നാടും നഗരവും സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് ആതിഥ്യമരുളി ചുവപ്പില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കോഴിക്കോട് ബീച്ചില്‍ ഭീമന്‍ ചുവപ്പ് പട്ടം ചിറകുവിരിച്ചുപറക്കുന്നു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് എന്നെഴുതിയ നീളന്‍ വാലും ചുഴറ്റി കാറ്റിലാടി വാനിലുയരുന്ന പട്ടത്തില്‍ പാര്‍ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രവും വിപ്ലവവീര്യം ചെഗുവേരയുടെ ചിത്രവും ആലേഖനം ചെയ്തത് കാണികള്‍ക്ക് മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. ബീച്ചില്‍ കഴിഞ്ഞ ആറ് വര്‍ഷമായി പട്ടം നിര്‍മിച്ചുവില്‍ക്കുന്ന കുന്നകുളം ചെറുവത്തൂര്‍ വലിയങ്ങാടിയില്‍ മോഹനാണ് ഭീമന്‍ പട്ടം നിര്‍മിച്ചത്. ഇതുവരെ നടന്ന പാര്‍ടി കോണ്‍ഗ്രസുകളുടെ എണ്ണം അനുസ്മരിപ്പിച്ച് 20വാലുകളും പട്ടത്തിനുണ്ട്.
തന്റെ എളിയ കരവിരുതില്‍ പാവങ്ങളുടെ അത്താണിയായ പാര്‍ടിയുടെ അഖിലേന്ത്യാ കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്യുകയാണെന്ന് മോഹനന്‍ പറഞ്ഞു. പോര്‍നിലങ്ങളില്‍ പാര്‍ടിക്ക് വേണ്ടി രക്തസാക്ഷികളായവരുടെ ഓര്‍മക്കായാണ് ചുവന്ന പ്രതലത്തില്‍ പട്ടം നിര്‍മിച്ചത്. കോഴിക്കോട്ട് പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. തനിക്ക് ഊര്‍ജം പകരുന്ന നേതാക്കളെ പാര്‍ടി കോണ്‍ഗ്രസിനിടെ നേരില്‍ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും മോഹനന്‍ പറഞ്ഞു. ആയിരത്തോളം രൂപ ചെലവഴിച്ച് മൂന്ന് ദിവസമാണ് പട്ടംനിര്‍മിക്കാന്‍ ചെലവഴിച്ചത്. വ്യാഴാഴ്ചയാണ് മോഹനന്‍ ചുവന്ന പട്ടം വാനിലുയര്‍ത്തിവിട്ടത്. കാണികളില്‍ വിപ്ലവാവേശം പകര്‍ന്ന് പട്ടം മാനംമുട്ടെ പറക്കുമ്പോള്‍ നിറയുന്നത് ഉന്തുവണ്ടി പെട്ടിക്കട യൂണിയന്‍ (സിഐടിയു) ബീച്ച് യൂണിറ്റ് അംഗമായ മോഹനന്റെ വിപ്ലവമനസ്സു കൂടിയാണ്.
ഗുജറാത്ത് സംഘത്തില്‍ മലയാളി സാന്നിധ്യവും
കോഴിക്കോട്: ഗുജറാത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ച പോരാട്ടവീറുമായി പാര്‍ടി കോണ്‍ഗ്രസില്‍ മലയാളി സാന്നിധ്യം. സിപിഐ എം ഗുജറാത്ത് സംസ്ഥാന സെക്രട്ടറിയറ്റംഗവും സിഐടിയു നേതാവുമായ എം രാമചന്ദ്രന്‍ പിന്നിട്ട വഴികള്‍ ഓര്‍ക്കുന്നു. തൃശൂര്‍ അന്തിക്കാട് സ്വദേശിയായ രാമചന്ദ്രന്‍ 40 വര്‍ഷം മുമ്പാണ് തൊഴില്‍ തേടി ഗുജറാത്തിലെത്തിയത്. ഗുജറാത്തിലെ സഹകരണ മേഖലയിലെ ഖാദി തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക്. സൗരാഷ്ട്ര രചന രക്ഷക്സമിതി എന്ന ഖാദി സ്ഥാപനത്തില്‍ ജോലിചെയ്യുമ്പോഴായിരുന്നു തൊഴിലാളി പ്രശ്നങ്ങള്‍ അദ്ദേഹം ഏറ്റെടുക്കുന്നത്. ഖാദി മേഖലയില്‍ മിനിമംകൂലിയടക്കമുള്ളവ നേടിയെടുക്കാന്‍ കഴിഞ്ഞത് നിരന്തര പോരാട്ടത്തിലൂടെ. അധികൃതരുടെ കണ്ണിലെ കരടായ രാമചന്ദ്രനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
93 ജനുവരിയിലായിരുന്നു പിരിച്ചുവിടല്‍. തുടര്‍ന്ന് പാര്‍ടിപ്രവര്‍ത്തനത്തില്‍ സജീവമായി, നേതൃനിരയിലെത്തി. നരേന്ദ്രമോഡിയുടെ വികസനം തട്ടിപ്പാണെന്ന് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. വന്‍കിടക്കാര്‍ക്കുമാത്രം ആനുകൂല്യം നല്‍കുകയാണ് മോഡി സര്‍ക്കാര്‍. സാധാരണക്കാര്‍ക്ക് കുടിവെള്ളമോ ഭക്ഷണമോ കിട്ടുന്നില്ല. ഗ്രാമങ്ങളില്‍ ജനങ്ങളുടെ അവസ്ഥ ദുരിതപൂര്‍ണം. വിദ്യാഭ്യാസം അന്യമായ ഇവരെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പണംകൊടുത്ത് വിലയ്ക്ക് വാങ്ങും. വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളവരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ തെരഞ്ഞെടുപ്പിന്റെ തലേന്ന് ഭീഷണിപ്പെടുത്തി മോഡിയുടെ ആള്‍ക്കാര്‍ കൈവശപ്പടുത്തും. ഗുജറാത്തിലെ മിക്കവാറും മാധ്യമങ്ങളെല്ലാം മോഡിയുടെ വരുതിയിലാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാറില്ല.
വാണിജ്യ- വ്യവസായ ലോബികളുടെ സഹായവും മോഡിക്കുണ്ട്. സര്‍ക്കാര്‍സര്‍വീസില്‍പോലും കരാര്‍ത്തൊഴിലാളികളെയാണ് നിയമിക്കുന്നത്. ക്ലാസ് ഫോര്‍ വിഭാഗത്തിലാണിത് കൂടുതല്‍. ഇവര്‍ക്ക് 2500 മുതല്‍ 3000 രൂപവരെ മാത്രമാണ് വേതനം. 12 മണിക്കൂര്‍ ജോലിയെടുക്കണം. പൊലീസില്‍പോലും കരാര്‍ നിയമനമുണ്ടെന്നും രാമചന്ദ്രന്‍ പറഞ്ഞു. രാമചന്ദ്രന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മകള്‍ ദര്‍ശന ഗുജറാത്ത് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. മകന്‍ ദര്‍ശന്‍ ഗള്‍ഫില്‍ ജോലിചെയ്യുന്നു. വര്‍ഷത്തിലൊരിക്കല്‍ അന്തിക്കാട്ട് വന്നു പോകാറുണ്ട്. സംസ്ഥാന സെക്രട്ടറി അരുണ്‍ മേത്തയുടെ നേതൃത്വത്തില്‍ രണ്ട് നിരീക്ഷകര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഗുജറാത്തില്‍ നിന്നെത്തിയിട്ടുണ്ട്. ഭാവ്നഗറിലെ വനിതാ ജില്ലാസെക്രട്ടറി നളിനി ജഡേജയും സംഘത്തിലുണ്ട്.
(പി വിജയന്‍)
കനല്‍ക്കാഴ്ചകളിലേക്ക് ആയിരങ്ങള്‍
കോഴിക്കോട്: ചരിത്രത്തെ അറിയാനും സമൂഹത്തെ ഉണര്‍ത്താനുമുള്ള വേദിയായി "സോഷ്യലിസമാണ് ഭാവി" ചരിത്രപ്രദര്‍ശനം മാറുന്നു. പാര്‍ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് ഒരുക്കിയ പ്രദര്‍ശനത്തില്‍ രാഷ്ട്രീയ അതിര്‍വരമ്പുകള്‍ക്ക് വിടനല്‍കി ജനപങ്കാളിത്തം. മാര്‍ച്ച് അഞ്ചിന് കോഴിക്കോട് മാനാഞ്ചിറയിലെ ഇ എം എസ് നഗറില്‍ ആരംഭിച്ച ചരിത്രപ്രദര്‍ശനം ഒരു മാസം പിന്നിട്ടു.
ദിവസവും ഇരുപതിനായിരത്തിലേറെപ്പേര്‍ ഇവിടയെത്തുന്നു. അതില്‍ സ്കൂള്‍വിദ്യാര്‍ഥികള്‍മുതല്‍ വിശിഷ്ടവ്യക്തിത്വങ്ങള്‍വരെയുണ്ട്. പ്രതിനിധിസമ്മേളനം ആരംഭിച്ചതോടെ തിരക്ക് വര്‍ധിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും ലോകമാകെ നടന്ന വര്‍ഗസമരങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനംകൂടിയാണ് പ്രദര്‍ശനം. അതോടൊപ്പം മാനവരക്ഷയ്ക്കായി പ്രസ്ഥാനം നടത്തിയ തീക്ഷ്ണമായ പോരാട്ടങ്ങളെക്കുറിച്ചും സമകാലീന അവസ്ഥകളെക്കുറിച്ചുമുള്ള നേരായ ചിത്രവും പുതുതലമുറയ്ക്ക് നല്‍കുന്നു.
ചരിത്രപ്രദര്‍ശനത്തിന്റെ കാഴ്ചകള്‍ അവസാനിക്കുമ്പോള്‍ ഓരോരുത്തരിലും നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ചിന്ത പിറവിയെടുക്കുന്നു. അതാണ് പ്രദര്‍ശനത്തിന്റെ വിജയവും. മനസ്സില്‍ വിപ്ലവത്തിന്റെ തീക്കനല്‍ നിറച്ചേ ഇവിടെനിന്ന് മടങ്ങാനാകൂ. രാവിലെമുതല്‍ പഠനയാത്രാസംഘങ്ങളുടെ പ്രവാഹമാണ്. വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ സംഘമായി പ്രദര്‍ശനഗരിയിലേക്ക് ഒഴുകുന്നു. കുടുംബസമേതമാണ് അവരെത്തുന്നത്. പാര്‍ടി കോണ്‍ഗ്രസ് വിജയിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും പ്രദര്‍ശനം കണ്ട് സംഘാടകരെ അഭിനന്ദിച്ച് മടങ്ങുന്നു.
അറുപതോളം ഡെമോണ്‍സ്ട്രേറ്റര്‍മാരും പ്രദര്‍ശനഗരിയിലുണ്ട്. ഇവര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നു. പ്രദര്‍ശനത്തെക്കുറിച്ചുള്ള "സോഷ്യലിസമാണ് ഭാവി" എന്ന പുസ്തകത്തിന് ആവശ്യക്കാര്‍ ഏറെ. പുസ്തകം തീര്‍ന്നതിനാല്‍ വീണ്ടും അച്ചടിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ലഘുചരിത്രമാണ് ഈ ഗ്രന്ഥം. പ്രദര്‍ശനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനും തിരക്കാണ്. അഭിപ്രായം രേഖപ്പെടുത്താന്‍ നാലു പുസ്തകങ്ങള്‍ വെച്ചിട്ടുണ്ട്. പലതും നിറഞ്ഞുകവിഞ്ഞു.
(കെ എസ് ഷൈജു)
ഇ എം എസിനെക്കുറിച്ചുള്ള സിഡി പ്രകാശനം ചെയ്തു
ഇ എം എസിന്റെ ജീവിതസ്മൃതിചിത്രങ്ങളടങ്ങിയ സിഡി ആല്‍ബം പ്രകാശനം ചെയ്തു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിസമ്മേളന നഗരിയില്‍ നടന്ന ചടങ്ങില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് ഇ എം എസ് സിഡി പുറത്തിറക്കി. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഏറ്റുവാങ്ങി. കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി അധ്യക്ഷനായി. ചിന്ത പബ്ലിഷേഴ്സ് മാനേജര്‍ വി കെ ജോസഫ് സ്വാഗതം പറഞ്ഞു.
ചിന്ത പുസ്തകരൂപത്തിലിറക്കിയ ഇ എം എസ് ആല്‍ബത്തിന്റെ സിഡി രൂപമാണിത്. 150 ഓളം ചിത്രങ്ങളാണുള്ളത്. ഇ എം എസിന്റെ ബാല്യം, രാഷ്ട്രീയപ്രവര്‍ത്തനത്തിലെ പ്രധാന സന്ദര്‍ഭങ്ങള്‍, ലോകനേതാക്കള്‍ക്കും കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ സാരഥികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍, മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് എന്നിവയുമുണ്ട്. കേരളം കണ്ണീര്‍പൊഴിച്ച ഇ എം എസിന്റെ വിലാപയാത്രയുടെ ദൃശ്യങ്ങളുമുണ്ട്. ഇ എം എസിന്റെ കൈയക്ഷരം, ഒപ്പ് എന്നിവയും കാണാം. 50 രൂപയാണ് വില. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ചിന്തയുടെ സ്നേഹോപഹാരമായി സിഡി സമ്മാനിക്കുന്നുണ്ട്..
deshabhimani 060412


നാടും നഗരവും സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് ആതിഥ്യമരുളി ചുവപ്പില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കോഴിക്കോട് ബീച്ചില്‍ ഭീമന്‍ ചുവപ്പ് പട്ടം ചിറകുവിരിച്ചുപറക്കുന്നു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് എന്നെഴുതിയ നീളന്‍ വാലും ചുഴറ്റി കാറ്റിലാടി വാനിലുയരുന്ന പട്ടത്തില്‍ പാര്‍ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രവും വിപ്ലവവീര്യം ചെഗുവേരയുടെ ചിത്രവും ആലേഖനം ചെയ്തത് കാണികള്‍ക്ക് മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. ബീച്ചില്‍ കഴിഞ്ഞ ആറ് വര്‍ഷമായി പട്ടം നിര്‍മിച്ചുവില്‍ക്കുന്ന കുന്നകുളം ചെറുവത്തൂര്‍ വലിയങ്ങാടിയില്‍ മോഹനാണ് ഭീമന്‍ പട്ടം നിര്‍മിച്ചത്. ഇതുവരെ നടന്ന പാര്‍ടി കോണ്‍ഗ്രസുകളുടെ എണ്ണം അനുസ്മരിപ്പിച്ച് 20വാലുകളും പട്ടത്തിനുണ്ട്.
ReplyDelete