളിലെങ്കില്‍ ഇപ്പോള്‍ ഭരണത്തെ സ്തംഭിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പിറവം ഉപതെരഞ്ഞെടുപ്പിനുമുമ്പ് മന്ത്രിമാരാകെ ആ മണ്ഡലത്തില്‍ കേന്ദ്രീകരിച്ചു. ഭരണനിര്‍വഹണം നടന്നില്ല. പിറവത്തിനുശേഷം എല്ലാ ചര്‍ച്ചകളും മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിപദത്തെ ചുറ്റിപ്പറ്റിയാണ്. ലീഗിന് മന്ത്രിമാര്‍ നാലുമതിയോ അഞ്ചുവേണമോ എന്നത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല- ആ പാര്‍ടിയില്‍ ഒരാള്‍ക്ക് അധികാരം നുണയാന്‍ അവസരം നല്‍കുന്ന കാര്യം മാത്രമാണ്. അതിനുവേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം കടമകള്‍ മാറ്റിവച്ച് ആഴ്ചകളായി നടത്തുന്ന അഭ്യാസംമൂലമുണ്ടായ ഭരണസ്തംഭനം കേരളത്തെയാകെ ബാധിക്കുന്നതാണ്. സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തനിര്‍വഹണം തടസ്സപ്പെടുകയാണ്. അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ ചില ഫോര്‍മുലകള്‍ ഡല്‍ഹിയില്‍ രൂപപ്പെട്ടു; അതില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കുമെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. ഏത് ഫോര്‍മുല നടപ്പാക്കിയാലും ജനങ്ങള്‍ക്കൊന്നും ലഭിക്കാനില്ല. നിസ്സാര ഭൂരിപക്ഷത്തിന് അധികാരത്തിലേറിയ സര്‍ക്കാരിനെ കൂറുമാറ്റത്തിലൂടെ അട്ടിമറിക്കില്ലെന്ന് പ്രതിപക്ഷം പരസ്യമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് യുഡിഎഫിനകത്തുള്ള കുഴപ്പങ്ങള്‍മാത്രമാണ് ഇപ്പോള്‍ ഭരണത്തെ നിശ്ചലമാക്കിയിരിക്കുന്നത്.

മഞ്ഞളാംകുഴി അലി സിപിഐ എമ്മില്‍നിന്ന് സ്ഥാനമോഹംകൊണ്ട് കൂറുമാറി വലതുപാളയത്തിലെത്തിയ ആളാണ്. കൂറുമാറ്റത്തിന്റെ കൂലിയാണ് അഞ്ചാം മന്ത്രിസ്ഥാനം. നെയ്യാറ്റിന്‍കര എംഎല്‍എയായിരുന്ന സെല്‍വരാജിനെ കൂറുമാറ്റിച്ചതിനുപിന്നിലും വന്‍തോതിലുള്ള കൊടുക്കല്‍ വാങ്ങല്‍ നടന്നു എന്ന് വാര്‍ത്ത വന്നു. ഇപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നതും അതിനായി ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് കോടികള്‍ ചെലവഴിക്കപ്പെടുന്നതും യുഡിഎഫിന്റെ കൂറുമാറ്റരാഷ്ട്രീയത്തിന്റെ ഫലമായാണ്. ആ അര്‍ഥത്തില്‍ കൂറുമാറ്റരാഷ്ട്രീയമാണ് ഇപ്പോള്‍ യുഡിഎഫിലും ഭരണത്തിലും പ്രശ്നം സൃഷ്ടിക്കുന്ന ഒരു പ്രധാന ഘടകം. പിറവത്ത് വിജയിച്ച അനൂപ് ജേക്കബ്ബിനെ ഉടനെ മന്ത്രിയാക്കുമെന്ന പ്രഖ്യാപനം വിഴുങ്ങേണ്ടിവന്നതിന്റെ കാരണവും മറ്റൊന്നല്ല. ഭരണനേതൃത്വം അവര്‍ക്കിടയിലുള്ളവരുടെ ആഗ്രഹങ്ങളും ആര്‍ത്തിയും തൃപ്തിപ്പെടുത്താന്‍ അത്യധ്വാനംചെയ്യുമ്പോള്‍ ഭീഷണിയുമായി ജാതി-മത ശക്തികളും ഇടപെടുന്നു. ജാതിനോക്കി മന്ത്രിമാരെ ഒഴിവാക്കേണ്ടിയും ഉള്‍പ്പെടുത്തേണ്ടിയും വരുന്നു. ഈ സര്‍ക്കസിനിടയില്‍ ജനങ്ങളെ മറന്നുപോകുന്നു. പൊടുന്നനെ രൂക്ഷമായ വൈദ്യുതിപ്രശ്നം ഇതിനുദാഹരണമാണ്. സംസ്ഥാനത്തിന്റെ വേനല്‍ക്കാല ആവശ്യകത പരിഗണിക്കാനോ അതിനുസരിച്ച് ഉല്‍പ്പാദനം ക്രമീകരിക്കാനോ തയ്യാറാകാതെ താല്‍ക്കാലിക നേട്ടത്തിനായി കാണിച്ച സൂത്രവിദ്യകളാണ് ഈ കൊടുംവേനലില്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഭരണമല്ല- ചില പ്രകടനങ്ങള്‍മാത്രമാണ് അരങ്ങേറുന്നത്. അതിനിടയില്‍ മുടങ്ങാതെ നടക്കുന്നത് അഴിമതിമാത്രമാണ്. എംഎല്‍എമാരെ വിലയ്ക്കെടുത്ത് ഭരണം നിലനിര്‍ത്താനും പണം മുടക്കി വോട്ട് വാങ്ങാനും കഴിയുമെങ്കില്‍ എന്തിന് ജനങ്ങളെ സേവിക്കണമെന്ന് കരുതുന്ന വലതുപക്ഷരാഷ്ട്രീയമാണ് കേരളത്തെ ഭരണസ്തംഭനത്തിലേക്ക് നയിച്ചത്. ശക്തമായ ജനകീയപ്രക്ഷോഭത്തിലൂടെയേ ഇവരെ തിരുത്തിക്കാന്‍ കഴിയൂ.

deshabhimani editorial 060412

No comments:

Post a Comment