അഞ്ചാംമന്ത്രി തര്‍ക്കം സൃഷ്ടിച്ച ഊരാക്കുടുക്കില്‍നിന്നും രക്ഷപ്പെടാന്‍ യുഡിഎഫില്‍ പദവികള്‍ വച്ച് ലേലം വിളി. അഞ്ചാംമന്ത്രിയെ ചോദിച്ച് വെട്ടിലായ ലീഗിന് സ്പീക്കര്‍ സ്ഥാനം വാഗ്ദാനംചെയ്തപ്പോള്‍ നിലവിലുള്ള സ്പീക്കറെ മന്ത്രിയാക്കാമെന്നാണ് നിര്‍ദേശം. മന്ത്രി സ്ഥാനം നിരസിച്ച സ്പീക്കര്‍, കെപിസിസി പ്രസിഡന്റ് പദവിയില്‍ കണ്ണുവച്ചതോടെ കെപിസിസി പ്രസിഡന്റിനെ മന്ത്രിയാക്കാമെന്നായി. ഉപമുഖ്യമന്ത്രിയിലാണ് താല്‍പ്പര്യമെന്ന് പറഞ്ഞ പ്രസിഡന്റ്, സ്വന്തം പിന്‍ഗാമിയെയും രംഗത്തിറക്കി. കേരള രാഷ്ട്രീയം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിലപേശലാണ് അണിയറയില്‍ തകൃതിയായി നടക്കുന്നത്. അടുത്ത സ്പീക്കര്‍ മുനീറോ, ഇബ്രാഹിംകുഞ്ഞോ എന്നതാണ് വ്യാഴാഴ്ച യുഡിഎഫ് എംഎല്‍എമാര്‍ കൗതുകത്തോടെ ഉയര്‍ത്തിയ ചോദ്യം. താന്‍ സ്പീക്കറാകാന്‍ ഇല്ലെന്ന് മുനീര്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാരോട് തന്നെ പറഞ്ഞു. എന്നാല്‍, ലീഗിന്റെ സര്‍വാധികാരിയായ പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ വഴങ്ങാതെ മുനീറിനും തരമില്ല. കുഞ്ഞാലിക്കുട്ടി കല്പ്പിച്ചാല് സ്പീക്കറല്ല ഏതിനും ഒരുക്കമാണെന്ന് ഇബ്രാഹിംകുഞ്ഞിനെ അറിയാവുന്നവര്‍ക്ക് സംശയമില്ല. എം കെ മുനീറിനെ സ്പീക്കറാക്കിയാല് ലീഗുമന്ത്രിമാരെല്ലാം തന്റെ ഉറ്റ അനുയായികളാകുമെന്നതാണ് കുഞ്ഞാലിക്കുട്ടിയെ സന്തോഷിപ്പിക്കുന്നത്. സ്പീക്കറാകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നതാണ് മുനീറിന്റെ അനുയായികളുടെ കണക്കുകൂട്ടല്‍.
പുതിയ കെപിസിസി പ്രസിഡന്റിനെ കുറിച്ചാണ് അടുത്ത ചോദ്യം. സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനായ ജി കാര്ത്തികേയന് മന്ത്രിയാകാനില്ലെന്ന് മുഖ്യമന്ത്രിയോട് തീര്‍ത്തു പറഞ്ഞു. പക്ഷേ, കെപിസിസി പ്രസിഡന്റ് പദവിയില്‍ അദ്ദേഹത്തിന് മോഹമുണ്ട്. ചെന്നിത്തല മാറിയാല്‍ കാര്ത്തികേയന് കെപിസിസി അധ്യക്ഷനാകണമെന്നാണ് മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ്. എ കെ ആന്റണിയും ഈ മോഹം മനസ്സില്‍ സൂക്ഷിക്കുന്ന ആളാണ്. ആന്റണി മന്ത്രിയാകാന്‍ പറഞ്ഞാല്‍ കാര്ത്തികേയന് അതിനും തയ്യാര്‍. ചെന്നിത്തലയെ മന്ത്രിയാക്കി ഒതുക്കണമെന്നത് ഉമ്മന്‍ചാണ്ടിയുടെയും ആഗ്രഹമാണ്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ മന്ത്രിമാരെയും നിയന്ത്രിക്കുന്ന ചെന്നിത്തലയെ തഞ്ചത്തിന് കിട്ടുമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ നേട്ടം. മന്ത്രിസഭയില്‍ ചേരാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല ദൂതന് മുഖേന മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നതാണ് ചെന്നിത്തലയുടെ ആവശ്യം. ഇത് ഉമ്മന്‍ചാണ്ടി തള്ളി. താരതമ്യേന ദുര്‍ബലനായ സി എന്‍ ബാലകൃഷ്ണനെ മുന്നില്‍ നിര്‍ത്തി ചെന്നിത്തല നടത്തുന്ന നീക്കം ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ കണ്ണുനട്ടാണെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാം. വെറും ഉപമുഖ്യമന്ത്രിയല്ല ആഭ്യന്തരവകുപ്പ് സഹിതം വേണമെന്നതാണ് ചെന്നിത്തലയുടെ മോഹം. ഉറ്റ അനുയായി വി എസ് ശിവകുമാറിനെ രാജിവയ്പ്പിക്കാമെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്. ശിവകുമാറിന് ക്യാബിനറ്റ് പദവിയുള്ള മറ്റെന്തെങ്കിലും തരപ്പെടുത്താമെന്നാണ് വാഗ്ദാനം. ശിവകുമാര്‍ രാജി നല്കിയാല് സി എന്‍ ബാലകൃഷ്ണനെ പിന്‍ഗാമിയാക്കണമെന്ന ആവശ്യത്തില്‍നിന്നും ചെന്നിത്തല പിന്മാറും. ശിവകുമാറിന്റെ രാജിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം ഉറപ്പ്. ആഭ്യന്തരവകുപ്പ് ഇല്ലെങ്കില്‍ സിവില്‍ സപ്ലൈസ്. അതുമല്ലെങ്കില്‍ ആരോഗ്യം. രണ്ട് കൂടി ആവശ്യപ്പെട്ടാലും അതിശയിക്കാനില്ല.
അഞ്ചാംമന്ത്രിയെ ചോദിച്ച ലീഗ് ഇപ്പോള്‍ നാലാം മന്ത്രിയെ ചൊല്ലി തര്‍ക്കത്തിലായിരിക്കുകയാണ്. മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാന്‍ ആര് രാജിവയ്ക്കുമെന്നതാണ് ചോദ്യം. അഞ്ചാംമന്ത്രി എന്തായാലും കിട്ടില്ലെന്ന് ഉറപ്പായി. തങ്ങളുടെ പ്രഖ്യാപനത്തിന് ഒരു വിലയുമില്ലെന്ന തിരിച്ചറിവില്‍ കടുംകൈയ്ക്ക് ലീഗ് മുതിരില്ലെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. തര്‍ക്കം ഇതേപടി തുടര്‍ന്നാല്‍ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിക്കൊണ്ടുപോകാന്‍ കഴിയുമോയെന്നാണ് കോണ്‍ഗ്രസ്, ലീഗ് നേതൃത്വം ഉറ്റുനോക്കുന്നത്. അനൂപ് ജേക്കബ് ഇതിനിടയിലൂടെ മന്ത്രിസഭയില്‍ പ്രവേശിക്കുമോയെന്നതും കാത്തിരുന്ന് കാണാം. കുതിരക്കച്ചവടത്തിന് കുപ്രസിദ്ധി നേടിയ ഒരു യുഡിഎഫ് നേതാവാണ് ഇപ്പോഴത്തെ വിലപേശലിനും മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഘടകകക്ഷി നേതാക്കളുടെ ദൂത് പോകുന്നതും ഇദ്ദേഹമാണ്. കോണ്‍ഗ്രസ് നേതൃയോഗത്തിലും ഈ അധികാര ദല്ലാളിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു.
ലീഗിന് അഞ്ചാംമന്ത്രിയില്ല
അഞ്ചാംമന്ത്രിയെച്ചൊല്ലി യുഡിഎഫ് പുകയുന്നതിനിടെ, ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിട്ടും പ്രശ്നം കേരളത്തില്‍ തന്നെ പരിഹരിക്കണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയത്. ഇതിനിടെ ലീഗിന് അഞ്ചാംമന്ത്രിക്ക് പകരം സ്പീക്കര്‍സ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് പുതിയ നിര്‍ദേശം വച്ചു. എന്നാല്‍, സ്പീക്കര്‍പദവി ഒഴിഞ്ഞ് മന്ത്രിയാകാനില്ലെന്ന് ജി കാര്‍ത്തികേയനും മന്ത്രി സ്ഥാനം രാജിവച്ച് സ്പീക്കറാകാനില്ലെന്ന് എം കെ മുനീറും വ്യക്തമാക്കിയതോടെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയിലാണ് ലീഗിന് മന്ത്രിക്ക് പകരം സ്പീക്കര്‍സ്ഥാനം നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. തര്‍ക്കം യുഡിഎഫില്‍ തീര്‍ക്കണമെന്ന് പറഞ്ഞ് ഹൈക്കമാന്‍ഡ് ഒഴിഞ്ഞു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയും ചെന്നിത്തലയും കേരളത്തിലേക്ക് മടങ്ങി. മന്ത്രിസഭയിലേക്ക് വരണമെന്ന് ജി കാര്‍ത്തികേയനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടാണ് ആവശ്യപ്പെട്ടത്. ഇത് തള്ളിയ ജി കാര്ത്തികേയന് സ്പീക്കര്‍സ്ഥാനം രാജിവച്ച് എംഎല്‍എയായി തുടരാമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് രമേശ് ചെന്നിത്തലയെ മന്ത്രിയാക്കി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കണമെന്ന മറ്റൊരു നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
കെപിസിസി പ്രസിഡന്റാകാന്‍ കാര്ത്തികേയന് തയ്യാറാണ്. എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനെ ചെന്നിത്തല നിര്‍ദേശിച്ചു. ഇത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. അഞ്ചാംമന്ത്രിക്ക് പകരം സ്പീക്കര്‍സ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് ഔപചാരികമായി അറിയിച്ചിട്ടില്ലെങ്കിലും, കോണ്‍ഗ്രസിന്റെ നിര്‍ദേശം ലീഗില്‍ പുതിയ തര്‍ക്കം ഉയര്‍ത്തിയിട്ടുണ്ട്. എം കെ മുനീറിനെ സ്പീക്കറാക്കി മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ മനസ്സിലിരിപ്പ്. എന്നാല്‍, മന്ത്രിസ്ഥാനം രാജിവച്ചാലും സ്പീക്കറാകാന്‍ ഇല്ലെന്ന് മുനീര്‍ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം അംഗീകരിക്കരുതെന്നാണ് എതിര്‍വിഭാഗത്തിന്റെ തീരുമാനം. മുനീര്‍ വഴങ്ങിയില്ലെങ്കില്‍ വി കെ ഇബ്രാഹിംകുഞ്ഞിനെ രാജിവയ്പിച്ച് സ്പീക്കറാക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം. പാര്‍ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഒഴിയാമെന്ന് ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.
അതേസമയം, അഞ്ചാംമന്ത്രി തര്‍ക്കം തീരുംവരെ അനൂപ് ജേക്കബ്ബിന്റെ സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് സത്യപ്രതിജ്ഞയ്ക്ക് അനുമതിയും നല്കി. അഞ്ചാംമന്ത്രി തര്‍ക്കത്തില്‍ ലീഗുമായി ഹൈക്കമാന്‍ഡ് പ്രതിനിധി ചര്‍ച്ച നടത്തണമെന്നാണ് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആവശ്യപ്പെട്ടത്. എന്നാല്‍ ലീഗുമായി ചര്‍ച്ചചെയ്യാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വരില്ലെന്ന് നേതൃത്വം അറിയിച്ചു. ഹൈക്കമാന്‍ഡ് കൈവിട്ടെന്ന് ഉറപ്പായപ്പോഴാണ് സ്പീക്കര്‍സ്ഥാനം നല്‍കാമെന്ന പുതിയ ഫോര്‍മുല മുന്നോട്ടുവച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ലീഗുമായി ചര്‍ച്ചയ്ക്ക് വരണമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അഭ്യര്‍ത്ഥിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള മധുസൂദനന് മിസ്ത്രി എന്നിവരെയും കണ്ടു. ഇരുവരും പറഞ്ഞത് സോണിയ ഗാന്ധി കേട്ടിരുന്നതേയുള്ളൂ. മന്ത്രിയെ ചോദിച്ച് സ്പീക്കര്‍ സ്ഥാനംകൊണ്ട് തൃപ്തരായാല്ത്തന്നെ ആരെ സ്പീക്കറാക്കുമെന്നത് ലീഗിന് അടുത്ത തലവേദനയാകും. മന്ത്രിയാകാന്‍ ഒരുക്കമല്ലെന്ന നിലപാടില്‍ ജി കാര്ത്തികേയന് ഉറച്ചുനിന്നാല്‍ അത് കോണ്‍ഗ്രസിലും പ്രശ്നമാകും. ആന്റണി ഇടപെട്ടാല്‍ കാര്ത്തികേയന് വഴങ്ങുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വാസം. ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്നു മാറ്റണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യവും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
അഞ്ചാംമന്ത്രി: ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞു
ന്യൂഡല്‍ഹി: മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിപ്രശ്നം സംസ്ഥാനതലത്തില്‍ പരിഹരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ ചര്‍ച്ചക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് ഇക്കാര്യം അസന്ദിഗ്ദമായി അറിയിച്ചു. സോണിയ ഗാന്ധി, എ കെ ആന്‍ണി, അഹമ്മദ്പട്ടേല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദന്‍മിസ്ത്രി എന്നിവരുമായാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം പരിഗണിച്ച് യുഡിഎഫ് തീരുമാനമെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചാംമന്ത്രിക്കാര്യത്തില്‍ എന്തെങ്കിലും സമവാക്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിട്ടില്ല. യുഡിഎഫിനുള്ളിലെ പ്രശ്നം പരിഹരിക്കാന്‍ അതിന്റേതായ സംവിധാനമുണ്ട്. പ്രശ്നം ചര്‍ച്ചചെയ്തു തീരുമാനിക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. അനൂപ് ജേക്കബ്ബിന്റെ സത്യപ്രതിജ്ഞയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. സത്യപ്രതിജ്ഞ നീണ്ടുപോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, എപ്പോള്‍ നടക്കുമെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഫോര്‍മുലയെക്കുറിച്ച് അറിയില്ല: കെ പി എ മജീദ്
മലപ്പുറം: അഞ്ചാംമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് പുതിയ ഫോര്‍മുല ഉണ്ടാക്കിയതിനെക്കുറിച്ച് അറിയില്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഇതുസംബന്ധിച്ച് ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫോര്‍മുല സംബന്ധിച്ച് പാര്‍ടിക്ക് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ പാര്‍ടിക്കുള്ളില്‍ ചര്‍ച്ചചെയ്ത് നിലപാടെടുക്കും. പാര്‍ടിയുടെ മുന്നില്‍ വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാനാവൂ- മജീദ് പറഞ്ഞു.
deshabhimani 060412
അഞ്ചാംമന്ത്രി തര്‍ക്കം സൃഷ്ടിച്ച ഊരാക്കുടുക്കില്‍നിന്നും രക്ഷപ്പെടാന്‍ യുഡിഎഫില്‍ പദവികള്‍ വച്ച് ലേലം വിളി. അഞ്ചാംമന്ത്രിയെ ചോദിച്ച് വെട്ടിലായ ലീഗിന് സ്പീക്കര്‍ സ്ഥാനം വാഗ്ദാനംചെയ്തപ്പോള്‍ നിലവിലുള്ള സ്പീക്കറെ മന്ത്രിയാക്കാമെന്നാണ് നിര്‍ദേശം. മന്ത്രി സ്ഥാനം നിരസിച്ച സ്പീക്കര്‍, കെപിസിസി പ്രസിഡന്റ് പദവിയില്‍ കണ്ണുവച്ചതോടെ കെപിസിസി പ്രസിഡന്റിനെ മന്ത്രിയാക്കാമെന്നായി. ഉപമുഖ്യമന്ത്രിയിലാണ് താല്‍പ്പര്യമെന്ന് പറഞ്ഞ പ്രസിഡന്റ്, സ്വന്തം പിന്‍ഗാമിയെയും രംഗത്തിറക്കി. കേരള രാഷ്ട്രീയം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിലപേശലാണ് അണിയറയില്‍ തകൃതിയായി നടക്കുന്നത്.
ReplyDelete