Friday, September 14, 2012

ഇന്ധനം നിറയ്ക്കലിന് സ്റ്റേ ഇല്ല


കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. എന്നാല്‍, പദ്ധതിയുടെ അപകടസാധ്യതകള്‍ വിശദമായി പരിശോധിക്കുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടംകുളം നിലയത്തിനെതിരെ തദ്ദേശവാസികളുടെ സമരം രൂക്ഷമായി തുടരവെയാണ് ഇന്ധനം നിറയ്ക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് നിരാകരിച്ചത്. വിശദ വാദത്തിന് കേസ് 20 ലേക്കു മാറ്റി.

ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ആണവനിലയം കമീഷന്‍ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ ജി സുന്ദര്‍രാജനാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വ്യാഴാഴ്ച സുന്ദര്‍രാജനു വേണ്ടി കോടതിയില്‍ ഹാജരായി. ഭയചകിതരായ ജനങ്ങള്‍ പ്രക്ഷോഭത്തിലാണെന്നും ഇന്ധനം നിറയ്ക്കല്‍ ഇപ്പോള്‍ അനുവദിക്കരുതെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ കര്‍മസമിതി മുന്നോട്ടുവച്ച 17 സുപ്രധാന സുരക്ഷാ നടപടികളില്‍ 11 എണ്ണവും നടപ്പാക്കപ്പെട്ടില്ല- ഭൂഷണ്‍ വാദിച്ചു. എന്നാല്‍, ഇന്ധനം നിറയ്ക്കല്‍ പ്രക്രിയ തടയാനാവില്ലെന്ന് കോടതി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പരമപ്രധാനമാണ്. പൊതുസുരക്ഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കണം. തങ്ങളുടെ സുരക്ഷ എത്രമാത്രമെന്ന് അറിയാനുള്ള അവകാശം ആ മേഖലയിലെ ജനങ്ങള്‍ക്കുണ്ട് -കോടതി നിരീക്ഷിച്ചു.

സ്റ്റേ ആവശ്യത്തെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ആണവനിലയം പൂര്‍ണമായും സുരക്ഷിതമാണെന്ന് കോടതിയെ അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ധ കര്‍മസമിതി മുന്നോട്ടുവച്ച 17 നിര്‍ദേശങ്ങള്‍ അധിക സുരക്ഷാനടപടികള്‍ മാത്രമാണ്. ഈ നടപടികള്‍ ഘട്ടം ഘട്ടമായി നടപ്പാക്കിവരികയാണ്. ഇന്ധനം നിറയ്ക്കല്‍ പ്രക്രിയ പതിനാറോടെ പൂര്‍ത്തിയാകും. ഇതുകഴിഞ്ഞ് രണ്ടുമാസത്തിനു ശേഷമേ നിലയം കമീഷന്‍ചെയ്യൂ. രണ്ടുമുതല്‍ ആറുമാസത്തിനുള്ളില്‍ വിദഗ്ധ കര്‍മസമിതി നിര്‍ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാനടപടിയും നടപ്പാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു. അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി, സോളിസിറ്റര്‍ ജനറല്‍ രോഹിന്‍ടണ്‍ നരിമാന്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ എന്നിവര്‍ കേന്ദ്രത്തിനായി ഹാജരായി.

deshabhimani 140912

1 comment:

  1. കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. എന്നാല്‍, പദ്ധതിയുടെ അപകടസാധ്യതകള്‍ വിശദമായി പരിശോധിക്കുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടംകുളം നിലയത്തിനെതിരെ തദ്ദേശവാസികളുടെ സമരം രൂക്ഷമായി തുടരവെയാണ് ഇന്ധനം നിറയ്ക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് നിരാകരിച്ചത്. വിശദ വാദത്തിന് കേസ് 20 ലേക്കു മാറ്റി.

    ReplyDelete