Friday, September 14, 2012

ചില്ലറവിപണിയില്‍ 51 % വിദേശനിക്ഷേപം


രാജ്യത്ത് നാലുകോടിയോളം ജനങ്ങള്‍ പണിയെടുക്കുന്ന ചെറുകിട വ്യാപാരസമൂഹത്തിന്റെയും പ്രതിപക്ഷ പാര്‍ടികളുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. ഒപ്പം വ്യോമയാന മേഖലയില്‍ വിദേശനിക്ഷേപത്തിനും ബ്രോഡ്കാസ്റ്റിങ്, പവര്‍ എക്സ്ചേഞ്ച് മേഖലകളില്‍ വിദേശനിക്ഷേപ പരിധി കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പരിഷ്കാര നടപടികള്‍ കൂടുതല്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായാണ് തന്ത്രപ്രധാന മേഖലകളില്‍ ഒറ്റയടിക്ക് വിദേശനിക്ഷേപം അനുവദിച്ചത്.

അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിച്ച് 15000 കോടി രൂപ സമാഹരിക്കാനും വെള്ളിയാഴ്ച സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ഭീഷണി മുഴക്കി. ഏകബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവിപണിയിലെ വിദേശനിക്ഷേപം നൂറുശതമാനമാക്കിയപ്പോഴുണ്ടായിരുന്ന നിബന്ധനകളില്‍ ചില ഭേദഗതി വരുത്തി. ചില്ലറവിപണിയില്‍ വിദേശനിക്ഷേപം അനുവദിക്കണോയെന്ന കാര്യത്തില്‍ തീരുമാനം അതത് സംസ്ഥാനങ്ങള്‍ക്ക് വിടും.

2011 നവംബര്‍ 24 ന് ചില്ലറവിപണിയില്‍ വിദേശനിക്ഷേപം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ചില്ലറവിപണിയില്‍ കാലങ്ങളായി നോട്ടമിട്ടിരിക്കുന്ന വാള്‍മാര്‍ട്ട്, കാരിഫോര്‍, ടെസ്കോ തുടങ്ങിയ ബഹുരാഷ്ട്ര ഭീമന്‍മാര്‍ സമ്മര്‍ദം തുടര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍നിന്ന് അനുകൂലമായ നിലപാട് കേന്ദ്രം എഴുതിവാങ്ങി. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വിദേശനിക്ഷേപം നടപ്പാക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച കേന്ദ്രം താല്‍പ്പര്യമുള്ള സംസ്ഥാനങ്ങള്‍ക്ക് വിദേശനിക്ഷേപം നടപ്പാക്കാമെന്നും അല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് മാറിനില്‍ക്കാമെന്നുമുള്ള പുതിയ തന്ത്രത്തിനു രൂപം നല്‍കി. ഈ തീരുമാനമാണ് ഇപ്പോള്‍ മന്ത്രിസഭാ സമിതി നടപ്പാക്കിയത്. പത്തുകിലോമീറ്റര്‍ വിസ്തൃതിയുള്ളതും പത്തുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുമുള്ള നഗരങ്ങളിലാകും വിദേശപങ്കാളിത്തത്തോടെയുള്ള ചില്ലറവില്‍പ്പന ശാലകള്‍ ആദ്യം അനുവദിക്കുക. പത്തുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളില്ലാത്ത സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ഉചിതമായി തോന്നുന്ന പട്ടണങ്ങളില്‍ വില്‍പ്പനശാലകള്‍ അനുവദിക്കാം.

ആഭ്യന്തര വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിക്കാന്‍ ഉപഭോക്തൃകാര്യ മന്ത്രി തലവനായി ഉന്നതതലസമിതിക്ക് രൂപം നല്‍കും. മറ്റു നിബന്ധനകളുടെ കാര്യത്തില്‍ 2011 നവംബറിലെ മന്ത്രിസഭാ യോഗമെടുത്ത തീരുമാനങ്ങള്‍ അതേപടി നിലനില്‍ക്കുമെന്ന് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുത്തകകള്‍ ചില്ലറവിപണന രംഗത്തേക്കു കടന്നുവരുന്നതോടെ ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍രഹിതരാകും. കുത്തകവല്‍ക്കരണത്തിന് വഴിവെക്കുന്നതോടെ ഉല്‍പ്പന്നങ്ങളുടെ വിലകളിലും അത് പ്രതിഫലിക്കും. പൊതുമേഖലാ സ്ഥാപനമായ നാല്‍കോയുടെ 12.15 ശതമാനവും ഓയില്‍ ഇന്ത്യയുടെ 10 ഉം നെയ്വേലി ലിഗ്നൈറ്റിന്റെ അഞ്ചും എന്‍എംഡിസിയുടെ 9.33 ഉം ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ 9.59 ഉം ശതമാനം ഓഹരികളാണ് വില്‍ക്കുക.
(എം പ്രശാന്ത്)

ചില്ലറ വില്‍പ്പനയിലെ വിദേശനിക്ഷേപം ജനജീവിതം തകര്‍ക്കും: സിപിഐ എം

ന്യൂഡല്‍ഹി: ചില്ലറവില്‍പ്പന മേഖലയിലെ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത് ജനങ്ങളുടെ തൊഴിലും ജീവിതമാര്‍ഗവും തകര്‍ക്കുമെന്ന്് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇടതുപാര്‍ടികള്‍ ഈ നീക്കത്തെ ശക്തിയായി എതിര്‍ത്തതാണ്. ചില്ലറവില്‍പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച രാജ്യങ്ങളുടെ അനുഭവം വ്യക്തമാക്കുന്നത്, അത് ജനജീവിതത്തില്‍ പ്രതികൂല ഫലങ്ങളുണ്ടാക്കുമെന്നാണ്. അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഈ തീരുമാനം. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും വൃന്ദ അഭ്യര്‍ഥിച്ചു. പ്രതിപക്ഷ പാര്‍ടികളും യുപിഎ സഖ്യകക്ഷികളും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് സിപിഐ നേതാവ് ഡി രാജ പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്കെതിരാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായി പ്രതികരിക്കുമെന്ന് ബിജെപി വക്താവ് ബല്‍ബീര്‍ പൂഞ്ച് വ്യക്തമാക്കി. കല്‍ക്കരി അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും പുഞ്ച് പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തങ്ങള്‍ വിദേശനിക്ഷേപത്തിനെതിരാണെന്ന് റയില്‍വേ മന്ത്രി മുകുള്‍ റോയ് പറഞ്ഞു. വിദേശ നിക്ഷേപ തീരുമാനം പിന്‍വലിക്കണമെന്ന് യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സമാജ്വാദി പാര്‍ടിയും ബിഎസ്പിയും ആവശ്യപ്പെട്ടു. എഐഎഡിഎംകെയും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്തു.

വ്യോമയാനരംഗത്ത് 49 %

ന്യൂഡല്‍ഹി: വ്യോമയാന മേഖലയില്‍ വിദേശനിക്ഷേപം 49 ശതമാനം വരെ അനുവദിക്കാന്‍ കേന്ദ്ര തീരുമാനം. കിങ്ഫിഷര്‍ ഉള്‍പ്പടെ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ആഭ്യന്തര വിമാനകമ്പനികളുടെ സമര്‍ദ്ദമാണ് വിദേശനിക്ഷേപ തീരുമാനത്തിന് വഴിയൊരുക്കിയത്. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യ ഉള്ളിടത്തോളം ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ താല്‍പ്പര്യമില്ലെന്ന് പ്രമുഖ വിദേശ വിമാനകമ്പനികള്‍ പ്രതികരിച്ചു. എയര്‍ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടാന്‍ വിദേശനിക്ഷേപ തീരുമാനം ഇടയാക്കും. പ്രക്ഷേപണ രംഗത്ത് നിലവിലെ 49 ശതമാനം എഫ്ഡിഐ 74 ശതമാനമാക്കി ഉയര്‍ത്തി. കേബിള്‍ ടിവി, ഡിടിഎച്ച് തുടങ്ങിയ പ്രക്ഷേപണ മാര്‍ഗങ്ങളില്‍ ഇനി മുതല്‍ 74 ശതമാനം വരെ വിദേശനിക്ഷേപം സ്വീകരിക്കാം. പവര്‍ ട്രേഡിങ് എക്സ്ചേഞ്ച് മേഖലയില്‍ വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി. ഊര്‍ജ്ജോല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങിയ ശേഷം അത് മറിച്ചുവില്‍ക്കുന്നതാണ് പവര്‍ ട്രേഡിങ് എക്സ്ചേഞ്ച്. വന്‍തോതിലുള്ള പരിഷ്ക്കാരങ്ങള്‍ക്ക് സമയമായിരിക്കുന്നുവെന്നാണ് മന്ത്രിസഭാ സമിതി യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ നിലംപതിക്കുകയാണെങ്കില്‍ അത് പൊരുതിവേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

deshabhimani 150912

1 comment:

  1. രാജ്യത്ത് നാലുകോടിയോളം ജനങ്ങള്‍ പണിയെടുക്കുന്ന ചെറുകിട വ്യാപാരസമൂഹത്തിന്റെയും പ്രതിപക്ഷ പാര്‍ടികളുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. ഒപ്പം വ്യോമയാന മേഖലയില്‍ വിദേശനിക്ഷേപത്തിനും ബ്രോഡ്കാസ്റ്റിങ്, പവര്‍ എക്സ്ചേഞ്ച് മേഖലകളില്‍ വിദേശനിക്ഷേപ പരിധി കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പരിഷ്കാര നടപടികള്‍ കൂടുതല്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായാണ് തന്ത്രപ്രധാന മേഖലകളില്‍ ഒറ്റയടിക്ക് വിദേശനിക്ഷേപം അനുവദിച്ചത്.

    ReplyDelete