Friday, April 6, 2012

വേണ്ടിയിരുന്നില്ല... മക്കളെ നേഴ്സിങ്ങിന് അയക്കരുതായിരുന്നു


""മക്കളെ നേഴ്സിങ് പഠിക്കാന്‍ അയച്ചത് ഓര്‍ത്ത് ഇപ്പോള്‍ ഞങ്ങള്‍ പശ്ചാത്തപിക്കുകയാണ്. പല സ്വകാര്യ ആശുപത്രികളിലും നേഴ്സുമാരുടെ സ്ഥിതി വളരെ ദയനീയമാണ്. മനുഷ്യാവകാശങ്ങള്‍ പലപ്പോഴും ലംഘിക്കുന്നു."" നേഴ്സുമാരുടെ മാതാപിതാക്കളുടെ സംഘടനയായ ഇന്ത്യന്‍ നേഴ്സസ് പേരന്റ്സ് അസോസിയേഷന്‍ (ഐഎന്‍പിഎ) ഭാരവാഹികള്‍ പറയുന്നു. ഡോ. എസ് ബലരാമന്‍ കമ്മറ്റി മുമ്പാകെ പരാതി ബോധിപ്പിക്കാന്‍ എത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

നേഴ്സിങ് കൗണ്‍സിലിന്റെ വ്യവസ്ഥ അനുസരിച്ച് ഒരു വാര്‍ഡില്‍ നാലു രോഗിക്ക് ഒരു നേഴ്സ് എന്നതാണ് അനുപാതം. തീവ്രപരിചരണ വിഭാഗത്തില്‍ ഒരു രോഗിക്ക് ഒരു നേഴ്സ് വേണം. എന്നാല്‍ മിക്ക സ്വകാര്യ ആശുപത്രികളും ഇതു പാലിക്കുന്നില്ല. പലപ്പോഴും ഒരു നേഴ്സിന് ഏഴ് രോഗിയെവരെ നോക്കേണ്ടിവരും. മിനിമം വേതനം, മറ്റ് സേവനവേതന വ്യവസ്ഥകള്‍ എന്നിവ പല നേഴ്സുമാര്‍ക്കും സ്വപ്നം മാത്രമാണ്. ട്രെയ്നി നേഴ്സുമാര്‍ എന്ന പേരില്‍ എടുക്കുന്നവര്‍ക്ക് 1000 മുതല്‍ 4000 രൂപവരെയാണ് ശമ്പളം. ഇവര്‍ ജോലിചെയ്യുന്നുണ്ട് എന്നതിന് ആശുപത്രിയില്‍ ഒരു തെളിവും സൂക്ഷിക്കാറില്ല. കൃത്യമായ രജിസ്റ്ററോ മറ്റു രേഖകളോ ആശുപത്രികളില്‍ ഇല്ല. ചികിത്സക്ക് എത്തുന്നവരെ ഞെക്കിപ്പിഴിഞ്ഞ് പണം ഈടാക്കുന്ന ആശുപത്രികളാണ് നേഴ്സുമാര്‍ക്ക് മാന്യമായ വേതനം നിഷേധിക്കുന്നത്. ഒരു കപ്പ് കഞ്ഞിക്ക് 60 രൂപവരെ ഈടാക്കുന്ന സ്വകാര്യ ആശുപത്രികളുണ്ട്. നേഴ്സിങ് കെയര്‍ എന്ന പേരില്‍ രോഗിയില്‍നിന്ന് പ്രതിദിനം 110 രൂപ വരെയും ഈടാക്കുന്നു. എന്നാല്‍ നേഴ്സുമാര്‍ക്ക് ഇവിടെ തുച്ഛമായ തുകയാണ് ശമ്പളമായി നല്‍കുന്നത്.

ജോലിക്കായി ആശുപത്രികളില്‍ ഇന്റര്‍വ്യുവിനെത്തുമ്പോള്‍ പലപ്പോഴും ""നിങ്ങള്‍ ഉടനെ വിവാഹം കഴിക്കുമോ"" എന്ന ചോദ്യം നേഴ്സുമാര്‍ക്ക് നേരിടേണ്ടിവരുന്നു. നേഴ്സുമാര്‍ക്ക് അവധി നല്‍കാനുള്ള വിമുഖതയാണ് ഇതിനു പിന്നില്‍. പ്രസവാവധിപോലും പലര്‍ക്കും നിഷേധിക്കുന്നുണ്ട്. അസുഖം വന്നാല്‍ ജോലി നോക്കുന്ന ആശുപത്രിയില്‍ ചികിത്സാസൗജന്യവും നല്‍കാറില്ല. പകര്‍ച്ചവ്യാധി പിടിപെട്ട രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്സുമാര്‍ക്ക് പ്രതിരോധ കുത്തിവയ്പു നല്‍കുന്നതിനോ സ്വയംരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിനോ ആശുപത്രികള്‍ ശ്രദ്ധിക്കാറില്ലെന്ന് ഐഎന്‍പിഎ പറയുന്നു. തൊഴില്‍രംഗത്തെ ചൂഷണം തടയുക, സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കേന്ദ്ര നിയമം ഏര്‍പ്പെടുത്തുക, കുറഞ്ഞ ശമ്പളം 20,000 രൂപയാക്കുക, വിദ്യാഭ്യാസ വായ്പാ പലിശ പൂര്‍ണമായി ഒഴിവാക്കുക, മെയില്‍ നേഴ്സുമാര്‍ക്ക് 30 ശതമാനം തൊഴിലവസരം ഉറപ്പുവരുത്തുക തുടങ്ങി 10 ആവശ്യങ്ങളുന്നയിച്ച് ഡോ. എസ് ബലരാമന്‍ കമ്മറ്റിമുമ്പാകെ അവകാശ പത്രിക സമര്‍പ്പിച്ചതായി ഐഎന്‍പിഎ പിറവം മണ്ഡലം സെക്രട്ടറി മേരി തോമസ് പറഞ്ഞു.

മിംസില്‍ നേഴ്സുമാരുടെ സൂചനാസമരം

വേതനവര്‍ധന ആവശ്യപ്പെട്ട് മിംസ് ആശുപത്രിയിലെ നേഴ്സുമാര്‍ സൂചനാസമരം തുടങ്ങി. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ആശുപത്രിയില്‍ ഒപി വിഭാഗവും അത്യാഹിത വിഭാഗത്തില്‍ പ്രാഥമിക പരിചരണവും മാത്രമേ ലഭ്യമാകുകയുള്ളൂ. കിടത്തിചികിത്സ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ രജിസ്ട്രേഡ് നേഴ്സസ് അസോസിയേഷന്‍ നേതൃത്വത്തിലാണ് സമരം. ബുധനാഴ്ച അഡ്മിറ്റ് ചെയ്തവരുടെ പരിചരണവും രോഗികളുടെ ക്യാഷ് ബില്ലിങ് നടപടികളും ബഹിഷ്കരിച്ചു. വ്യാഴാഴ്ചയും ബഹിഷ്കരണം തുടരും. അത്യാഹിത വിഭാഗത്തില്‍ പ്രാഥമിക പരിചരണം നല്‍കുന്നുണ്ട്. വേതനവര്‍ധനവില്‍ തീരുമാനമായില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ പ്രത്യക്ഷസമരം നടത്തും. ഒരു വര്‍ഷംവരെ പരിചയമുള്ള സ്റ്റാഫിന് അടിസ്ഥാന ശമ്പളം 12,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. അതേ സമയം നേഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മിംസ് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

deshabhimani 060412

1 comment:

  1. ""മക്കളെ നേഴ്സിങ് പഠിക്കാന്‍ അയച്ചത് ഓര്‍ത്ത് ഇപ്പോള്‍ ഞങ്ങള്‍ പശ്ചാത്തപിക്കുകയാണ്. പല സ്വകാര്യ ആശുപത്രികളിലും നേഴ്സുമാരുടെ സ്ഥിതി വളരെ ദയനീയമാണ്. മനുഷ്യാവകാശങ്ങള്‍ പലപ്പോഴും ലംഘിക്കുന്നു."" നേഴ്സുമാരുടെ മാതാപിതാക്കളുടെ സംഘടനയായ ഇന്ത്യന്‍ നേഴ്സസ് പേരന്റ്സ് അസോസിയേഷന്‍ (ഐഎന്‍പിഎ) ഭാരവാഹികള്‍ പറയുന്നു. ഡോ. എസ് ബലരാമന്‍ കമ്മറ്റി മുമ്പാകെ പരാതി ബോധിപ്പിക്കാന്‍ എത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

    ReplyDelete