Friday, April 6, 2012

അനൂപ് മന്ത്രിയാകുംമുമ്പേ ബസ് പിറവം വഴി; ജീവനക്കാര്‍ക്ക് പ്രതിഷേധം


അനൂപ് ജേക്കബ് മന്ത്രിയാകും മുമ്പേ കെഎസ്ആര്‍ടിസി ബസിന്റെ റൂട്ട് മാറ്റി പിറവം വഴിയാക്കി, ട്രിപ്പ് നഷ്ടത്തിലാക്കാനുള്ള അധികൃതരുടെ നടപടിയില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. എംസി റോഡ് വഴി ഏറ്റുമാനൂര്‍-കുറവിലങ്ങാട്-കൂത്താട്ടുകുളം റൂട്ടില്‍ ലാഭകരമായി സര്‍വീസ് നടത്തിവന്ന കോട്ടയം-ബംഗളൂരു ബസാണ് കടുത്തുരുത്തി-പിറവം-കൂത്താട്ടുകുളം വഴി റൂട്ട് മാറ്റാന്‍ ഉത്തരവായിരിക്കുന്നത്. ശരാശരി ഒരു ട്രിപ്പിന് 35,000 മുതല്‍ 40,000 രൂപ വരെ കളക്ഷനുള്ള ബസാണിത്. റൂട്ട് മാറുന്നതോടെ കളക്ഷന്‍ കുറയുമെന്ന് ജീവനക്കാര്‍ പറഞ്ഞു. ചങ്ങനാശേരിയില്‍ നിന്ന് എം സി റോഡ് വഴി വേളാങ്കണ്ണിക്ക് സര്‍വീസ് നടത്തിവന്ന ബസ് കഴിഞ്ഞദിവസം പിറവം വഴി റൂട്ട് മാറ്റിയിരുന്നു. അതോടെ ആ ട്രിപ്പിന് 12,000 രൂപയോളം കളക്ഷന്‍ കുറഞ്ഞു. ഇതേ അനുഭവമാകും ബംഗ്ലൂര്‍ ബസിനും.

അടുത്തിടെ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെടെ ഇടപെട്ട് കോട്ടയത്തുനിന്ന് തുടങ്ങിയ അരഡസനിലേറെ ട്രിപ്പുകള്‍ നഷ്ടത്തിലാണ്. കോര്‍പറേഷന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് അധികാരികള്‍ പിന്മാറണമെന്ന് കെഎസ്ആര്‍ടിഇഎ (സിഐടിയു) അധികൃതരോട് ആവശ്യപ്പെട്ടു.

മിനി ബസുകള്‍ പൊളിച്ചുവില്‍ക്കാന്‍ നീക്കം

ബസില്ലെന്ന കാരണംപറഞ്ഞ് കെഎസ്ആര്‍ടിസി സര്‍വിസുകള്‍ വെട്ടിക്കുറച്ചു. നിലവിലുണ്ടായിരുന്ന നാല് സര്‍വീസുകള്‍ റൂട്ടുമാറ്റി ഓടിച്ച് പുതിയ സര്‍വീസുകള്‍ ആരംഭിച്ചതായി അധികൃതര്‍ പ്രചരിപ്പിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ മിനിബസുകള്‍ കൂട്ടത്തോടെ പൊളിച്ചുവില്‍ക്കാനും നീക്കം. സ്പെയര്‍ പാര്‍ട്സുകള്‍ മറിച്ചുവിറ്റ് ലക്ഷങ്ങളുടെ അഴിമതി നടത്താനും ശ്രമം. മുഹമ്മ- കഞ്ഞിക്കുഴി റൂട്ടില്‍ പുതുതായി നാല് സര്‍വീസ് തുടങ്ങിയതായാണ് കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയിലെ അധികൃതര്‍ പ്രചരിപ്പിച്ചത്. കേന്ദ്ര സഹമന്ത്രിയെക്കൊണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു. എന്നാല്‍ നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ റൂട്ടുമാറ്റി ഓടിച്ചാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. രാവിലെ 6.30ന് ആലപ്പുഴയില്‍നിന്ന് പുറപ്പെട്ടിരുന്ന ഷണ്‍മുഖപുരം- മണ്ണഞ്ചേരി സര്‍വീസാണ് രാവിലെ ആറിന് മുഹമ്മ-കഞ്ഞിക്കുഴി വഴി ചേര്‍ത്തല സര്‍വീസാക്കി മാറ്റിയത്. ഇതുപോലെ 7.55ന് മുഹമ്മ- വിയാനി സര്‍വീസും 7.10നുള്ള ചേര്‍ത്തല- ആര്യാട് പിച്ച്സി സര്‍വീസും 6.05നുള്ള ചേര്‍ത്തല സര്‍വീസുമാണ് സമയക്രമവും റൂട്ടും മാറ്റി ഓടിച്ച് മുഹമ്മ- കഞ്ഞിക്കുഴി റൂട്ടില്‍ പുതിയ സര്‍വീസെന്ന പേരില്‍ ഉദ്ഘാടനംചെയ്തത്.

ഇതുകൂടാതെ ആലപ്പുഴ ഡിപ്പോയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള പതിനൊന്നോളം സര്‍വീസുകളും വെട്ടിക്കുറച്ചു. രാവിലെ 7.30ന് തണ്ണീര്‍മുക്കം, 7.20ന് വെളിയനാട്, 6.35ന് കൈപ്പുഴമുട്ട്- കോട്ടയം, 7.30ന് കൈപ്പുഴമുട്ട് കോട്ടയം, 6.25ന് വൈക്കം, 5.50ന് ചേര്‍ത്തല, 7.30ന് തിരുവല്ല, 7.40ന് വലിയഴീക്കല്‍, 6.15ന് ഹരിപ്പാട്, 8.00 എറണാകുളം, 8.30ന് എറണാകുളം എന്നീ സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. മറ്റു ഡിപ്പോകളിലും സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ തുടരുന്നു. അഞ്ചുമുതല്‍ 28വരെ സര്‍വീസുകളാണ് ജില്ലയിലെ ഓരോ ഡിപ്പോകളിലും ദിനംപ്രതി വെട്ടിക്കുറയ്ക്കുന്നത്. ദേശസാല്‍കൃത റൂട്ടുകളിലെയും ഇടറൂട്ടുകളിലെയും യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്.

ഗണേശ്കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയ "ലജ്ജാവതികള്‍" (മിനി ബസുകള്‍) ഒന്നും ഇപ്പോള്‍ നിരത്തിലിറങ്ങുന്നില്ല. സ്പെയര്‍പാര്‍ട്സുകള്‍ കിട്ടാനില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇടറൂട്ടുകളിലെ സര്‍വീസ് ഇതുമൂലം പാടെ നിലച്ചു. കട്ടപ്പുറത്തായതിനെത്തുടര്‍ന്ന് 165 ലേറെ മിനിബസുകള്‍ പൊളിച്ചുവില്‍ക്കുന്നതിനായി മാവേലിക്കര റീജിയണല്‍ വര്‍ക്ഷോപ്പിലെത്തിച്ചു. ഈ ബസുകള്‍ക്കായി വാങ്ങിയ 75 ലക്ഷത്തോളം രൂപയുടെ പാര്‍ട്സുകള്‍ കുറഞ്ഞവിലയ്ക്ക് ലേലംചെയ്തുവില്‍ക്കാനും നീക്കമുണ്ട്. ഇതില്‍ ലക്ഷക്കണക്കിനു രൂപയുടെ അഴിമതിയുള്ളതായും ആരോപണമുണ്ട്.

deshabhimani 060412

1 comment:

  1. അനൂപ് ജേക്കബ് മന്ത്രിയാകും മുമ്പേ കെഎസ്ആര്‍ടിസി ബസിന്റെ റൂട്ട് മാറ്റി പിറവം വഴിയാക്കി, ട്രിപ്പ് നഷ്ടത്തിലാക്കാനുള്ള അധികൃതരുടെ നടപടിയില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. എംസി റോഡ് വഴി ഏറ്റുമാനൂര്‍-കുറവിലങ്ങാട്-കൂത്താട്ടുകുളം റൂട്ടില്‍ ലാഭകരമായി സര്‍വീസ് നടത്തിവന്ന കോട്ടയം-ബംഗളൂരു ബസാണ് കടുത്തുരുത്തി-പിറവം-കൂത്താട്ടുകുളം വഴി റൂട്ട് മാറ്റാന്‍ ഉത്തരവായിരിക്കുന്നത്. ശരാശരി ഒരു ട്രിപ്പിന് 35,000 മുതല്‍ 40,000 രൂപ വരെ കളക്ഷനുള്ള ബസാണിത്. റൂട്ട് മാറുന്നതോടെ കളക്ഷന്‍ കുറയുമെന്ന് ജീവനക്കാര്‍ പറഞ്ഞു. ചങ്ങനാശേരിയില്‍ നിന്ന് എം സി റോഡ് വഴി വേളാങ്കണ്ണിക്ക് സര്‍വീസ് നടത്തിവന്ന ബസ് കഴിഞ്ഞദിവസം പിറവം വഴി റൂട്ട് മാറ്റിയിരുന്നു. അതോടെ ആ ട്രിപ്പിന് 12,000 രൂപയോളം കളക്ഷന്‍ കുറഞ്ഞു. ഇതേ അനുഭവമാകും ബംഗ്ലൂര്‍ ബസിനും.

    ReplyDelete