Friday, September 14, 2012

ഇന്ദിരാസാഗര്‍ ജലനിരപ്പ് കുറയ്ക്കണം: വൃന്ദ


മധ്യപ്രദേശിലെ ഇന്ദിരാസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് ആവശ്യപ്പെട്ടു. കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കിയെന്ന് വൃന്ദ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയാണ് നിരവധി ആദിവാസികളെയും പാവപ്പെട്ടവരെയും കുടിയൊഴിപ്പിച്ച് അണക്കെട്ടിലെ ജലനിരപ്പ് കൂട്ടിയതെന്ന് നിവേദനത്തില്‍ വൃന്ദ പറഞ്ഞു.

നര്‍മദ താഴ്വരയിലുള്ള ആയിരക്കണക്കിന് ജനങ്ങളെയാണ് "ഓങ്കാരേശ്വര്‍", "ഇന്ദിരാസാഗര്‍" അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ദോഷകരമായി ബാധിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ രണ്ടാഴ്ച കഴുത്തറ്റം വെള്ളത്തില്‍നിന്ന് സത്യഗ്രഹം നടത്തിയത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ഓങ്കാരേശ്വറില്‍ 189 മീറ്ററും ഇന്ദിരാസാഗറില്‍ 226 മീറ്ററുമായിരിക്കണം പരമാവധി ജലനിരപ്പെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഈ കോടതിവിധികള്‍ ലംഘിച്ചാണ് മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ട് അണക്കെട്ടുകളുടെയും ജലനിരപ്പ് ഉയര്‍ത്തിയത്. ജനങ്ങളുടെ സംഘടിതമായ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഓങ്കാരേശ്വറില്‍ ജലനിരപ്പ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചു. ഇന്ദിരാസാഗറിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ജനങ്ങളോട് പ്രതികാരമനോഭാവത്തോടെ പെരുമാറുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. മതിയായ പുനരധിവാസം നല്‍കാതെ ജലനിരപ്പ് ഉയര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ജലനിരപ്പ് ഉയര്‍ത്തുന്നതിന് ആറ് മാസം മുമ്പ് കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവും സര്‍ക്കാര്‍ ലംഘിച്ചു. കോടതി ഉത്തരവ് പാലിക്കാനും ജനങ്ങളോട് മനുഷ്യത്വപരമായി പെരുമാറാനും മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാകണം. നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് ചിത്രരൂപ പാലിതും വൃന്ദയ്ക്കൊപ്പം ഉണ്ടായിരുന്നു. കൂടംകുളത്ത് സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തല്‍ നയം അപലപനീയമാണെന്ന് വൃന്ദ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. സുരക്ഷ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ടെന്നും വൃന്ദ പറഞ്ഞു.

deshabhimani 140912

1 comment:

  1. മധ്യപ്രദേശിലെ ഇന്ദിരാസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് ആവശ്യപ്പെട്ടു. കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കിയെന്ന് വൃന്ദ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയാണ് നിരവധി ആദിവാസികളെയും പാവപ്പെട്ടവരെയും കുടിയൊഴിപ്പിച്ച് അണക്കെട്ടിലെ ജലനിരപ്പ് കൂട്ടിയതെന്ന് നിവേദനത്തില്‍ വൃന്ദ പറഞ്ഞു.

    ReplyDelete