Thursday, April 5, 2012

തത്സമയം ഒരു കുടുംബം

സുര്‍ജിത്-ജ്യോതിബസു നഗര്‍(ടാഗോര്‍ സെന്റിനറി ഹാള്‍, കോഴിക്കോട്): ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി രാജ്യമൊട്ടുക്ക് സഞ്ചരിക്കുന്ന ഡോ. ഹേമലതക്ക് പാര്‍ടികോണ്‍ഗ്രസ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമല്ല, കുടുംബത്തോടൊപ്പം നാലഞ്ചുനാള്‍ ചിലവിടാനുള്ള അവസരം കൂടിയാണ്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളുമായ ഡോ. ഹേമലതയുടെ മകന്‍ അരുണും മരുമകള്‍ മമതയും ഹേമലതയോടൊപ്പം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍.

ന്യുഡല്‍ഹിയില്‍ പീപ്പിള്‍സ് ഡെമോക്രസിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവ് ശ്യാംസുന്ദര്‍ അതിഥിയായാണ് സമ്മേളനത്തിനെത്തിയത്. മുന്‍ എസ്എഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ അരുണ്‍ ഇപ്പോള്‍ സിപിഐ എം ഗവേഷണവിഭാഗത്തില്‍. ജി മമത പീപ്പിള്‍സ് ഡെമോക്രസി പത്രാധിപ സമിതി അംഗം. അരുണ്‍-മമത ദമ്പതികളുടെ മകന്‍ അര്‍ണവും ഇവരോടൊപ്പമുണ്ട്. ആന്ധ്രാപ്രദേശില്‍ ശിശുരോഗവിദഗ്ധയായിരുന്ന ഹേമലത വൈദ്യവൃത്തി ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയായത്. കുട്ടികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ ഏറെയും വിഷമാണെന്നും വിഷംവിറ്റുകിട്ടുന്ന പണം കൊണ്ട് കുത്തകകള്‍ കൊഴുക്കുയാണെന്നുമുള്ള തിരിച്ചറിവാണ് തൊഴിലുപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. സമ്മേളനത്തില്‍ കുടുംബത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ലെന്ന് ഹേമലതയുടെ മറുപടി. ശ്യാംസുന്ദറിന്റെ സഹോദരപുത്രന്മാരായ രഘുവും സുധാഭാസ്കറും പ്രതിനിധികളാണ്. രഘു ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലാ സെക്രട്ടറിയാണ്. സുധാ ഭാസ്കര്‍ സിഐടിയു നേതാവും. മമതയുടെ അമ്മാവന്‍ എന്‍ എസ് അര്‍ജുനുമുണ്ട് സമ്മേളനത്തില്‍. ഐഎന്‍എന്‍ പ്രതിനിധിയായ അര്‍ജുന്‍ പാര്‍ടി മാധ്യമങ്ങളുടെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
(എന്‍ എസ് സജിത്)

deshabhimani 050412

1 comment:

  1. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി രാജ്യമൊട്ടുക്ക് സഞ്ചരിക്കുന്ന ഡോ. ഹേമലതക്ക് പാര്‍ടികോണ്‍ഗ്രസ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമല്ല, കുടുംബത്തോടൊപ്പം നാലഞ്ചുനാള്‍ ചിലവിടാനുള്ള അവസരം കൂടിയാണ്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളുമായ ഡോ. ഹേമലതയുടെ മകന്‍ അരുണും മരുമകള്‍ മമതയും ഹേമലതയോടൊപ്പം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍.

    ReplyDelete