Friday, April 6, 2012

രാഷ്ട്രീയപ്രമേയം: ചര്‍ച്ച പൂര്‍ത്തിയായി


സുര്‍ജിത്-ജ്യോതിബസു നഗര്‍ (കോഴിക്കോട് ടാഗോര്‍ ഹാള്‍): നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടം മുഖ്യകടമയായി കാണുന്ന സിപിഐ എം രാഷ്ട്രീയ പ്രമേയത്തിന് പാര്‍ടി കോണ്‍ഗ്രസില്‍ പൊതുയോജിപ്പ്. പാര്‍ടി ജനറല്‍ സെക്രട്ടറി ബുധനാഴ്ച അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച വ്യാഴാഴ്ച രാത്രി പൂര്‍ത്തിയായി. വെള്ളിയാഴ്ച ജനറല്‍ സെക്രട്ടറിയുടെ മറുപടിക്ക് ശേഷം പാര്‍ടിയുടെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള അടവ് നയം വ്യക്തമാക്കുന്ന രേഖ കോണ്‍ഗ്രസ് അംഗീകരിക്കും. പ്രമേയത്തിന്റെ പൊതുകാഴ്ചപ്പാട് ശക്തിപ്പെടുത്തുന്ന ഭേദഗതികള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൊത്തം 3713 ഭേദഗതികളും 487 നിര്‍ദേശങ്ങളുമാണ് ലഭിച്ചത്. അവയില്‍ 163 ഭേദഗതികള്‍ സ്വീകരിച്ചു. സ്വീകരിച്ചവയില്‍ 77 എണ്ണം സാങ്കേതികസ്വഭാവമുള്ളവയാണ്. ബാക്കി ഭേദഗതികള്‍ പ്രമേയത്തിന്റെ ചില നിഗമനങ്ങളെ ശക്തിപ്പെടുത്തുന്നതും പുതുക്കുന്നതുമാണെന്ന് അദ്ദേഹം അറിയിച്ചു. നവ ഉദാരവല്‍ക്കരണത്തിനെതിരെ പോരാടുന്നതോടൊപ്പം വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും പാര്‍ടി ശ്രമിക്കും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കണം. ഇത്തരം കടമകള്‍ ഏറ്റെടുക്കുന്നതിന് പാര്‍ടിയുടെ ശക്തിയും സ്വാധീനവും വര്‍ധിപ്പിക്കണം.

കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ ഇടതു-ജനാധിപത്യ ശക്തികളുടെ ബദലാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലൂടെയാണ് ബദല്‍ ഉയര്‍ന്നുവരേണ്ടത്. അതേസമയം, ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാനും മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കാനും കോണ്‍ഗ്രസിതര മതനിരപേക്ഷ പാര്‍ടികളുമായി സിപിഐ എം സഹകരിക്കും. വ്യാഴാഴ്ച രാവിലെ നടന്ന ചര്‍ച്ചയില്‍ ജി സുധാകരന്‍, പി കെ ബിജു (കേരളം), അസിം ദാസ് ഗുപ്ത, പുലിന്‍ ബാസ്കെ (ബംഗാള്‍), മതിലാല്‍ സര്‍ക്കാര്‍ (ത്രിപുര), കെ സ്വാമിനാഥന്‍ (തമിഴ്നാട്), കെ ജ്യോതി (ആന്ധ്രപ്രദേശ്), അനന്ത ദേക്ക (അസം), ജസ്വിന്ദര്‍ സിങ് (മധ്യപ്രദേശ്), ജി വി ശ്രീറാം റെഡ്ഡി (കര്‍ണാടകം), നര്‍സയ്യ ആദം (മഹാരാഷ്ട്ര), ഹേത്റാം ബെനിവാള്‍ (രാജസ്ഥാന്‍), രഘുനാഥ് സിങ് (പഞ്ചാബ്), അനുരാഗ് സക്സേന (ഡല്‍ഹി) എന്നീ 14 പേര്‍ പങ്കെടുത്തു. പാര്‍ടി ജനറല്‍ സെക്രട്ടറിമുതല്‍ ലോക്കല്‍ സെക്രട്ടറിവരെയുള്ള ഭാരവാഹികളുടെ കാലാവധി മൂന്നു തവണയായി പരിമിതപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി പാര്‍ടി കോണ്‍ഗ്രസില്‍ വരുന്നുണ്ട്. പാര്‍ടിയുടെ വളര്‍ച്ചകൂടി കണക്കിലെടുത്താണ് ഈ ഭേദഗതി കൊണ്ടുവരുന്നത്. ഇപ്പോള്‍ പാര്‍ടിയില്‍ പത്തുലക്ഷം അംഗങ്ങളുണ്ട്. മൂന്നു തവണയാകുമ്പോള്‍ ഒരു ദശാബ്ദത്തോളം തുടരാനാകും. അതു കഴിയുമ്പോള്‍ മാറ്റം. ഒരേസമയം തുടര്‍ച്ചയും മാറ്റവും ഉറപ്പാക്കുന്നതാണ് പരിഗണനയിലുള്ള ഭേദഗതിയെന്ന് കാരാട്ട് വിശദീകരിച്ചു. കരട് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു കഴിഞ്ഞാല്‍ ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളിലുള്ള പ്രമേയം വെള്ളിയാഴ്ച സീതാറാം യെച്ചൂരി അവതരിപ്പിക്കും. എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

കാര്‍ഷിക പ്രതിസന്ധി : യോജിച്ച പോരാട്ടത്തിന് ഒരുങ്ങുക

കേന്ദ്രനയങ്ങള്‍ സൃഷ്ടിച്ച ഗുരുതരമായ കാര്‍ഷിക പ്രതിസന്ധിയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കാന്‍ പോരാട്ടം മാത്രമാണ് ഏകപോംവഴിയെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വ്യക്തിഗതമോ സാമൂഹ്യമോ ആയ ആത്മഹത്യയല്ല പ്രശ്നപരിഹാരം. ഉദാരവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും നല്ല സമൂഹസൃഷ്ടിക്കും വേണ്ടി തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങളുമായി ഐക്യപ്പെടുകയാണ് വേണ്ടതെന്ന് അശോക് ധാവ്ളെ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യയെന്ന അവസാന വഴി സ്വീകരിക്കരുതെന്നും കര്‍ഷകരോട് പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു.

1991 മുതല്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകരുടെ ജീവിതസാഹചര്യങ്ങളില്‍ സൃഷ്ടിച്ച ഗുരുതരമായ പ്രതിസന്ധിയാണ് ആത്മഹത്യകള്‍ക്ക് പ്രധാനകാരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക ആത്മഹത്യ തുടര്‍ പ്രതിഭാസമായി മാറുന്നതില്‍ പാര്‍ടി കോണ്‍ഗ്രസ് അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. 1995നും 2010നും ഇടയില്‍ രാജ്യത്ത് 2,56,913 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോ കണക്ക്. ഓരോ വര്‍ഷവും പതിനാറായിരത്തിനും പതിനേഴായിരത്തിനും ഇടയില്‍ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. പട്ടയമില്ലാതെ പാട്ടകൃഷി ചെയ്യുന്ന ദരിദ്ര കര്‍ഷകര്‍ ഉള്‍പ്പെടാതെയുള്ള കണക്കാണിത്. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ആത്മഹത്യ കൂടുതല്‍. കേരളത്തിലും ബംഗാളിലും ഇടതുപക്ഷം നയിക്കുന്ന സര്‍ക്കാരുകളുടെ ഭരണമാറ്റത്തിനുശേഷം കര്‍ഷക ആത്മഹത്യ തിരിച്ചുവന്നുവെന്നതാണ് ഏറെ അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം. ഈ സംസ്ഥാനങ്ങളില്‍ ഇടതുസര്‍ക്കാരുകള്‍ നടപ്പാക്കിയ കര്‍ഷക ക്ഷേമപദ്ധതികള്‍ പുതിയ സര്‍ക്കാരുകള്‍ അട്ടിമറിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 2008ല്‍ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗികമായ കടാശ്വാസ പദ്ധതികള്‍ ഒട്ടും പരിഹാരമായില്ലെന്നാണ് വര്‍ധിച്ചുവരുന്ന ആത്മഹത്യ വ്യക്തമാക്കുന്നത്. കര്‍ഷകര്‍ക്ക് ഇത് പ്രയോജനപ്പെട്ടിട്ടില്ല. കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ദേശീയ കര്‍ഷക കമീഷന്‍ രൂപീകരിക്കുമെന്ന് 2005ല്‍ പ്രഖ്യാപിച്ചു. ഇത് ഇനിയും നടപ്പാക്കിയിട്ടില്ല. കാര്‍ഷിക നിക്ഷേപങ്ങളില്‍ ബഹുഭൂരിഭാഗവും ഇന്ന് ലഭിക്കുന്നത് സമ്പന്ന കര്‍ഷകര്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ ആണ്.

കര്‍ഷകര്‍ അതീവ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ 2012-13 വര്‍ഷത്തെ കേന്ദ്രബജറ്റില്‍ രാസവളത്തിന്റെ സബ്സിഡി 6000 കോടി രൂപ വെട്ടിക്കുറച്ചതില്‍ പാര്‍ടി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനും നേരത്തെ പ്രഖ്യാപിച്ച ദേശീയ കര്‍ഷക കമീഷന്‍ യാഥാര്‍ഥ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. കാര്‍ഷിക മേഖലയില്‍ സബ്സിഡി പുനഃസ്ഥാപിച്ച് വിത്തും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള മറ്റ് സാമഗ്രികളും ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ ഇടപെടണം. ഇതിന് ഗ്രാമങ്ങളില്‍ ചെറുകിട ഔട്ട്ലെറ്റുകള്‍ തുടങ്ങണം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി വിപുലീകരിക്കുകയും ഉല്‍പ്പാദന ചെലവ് കണക്കാക്കി താങ്ങുവില പ്രഖ്യാപിക്കുകയും വേണം. ഈ രംഗത്ത് സ്വകാര്യ സംരംഭകരെ നിരുത്സാഹപ്പെടുത്തണം. ചെറുകിട- ഇടത്തരം കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വാണിജ്യബാങ്കുകളില്‍ ക്വോട്ട ഏര്‍പ്പെടുത്തണം. എല്ലാവിഭാഗം കര്‍ഷകര്‍ക്കും പ്രയോജനപ്പെടുംവിധം സമഗ്ര വിള ഇന്‍ഷുറന്‍സ് പദ്ധതി രാജ്യമാകെ നടപ്പാക്കണം. വിളനാശം സംഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക ഫണ്ട് നീക്കിവയ്ക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
(എം രഘുനാഥ്)

deshabhimani 060412

1 comment:

  1. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടം മുഖ്യകടമയായി കാണുന്ന സിപിഐ എം രാഷ്ട്രീയ പ്രമേയത്തിന് പാര്‍ടി കോണ്‍ഗ്രസില്‍ പൊതുയോജിപ്പ്. പാര്‍ടി ജനറല്‍ സെക്രട്ടറി ബുധനാഴ്ച അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച വ്യാഴാഴ്ച രാത്രി പൂര്‍ത്തിയായി. വെള്ളിയാഴ്ച ജനറല്‍ സെക്രട്ടറിയുടെ മറുപടിക്ക് ശേഷം പാര്‍ടിയുടെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള അടവ് നയം വ്യക്തമാക്കുന്ന രേഖ കോണ്‍ഗ്രസ് അംഗീകരിക്കും. പ്രമേയത്തിന്റെ പൊതുകാഴ്ചപ്പാട് ശക്തിപ്പെടുത്തുന്ന ഭേദഗതികള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete