Thursday, September 20, 2012

മറ്റു പാര്‍ടികളുമായി ചേര്‍ന്ന് ഭാവിപരിപാടി: കാരാട്ട്


ഡീസല്‍ വിലവര്‍ധന, മള്‍ടിബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനയില്‍ വിദേശനിക്ഷേപം തുടങ്ങിയ ജനവിരുദ്ധനയങ്ങള്‍ പിന്‍വലിക്കാത്തപക്ഷം മന്‍മോഹന്‍സിങ്ങിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വ്യാഴാഴ്ചത്തെ ദേശീയപ്രതിഷേധത്തിനുശേഷം മറ്റ് രാഷ്ട്രീയപാര്‍ടികളുമായി ചേര്‍ന്ന് ഭാവിപരിപാടിക്ക് രൂപം നല്‍കുമെന്നും എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ കാരാട്ട് പറഞ്ഞു.

സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമോ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആവശ്യപ്പെടണമോ തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സഖ്യകക്ഷികളടക്കം ഒരു രാഷ്ട്രീയകക്ഷിയും ഈ ജനവിരുദ്ധനയങ്ങളെ അനുകൂലിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ സാമ്പത്തികപരിഷ്കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ജനവിധി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനില്ല. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധിക്ക് യഥാര്‍ഥ കാരണം സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച ജനവിരുദ്ധനയങ്ങളാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ത്തന്നെ ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍, പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴാണ് തീരുമാനം മരവിപ്പിച്ച് രാഷ്ട്രീയ സമവായത്തിന് ശ്രമിച്ചത്. രാഷ്ട്രീയ പാര്‍ടികളുടെ നിലപാടില്‍ ഒരു മാറ്റവും ഇപ്പോഴും ഉണ്ടായിട്ടില്ല. മാത്രമല്ല, കൂടുതല്‍ പാര്‍ടികള്‍ എതിര്‍പ്പുമായി രംഗത്തിറങ്ങി. 2009 ല്‍ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും പ്രാതിനിധ്യമുള്ള പാര്‍ലമെന്ററി സ്ഥിരം സമിതി എകകണ്ഠമായി ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും വിദേശനിക്ഷേപം വേണ്ടെന്ന തീരുമാനത്തെയാണ് അനുകൂലിച്ചത്. മാത്രമല്ല ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍, മന്‍മോഹന്‍സിങ് അദ്ദേഹത്തിന്റെ തനിസ്വഭാവമനുസരിച്ച് സ്വന്തം രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യത്തെക്കാള്‍ അമേരിക്കയ്ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനാണ് തയ്യാറായത്.

2005 മുതല്‍ വാള്‍മാര്‍ട്ടിനെ ഇന്ത്യയില്‍ കൊണ്ടുവരാനാണ് മന്‍മോഹന്‍സിങ് ശ്രമിക്കുന്നത്. ചിദംബരം ധനമന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയതോടെ ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതിലാണ് താല്‍പ്പര്യം കാട്ടുന്നത്. നാല്‍കോയുടെ ഓഹരിയടക്കമാണ് വില്‍ക്കുന്നത്. എന്‍ഡിഎ കാലത്ത് ഈ സ്ഥാപനത്തിന്റെ ഓഹരി വില്‍ക്കാന്‍ നോക്കിയപ്പോള്‍ ഒഡിഷയില്‍ വന്‍ ജനകീയപ്രതിഷേധമാണ് ഉയര്‍ന്നത്. സര്‍ക്കാരിന്റെ ഇത്തരം ജനവിരുദ്ധനയത്തിനെതിരെ വരുംദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കും. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തെ തുടക്കം മുതല്‍ എതിര്‍ത്ത പാര്‍ടിയാണ് സിപിഐ എമ്മെന്ന് ദേശീയ പ്രതിഷേധം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന മമതയുടെ പരാമര്‍ശത്തോട് കാരാട്ട് പ്രതികരിച്ചു.

ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയപ്പോള്‍പോലും വിദേശനിക്ഷേപം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇടതുപക്ഷം കത്തെഴുതിയിരുന്നു. അന്ന് വിദേശനിക്ഷേപം അനുവദിക്കാനുള്ള ശ്രമത്തെ തടഞ്ഞതും ഇടതുപക്ഷമാണ്. പശ്ചിമബംഗാളിലും കേരളത്തിലും അധികാരത്തിലുള്ള കോണ്‍ഗ്രസും തൃണമൂല്‍കോണ്‍ഗ്രസും വിദേശനിക്ഷേപത്തിനെതിരെ നിലപാട് എടുക്കുന്നതും സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെ സ്വാധീനഫലമായണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. ആത്മാര്‍ഥമായാണ് വിദേശനിക്ഷേപത്തെ എതിര്‍ക്കുന്നതെങ്കില്‍ ദേശീയ പ്രതിഷേധത്തെയും ഹര്‍ത്താലിനെയും എതിര്‍ക്കുകയല്ല പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും കാരാട്ട് പറഞ്ഞു.

deshabhimani 200912

1 comment:

  1. ഡീസല്‍ വിലവര്‍ധന, മള്‍ടിബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനയില്‍ വിദേശനിക്ഷേപം തുടങ്ങിയ ജനവിരുദ്ധനയങ്ങള്‍ പിന്‍വലിക്കാത്തപക്ഷം മന്‍മോഹന്‍സിങ്ങിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വ്യാഴാഴ്ചത്തെ ദേശീയപ്രതിഷേധത്തിനുശേഷം മറ്റ് രാഷ്ട്രീയപാര്‍ടികളുമായി ചേര്‍ന്ന് ഭാവിപരിപാടിക്ക് രൂപം നല്‍കുമെന്നും എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ കാരാട്ട് പറഞ്ഞു.

    ReplyDelete