Saturday, April 7, 2012

പെണ്‍കരുത്തിന് ഗുണ്ടൂര്‍, ഭവ്നഗര്‍ പാഠങ്ങള്‍


ജനകീയ പോരാട്ടങ്ങള്‍ക്ക് ആവേശം പകരാന്‍ പെണ്‍വീര്യത്തില്‍ ചാലിച്ച നേതൃപാടവവുമായി രമാദേവിയും നളിനി ജഡേജയും. ഇന്ത്യയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പദം അലങ്കരിക്കുന്ന രണ്ട് വനിതകള്‍. ഇവര്‍ ഗുണ്ടൂരിലെയും ഭവ്നഗറിലെയും പോരാട്ടപാഠങ്ങള്‍ കൈമാറാനായി എത്തിയ പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍. കമ്യൂണിസ്റ്റ് പാര്‍ടിക്ക് ശക്തിയുള്ള മണ്ണായ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലാ സെക്രട്ടറിയാണ് രമാദേവി. ഗുജറാത്തിലെ ഭവ്നഗര്‍ ജില്ലാ സെക്രട്ടറിയാണ് നളിനി.

അഭിഭാഷകരായ ഇരുവരും വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. കിസാന്‍സഭ കേന്ദ്ര എക്സിക്യുട്ടീവ് അംഗവും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ പി നരസിംഹ റാവു ആണ് രമാദേവിയുടെ ഭര്‍ത്താവ്. നളിനിയുടെ ഭര്‍ത്താവ് സംസ്ഥാനകമ്മിറ്റി അംഗമായ കൃഷ്ണ ജഡേജയും കോണ്‍ഗ്രസിനുണ്ട്. പാര്‍ടിയുടെ ജില്ലാ സെക്രട്ടറിമാരായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെങ്കിലും ഈ നിരയില്‍ രണ്ട് വനിതകള്‍ മാത്രമേ ഉള്ളൂ എന്നതില്‍ ദുഃഖമുണ്ടെന്ന് ഇരുവരും പറഞ്ഞു. കൂടുതല്‍ വനിതകള്‍ നേതൃനിരയില്‍ എത്തണം. പാര്‍ടിയുടെയും കുടുംബത്തിന്റെയും പിന്തുണയുള്ളതിനാല്‍ സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയുന്നു.

വനിതകള്‍ക്ക് ജില്ലാ സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുമോ എന്ന ആശങ്ക നേരിട്ടിട്ടുണ്ട്. എന്നാല്‍, വിജയകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത് ദൂരികരിക്കാനായി. പൊതുവിഷയങ്ങളില്‍ ഇടപെടുന്നതിനൊപ്പം സ്ത്രീകളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ കഴിയുന്നതായി നളിനി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനത്ത് സ്ത്രീകളുടെ നിരവധി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സാധിച്ചു. സ്ത്രീകളെ സംരക്ഷിക്കുന്നതാണ് മോഡി സര്‍ക്കാരെന്ന അവകാശവാദം തെറ്റാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൂടുകയാണ്. സാമ്പത്തിക-രാഷ്ട്രീയ സ്വാധീനമില്ലാതെ പൊലീസില്‍ പരാതിനല്‍കിയിട്ടുപോലും കാര്യമില്ല. ഗുജറാത്തില്‍ മുസ്ലിം സ്ത്രീകള്‍ ഭയത്തോടെയാണ് കഴിയുന്നത്. നേരിട്ടല്ലെങ്കിലും ബലാത്സംഗകേസുകളില്‍വരെ മോഡിക്ക് പങ്കുള്ളതായി പരാതിയുണ്ട്. ഇതിനെല്ലാമെതിരെ ശക്തമായ പ്രക്ഷോഭം തുടരും. ഏറെ പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ചാണ് സ്ത്രീകള്‍ മുന്നോട്ടുവരുന്നത്. അവര്‍ക്ക് അവസരങ്ങള്‍ കുറവാണ്. വിദ്യാഭ്യാസപരമായി ഏറെ മുന്നിലുള്ള കേരളത്തിലും സ്ഥിതി മറിച്ചല്ല. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ സ്ത്രീപങ്കാളിത്തം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രമാദേവിയും നളിനിയും.
(എം ജഷീന)

deshabhimani 070412

1 comment:

  1. ജനകീയ പോരാട്ടങ്ങള്‍ക്ക് ആവേശം പകരാന്‍ പെണ്‍വീര്യത്തില്‍ ചാലിച്ച നേതൃപാടവവുമായി രമാദേവിയും നളിനി ജഡേജയും. ഇന്ത്യയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പദം അലങ്കരിക്കുന്ന രണ്ട് വനിതകള്‍. ഇവര്‍ ഗുണ്ടൂരിലെയും ഭവ്നഗറിലെയും പോരാട്ടപാഠങ്ങള്‍ കൈമാറാനായി എത്തിയ പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍. കമ്യൂണിസ്റ്റ് പാര്‍ടിക്ക് ശക്തിയുള്ള മണ്ണായ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലാ സെക്രട്ടറിയാണ് രമാദേവി. ഗുജറാത്തിലെ ഭവ്നഗര്‍ ജില്ലാ സെക്രട്ടറിയാണ് നളിനി.

    ReplyDelete