Saturday, April 7, 2012
നവലിബറല്‍ നയങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം
സുര്‍ജിത്-ജ്യോതിബസു നഗര്‍ (കോഴിക്കോട് ): പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടം മുഖ്യകടമയായി കാണുന്ന സിപിഐ എം രാഷ്ട്രീയ പ്രമേയം 20-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. അധ്വാനിക്കുന്നവരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ ദേശീയ-സംസ്ഥാനതലത്തിലും പ്രാദേശികമായും വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
രണ്ടുദിവസത്തെ ചര്‍ച്ചക്കുശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രമേയം വോട്ടിനിട്ടത്. 803 പ്രതിനിധികളില്‍ രണ്ടുപേര്‍ മാത്രമാണ് എതിര്‍ത്തതെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമേയത്തിന് ലഭിച്ച പൊതുസമ്മതം, രാഷ്ട്രീയ നിലപാടുകളിലും ഭാവിപ്രവര്‍ത്തനം സംബന്ധിച്ച കാഴ്ചപ്പാടിലും പാര്‍ടിയിലുള്ള ശക്തമായ ഐക്യമാണ് പ്രതിഫലിപ്പിക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയത്തിന്മേല്‍ കോണ്‍ഗ്രസിന് മുമ്പ് ലഭിച്ച 3713 ഭേദഗതികളില്‍ 163 എണ്ണം കേന്ദ്രകമ്മിറ്റി സ്വീകരിച്ചു. പ്രതിനിധികളില്‍ 349 ഭേദഗതികളും 33 നിര്‍ദേശങ്ങളും വന്നു. അവ രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാന ചട്ടക്കൂടിനെ ശക്തിപ്പെടുത്തുന്നതോ കൂടുതല്‍ വിശദീകരണം നല്‍കുന്നതോ ആയിരുന്നു. നവലിബറല്‍ നയങ്ങള്‍ തീവ്രമായി മുന്നോട്ടുകൊണ്ടുപോകുന്ന കോണ്‍ഗ്രസിനും വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കും എതിരായ പോരാട്ടം സിപിഐ എം തുടരും. സാമ്പത്തികനയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇവര്‍ക്കെതിരെ ഇടത്-ജനാധിപത്യ ശക്തികളുടെ ബദല്‍ പാര്‍ടി മുന്നോട്ടുവയ്ക്കുന്നു.
ഇടതു-ജനാധിപത്യ ബദല്‍ തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇടത്തരക്കാരുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പോരാടുന്ന പൊതുവേദിയായിരിക്കുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു. സമരങ്ങളിലൂടെയാണ് ഈ ബദല്‍ ഉയര്‍ന്നുവരേണ്ടത്. ബദല്‍ കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷ പാര്‍ടികളുമായി സിപിഐ എം സഹകരിക്കും. പ്രശ്നങ്ങളെ ആസ്പദമാക്കി പാര്‍ലമെന്റിലും സഹകരണമുണ്ടാകും. ആവശ്യം വന്നാല്‍ മതനിരപേക്ഷ പാര്‍ടികളുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. എന്നാല്‍, തെരഞ്ഞെടുപ്പ് തന്ത്രം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് അവര്‍ ചോദ്യത്തിന് മറുപടിനല്‍കി. അതത് സമയത്തെ രാഷ്ട്രീയ സാഹചര്യവും സംഭവവികാസങ്ങളും കണക്കിലെടുത്താണ് അക്കാര്യം തീരുമാനിക്കുക.
അമേരിക്കയുമായി ഉണ്ടാക്കിയ തന്ത്രപരമായ സഖ്യം സൈനികതലത്തിലടക്കം ശക്തിപ്പെടുത്താനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ ജനാധിപത്യ-ദേശാഭിമാന വിഭാഗങ്ങളെയും പാര്‍ടി അണിനിരത്തും. സ്വതന്ത്രമായ വിദേശനയത്തിനുവേണ്ടിയും ലോകത്താകെ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് എതിരായും പോരാടും. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമരത്തില്‍ പാര്‍ടി മുന്നിലുണ്ടാകും. പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കുന്നതിന് രാഷ്ട്രീയ പ്രമേയം ഊന്നല്‍ നല്‍കുന്നു. പാര്‍ടിയുടെ സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ജനങ്ങളെ രാഷ്ട്രീയമായി അണിനിരത്തുന്നതിനും ബഹുജന പ്രസ്ഥാനം വളര്‍ത്തുന്നതിനും പാര്‍ലമെന്ററി വേദികള്‍ ഉപയോഗിക്കും. അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് മുന്‍ഗണനല്‍കും. ബൂര്‍ഷ്വാ പാര്‍ടികളുടെ സ്വാധീനത്തില്‍ പെട്ട ജനവിഭാഗങ്ങളെ പാര്‍ടിയിലേക്ക് കൊണ്ടുവരുന്നതിനും ശ്രദ്ധിക്കും. ആന്ധ്രയില്‍നിന്നുള്ള രണ്ട് പ്രതിനിധികളാണ് സംസ്ഥാനത്തെ പ്രശ്നങ്ങള്‍ ഉന്നയിച്ച് പ്രമേയത്തിനെതിരെ വോട്ടുചെയ്തതെന്ന് വൃന്ദ പറഞ്ഞു. ആന്ധ്ര ഘടകം അവര്‍ക്കൊപ്പമില്ല. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് ഏകകണ്ഠമായാണ്് അംഗീകരിച്ചത്. ഒരു പ്രതിനിധി നിര്‍ദേശിച്ച ഭേദഗതിക്ക് അദ്ദേഹത്തിന്റെ വോട്ട് മാത്രമേ ലഭിച്ചുള്ളുവെന്നും അവര്‍ അറിയിച്ചു. വൈകിട്ട് പ്രത്യയശാസ്ത്ര പ്രമേയം പൊളിറ്റ് ബ്യൂറോ അംഗം സീതാറം യെച്ചുരി അവതരിപ്പിച്ചു.
(പി പി അബൂബക്കര്‍)
deshabhimani 070412
Subscribe to:
Post Comments (Atom)
No comments:
Post a Comment