Friday, September 14, 2012

തൃശൂര്‍ കോര്‍പറേഷന്‍ അഴിമതി: യുവാക്കള്‍ക്കുനേരെ പൊലീസ് കൈയേറ്റം

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ സംഘര്‍ഷഭൂമി യുവാക്കള്‍ക്കുനേരെ പൊലീസ് കൈയേറ്റം

തൃശൂര്‍ കോര്‍പറേഷന്‍ ഭരണത്തിന്‍ കീഴില്‍ നടക്കുന്ന ലക്ഷങ്ങളുടെ അഴിമതി തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മേയറെ കാണാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. 37 പേരെയാണ് റിമാന്‍ഡ് ചെയ്തത്. അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ്-കേരളകോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യാഴാഴ്ച കൗണ്‍സില്‍ഹാളില്‍ ഏറ്റുമുട്ടി. കുടിവെള്ള വിതരണത്തിന്റെയും മാലിന്യനീക്കത്തിന്റെയും പേരില്‍ കരാറുകാര്‍ നല്‍കിയ ബില്ലിന്റെ കള്ളക്കണക്ക് അംഗീകരിക്കാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് സംഘര്‍ഷവേദിയായത്.

ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പകല്‍ 11.30ഓടെ നൂറില്‍പ്പരം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് പ്രകടനമായെത്തിയത്. കുടിവെള്ളവിതരണം, മാലിന്യനീക്കം, തോടുകളുടെ ശുചീകരണം എന്നിവയ്ക്ക് പുറമെ കൗണ്‍സില്‍യോഗശേഷം കൗണ്‍സിലര്‍മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ പേരിലും ലക്ഷങ്ങളുടെ വെട്ടിപ്പാണ് കോര്‍പറേഷനില്‍ നടക്കുന്നത്. മേയറെ കാണണമെന്നാവശ്യപ്പെട്ട ഡിവൈഎഫ്ഐ നേതാക്കളെ കോര്‍പറേഷന്‍ കവാടത്തില്‍ പൊലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ ഓഫീസിലേക്ക് തള്ളിക്കയറിയ യുവജനപ്രവര്‍ത്തകര്‍ മേയറെ കാണണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ഹാളില്‍ കുത്തിയിരുന്നു. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റിയതോടെ പ്രവര്‍ത്തകര്‍ കൗണ്‍സില്‍ഹാള്‍ ഉപരോധിച്ചു. ബലം പ്രയോഗിച്ചും വലിച്ചിഴച്ചുമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് നീക്കിയത്. കോടതിയില്‍ ഹാജരാക്കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.

അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട കേരളകോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കലിനെ കോണ്‍ഗ്രസ് അംഗം മുകേഷ് കുളപറമ്പില്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞ് ഹാളില്‍വച്ച് കൈയേറ്റം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കൗണ്‍സില്‍ ഹാളില്‍ തല്ലും നടന്നു. മറ്റു കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചുമാറ്റുകയായിരുന്നു. സംഘര്‍ഷത്തിനും കേരളകോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധത്തിനുമിടയില്‍ കോര്‍പറേഷന്‍ അധികൃതര്‍ അവതരിപ്പിച്ച കള്ളക്കണക്ക് കൗണ്‍സില്‍ അംഗീകരിച്ചു.

മേയര്‍ക്കെതിരെ ഡെപ്യൂട്ടി മേയറും ഭരണപക്ഷ കൗണ്‍സിലര്‍മാരും

തൃശൂര് കോര്‍പറേഷനിലെ കുടിവെള്ളവിതരണത്തിലെ അഴിമതിയില്‍ മേയറുടെ നിലപാടിനെതിരെ ഡെപ്യൂട്ടിമേയര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടും കുടിവെള്ള വിതരണത്തിലെ കണക്കുകളില്‍ അപാകമില്ലെന്ന മേയറുടെ നിലപാടില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുമാണ് ഇവര്‍ രംഗത്തുവന്നത്. കോര്‍പറേഷന്റെ കുടിവെള്ളവിതരണത്തില്‍ അപാകമുണ്ടെന്നും കുടിവെള്ളവിതരണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബിബാബു ആവശ്യപ്പെട്ടു. ഈ കുടിവെള്ളവിതരണകണക്ക് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് കൗണ്‍സിലറായ എം കെ വര്‍ഗീസ്, മുസ്ലിംലീഗിന്റെ ഡോ. ഉസ്മാന്‍, കേരള കോണ്‍ഗ്രസ് എമ്മിലെ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവരും വ്യക്തമാക്കി.

കണക്കിലെ ട്രിപ്പുകള്‍ പ്രകാരം വെള്ളം നല്‍കിയാല്‍ ഡിവിഷനുകളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും ഇപ്രകാരം വെള്ളവിതരണം ചെയ്യണമെങ്കില്‍ വിമാനം വേണ്ടിവരുമെന്നും എം കെ വര്‍ഗീസ് പറഞ്ഞു. വെട്ടിപ്പുണ്ടെന്ന് വ്യക്തമായിട്ടും കുടിവെള്ളവിതരണത്തിനുള്ള തുക വ്യാഴാഴ്ച ചേരുന്ന കൗണ്‍സിലില്‍ അംഗീകരിപ്പിക്കാനുള്ള കോര്‍പറേഷന്‍ ഭരണനേതൃത്വത്തിന്റെ നീക്കത്തില്‍ ഭരണപക്ഷത്തുനിന്നുള്‍പ്പെടെ പ്രതിഷേധം വ്യാപകമാണ്. എന്നാല്‍, ഭൂരിപക്ഷത്തിന്റെ ബലത്തില്‍ കണക്ക് അംഗീകരിപ്പിക്കാനാണ് മേയറുടെ നീക്കം. മേയര്‍ക്ക് ഭരണപക്ഷത്തെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുമ്പോഴും മാലിന്യനീക്കത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ കരാറുകാരന് നല്‍കുന്ന മേയറുടെ നടപടിയിലും പ്രതിഷേധമുണ്ട്.

വ്യാഴാഴ്ച ചേരുന്ന കൗണ്‍സിലില്‍ മാലിന്യനീക്കത്തിനുള്ള 15.53 ലക്ഷം രൂപയുടെ കണക്കും അംഗീകാരത്തിന് വരും. കോര്‍പറേഷനില്‍ അയ്യന്തോള്‍, കൂര്‍ക്കഞ്ചേരി, ഒല്ലൂര്‍, ഒല്ലൂക്കര എന്നീ നാലു സോണിലായി ഫെബ്രുവരി 15 മുതല്‍ ജൂണ്‍ പത്തുവരെയുള്ള നാലുമാസത്തെ കാലയളവില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്തതിന് 3.34 കോടി രൂപ ചെലവായതായാണ് കണക്ക്. ഇതില്‍ കുറെ തുക മേയറുടെ ഉത്തരവുപ്രകാരം അനുവദിച്ചു. ഈ കണക്കില്‍ അപാകമുണ്ടെന്ന് ഭരണ-പ്രതിപക്ഷഭേദമെന്യേ ആക്ഷേപമുണ്ട്. ട്രിപ്പുകള്‍ പെരുപ്പിച്ചുകാട്ടി കണക്കില്‍ വെട്ടിപ്പു നടത്തിയെന്നാണ് ആക്ഷേപം. എന്നാല്‍, അഴിമതിയില്ലെന്നാണ് മേയറുടെ നിലപാട്. ഇതിനെതിരെയാണ് ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ പരസ്യമായി വിയോജിപ്പ് പ്രഖ്യാപിച്ചത്. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെയാണ് കുടിവെള്ളവിതരണക്കണക്ക് കൗണ്‍സില്‍ അംഗീകാരത്തിന് കൊണ്ടുവന്നതെന്ന് കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ് പൂവ്വത്തിങ്കലും സുനന്ദ ഗോപാലകൃഷ്ണനും നേരത്തേ വ്യക്തമാക്കിയിരുന്നു. കുടിവെള്ള വിതരണത്തില്‍ അപാകമുള്ളതായി ഏജീസ് ഓഡിറ്റ് വിഭാഗവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപാകങ്ങള്‍ തടയണമെന്നും ഏജീസ് ഓഡിറ്റ് വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ട്രിപ്പ്ഷീറ്റിലെ കള്ളത്തരങ്ങള്‍ അടങ്ങിയ ഫയല്‍ കവര്‍ന്നു

തൃശൂര്‍: കേരളകോണ്‍ഗ്രസ് എമ്മിലെ ജോണ്‍ കാഞ്ഞിരത്തിങ്കലിന്റെ കൈവശമുണ്ടായിരുന്ന കുടിവെള്ളവിതരണത്തിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന ട്രിപ്പ്ഷീറ്റുകള്‍ കവര്‍ന്നു. കൗണ്‍സില്‍ കഴിഞ്ഞ ശേഷമാണ് വെട്ടിപ്പുകള്‍ വ്യക്തമാക്കുന്ന ട്രിപ്പ്ഷീറ്റുകള്‍ മോഷ്ടിക്കപ്പെട്ടത്. തോട് ശുചീകരണത്തിലെ അഴിമതിയെക്കുറിച്ച് ചര്‍ച്ച വേണമെന്ന് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ കേരള കോണ്‍ഗ്രസ് എമ്മിലെ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അനുമതി മേയര്‍ നിഷേധിച്ചു. ഇതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയാണ് ഫയലുകള്‍ മോഷണംപോയത്. തുടര്‍ന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലറുമായി ജോണ്‍ കാഞ്ഞിരത്തിങ്കലിന്റെ കയ്യാങ്കളി.

കോര്‍പറേഷനെതിരെ വിജിലന്‍സില്‍ പരാതി

തൃശൂര്‍: കോര്‍പറേഷനിലെ കുടിവെള്ളവിതരണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. സെപ്തംബര്‍ 14ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ജോര്‍ജ് വട്ടുകുളമാണ് അഡ്വ. ബേബി പി ആന്റണി മുഖേന ഹര്‍ജി നല്‍കിയത്.

ശക്തമായ പ്രക്ഷോഭം ആരംഭിക്കും: ഡിവൈഎഫ്ഐ

തൃശൂര്‍: കോര്‍പറേഷനിലെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ആറുമാസത്തിലേറെയായി തൃശൂര്‍ നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനു പരിഹാരം കാണാന്‍ തയ്യാറാകാത്ത കോര്‍പറേഷന്‍ മേയറും സംഘവും കോര്‍പറേഷന്റെ കുടിവെള്ള വിതരണപദ്ധതിയെ തീവെട്ടിക്കൊള്ളയ്ക്ക് ഉപയോഗപ്പെടുത്തി. അഴിമതിക്കെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും കള്ളക്കേസുകള്‍ ചുമത്തി ജയിലിലടയ്ക്കുകയും ചെയ്യുകയാണ്. സംസ്ഥാനത്താകെ ജനകീയസമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ചയാണ് തൃശൂരിലും ആവര്‍ത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരം ഉയര്‍ത്തിക്കൊണ്ടുവരും. ഇതില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും അണിനിരക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani 140912

1 comment:

  1. തൃശൂര്‍ കോര്‍പറേഷന്‍ ഭരണത്തിന്‍ കീഴില്‍ നടക്കുന്ന ലക്ഷങ്ങളുടെ അഴിമതി തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മേയറെ കാണാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. 37 പേരെയാണ് റിമാന്‍ഡ് ചെയ്തത്. അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ്-കേരളകോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യാഴാഴ്ച കൗണ്‍സില്‍ഹാളില്‍ ഏറ്റുമുട്ടി. കുടിവെള്ള വിതരണത്തിന്റെയും മാലിന്യനീക്കത്തിന്റെയും പേരില്‍ കരാറുകാര്‍ നല്‍കിയ ബില്ലിന്റെ കള്ളക്കണക്ക് അംഗീകരിക്കാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് സംഘര്‍ഷവേദിയായത്.

    ReplyDelete