Tuesday, May 1, 2012
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: യുപിഎ കക്ഷികളുടെ പോലും പിന്തുണയില്ലാതെ കോണ്‍ഗ്രസ്
രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കാര്യത്തില്‍ യുപിഎയില്‍ രൂക്ഷമായ ഭിന്നത. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും വ്യക്തമാക്കി. ഞായറാഴ്ച ചെന്നൈയില്‍ എം കരുണാനിധിയുമായി പ്രതിരോധമന്ത്രി എ കെ ആന്റണി ചര്‍ച്ച നടത്തിയിട്ടും ഡിഎംകെ പിന്തുണ നേടാനുള്ള ശ്രമം വിജയിച്ചില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന ആന്റണിയുടെ അഭ്യര്‍ഥനയ്ക്ക് കരുണാനിധി വഴങ്ങിയില്ല. ചര്‍ച്ചയുടെ വിശദാംശം കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിക്കുമെന്ന് മാത്രമായിരുന്നു ആന്റണിയുടെ പ്രതികരണം.
യുപിഎ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്നും സമവായത്തിലൂടെ പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നും എന്‍സിപി നേതാവ് ശരദ്പവാര്‍ സോണിയ ഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്-തൃണമൂല്‍ ബന്ധവും ഇപ്പോള്‍ മോശമാണ്. എങ്കിലും മമത ബാനര്‍ജിയുമായി കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ ആഗ്രഹിക്കുന്നു. ബംഗാളിന് പ്രത്യേക സാമ്പത്തികസഹായം നല്‍കിയില്ലെങ്കില്‍ ഭാവിപരിപാടി ആലോചിക്കുമെന്ന് മമത നല്‍കിയ അന്ത്യശാസനം തീരാന്‍ ഇനി ഒരാഴ്ച മാത്രം. യുപിഎ ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം മാത്രമേ പുറത്തുള്ള പാര്‍ടികളുടെ പിന്തുണ കോണ്‍ഗ്രസിന് അഭ്യര്‍ഥിക്കാനാകൂ. യുപിഎ ഘടകകക്ഷികളുടെ പിന്തുണ പൂര്‍ണമായും കിട്ടിയില്ലെങ്കില്‍ സമാജ്വാദിപാര്‍ടി, ബഹുജന്‍ സമാജ്പാര്‍ടി എന്നിവയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. ഇരു പാര്‍ടികളുടെയും പിന്തുണ കിട്ടാന്‍ സാധ്യത കുറവാണ്. യുപിയില്‍ പോരടിക്കുന്ന പാര്‍ടികള്‍ കോണ്‍ഗ്രസിനെ ഒരുമിച്ച് പിന്തുണച്ചേക്കില്ല.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് സമ്മതിച്ചേക്കും. എന്നാല്‍, ഇടതു പക്ഷ ആഭിമുഖ്യമുള്ളയാളെന്ന കാരണം പറഞ്ഞ് തൃണമൂല്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കും. ധനമന്ത്രി പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് താല്‍പ്പര്യമില്ല. കോണ്‍ഗ്രസിനെ സംഘടനാപരമായ പ്രശ്നങ്ങളിലും യുപിഎ സര്‍ക്കാരിനെ ഭരണപരമായ പ്രശ്നങ്ങളിലും ഇടപെട്ട് സഹായിക്കുന്ന രാഷ്ട്രീയതന്ത്രജ്ഞന്‍ എന്ന നിലയില്‍ പ്രണബിനെ രാഷ്ട്രപതിയാക്കുന്നത് നഷ്ടമാണെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുവെങ്കിലും പ്രതിരോധമന്ത്രാലയത്തിലെ അഴിമതി ഇടപാടുകളെത്തുടര്‍ന്ന് പ്രതിച്ഛായക്ക് കളങ്കമേറ്റ ആന്റണിയെ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഗുണകരമാകില്ലെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കാന്‍ സമ്മതമെന്നാണ് ബിജെപിയുടെ നിലപാട്. സ്ഥാനാര്‍ഥിയാക്കിയാല്‍ സമ്മതമെന്ന് അബ്ദുള്‍കലാമും സൂചിപ്പിച്ചു.
പ്രണബിനെ പിന്തുണയ്ക്കില്ലെന്ന് ബിജെപിയും എന്‍സിപിയും
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമവായത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്ന് ബിജെപി. രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജി, ഹമീദ് അന്‍സാരി എന്നിവരെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെയാണ് ബിജെപി പ്രതികരണം. പ്രണബ് മുഖര്‍ജിയടക്കം കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥിയെയും രാഷ്ട്രപതിസ്ഥാനത്തേക്ക് പിന്തുണയ്ക്കില്ലെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. പ്രണബ് തല്‍ക്കാലം രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കേണ്ട ആവശ്യമില്ലെന്ന് എന്‍സിപിയും പറഞ്ഞു. ഹമീദ് അന്‍സാരിക്ക് രാഷ്ട്രപതിയാകാന്‍ പരിചയമില്ലെന്ന് സുഷമ പറഞ്ഞു. യുപിഎ സ്ഥാനാര്‍ഥിയെ രാഷ്ട്രപതിസ്ഥാനത്ത് പിന്തുണച്ച് പകരം ഉപരാഷ്ട്രപതിസ്ഥാനത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ പദ്ധതിയില്ല. 2014ലെ തെരഞ്ഞെടുപ്പാണ് ബിജെപി ഉറ്റുനോക്കുന്നത്. എ പി ജെ അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കുകയെന്ന ആശയത്തോട് ബിജെപിക്ക് തുറന്ന സമീപനമാണ്. യുപിഎയിലെ മറ്റു പാര്‍ടികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യും- സുഷമ പറഞ്ഞു.
പ്രണബ് മുഖര്‍ജിയുടെ പേര് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നത് ഡല്‍ഹിയിലെ ചര്‍ച്ചകള്‍ സജീവമാക്കി. ഡിഎംകെ നേതാവ് എം കരുണാനിധിയുമായി പ്രതിരോധമന്ത്രി എ കെ ആന്റണി നടത്തിയ ചര്‍ച്ചയില്‍ പ്രണബ് മുഖര്‍ജിയുടെ പേര് ഉയര്‍ന്നുവന്നുവെന്നാണ് വാര്‍ത്ത. ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് "ഊഹാപോഹങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണ്ട" എന്നായിരുന്നു പ്രണബിന്റെ മറുപടി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്വന്തം സ്ഥാനാര്‍ഥിയുണ്ടാകുമെന്നുതന്നെയാണ് ഇതുവരെയുള്ള സൂചനകള്‍. എ പി ജെ അബ്ദുള്‍കലാമിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് തിവാരി പറഞ്ഞു. രാഷ്ട്രപതി രാഷ്ട്രീയക്കാരനായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍, രാഷ്ട്രീയക്കാരനോ അല്ലയോ എന്നല്ല, ഭരണഘടനയനുസരിച്ച് യോഗ്യനാണോ എന്നതാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ മുന്‍ സ്പീക്കര്‍ പി എ സാങ്മയെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ മകളും കേന്ദ്ര സഹമന്ത്രിയുമായ അഗത സാങ്മ രംഗത്തെത്തി.
deshabhimani news
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കാര്യത്തില്‍ യുപിഎയില്‍ രൂക്ഷമായ ഭിന്നത. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും വ്യക്തമാക്കി. ഞായറാഴ്ച ചെന്നൈയില്‍ എം കരുണാനിധിയുമായി പ്രതിരോധമന്ത്രി എ കെ ആന്റണി ചര്‍ച്ച നടത്തിയിട്ടും ഡിഎംകെ പിന്തുണ നേടാനുള്ള ശ്രമം വിജയിച്ചില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന ആന്റണിയുടെ അഭ്യര്‍ഥനയ്ക്ക് കരുണാനിധി വഴങ്ങിയില്ല. ചര്‍ച്ചയുടെ വിശദാംശം കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിക്കുമെന്ന് മാത്രമായിരുന്നു ആന്റണിയുടെ പ്രതികരണം.
ReplyDelete