Friday, September 14, 2012

ഡിവൈഎഫ്ഐ ദേശീയ സമ്മേളനം നാളെ സമാപിക്കും

ബംഗളൂരുവില്‍ നടക്കുന്ന ഡിവൈഎഫ്ഐ ഒമ്പതാം ദേശീയ സമ്മേളനം ശനിയാഴ്ച സമാപിക്കും. രവീന്ദനാഥ ടാഗോര്‍ ഹാളില്‍ (ബംഗളൂരു ടൗണ്‍ ഹാള്‍) ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ ജനറല്‍ സെകട്ടറി അവതരിപ്പിച്ച രാഷ്ട്രീയ- സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വെള്ളിയാഴ്ച ഉച്ചയോടെ പൂര്‍ത്തിയാകും. 36 പ്രതിനിധികള്‍ വ്യാഴാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്തു. കേളത്തില്‍നിന്ന് എ എന്‍ ഷംസീര്‍, എം അനില്‍കുമാര്‍, ജി മുളീധരന്‍ എന്നിവര്‍ പങ്കെടുത്തു. വി പി റജീന, ലക്ഷദ്വീപില്‍നിന്നുള്ള മുഹമ്മദ് മുസ്ലിംഖാന്‍ എന്നിവര്‍ വെള്ളിയാഴ്ച പങ്കെടുക്കും. ഡിവൈഎഫ്ഐ ബംഗാള്‍ ഘടകത്തിനെതിരെ രൂക്ഷമായ വിമര്‍ശം സമ്മേളനത്തില്‍ ഉയര്‍ന്നുവെന്ന് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നേതാക്കള്‍ പറഞ്ഞു. തൃണമൂല്‍- മാവോയിസ്റ്റ് അക്രമത്തിനെതിരെ പോരാടുന്ന ബംഗാള്‍ ഡിവൈഎഫ്ഐക്ക് സമ്മേളനം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

വ്യാഴാഴ്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍സഭാഭഅഖിലേന്ത്യാ പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍പിള്ള സമ്മേളനത്തെ അഭിവാദ്യംചെയ്തു. രാജ്യത്ത് നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിനെതിരെ തൊഴിലാളികളുടെയും കര്‍ഷകരുടെയും യുവാക്കളുടെയും യോജിച്ച പോരാട്ടം ഉയര്‍ന്നുവരണമെന്ന് എസ് ആര്‍ പി പറഞ്ഞു. ഇടതു യുവജന സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്ത പ്രത്യേക സെഷനും ഉണ്ടായി. എഐവൈഎഫ് ജനറല്‍ സെക്രട്ടറി പി സന്തോഷ്, ആര്‍വൈഎഫ് ജനറല്‍ സെകട്ടറി സണ്ണിക്കുട്ടി, എഐവൈഎല്‍ ജനറല്‍ സെകട്ടറി കെ സുബ്ബരാജ് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് ചേര്‍ന്ന മുന്‍കാല നേതാക്കളുടെ സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. ആദ്യ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള, മുന്‍ പ്രസിഡന്റുമാരായ എം വിജയകുമാര്‍, എന്‍ എന്‍ കൃഷ്ണദാസ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു. അതിനുശേഷം ബംഗളൂരുവില്‍ താമസിക്കുന്ന വടക്ക്- കിഴക്കന്‍ സംസ്ഥാനക്കാരുടെ സൗഹൃദ സംഗമവും ഉണ്ടായി. പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, ജനറല്‍ സെകട്ടറി തപന്‍സിന്‍ഹ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച പൊതുചര്‍ച്ചയ്ക്കുശേഷം ഭരണഘടനാ ഭേദഗതി നിര്‍ദേശം അവതരിപ്പിക്കും. ഇതിന്മേലുള്ള ചര്‍ച്ചയും വ്യാഴാഴ്ച പൂര്‍ത്തിയാക്കും. ശനിയാഴ്ച രാവിലെ മറുപടി പ്രസംഗത്തിനുശേഷം പുതിയ ഭാരവാഹികളുടെ തെഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
(വികാസ് കാളിയത്ത്)

തൊഴിലില്ലായ്മയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം

ബംഗളൂരു: വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ത്താന്‍ ഡിവൈഎഫ് ദേശീയ സമ്മേളനം തീരുമാനിച്ചു. രണ്ടു പതിറ്റാണ്ടായി നടപ്പാക്കുന്ന നവ ഉദാരവല്‍ക്കണ സാമ്പത്തികനയം തൊഴിലില്ലായ്മ അപകടകരമായി വര്‍ധിക്കാനിടയാക്കി. തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാവുകയാണ്. ഏറ്റവും വലിയ തൊഴില്‍ദാദാക്കളായ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അതില്‍നിന്ന് പിന്നോട്ടുപോയി. സ്ഥിരം തൊഴിലാളികളുടെ എണ്ണം കുറയുമ്പോള്‍ കരാര്‍ത്തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നത് തൊഴില്‍മേഖലയിലെ കടുത്ത ചൂഷണത്തിന്റെ തെളിവാണ്. ഈ സാഹചര്യത്തില്‍ രാജ്യവ്യാപകമായി യുവജന പ്രക്ഷോഭം ഉയര്‍ത്തുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം പറഞ്ഞു. തൊഴിലില്ലായ്മക്കെതിരെ പത്ത് ആവശ്യം ഉന്നയിച്ച് സമരം നടത്തണമെന്ന് സമ്മേളനം തീരുമാനിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിയമന നിരോധനം പിന്‍വലിക്കുക, തസ്തിക വെട്ടിക്കുറയ്ക്കല്‍ അവസാനിപ്പിച്ച് ഒഴിവുകള്‍ സമയബന്ധിതമായി നികത്തുക, സര്‍ക്കാര്‍-പൊതുമേഖലകളില്‍ തൊഴിലവസങ്ങള്‍ ഇല്ലാതാക്കുന്ന നയം തിരുത്തുക, ബാങ്കിങ് റിക്രൂട്ട്മെന്റ് ബോര്‍ഡ് പുനഃസ്ഥാപിക്കുക, തൊഴിലുറപ്പുപദ്ധതി എല്ലാവിഭാഗത്തിലേക്കും വ്യാപിപ്പിച്ച് നൂറുദിന തൊഴിലും മിനിമം വേതനവും ഉറപ്പുവരുത്തുക, സ്വയംതൊഴില്‍ പദ്ധതിക്കുള്ള സാമ്പത്തികസഹായം വര്‍ധിപ്പിക്കുക, ഗ്രാമീണ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി സമഗ്ര ഭൂപരിഷ്കരണം നടപ്പാക്കുക, എംപ്ലോയ്മെന്റുകളുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വരുംവര്‍ഷങ്ങളില്‍ രാജ്യവ്യാപക സമരം നടത്തും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ കലാപത്തിനു കാരണം. ആദിവാസിമേഖലകളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലും ഈ പ്രദേശത്ത് വികസനം എത്തിക്കുന്നതിലും കുറ്റകരമായ അവഗണനയാണ് സര്‍ക്കാരുകള്‍ കാണിക്കുന്നത്. ഈ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തി കലാപം മൂര്‍ഛിപ്പിക്കാനുള്ള ശ്രമം തിരിച്ചറിയണം. സര്‍ക്കാരിന്റെ അനാസ്ഥ തീവ്രവാദസംഘങ്ങളും വര്‍ഗീയ സംഘടനകളും മുതലെടുക്കുകയാണ്. ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്ഐ രാജ്യവ്യാപക ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം ബി രാജേഷ്, പുഷ്പേന്ദ്രത്യാഗി, രാജശേഖരമൂര്‍ത്തി, അബ്ബാസ് ചൗധരി, ഭരദ്വരാജ് എന്നിവര്‍ പങ്കെടുത്തു.

പെണ്‍കരുത്തിന്റെ പ്രതീകമായി പ്രീതിയും റോമയും

ബംഗളൂരു: പ്രീതി ശേഖറും എസ് റോമാദേവിയും ഡിവൈഎഫ്ഐ ഒമ്പതാം ദേശീയ സമ്മേളനത്തിന് എത്തിയത് തീക്ഷ്ണ പോരാട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ കരുത്തുമായി. ഡിവൈഎഫ്ഐ മഹാരാഷ്ട്ര സെക്രട്ടറിയാണ് പ്രീതി. റോമ മണിപ്പുര്‍ സെക്രട്ടറിയും. പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ യുവജനങ്ങള്‍ക്കും സമൂഹത്തിനുംവേണ്ടി ഇവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ പെണ്‍കരുത്തിന്റെ പ്രതീകമായി ജ്വലിക്കുന്നു. പ്രസീഡിയത്തിലിരുന്ന് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത് റോമാദേവിയാണ്. കൂത്തുപറമ്പില്‍നിന്നെത്തിയ പതാകജാഥയുടെ ലീഡറായിരുന്നു കോട്ടയം സ്വദേശിയായ പ്രീതി.

മണിപ്പുരിലെ പുരോഗമന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന റോമ ആറുവര്‍ഷമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ്. അവിടെനിന്നുള്ള ആറു പ്രതിനിധികളില്‍ മൂന്നുപേര്‍ വനിതകളാണ്. ഒമ്പതു ജില്ലയില്‍ മൂന്നില്‍ മാത്രമാണ് സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയുക. നാലു ജില്ലയില്‍ പ്രവര്‍ത്തകരെ കിട്ടുന്നില്ല. അവിടെയും കടന്നുചെല്ലാനുള്ള ശ്രമത്തിലാണ് റോമയുടെ നേതൃത്വത്തിലുള്ള 21 അംഗ സംസ്ഥാന കമ്മിറ്റി. ജാതീയതയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെയുള്ള പോരാട്ടത്തിലൂടെയാണ് യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് റോമ പറഞ്ഞു. വെറ്ററിനറി ഡോക്ടറായ ഇസാര്‍നെറ്റാണ് സംസ്ഥാന പ്രസിഡന്റ്.

പ്രീതിശേഖര്‍ 16 വര്‍മായി മുംബൈയിലാണ് താമസം. സ്റ്റേറ്റ്ബാങ്ക് ജീവനക്കാരിയായ പ്രീതി നാലുവര്‍ഷം സംസ്ഥാന ജോ. സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ സ്വദേശിയും മുംബൈയിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായ കെ കെ പ്രകാശന്റെ ഭാര്യയാണ്. 22 ജില്ലയുള്ള മഹാരാഷ്ട്രയില്‍ 16 ജില്ലയിലാണ് കമ്മിറ്റിയുള്ളത്. ഒരുലക്ഷം അംഗങ്ങളില്‍ കാല്‍ ലക്ഷവും പ്രീതി പ്രവര്‍ത്തിക്കുന്ന മുംബൈയിലാണ്. ഇന്ത്യയാകെ ശ്രദ്ധിച്ച മുംബൈയിലെ സബര്‍ബന്‍ ട്രെയിന്‍ സമരത്തിന്റെ അമരക്കാരിയായിരുന്നു പ്രീതി. മുംബൈയില്‍നിന്നുള്ള ലോക്കല്‍ ട്രെയിനുകളുടെ എണ്ണം കൂട്ടാന്‍ സമരത്തിനായി. മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നേഴ്സ് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നുണ്ടായ സമരത്തിന്റെ നേതാവും പ്രീതിയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താല്‍ക്കാലിക റേഷന്‍കാര്‍ഡ് ലഭ്യമാക്കാനുള്ള സമരത്തിന്റെയും നേതൃത്വത്തില്‍ ഡിവൈഎഫ്ഐ മാത്രമായിരുന്നു.
(എം ഒ വര്‍ഗീസ്)

deshabhimani 140912

1 comment:

  1. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ത്താന്‍ ഡിവൈഎഫ് ദേശീയ സമ്മേളനം തീരുമാനിച്ചു. രണ്ടു പതിറ്റാണ്ടായി നടപ്പാക്കുന്ന നവ ഉദാരവല്‍ക്കണ സാമ്പത്തികനയം തൊഴിലില്ലായ്മ അപകടകരമായി വര്‍ധിക്കാനിടയാക്കി. തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാവുകയാണ്. ഏറ്റവും വലിയ തൊഴില്‍ദാദാക്കളായ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അതില്‍നിന്ന് പിന്നോട്ടുപോയി. സ്ഥിരം തൊഴിലാളികളുടെ എണ്ണം കുറയുമ്പോള്‍ കരാര്‍ത്തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നത് തൊഴില്‍മേഖലയിലെ കടുത്ത ചൂഷണത്തിന്റെ തെളിവാണ്. ഈ സാഹചര്യത്തില്‍ രാജ്യവ്യാപകമായി യുവജന പ്രക്ഷോഭം ഉയര്‍ത്തുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം പറഞ്ഞു. തൊഴിലില്ലായ്മക്കെതിരെ പത്ത് ആവശ്യം ഉന്നയിച്ച് സമരം നടത്തണമെന്ന് സമ്മേളനം തീരുമാനിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

    ReplyDelete